ന്യൂഡല്‍ഹി: ഡോക്‌ലാമിന്റെ പേരില്‍ ഇന്ത്യ- ചൈനാ തര്‍ക്കം യുദ്ധഭീഷണി മുഴക്കുന്ന സാഹചര്യത്തില്‍ വരയെത്തിനില്‍ക്കെ ഇന്ത്യയ്‌ക്കെതിരെ പുതിയ പോര്‍മുഖം തുറക്കാന്‍ ചൈന തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഭൂട്ടാന്റെ അതിര്‍ത്തി സംരക്ഷണാര്‍ഥമാണ് ഇന്ത്യ ഡോക്‌ലാമില്‍ ഇടപെട്ടത്. ഭൂട്ടാനില്‍ ഇന്ത്യയ്ക്കുള്ള സ്വാധീനം കുറച്ച് സ്വന്തം സ്വാധീനമേഖല അവിടെ സൃഷ്ടിക്കാനാണ് ചൈനീസ് നീക്കമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. നിലവില്‍ ചൈനയ്ക്ക് നയതന്ത്ര ബന്ധങ്ങള്‍ ഒന്നുമില്ലാത്ത രാജ്യമാണ് ഭൂട്ടാന്‍. ഇതിന് മാറ്റം വരുത്തുകയാണ് ആദ്യലക്ഷ്യം. കൂടാതെ ഇന്ത്യ- ഭൂട്ടാന്‍ സൗഹൃദം പൊളിച്ച് തമ്മില്‍ സംഘര്‍ഷം വളര്‍ത്താനും ചൈനീസ് പദ്ധതിയുണ്ടെന്നാണ് വിവരങ്ങള്‍. 

നയതന്ത്ര വിദഗ്ദരും, വിദേശകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരീക്ഷകരും ഇത്തരമൊരു നിര്‍ദ്ദേശം ചൈനീസ് ഭരണകൂടത്തിന് നല്‍കിയതായാണ് വിവരങ്ങള്‍. കാലങ്ങളായുള്ള ഇന്ത്യന്‍ അപ്രമാധിത്യത്തിന് അറുതി വരുത്തി നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ ചൈനയ്ക്ക് ഇടപെടാനുള്ള അവസരങ്ങള്‍ ഒരുക്കിയിതുപോലെ ഭൂട്ടാനുമായും ഊഷ്മള ബന്ധം സ്ഥാപിക്കയാണ് ആദ്യം വേണ്ടതെന്ന നിര്‍ദ്ദേശമാണ് ചൈനീസ് നിരീക്ഷകരും നയതന്ത്ര വിദഗ്ദരുമടങ്ങിയ സമിതി മുന്നോട്ടുവെച്ചിട്ടുള്ളത്. 2012 ല്‍ ചൈന ഇതിനുള്ള നീക്കം ആരംഭിച്ചിരുന്നുവെങ്കിലും അത് വിജയത്തിലെത്തിയിരുന്നില്ല. പുതിയ സാഹചര്യത്തില്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാണ് ചൈനീസ് നീക്കം. 

ഇന്ത്യയും ഭൂട്ടാനും ചൈനയും ചേരുന്ന മുക്കിലാണ് ഡോക്ലാം. ഇവിടത്തേത് ഭൂട്ടാനും തങ്ങളും തമ്മിലുള്ള പ്രശ്നമാണെന്ന ധാരണ പരത്താനാണു ചൈനയുടെ ശ്രമം. ഭൂട്ടാന്റെ പരമാധികാര സംരക്ഷണത്തിന്റെ കാവലാളാകുമെന്ന് ഇന്ത്യ 2007ല്‍ ആ രാജ്യവുമായി ഉണ്ടാക്കിയ ഉടമ്പടിയില്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഈ പ്രതിജ്ഞാബദ്ധതയില്‍ അധിഷ്ഠിതമായ ഇന്ത്യ-ഭൂട്ടാന്‍ 'പ്രത്യേക ബന്ധ'ത്തെ മനഃപൂര്‍വം അവഗണിക്കുകയാണ് ചൈന. സ്വന്തംനിലയ്ക്ക് ഭൂട്ടാനുമായി സഹവര്‍ത്തിത്വം സാധ്യമാക്കാമെന്നും ഇന്ത്യയുടെ ഇടപെടലാണ് കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നതെന്നും കരുതുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു അവര്‍.

ഭൂട്ടാനുമായി ചൈനയ്ക്ക് അതിര്‍ത്തി തര്‍ക്കമുള്ള സ്ഥലമാണ് ഡോക്‌ലാം. ഭൂട്ടാനില്‍നിന്ന് ചൈന സ്വന്തമാക്കാന്‍ ആഗ്രഹിച്ചതാണ്, ഇപ്പോള്‍ ബലമായി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഈ പ്രദേശം. കാലങ്ങളായി ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്ന ഭൂട്ടാനെ സൗഹൃദംകാട്ടിയും സമ്മര്‍ദം ഉപയോഗിച്ചും ഒപ്പംകൂട്ടാന്‍ പലവട്ടം ശ്രമിച്ച് ചൈന പരാജയപ്പെട്ടിരുന്നു.  

എന്നാല്‍ ഇക്കാര്യത്തില്‍ തര്‍ക്കപ്രദേശമുള്‍പ്പെടുന്ന 269 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം നല്‍കിയാല്‍ പകരം ഭൂട്ടാന്റെ കിഴക്കന്‍ അതിര്‍ത്തിയിലെ 495 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്തിന്‍മേലുള്ള നിയന്ത്രണം ഭൂട്ടാന് നല്‍കാമെന്ന വാഗ്ദാനം ചൈന ഭൂട്ടാന് നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ സ്വാധീനവും, ഇന്ത്യയുടെ സുരക്ഷാ പ്രശ്‌നങ്ങളും പരിഗണിച്ച് ഭൂട്ടാന്‍ വാഗ്ദാനം നിരസിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ഭൂട്ടാനെ വലയിലാക്കാന്‍ എന്ത് നടപടികളാണ് ചൈനയുടെ ഭാഗത്തുനിന്നുണ്ടാവുകയെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.