ന്യൂഡല്‍ഹി: അമ്മായി അമ്മയും മരുമകളും തമ്മിലുള്ള വഴക്ക് കൊലപാതകത്തില്‍ കലാശിച്ചു. ഡല്‍ഹിയിലെ മണ്ടാവലിയിലിലാണ് ഭര്‍തൃമാതാവിനെ മരുമകള്‍ വിറക് ഉപയോഗിച്ച് തല്ലികൊന്നത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. 

വികലാംഗയായ സ്വര്‍ണ(62) യെയാണ് മകന്റെ ഭാര്യയായ കാഞ്ചന്‍ കപൂര്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് അപകട മരണമാണെന്ന് വരുത്തിത്തീര്‍ക്കുന്നതിനായി മൃതദേഹം കത്തിച്ചെങ്കിലും കാലുകള്‍ മാത്രമാണ് തീപിടിച്ചത്. 

ചോദ്യം ചെയ്യലില്‍ കാഞ്ചന്‍ കുറ്റം സമ്മതിച്ചതായും തുടര്‍ന്ന് അവരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ഈസ്റ്റ് ഡല്‍ഹി ഡെപ്യൂട്ടി കമ്മീഷണര്‍ ഓംവീര്‍ സിങ് അറിയിച്ചു. 

ഇരു നിലകളുള്ള ഫ്‌ളാറ്റിന്റെ മുകളിലെ നിലയില്‍ കാഞ്ചനും ഭര്‍ത്താവ് സുമിതും താഴെയുള്ള നിലയില്‍ സ്വര്‍ണ തനിച്ചുമാണ് താമസിച്ചിരുന്നത്. എന്നാല്‍ കാഞ്ചനും സ്വര്‍ണവും തമ്മില്‍ കലഹം പതിവായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ഹോട്ടല്‍ ജീവനക്കാരനായ സുമിത് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ അമ്മയെ മരിച്ച നിലയില്‍ കണ്ടത്. ഭാര്യയുടെ മൊഴിയിലെ വൈരുദ്ധ്യത്തേ തുടര്‍ന്നാണ് സുമിത് പോലീസില്‍ വിവരമറിയിച്ചത്.