yechuri34 വര്‍ഷം ഒരു സംസ്ഥാനം ഭരിച്ച പാര്‍ട്ടി പ്രതിപക്ഷം പോലുമാവാനാവാതെ വെറും 32 സീറ്റുകളുമായി മൂന്നാം സ്ഥാനത്തേക്ക അപ്രസക്തരാക്കപ്പെട്ടിരിക്കുന്നു. 2016 നിയമസഭ ഇലക്ഷനില്‍ കേരളം ചുവന്നു തുടുത്തപ്പോള്‍ അങ്ങ് ബംഗാളില്‍ ഇടതു കോട്ട തകര്‍ന്ന് തരിപ്പണമാവുന്ന ദയനീയ ശബ്ദമാണ് ഉയര്‍ന്നു കേട്ടത്. ആകെയുള്ള 294ല്‍ 211 സീറ്റും നേടി തൃണമൂല്‍ കോണ്‍ഗ്രസ് രണ്ടാം വട്ടവും ബംഗാളില്‍ അധികാരത്തിലേറി. 2011ൽ 184 സീറ്റുനേടിയ സ്ഥാനത്ത് നിന്ന്  211 ആയി ഉയർത്താൻ തൃണമൂലിനായി. അധികാരത്തിലെത്തിയ ശേഷം നേരിടേണ്ടി വന്ന നാരദ, ശാരദാ വിവാദങ്ങളും മേല്‍പ്പാല ദുരന്തവും തൃണമൂലിന്റെ സാധ്യതയെ ബാധിക്കുമെന്നു സി പി എം കരുതിയെങ്കിലും കണക്കു കൂട്ടലുകള്‍ പിഴച്ച കാഴ്ചയായിരുന്നു ബംഗാളിലേത്. 

 ബദ്ധശത്രുക്കളായ കോണ്‍ഗ്രസ്സുമായി കൈകോര്‍ത്ത് മമതയെ തകര്‍ക്കാം എന്ന  ചരിത്രപരമായ അബദ്ധത്തിന് ബംഗാളിലെ വോട്ടര്‍മാര്‍ സി പി എം ന് നല്‍കിയ തിരിച്ചടിയായി നേതാക്കള്‍ ഈ പരാജയത്തെ ഏറ്റുവാങ്ങിക്കഴിഞ്ഞു.  44 സീറ്റുകളുമായി  കോണ്‍ഗ്രസ് പ്രതിപക്ഷ സ്ഥാനത്തിന് അര്‍ഹത നേടിയപ്പോള്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റു വാങ്ങുകയായിരുന്നു സി പി എം. 2011ല്‍ 62 സീറ്റ് നേടിയ സ്ഥാനത്ത് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ 32 സീറ്റുമാത്രമായി സി പി എം ഒതുങ്ങി. 42 സീറ്റുകള്‍ 2011ല്‍ നേടിയ കോണ്‍ഗ്രസ്സാവട്ടെ 44ലേക്കുയര്‍ന്ന് നില മെച്ചചപ്പെടുത്തി. പുതിയ രാഷ്ട്രീയ ബാന്ധവം ഗുണം ചെയ്തത് കോണ്‍ഗ്രസിസനെയാണോ എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പാർട്ടിയിൽ തിരഞ്ഞെടുപ്പാനന്തരം പുരോഗമിക്കുകയാണ്. 

കോണ്‍ഗ്രസുമായുണ്ടാക്കിയ തിരഞ്ഞെടുപ്പു ബാന്ധവത്തെ സഖ്യമെന്നു വിളിക്കാന്‍ സി.പി.എം. നേതാക്കള്‍ ഒരിക്കലും തയ്യാറായിരുന്നില്ല. കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുകയും തിരഞ്ഞെടുപ്പില്‍ അവരുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ ഒരുങ്ങിയതും അണികളില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു.സി.പി.എം. അണികള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കു വോട്ടു ചെയ്തെങ്കിലും കോണ്‍ഗ്രസിന്റെ അണികള്‍ സി.പി.എം. സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്തില്ലെന്നാണ് തിരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നത്. പല വടക്കന്‍ ജില്ലകളിലും ഈ സാഹചര്യത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിനു സാധിച്ചു. കോണ്‍ഗ്രസ് അനുഭാവികളില്‍ പലരും നോട്ടയ്ക്കു കുത്തിയതും സി.പി.എമ്മിനു ക്ഷീണം ചെയ്തു. 

45 ശതമാനം വോട്ടാണ് ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് നേടിയത്. കോണ്‍ഗ്രസ് 12 ശതമാനവും സി.പി.എം. 19 ശതമാനം വോട്ടും നേടി. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതം നിലനിര്‍ത്താനായെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി സമാശ്വസിച്ചെങ്കിലും എളുപ്പം മായ്ക്കാന്‍ കഴിയുന്നതല്ല ഈ വിള്ളല്‍. 

ബംഗാളിനെ ബാധിച്ച കാര്‍മേഘത്തെ പുറത്താക്കാനുള്ള ശ്രമമാണ് സി.പി.എമ്മും കോണ്‍ഗ്രസും ചേര്‍ന്നു നടത്തുന്നതെന്ന ബുദ്ധദേവ് ഭട്ടചാര്യയുടെ വാദത്തിനും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ രക്ഷിക്കാനായില്ല.  രാഹുല്‍ ഗാന്ധിയുമായി ബുദ്ധദേവ് വേദി പങ്കിട്ട കാഴ്ചയും ബംഗാള്‍ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയിരുന്നു. സംസ്ഥാനത്തെ പാര്‍ട്ടിയുടെ മുഖമായ സൂര്യകാന്ത് മിശ്ര ഉള്‍പ്പെടെയുള്ളവര്‍ പരാജയം രുചിച്ചത് 13589 വോട്ടുകള്‍ക്കാണ്.