ഗുജറാത്ത്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഗുജറാത്തിലെ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനെ പരിഹസിച്ച് ബിജെപി. അത്ര വലിയ ഭക്തനാണെങ്കില്‍ ഡല്‍ഹിയിലെ ക്ഷേത്രങ്ങളില്‍ എന്തുകൊണ്ട് പോകുന്നില്ല എന്നാണ് ബിജെപിയുടെ ചോദ്യം.

ക്ഷേത്രങ്ങളില്‍ പോവുന്നത് നല്ല കാര്യമാണ്. എല്ലാവരും ക്ഷേത്രങ്ങളില്‍ പോവണമെന്നും പ്രാര്‍ഥിക്കണമെന്നും ആചാരങ്ങള്‍ പാലിക്കണമെന്നും തന്നെയാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. പക്ഷേ, രാഹുല്‍ഗാന്ധിയുടെ ഈ നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ഗിമ്മിക്കാണെന്ന് ആര്‍ക്കാണ് മനസ്സിലാവാത്തത്. അതുകൊണ്ടാണല്ലോ ഗുജറാത്തിലെ ക്ഷേത്രങ്ങളില്‍ മാത്രം കയറിയിറങ്ങുന്നത് എന്നായിരുന്നു ബിജെപിയുടെ പരിഹാസം.

ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രത്തില്‍ രാഹുല്‍ ഒരിക്കലെങ്കിലും പോയിട്ടുണ്ടോ എന്നും ഗുജറാത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് ഭൂപേന്ദര്‍ യാദവ് പരിഹസിച്ചു. ഗാന്ധിനഗറിലെ അക്ഷര്‍ധാം ക്ഷേത്രം സന്ദര്‍ശിച്ചുകൊണ്ടാണ് വടക്കന്‍ ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുല്‍ തുടക്കമിട്ടത്. രാഷ്ടീയസ്വാധീനം ഏറെയുള്ള പട്ടീദാര്‍ വിഭാഗത്തിന് പ്രധാനപ്പെട്ടതാണ് ആ ക്ഷേത്രം. ഇക്കാര്യം പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ഭൂപേന്ദറിന്റെ പരിഹാസം.

എന്നാല്‍,തന്നെ വിമര്‍ശിക്കുന്നവര്‍ എന്തും പറഞ്ഞുകൊള്ളട്ടെ എന്ന നിലപാടാണ് രാഹുല്‍ഗാന്ധിയുടേത്. താനൊരു ശിവഭക്തനാണ്. മറ്റുള്ളവര്‍ എന്തുതന്നെ വിചാരിച്ചാലും തന്റെ സത്യം തന്നോടൊപ്പമുണ്ട് എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. 

Content Highlights: BJP, Rahul Gndhi, Gujarath, Temple visit