മുംബൈ: 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള നോട്ട് ക്ഷാമം നേരിടുവാന്‍ അച്ചടി കേന്ദ്രങ്ങളില്‍ പരമാവധി നോട്ടുകള്‍ അച്ചടിക്കുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.  

റിസര്‍വ് ബാങ്ക് പുറത്തു വിട്ട വാര്‍ത്തക്കുറിപ്പിലാണ് അച്ചടിശാലകളെല്ലാം ഫുള്‍ കപ്പാസിറ്റിയിലാണെന്ന കാര്യം അറിയിച്ചിരിക്കുന്നത്. അതേസമയം നോട്ട് ക്ഷാമം പരിഹരിക്കുവാന്‍ ജനങ്ങള്‍ ഓണ്‍ലൈന്‍/മൊബൈല്‍ ബാങ്കിംഗിലേക്ക് തിരിയണമെന്നും റിസര്‍വ് ബാങ്ക് അഭ്യര്‍ത്ഥിക്കുന്നു. 

അടിയന്തരസാഹചര്യം നേരിടുവാന്‍ റിസര്‍വ് ബാങ്കിന്റെ നോട്ടടി ശാലകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്. അച്ചടിച്ച പുതിയ നോട്ടുകള്‍ രാജ്യത്തെ നാലായിരത്തോളം കേന്ദ്രങ്ങളിലായി സംഭരിച്ചിട്ടുണ്ടെന്നും ആവശ്യമായ പണം ഇവിടെ നിന്ന് ബാങ്കുകളിലെത്തിക്കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു. 

നാസിക് (മഹാരാഷ്ട്ര), മൈസൂര്‍(കര്‍ണാടക) എന്നിവിടങ്ങളിലാണ് റിസര്‍വ് ബാങ്കിന്റെ നോട്ട് അച്ചടി ശാലകള്‍ പ്രവര്‍ത്തിക്കുന്നത്.

തിരിച്ചെടുത്ത  നോട്ടുകള്‍ സുരക്ഷിതമായി നശിപ്പിക്കുക എന്നതാണ് തങ്ങള്‍ക്കുള്ള പ്രധാന ഉത്തരവാദിത്തം. അസാധുവായ 500,1000നോട്ടുകള്‍ എത്രയും പെട്ടെന്ന് തിരിച്ചെടുക്കാനും മറ്റു നോട്ടുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനുമാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. 

നോട്ടുകള്‍ അസാധുവാക്കിയതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ എടിഎമ്മുകളില്‍ നിന്ന് അസാധുവാക്കപ്പെട്ട നോട്ടുകള്‍ ശേഖരിച്ചു തുടങ്ങിയിരുന്നു.

പുതിയ നോട്ടുകള്‍ ശേഖരിക്കാന്‍ പാകത്തില്‍ എടിഎമ്മുകള്‍ റീകാലിബറേറ്റ് ചെയ്യുവാനും, നൂറ് രൂപ, അന്‍പത് രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറയ്ക്കാനുമുള്ള നടപടികള്‍ നോട്ടുകള്‍ അസാധുവാക്കപ്പെട്ടതിന് അടുത്ത ദിവസങ്ങളില്‍ തന്നെ ആരംഭിച്ചു. 

പ്രീപെയ്ഡ്, റുപേ, ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡുകള്‍, മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, തുടങ്ങിയ സമാന്തരസാധ്യതകള്‍ പ്രയോജനപ്പെടുത്തി നോട്ടുകളുടെ അഭാവം മറികടക്കാനാണ് ആര്‍ബിഐ ജനങ്ങളോട് നിര്‍ദേശിക്കുന്നത്. 

കൂടുതല്‍ പേര്‍ ഡിജിറ്റല്‍ ബാങ്കിംഗിലേക്ക് കടന്നാല്‍ നോട്ട് ക്ഷാമം പരിഹരിക്കാന്‍ സാധിക്കുമെന്നും ഡിജിറ്റല്‍ ബാങ്കിംഗില്‍ രാജ്യത്തിന് കുതിക്കാന്‍ സാധിക്കുമെന്നും ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു. 

നോട്ടുകള്‍ അസാധുവാക്കപ്പെട്ട നവംബര്‍ പത്തിന് മാത്രം പത്ത് കോടിയോളം ഇടപാടുകളാണ് രാജ്യത്ത് നടന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ മുഴുവന്‍ ആര്‍ബിഐ ഓഫീസുകളും ബാങ്കുകളും ശനിയാഴ്ചയും ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കും.

ഡിസംബര്‍ മുപ്പത് വരെ രാജ്യത്തെമ്പാടുമുള്ള ബാങ്കുകളിലൂടെ അസാധുവാക്കപ്പെട്ട നോട്ടുകള്‍ തിരിച്ചെടുക്കും. ഈ സമയപരിധി ചിലപ്പോള്‍ നീട്ടിയേക്കാനും സാധ്യതയുണ്ട്. 

നോട്ടുകള്‍ തിരിച്ചെടുക്കാനരംഭിച്ച് രണ്ട് ദിവസം പിന്നിടുമ്പോള്‍ തന്നെ അരലക്ഷം കോടിയിലേറെ രൂപയുടെ നോട്ടുകള്‍ ബാങ്കുകളിലെത്തിയിട്ടുണ്ട്. 

അസാധുവാക്കപ്പെട്ട നോട്ടുകള്‍ തിരിച്ചെടുക്കാന്‍ ആവശ്യമായ സമയമുണ്ടെന്നും അനാവശ്യതിടുക്കം കാട്ടി സമ്മര്‍ദ്ദം സൃഷ്ടിക്കേണ്ട സാഹചര്യമില്ലെന്നും റിസര്‍വ് ബാങ്ക് ജനങ്ങളെ ഉപദേശിക്കുന്നുണ്ട്. 

അതേസമയം പണമിടപാടുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ കൈമാറണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും, പണം തിരിച്ചെടുക്കാനുള്ള അവസരം ആളുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ ഇടപാടുകള്‍ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്നും ആര്‍ബിഐ വ്യക്തമാക്കി.