ചെന്നൈയിലെ അപ്പോളോ ആശുപത്രിയുടെ  ഏതോ ഒരു മുറിയില്‍ ഇന്നും അജ്ഞാതമായ ഏതോ കാരണത്താല്‍ തമിഴ്‌നാടിന്റെ പുരൈട്ച്ചി തലൈവി കണ്ണടച്ചില്ലായിരുന്നുവെങ്കില്‍ ബ്രെയ്ക്കിങ്ങ് വാര്‍ത്തകള്‍ മറ്റൊന്നായിരുന്നേനെ. ശശികലയ്‌ക്കൊപ്പം  അല്ല, ശശികലയ്ക്ക് മുന്നെ തന്നെ ജയിലില്‍ പോകേണ്ടയാളായിരുന്നു ജയലളിത. ജയിലിലേക്കുള്ള യാത്രയിലും തോഴിമാത്രമാകേണ്ടയാളായിരുന്നു അസാന്നിധ്യത്തില്‍ വാര്‍ത്താകേന്ദ്രമായ, ശക്തികേന്ദ്രമായ ശശികലയുടെ നിയോഗം.

അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ശശികല പൊട്ടിക്കരഞ്ഞുവെന്നു ബ്രെയ്ക്കിങ്ങ് വാര്‍ത്തകള്‍ മിന്നിമറയുന്നിടത്ത് , ശശികലയ്ക്കെതിരായ ശിക്ഷ ആഘോഷിക്കപ്പെടുന്നെടുത്ത് ഒരു സംസ്ഥാനത്തിന്റെ അതിവൈകാരിക വിക്ഷോഭത്തിനു മുന്നില്‍ ഒരു രാജ്യംനടുങ്ങി നില്‍ക്കേണ്ടി വന്നേനെ.

ജയലളിതയുടെ മരണത്തിനു മുന്നില്‍ ആരെയും അമ്പരപ്പിക്കുന്ന സമചിത്തതയോടെ പെരുമാറിയ തമിഴ് മക്കള്‍ ജയലളിതയുടെ പോക്ക് ജയിലേക്കാണെങ്കില്‍ ആത്മഹത്യയുടെയും ആക്രമത്തിന്റെയും പരമ്പര തന്നെ സൃഷ്ടിച്ചേനെ. ചിലര്‍ ചങ്കുപൊട്ടി മരിച്ചേനെ, ചിലര്‍ മണ്ണെണ്ണയൈാഴിച്ച് തീ കൊളുത്തിയേനെ. ആര്‍ക്കും തടുക്കാനാകാത്ത അതി വൈകാരിക സ്ഥിതിവിശേഷത്തിലായിരിക്കും തമിഴ്നാട്. 

2014-ല്‍ ഇതേ സ്വത്തു സംമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയലളിത ജയിലേക്ക് പോയപ്പോള്‍ ഹൃദയം പൊട്ടിമരിച്ച തമിഴരുടെ എണ്ണം 113 ആണ്. 41 പേരാണ് ആത്മഹത്യചെയ്തത്. ജയലളിതയ്ക്ക് രക്ഷപ്പെടാന്‍ നിയമത്തിന്റെ സാധ്യതകള്‍ മുന്നില്‍ ധാരാളമുള്ളപ്പോഴായിരുന്നു തമിഴ്നാട്ടുകാരുടെ ഈ വൈകാരിക പ്രകടമെന്നോര്‍ക്കണം. 

ഇന്ന് എല്ലാ വാതിലുകളും അടച്ച് വിചാരണ കോടതി ന്യായാധിപന്‍ മൈക്കല്‍ ഡി കുഞ്ഞയുടെ വിധി പുനസ്ഥാപിക്കുമ്പോള്‍ ശശികലയ്‌ക്കൊപ്പം ജയലളിതയും അടുത്ത നാലു വര്‍ഷം ബെംഗളൂരുവിലെ അഗ്രഹാര ജയിലിലെ അഴികള്‍ക്കുള്ളിലാവുമായിരുന്നു. പോരാത്തതിന് 100 കോടി രൂപ പിഴയൊടുക്കേണ്ടി വന്ന നാണക്കേടില്‍നിന്ന് അവര്‍ക്കു മുഖം രക്ഷിക്കാനും ആവുമായിരുന്നില്ല. ഒരിക്കലും തിരിച്ചുവരാത്ത രാഷ്ട്രീയ വനവാസത്തിലേക്ക് ജയലളിത നടന്നടുത്തിരുന്നെങ്കില്‍ ആ സാഹചര്യം നേരിടുന്ന തമിഴ്‌നാടിനെ ഭാവനയില്‍ കാണാന്‍ പോലും അസാധ്യം.

വാര്‍ത്തകളില്‍ പറയുന്നതുപോലെ ഡിസംബര്‍ അഞ്ചിലെ ആ തണുത്തരാത്രിയില്‍ മരണത്തെ പുരൈട്ചി തലൈവി തോല്‍പ്പിച്ചിരുന്നുവെങ്കില്‍ ഒ. പനീര്‍ശെല്‍വത്തെ എന്നത്തെയും പോലെ മുഖ്യമന്ത്രി കസേരയിലിരുത്തി ചങ്കുപൊട്ടിയും ആത്മഹത്യചെയ്തും പ്രാണന്‍ വെടിയുന്ന തമിഴ് മക്കളെ സാക്ഷിയാക്കി ജയലളിത ജയിലിലേക്ക് നടന്നടുത്തേനെ, ഒപ്പം നിഴലായ തോഴിയും.