ന്യൂഡല്‍ഹി: പാകിസ്താനുമായി ബന്ധപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിന് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന ആവശ്യം തള്ളി ബി.ജെപി. ഭീകരവാദവും ചര്‍ച്ചയും ഒരുമിച്ച് മുന്നോട്ടുപോകില്ലെന്ന രാജ്യത്തിന്റെ നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവരാണ് മാപ്പ് പറയേണ്ടതെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാക് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്ന പ്രസ്താവന പിന്‍വലിച്ച് പ്രധാനമന്ത്രി മാപ്പ് പറയണമെന്നാണ് മന്‍മോഹന്‍ ആവശ്യപ്പെട്ടത്.

തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ ആവശ്യം തള്ളി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്തെത്തി. രാജ്യത്തിന്റെ നിലപാട് അവഗണിച്ച് പാക് നയതന്ത്ര പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും സാഹചര്യവും എന്തായിരുന്നുവെന്ന് വ്യക്തമാക്കണമെന്ന് ജെയ്റ്റ്‌ലി ആവശ്യപ്പെട്ടു. പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കുവേണ്ടി മണിശങ്കര്‍ അയ്യര്‍ നടത്തിയ വിരുന്ന സത്കാരത്തില്‍ പങ്കെടുത്തത് എന്തിനാണെന്ന് മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസ് നേതാക്കളും വ്യക്തമാക്കണം.

ഭീകരവാദവും ചര്‍ച്ചയും ഒരുമിച്ച് കൊണ്ടുപോകാനാകില്ലെന്ന നിലപാട് അംഗീകരിക്കാന്‍ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിക്കും ബാധ്യതയുണ്ട്. അത് അംഗീകരിക്കാന്‍ തയ്യാറാകാത്തവര്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടിവരും. മുമ്പത്തെ ഒരു സര്‍ക്കാരും ഭീകരവാദത്തെ ഇത്രയധികം കാര്യക്ഷമമായി നേരിട്ടിട്ടില്ലെന്നും ജെയ്റ്റ്‌ലി അവകാശപ്പെട്ടു.

Read more -പാക് പ്രസ്താവന: പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് മന്‍മോഹന്‍