alpesh thakor
photo: AP

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വെളുത്തനിറം ലഭിക്കാന്‍ കാരണം എണ്‍പതിനായിരും രൂപ വില വരുന്ന കൂണ്‍ കഴിക്കുന്നതാണെന്ന് ഗുജറാത്തില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് ഠാക്കൂര്‍. ഗുജറാത്തില്‍ തിരഞ്ഞെടുപ്പു റാലിയില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു അല്‍പേഷിന്റെ പരാമര്‍ശം. അല്‍പേഷിന്റെ പ്രസംഗം വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ടിട്ടുണ്ട്.

മോദി കഴിക്കുന്നത് നിങ്ങള്‍ക്ക് കഴിക്കാന്‍ സാധിക്കില്ലെന്ന് എന്നോട് ഒരാള്‍ പറഞ്ഞു എന്നു മുതലാണ് അല്‍പേഷിന്റെ പ്രസംഗത്തിന്റെ വീഡിയോ ആംരംഭിക്കുന്നത്. മോദി കഴിക്കുന്ന ഭക്ഷണം നിങ്ങള്‍ക്ക് കഴിക്കാന്‍ സാധിക്കില്ല. കാരണം അത് പാവങ്ങള്‍ക്കു വേണ്ടിയുള്ള ഭക്ഷണമല്ല- അല്‍പേഷ് പറഞ്ഞു

തായ്‌വാനില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന കൂണ്‍ ആണ് മോദിജി കഴിക്കുന്നത്. ഒരു കൂണിന് എണ്‍പതിനായിരം രൂപയാണ് വില. അഞ്ച് കൂണുകളാണ് അദ്ദേഹം ഒരുദിവസം കഴിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയം മുതല്‍ അദ്ദേഹം ഇറക്കുമതി ചെയ്യുന്ന കൂണ്‍ കഴിക്കുന്നുണ്ടെന്നും അല്‍പേഷ് കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിനും എന്നെപ്പോലെ കറുത്തനിറമായിരുന്നു. എന്നാല്‍ ഇറക്കുമതി ചെയ്ത കൂണ്‍ കഴിച്ചതോടെ അദ്ദേഹത്തിന് നിറംവച്ചെന്നും അദ്ദേഹം പറഞ്ഞു. ഒ ബി സി സമുദായ നേതാവായിരുന്ന അല്‍പേഷ് തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. പത്താന്‍ ജില്ലയിലെ രാധന്‍പുര്‍ മണ്ഡലത്തില്‍നിന്നാണ് അല്‍പേഷ് ജനവിധി തേടുന്നത്. 

content highlights: alpesh thakor narendra modi gujarath election