ജയ്പുര്‍: രാജസ്ഥാനില്‍ കഴുതയെ വാഹനത്തില്‍ കൊണ്ടുപോയവരെ ഗോ സംരക്ഷകരെന്ന് സംശയിക്കുന്നവര്‍ പിന്തുടര്‍ന്ന് മര്‍ദ്ദിച്ചു. വാഹനത്തിലുള്ളത് കഴുതയാണെന്ന് വ്യക്തമായതോടെ അക്രമിസംഘം രക്ഷപെട്ടു. ബാര്‍മര്‍ ജില്ലയില്‍ ഞായറാഴ്ച രാത്രി നടന്ന സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അക്രമികള്‍ക്കുവേണ്ടി തിരച്ചില്‍ തുടങ്ങിയെന്ന് പോലീസ് പറഞ്ഞു. മര്‍ദ്ദനത്തില്‍ പരിക്കേറ്റവരെ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു.

ജലോര്‍ ജില്ലയിലെ സയ്‌ലയിലുള്ള കാന്തിലാല്‍ ഭീലിന്റെ കഴുതയെ കഴിഞ്ഞയാഴ്ച കാണാതായിരുന്നു. ഭീല്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഴുത സിന്ധരി പ്രദേശത്തെ ഒരു ബസ് സ്റ്റാന്‍ഡില്‍ അലഞ്ഞുനടക്കുന്നുവെന്ന് വിവരം ലഭിച്ചു. ഇതേത്തുടര്‍ന്ന് അദ്ദേഹവും സുഹൃത്തുക്കളും അവിടെയെത്തി കഴുതയെ വാഹനത്തില്‍ കയറ്റി വീട്ടിലേക്ക് തിരിച്ചു.

കഴുതയുമായി ഇവര്‍ വാഹനത്തില്‍ പോകുന്നതുകണ്ട അക്രമി സംഘം മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഇവരെ തടഞ്ഞുനിര്‍ത്തി. തുടര്‍ന്നായിരുന്നു മര്‍ദ്ദനം. ഇതിനിടെ വാഹനത്തിലുള്ളത് കഴുതയാണെന്ന് വ്യക്തമായതോടെ അക്രമികള്‍ ഇരുട്ടില്‍ ഓടിമറഞ്ഞു.

സംഭവത്തില്‍ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കെതിരായ അക്രമം തടയുന്നതിനുള്ള വകുപ്പ് അടക്കമുള്ളവ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. ഡി.എസ്.പിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. രാജസ്ഥാനില്‍ കൃഷിഫാമിലേക്ക് പശുവിനെ കൊണ്ടുപോയ പെഹ്‌ലു ഖാന്‍ എന്ന കര്‍ഷകന്‍ നേരത്തെ ഗോ സംരക്ഷകരുടെ മര്‍ദ്ദനമേറ്റ് മരിച്ചിരുന്നു.