ആഗ്ര: മൂന്നാം ലോകമഹായുദ്ധത്തിന് സാധ്യതയെന്ന് അമേരിക്കന്‍ ജ്യോതിഷി പ്രവചിച്ചു. ട്രംപിന്റെ വിജയം പ്രവചിച്ചയാളുടേതാണ് പ്രവചനം. ലോകം യുദ്ധ ഭീതിയിലായതോടെ അത് തടയാന്‍ ആഗ്രയില്‍ ഒരുകൂട്ടം ജ്യോതിഷികളുടെ നേതൃത്വത്തില്‍ യാഗം നടത്തി.

ശാന്തി യജ്ഞം എന്ന പേരില്‍ ആഗ്രയിലാണ് യാഗം നടത്തിയത്. 

മെയ് 13 മുതല്‍ മൂന്നാം ലോക മഹായുദ്ധം തുടങ്ങുമെന്ന് പ്രവചിച്ച് ഒരു അമേരിക്കന്‍ ജ്യോതിഷി കിഴക്ക് നിന്ന് പടിഞ്ഞാര്‍ വരെയുള്ള രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഒരു ചിത്രം വരച്ചിരുന്നു. ഒരു ആണവ യുദ്ധം ഉണ്ടാകുമെന്നുള്ള ഇയാളുടെ പ്രവചനം ലോകത്ത് വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇത് കഴിഞ്ഞ ഒരാഴ്ചയായി ഇലക്ട്രോണിക് മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുകയാണെന്നും യാഗത്തിന് നേതൃത്വം നല്‍കിയ പ്രമോദ് ഗൗതം പറഞ്ഞു.

മൂന്നാം ലോക മഹായുദ്ധം പ്രവചിച്ച അമേരിക്കന്‍ ജ്യോതിഷി ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റാകുമെന്നും പ്രവചിച്ചിരുന്നു. 2017 സെപ്തംബര്‍ വരെ അമേരിക്കക്ക് ഗ്രഹനിലയില്‍ അനുകൂല സ്ഥിതിയല്ല ഉള്ളത്. ചൊവ്വയുടെ സ്വാധീനത്തിലാണ് ഡൊണാള്‍ഡ് ട്രംപ് ഇപ്പോഴുള്ളതെന്നും പ്രമോദ് ഗൗതം പറയുന്നു.

ട്രംപിന്റെ ഭരണത്തില്‍ അമേരിക്ക ആക്രമണങ്ങള്‍ നേരിടേണ്ടി വരും. അതിനാല്‍ തന്നെ തിരിച്ചടിക്കാന്‍ ട്രംപ് നിര്‍ബന്ധിതനാകും. ലോകത്ത് അസ്ഥിരമായ സാഹചര്യമാണുള്ളത്. ആക്രമണങ്ങള്‍ പലയിടത്ത് നിന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിലെ ഇപ്പോഴത്തെ സാഹചര്യം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായും തകര്‍ക്കും. അതിനാല്‍ നക്ഷത്രങ്ങളെ പ്രസാദിപ്പിക്കുന്നതിനും യമുനയുടെ അനുഗ്രഹങ്ങള്‍ തേടുന്നതിനുമായാണ് ഞങ്ങള്‍ ഇത്തരത്തില്‍ സമാധാനത്തിനുള്ള യാഗം സംഘടിപ്പിച്ചിരിക്കുന്നത്.

യമുന യമരാജിന്റെ സഹോദരിയാണെന്നും പ്രമോദ് ഗൗതം പറഞ്ഞു.