ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ ഭീമാബദ്ധമെന്ന് നൊബേല്‍ ജേതാവായ ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യാ സെന്‍. അഴിമതിയെ നേരിടുന്ന കാര്യത്തിലും കാഷ്‌ലെസ്സ് സമ്പദ്‌വ്യവസ്ഥ സാധ്യമാക്കുന്ന കാര്യത്തിലും നോട്ട് നിരോധനം വലിയ അബദ്ധമാണെന്ന് ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ കള്ളപ്പണം ആറ് മുതല്‍ ഏഴ് ശതമാനം വരെ മാത്രമേ നോട്ട് രൂപത്തില്‍ നിലനില്‍ക്കുന്നുള്ളൂ എന്നത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. പിന്നെങ്ങനെ നോട്ട് നിരോധനം പോലൊരു നടപടി വലിയ വിജയമാകുമെന്ന് പ്രതീക്ഷിക്കാനാകും? രാജ്യത്തെ നിരക്ഷരരായ വലിയ വിഭാഗം ജനങ്ങളെയാണ് ഇത് ബാധിച്ചതെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ നടപടി കേന്ദ്രസര്‍ക്കാര്‍ മൊത്തത്തിലെടുത്ത തീരുമാനത്തിന്റെ ഭാഗമാണെന്ന് കരുതുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അടുപ്പമുള്ള ഒരു ചെറിയ സംഘമാണ് ഇതിനു പിന്നില്‍. ഫെഡറല്‍ വ്യവസ്ഥയ്ക്ക് ചേര്‍ന്നതാണോ ഈ നടപടി എന്നതാണ് ഇവിടെ ഉയരുന്ന പ്രധാന ചോദ്യം.

മോദി സമര്‍ത്ഥനായ ഒരു രാഷ്ട്രീയക്കാരനാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ജനങ്ങളെ കയ്യിലെടുക്കുന്നതില്‍ അദ്ദേഹത്തിന് നല്ല മിടുക്കുണ്ട്. തന്റെ നേട്ടങ്ങളെക്കുറിച്ചുള്ള അതിശയോക്തിപരമായ പ്രചരണങ്ങളിലൂടെ ജനതയെ വശീകരിക്കാന്‍ നെപ്പോളിയന് കഴിഞ്ഞിരുന്നു. മോദിയുടെ കാര്യവും വ്യത്യസ്തമല്ല- അമര്‍ത്യാ സെന്‍ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുടെ ഉത്തരവുകള്‍ അനുസരിക്കുക മാത്രമാണ് ഇപ്പോള്‍ റിസര്‍വ്വ് ബാങ്ക് ചെയ്യുന്നത്. കള്ളപ്പണം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടപ്പോള്‍, ഇടയ്ക്കുവെച്ച് ഡിജിറ്റൈസേഷന്‍ എന്ന ലക്ഷ്യത്തിലേയ്ക്ക് സര്‍ക്കാര്‍ ചുവടുമാറ്റുകയായിരുന്നു. കള്ളപ്പണവും അഴിമതിയും ഇപ്പോഴും രാജ്യത്തിന് വലിയ ഭീഷണിയായി തുടരുകയാണെന്നും അമര്‍ത്യാ സെന്‍ പറഞ്ഞു.