ചെന്നൈ: മാവില്‍ കയറി മാങ്ങ പൊട്ടിക്കുന്ന, കടല്‍ തീരത്തിരുന്ന് മണല്‍ കൊട്ടാരമുണ്ടാക്കി കളിക്കുന്ന പ്രായത്തില്‍ യൂണിഫോമണിഞ്ഞ് തോളില്‍ ബാഗും വാട്ടര്‍ ബോട്ടിലുമായി ഒരു പ്ലക്കാര്‍ഡും പിടിച്ച് നടുറോഡില്‍ ഒറ്റക്ക് നിന്ന് ഒരു സമരം ചെയ്യുക. അതും സര്‍ക്കാരിന്റെ മദ്യശാലക്കെതിരെ...ഇത് കെട്ടുകഥായണെന്ന് കരുതണ്ട. ചെന്നൈയില്‍ നിന്നുള്ള ഏഴു വയസ്സുകാരാന്‍ ആകാശ് തീര്‍ത്ത സമരപ്രതിരോധത്തില്‍ ഒടുവില്‍ തമിഴ്‌നാട് സര്‍ക്കാരിന് വരെ മുട്ടുമടക്കേണ്ടി വന്നു. അതും മൂന്നു മണിക്കൂറിനുള്ളില്‍. കൊടിയുടെ നിറമോ മുദ്രാവാക്യത്തിന്റെ മുഴക്കമോ രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയോ അല്ല സമരവിജയത്തിന് ആവശ്യമെന്ന് തെളിയിക്കുന്നതായിരുന്നു ആകാശിന്റെ ഈ ഒറ്റയാള്‍ പോരാട്ടം. 

ചെന്നൈയിലെ ഗ്രാമപ്രദേശമായ പാഡൂരിലുള്ള മദ്യശാല അടച്ചുപൂട്ടാന്‍ പ്രദേശവാസികള്‍ ഏറെക്കാലമായി ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ആകാശിന്റെ ഇടപെടലോടെ സമരത്തിന്റെ മുഖം തന്നെ മാറുകയായിരുന്നു. ''കുടിയെ വിട്, പഠിക്ക് വിട്'' എന്ന മുദ്രാവാക്യം പ്ലക്കാര്‍ഡിലെഴുതിയാരുന്നു ആകാശിന്റെ പ്രതിഷേധം. ഇത് മദ്യശാലക്കുള്ള സ്ഥലമല്ലെന്നും കൃഷി ചെയ്യാനുള്ള ഭൂമിയാണെന്നും വ്യക്തമാക്കിയ രണ്ടാം ക്ലാസുകാരന്‍ മദ്യത്തിന് വേണ്ടി കിട്ടുന്ന പണമെല്ലാം ചെലവാക്കുന്ന അച്ഛന്‍മാര്‍ കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഇതാണ് തന്നെ സമരമാര്‍ഗത്തിലേക്കെത്തിച്ചതെന്നും പറയുന്നു.

ബുധനാഴ്ച്ച പകല്‍ 11.45ന് തന്റെ വീട്ടില്‍ നിന്നും പ്ലക്കാര്‍ഡും പിടിച്ച്, മുദ്രാവാക്യവും മുഴക്കി മദ്യശാല വരെ ആകാശ് നടക്കുകയായിരുന്നു. ഒരു കിലോമീറ്ററോളം ദൂരം പിന്നിട്ടെത്തിയ ആകാശിനെ മദ്യശാലക്ക് മുന്നില്‍ വെച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് റോഡിന് നടുവില്‍ ഇരുന്ന ഏഴു വയസ്സുകാരന്‍ ചെറിയ കല്ലുകള്‍ കൂട്ടിവെച്ച് അതിനുള്ളില്‍ പ്ലക്കാര്‍ഡ് കുത്തി നിര്‍ത്തി ഉറക്കെ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. അതിനിടയില്‍ അവന്‍ പുസ്തകം വായിക്കുകയും തന്നെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയും ചെയ്തു. ചുട്ടുപൊള്ളുന്ന ചൂടും സഹിച്ച് മൂന്നു മണിക്കൂറോളം അവന്‍ തന്റെ ഇരുപ്പ് തുടര്‍ന്നു. പിന്നീട് രണ്ട് മണിക്ക് മദ്യശാല പൂട്ടാമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് ആകാശ് സമരം അവസാനിപ്പിച്ചത്. 

akash

മറ്റു കുട്ടികളെപ്പോലെയാണ് തന്റെ മകനെന്നും ആകാശിന്റെ അച്ഛന്‍ അനന്ദന്‍ പറയുന്നു.''അവന്‍ കളിക്കാനും കാര്‍ട്ടൂണ്‍ കാണാനും ഇഷ്ടപ്പെടുന്നവനാണ്. പക്ഷേ അതിനോടപ്പം സാമൂഹിക വിഷയങ്ങളില്‍ അവന്‍ താത്പര്യം കാണിക്കും. കൂടുതല്‍ ആളുകളെ കൂട്ടി സമരം ചെയ്യാമെന്ന് ഞാന്‍ അവനോട് പറഞ്ഞതാണ്. പക്ഷേ അവരെയും പ്രശ്‌നത്തില്‍ ഉള്‍പ്പെടുത്താന്‍ താത്പര്യമില്ലെന്നായിരുന്നു അവന്റെ മറുപടി.'' എന്തായാലും മകനെക്കുറിച്ച് ആനന്ദിന് ഇപ്പോള്‍ അഭിമാനം മാത്രമേയുള്ളൂ. 

akash
ഫോട്ടോ കടപ്പാട്: ഇന്ത്യന്‍ എക്‌സ്പ്രസ്സ്‌