ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് പാര്‍മെന്ററി സമിതി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടിയേക്കുമെന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയാണ് വിശദീകരണം തേടുക.

നോട്ട് നിരോധനം സംബന്ധിച്ച് പാര്‍മെന്ററി സമിതി റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനോട് വിശദീകരണം തേടിയിരുന്നു. ഇക്കാര്യത്തില്‍ പാര്‍ലമെന്ററി സമിതിയുടെ ചോദ്യാവലി നല്‍കുകയും ചെയ്തിരുന്നു. 

ഉര്‍ജിത് പട്ടേലിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പ്രധാനമന്ത്രിയോട് വിശദീകരണം ആവശ്യപ്പെടും. പാര്‍ലമെന്ററി സമിതി അധ്യക്ഷന്‍ കെവി തോമസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

റിസര്‍വ്വ് ബാങ്ക് ഗവര്‍ണറില്‍നിന്ന് ഇതുവരെ വിശദീകരണം ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍, ധനകാര്യ സെക്രട്ടറി അശോക് ലവാസ, സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് എന്നിവര്‍ പങ്കെടുക്കുന്ന പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ യോഗം ജനുവരി 20ന് വിളിച്ചിട്ടുണ്ട്. ഈ യോഗത്തിനു മുമ്പായി മറുപടി ലഭിക്കുമെന്നും ഇത് യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും കെ. വി തോമസ് പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.

നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട ആരോടും വിശദീകരണം ചോദിക്കാന്‍ പാര്‍ലമെന്റി സമിതിയ്ക്ക് അവകാശമുണ്ടെന്ന് കെ.വി തോമസ് ചൂണ്ടിക്കാട്ടി. എന്നാല്‍ ജനുവരി 20ന് നടക്കുന്ന യോഗത്തിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവൂ. സമിതി അംഗങ്ങള്‍ ഏകകണ്ഠമായി തീരുമാനിച്ചാല്‍ പ്രധാനമന്ത്രിയോട് വിശദീകരണം ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് പിന്‍വലിക്കലിനു ശേഷം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍, ഡിസംബര്‍ അവസാനത്തോടെ സ്ഥിതിഗതികള്‍ സാധാരണനിലയിലാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ അതു സംഭവിക്കാത്ത സാഹചര്യത്തിലാണ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണറോട് വിശദീകരണം തേടിയതെന്നും അദ്ദേഹം വ്യക്തമാക്കി.