ഖൊരക്പുര്‍: ദിവസം 18-20 മണിക്കൂര്‍ ജോലിചെയ്യാന്‍ തയ്യാറല്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് രാജിവയ്ക്കാമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 

സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഒരുതരത്തിലുള്ള കാലതാമസവും ഉണ്ടാകാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. ദിവസം 18-20 മണിക്കൂര്‍ ജോലിചെയ്യാന്‍ തയ്യാറുള്ള ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ സേവനത്തില്‍ തുടരാം അല്ലാത്തവര്‍ക്ക് ജോലി ഉപേക്ഷിക്കാം- ഞായറാഴ്ച ഖൊരക്പുരില്‍ നടന്ന ബിജെപി യോഗത്തില്‍ ആദിത്യനാഥ് പറഞ്ഞു. 

കഠിനമായി ജോലിചെയ്യുന്ന ആളാണ് താന്‍. സര്‍ക്കാര്‍ ജീവനക്കാരും അങ്ങനെതന്നെ ജോലിചെയ്യണം. അതിനു സാധിക്കുന്നവര്‍ തുടര്‍ന്നാല്‍ മതി. അല്ലാത്തവര്‍ക്ക് പിരിഞ്ഞുപോകാം. അത്യാഢംബരം കാണിക്കാതിരിക്കുക, വിനയം കൈവിടാതെ ജോലിചെയ്യുക. ബിജെപി എംപിമാര്‍, എംഎല്‍എമാര്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവരടങ്ങിയ യോഗത്തിലാണ് ആദിത്യനാഥ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. 

സാമ്പത്തികമായി പാവപ്പെട്ട കുടുംബങ്ങളില്‍നിന്നുള്ള യുവതികളുടെ വിവാഹത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കും. ജോലി തേടി സംസ്ഥാനത്തിന് പുറത്തേയ്ക്ക് യുവാക്കള്‍ക്ക് പോകേണ്ടിവരുന്ന സാഹര്യം ഒഴിവാക്കുന്നതിന് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതാണ് തന്റെ സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനം ദരിദ്രര്‍ക്കും താഴേക്കിടയിലുള്ളവര്‍ക്കും ലഭിക്കുന്നു എന്ന കാര്യം ബിജെപി പ്രവര്‍ത്തകര്‍ ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനായി പ്രവര്‍ത്തകര്‍ തയ്യാറെടുപ്പുകള്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.