ചെന്നൈ: തമിഴ്‌നടന്‍ ധനുഷ് ഉള്‍പ്പെട്ട പിതൃത്വകേസ് പുതിയ വഴിത്തിരിവിലേക്ക്. ധനുഷിന്റെ ദേഹത്തുള്ള അടയാളങ്ങള്‍ ലേസര്‍ചികിത്സ വഴി മായ്ച്ചുകളയാന്‍ ശ്രമിച്ചതായി പരിശോധനയില്‍ കണ്ടെത്തി. ധനുഷ് തങ്ങളുടെ മകനാണെന്നവകാശപ്പെട്ട് മധുരയിലെ കതിരേശന്‍- മീനാക്ഷി ദമ്പതിമാര്‍ മദ്രാസ് ഹൈക്കോടതിയുടെ മധുരബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. 

ധനുഷ് തങ്ങളുടെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും പ്രായംചെന്ന തങ്ങളുടെ ചെലവിലേക്ക് പ്രതിമാസം 65,000 രൂപ വീതം നല്‍കണമെന്നുമായിരുന്നു ഹര്‍ജിയിലെ  ആവശ്യം. 

      ധനുഷിന്റേതെന്നു പറയപ്പെടുന്ന ജനനസര്‍ട്ടിഫിക്കറ്റുള്‍പ്പെടെയുള്ള രേഖകളും ദമ്പതിമാര്‍ ഹാജരാക്കി. ഫെബ്രുവരി 28-ന് കോടതിയില്‍ മെഡിക്കല്‍ സംഘം ധനുഷിന്റെ ദേഹത്തെ അടയാളങ്ങള്‍ പരിശോധിച്ചിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് തിങ്കളാഴ്ച പുറത്തുവിട്ടപ്പോഴാണ് ധനുഷ് ദേഹത്തെ അടയാളങ്ങള്‍ ലേസര്‍ ചികിത്സവഴി മായ്ച്ചതായി കണ്ടെത്തിയത്. കേസിന്റെ തുടര്‍വിചാരണ മാര്‍ച്ച് 27-ലേക്കു മാറ്റി.

   വൃദ്ധദമ്പതിമാരുടെ അവകാശവാദം നിഷേധിച്ച ധനുഷ്, താന്‍ നിര്‍മാതാവും സംവിധായകനുമായ കസ്തൂരിരാജയുടെയും വിജയലക്ഷ്മിയുടെയും മകനാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച ആസ്പത്രിരേഖകളും അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചു. ദമ്പതിമാര്‍ അവകാശപ്പെട്ടതു പോലെ തന്റെ കഴുത്തിലും കൈയിലും കാക്കാപ്പുള്ളിയുണ്ടെന്നതും ധനുഷ് നിഷേധിച്ചിരുന്നു.