ചെന്നൈ: പനീര്‍ശെല്‍വം പക്ഷത്തെത്തിയ എ.ഐ.എ.ഡി.എം.കെ പ്രിസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനന്‍ ജനറല്‍ സെക്രട്ടറി ശശികലയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ശശികലയുടെ അനന്തരവന്‍ ടി.ടി.വി ദിനകരനെയും എസ് വെങ്കടേഷിനെയും ശശികലയ്‌ക്കൊപ്പം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയിട്ടുണ്ട്.

ടി.ടി.വി ദിനകരനെ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാക്കിയ നടപടി നിയമവിരുദ്ധമാണെന്ന് ഇ മധുസൂദനന്‍ പറഞ്ഞു. പാര്‍ട്ടി ഭരണഘടന പ്രകാരം അഞ്ചുവര്‍ഷം പാര്‍ട്ടി അംഗമായിരുന്ന ആളെ മാത്രമെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിക്കാന്‍ കഴിയൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഇ പളനിസാമി നിയമസഭയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കെയാണ് പനീര്‍ശെല്‍വം പക്ഷം ശശികല അടക്കമുള്ളവരെ പുറത്താക്കിയിട്ടുള്ളത്. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ എ.ഐ.ഡി.എം.കെ എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. വിപ്പ് ലംഘിച്ച് വോട്ടുചെയ്യാനാണ് പനീര്‍ശെല്‍വം പക്ഷത്തിന്റെ തീരുമാനം. വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ ശശികല പക്ഷത്തുള്ള എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാര്‍ കൂവത്തൂരിലെ റിസോര്‍ട്ടില്‍ യോഗം ചേരുന്നുണ്ട്.

അതിനിടെ മൈലാപ്പുര്‍ എം.എല്‍.എ എം നടരാജന്‍ പനീര്‍ശെല്‍വം പക്ഷത്ത് ചേരുകയാണെന്ന് പ്രഖ്യാപിച്ചു. വിശ്വാസ വോട്ടെടുപ്പില്‍ അദ്ദേഹം പളനിസ്വാമിക്ക് അനുകൂലമായി വോട്ടുചെയ്യില്ലെന്നാണ് സൂചന. വിശ്വാസ വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ ഇന്ന് എം.എല്‍.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്.