ന്യൂഡല്‍ഹി: മരണം രജിസ്റ്റര്‍ ചെയ്യാനും ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഒക്ടോബര്‍ ഒന്നു മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം ജമ്മു കശ്മീരിലും അസമിലും മേഘാലയിലും ഉത്തരവ് ബാധകമല്ല. 

ഒക്ടബോര്‍ ഒന്ന് മുതല്‍ മരണം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷയ്ക്കൊപ്പം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പോ അല്ലെങ്കില്‍ ആധാര്‍ നമ്പറോ നല്‍കണം. ആധാര്‍ ഇല്ലാത്ത വ്യക്തിയാണ് മരണപ്പെട്ടതെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയ്ക്കൊപ്പം മരണപ്പെട്ടയാള്‍ക്ക് തന്റെ അറിവിലും വിശ്വാസത്തിലും ആധാര്‍ ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സാക്ഷ്യപത്രവും സമര്‍പ്പിക്കേണ്ടതാണ്. 

അപേക്ഷകന്റെ ആധാര്‍ നമ്പറും മരണപ്പെട്ടയാളുടെ പങ്കാളിയുടേയോ മാതാപിതാക്കളുടേയോ ആധാര്‍ നമ്പറും അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കേണ്ടതാണ്. 

ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള തട്ടിപ്പ് തടയാനും മരണപ്പെട്ടയാളെ സംബന്ധിച്ച കൃത്യവും സത്യസന്ധതവുമായി വിവരങ്ങള്‍ ശേഖരിക്കാനും ആധാര്‍ വിവരങ്ങള്‍ നല്‍കുന്നതിലൂടെ സാധിക്കുമെന്നും ആഭ്യന്തര മന്ത്രാലയ വക്താക്കള്‍ വ്യക്തമാക്കി.