മുംബൈ: യു.പിയിലും ഉത്തരാഖണ്ഡിലും ബി.ജെ.പി വിജയിച്ചത് നോട്ട് നിരോധനം നടപ്പാക്കിയതുകൊണ്ടല്ലെന്ന് ശിവസേന. കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുമെന്ന വാഗ്ദാനമാണ് ബി.ജെ.പിയെ വിജയത്തിലേക്ക് നയിച്ചതെന്നും ശിവസേന ചൂണ്ടിക്കാട്ടി.

പാര്‍ട്ടി മുഖപത്രമായ സാംനയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ഈ പരാമര്‍ശമുള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പ്രധാനമന്ത്രി വായ്പ എഴുതിത്തള്ളുമെന്ന് കര്‍ഷകര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. ഇതിന്റെ പ്രതിഫലനമാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ടത്. യുപിയിലെ വാഗ്ദാനങ്ങളുടെ ഗുണം ഉത്തരാഖണ്ഡിലും ലഭിച്ചു.

പഞ്ചാബില്‍ അകാലിദളുമായി ചേര്‍ന്ന് മല്‍സരിച്ച് ബിജെപി തോല്‍വിയുടെ രുചിയറിഞ്ഞു. മനോഹര്‍ പരീക്കറെ പോലൊരു നേതാവില്ലായിരുന്നെങ്കില്‍  ഗോവയില്‍ 15 സീറ്റുപോലും ബിജെപിക്ക് ലഭിക്കില്ലായിരുന്നു. മണിപ്പുരില്‍ ബിജെപിക്ക് നല്ല അനുഭവമല്ല നല്‍കിയത്. യുപിയിലെ വിജയത്തെപ്പറ്റി പറയുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥയും ചര്‍ച്ച ചെയ്യണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ബിഹാറില്‍ നിതീഷ് കുമാറിനേയും പശ്ചിമ ബംഗാളില്‍ മമ്താ ബാനര്‍ജിയേയും വച്ച് നോക്കുമ്പോള്‍ അഖിലേഷ് യാദവിന്റേയും രാഹുല്‍ ഗാന്ധിയുടേതും ബാലിശമായ നേതൃത്വമാണ്. യാദവ - ദളിത് വിഭാഗങ്ങള്‍ അഖിലേഷിനെ ഒരു പാഠം പഠിപ്പിക്കാനാണ് ബിജെപിക്ക് വോട്ട് ചെയ്തതെന്നും ലേഖനത്തില്‍ വിലയിരുത്തുന്നു.