ലക്‌നൗ: ആര്‍ക്കും വിഐപി പരിഗണനയില്ലെന്ന ഉത്തര്‍പ്രദേശിലെ പുതിയ സര്‍ക്കാരിന്റെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കി മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ വസതിയില്‍ വൈദ്യുതി വകുപ്പിന്റെ പരിശോധന. അപ്രതീക്ഷിതമായി വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ മുലായത്തിന്റെ വീട്ടില്‍ അനുവദിച്ച അളവിനേക്കാളും വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി. മുലായത്തിന്റെ ഇറ്റാവയിലുള്ള ബംഗ്ലാവിലാണ് വൈദ്യുതി മോഷണം കണ്ടെത്തിയത്.

ഒരു ഡസനിലധികം റൂമുകള്‍, എയര്‍ കണ്ടീഷനിംഗ് പ്ലാന്റ്, താപ നിയന്ത്രിത സ്വിമ്മിംഗ് പൂള്‍, കൂടാതെ നിരവധി എലിവേറ്ററുകളുമുണ്ട് ഈ കൂറ്റന്‍ ബംഗ്ലാവില്‍.  വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്ന സമയത്ത് മുലായം ലക്‌നൗവിലായിരുന്നു. അനുവദിച്ചിരിക്കുന്ന 5 കിലോവാട്ട് വൈദ്യുതിയേക്കാള്‍ എട്ടിരട്ടിയാണ് ഇവിടുത്തെ ഉപഭോഗമെന്നാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. കൂടാതെ നാലു ലക്ഷം രൂപയുടെ വൈദ്യുതി ബില്ല് മുലായം അടച്ചിട്ടുമില്ല.

ഈ മാസം തീരുന്നതിനു മുമ്പ് ഈ തുക അടയ്ക്കാന്‍ അദ്ദേഹത്തിന് സമയം നല്‍കി. അനുവദിച്ച വൈദ്യുതിയുടെ അളവ് 40 കിലോവാട്ടായി മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. ഇത് വരെ ഉപയോഗിച്ചതിനുള്ള പണം പൂര്‍ണ്ണമായും ഈടാക്കുകയും ചെയ്യും.

വൈദ്യുതി മോഷണവും അമിതഉപയോഗവും കണ്ടെത്തുന്നതിനാണ് റെയ്ഡ് നടത്തിയതെന്ന് വൈദ്യുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അഷുതോഷ് വര്‍മ പറഞ്ഞു.