rohitഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണെന്നും വെമുല ദളിതനാണ് എന്നതിന്‌ തെളിവില്ലെന്നും മാനവവിഭവശേഷി മന്ത്രാലയം രൂപവത്കരിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട്. അലഹബാദ് ഹൈക്കോടതിയിലെ മുന്‍ ജഡ്ജി എ.കെ രൂപന്‍വാലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ രോഹിതിന്റെ അമ്മ ദളിതാണെന്ന്‌ സ്വയം പ്രഖ്യാപിക്കുകയായിരുന്നുവെന്നും 41 പേജുള്ള തന്റെ റിപ്പോര്‍ട്ടില്‍ രൂപന്‍വാല്‍ ചൂണ്ടിക്കാട്ടുന്നു. രോഹിതിനെയും സുഹൃത്തുക്കളെയും സര്‍വകലാശാലയില്‍ നിന്നും പുറത്താക്കിയത് അവര്‍ കുറ്റം ചെയ്തുവെന്ന് അധികൃതര്‍ക്ക് ഉത്തമ ബോധ്യമുള്ളത് കൊണ്ടായിരുന്നു. മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയും കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രയയും തങ്ങളുടെ ജോലി ചെയ്യുക മാത്രമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കിയത് കൊണ്ടല്ല രോഹിത്  വെമുല ആത്മഹത്യ ചെയ്തത്. അത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടായിരുന്നു. രോഹിതിന്റെ അമ്മ വി.രാധിക മാല സമുദായക്കാരിയാണെന്ന് തെളിയിക്കുന്നതിന് ആവശ്യമായ ഒരു രേഖയുമില്ല. കൂടാതെ താന്‍ മാല സമുദായക്കാരിയാണെന്ന് സ്വയം പ്രഖ്യാപിച്ച് ആളെക്കൂട്ടുകയും ആനൂകൂല്യങ്ങള്‍ നേടിയെടുക്കുകയുമായിരുന്നു അവരുടെ  ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രോഹിത് വെമുലയുടെ മരണത്തെ തുടര്‍ന്ന് ജനവരി  28ന് ആയിരുന്നു മാനവവിഭവ ശേഷി മന്ത്രാലയം എ.കെ രൂപന്‍വാല്‍ കമ്മിഷനെ നിയോഗിച്ചത്. റിപ്പോര്‍ട്ട് കഴിഞ്ഞ ആഗസ്തില്‍ സമര്‍പ്പിക്കുകയും ചെയ്തു. സര്‍വകലാശാലയിലെ അധ്യാപകര്‍, ഓഫീസ് ജീവനക്കാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നെല്ലാം ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട് തയ്യാറാക്കിയത്.