ന്യൂഡല്‍ഹി: കശ്മീരി സ്വദേശികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കശ്മീരികള്‍ക്കെതിര രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ അക്രമം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ്‌ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് സംസ്ഥാന മുഖ്യമന്ത്രിമാർക്ക് നിര്‍ദേശം നല്‍കിയത്. 

കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ ഒരു സ്വകാര്യ സർവകലാശാലയിലെ കശ്മീരി  വിദ്യാര്‍ത്ഥികളെ ഒരു സംഘം തീവ്രവാദികളെന്ന് വിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. യുപിയിലെ മീററ്റിലും സമാനം സംഭവം നടന്നു. കല്ലെറിയുന്ന കശ്മീരികള്‍ സംസ്ഥാനം വിട്ട് പോകണമെന്നാവശ്യപ്പെട്ട് ഇവര്‍ക്കെതിരെ പ്രതിഷേധമുണ്ടായി. ഇതേ തുടര്‍ന്നാണ് കേന്ദ്രം കശ്മീരികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കശ്മീരിലെ ജനങ്ങള്‍ എല്ലാ ഇന്ത്യക്കാരെ പോലെയും തുല്യരാണ്. ഇവരോട് അപമര്യാദയായി പെരുമാറുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും രാജ്യനാഥ് സിങ് ആവശ്യപ്പെട്ടു.

വ്യാഴാഴ്ചയാണ് ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേനയുടേയും മറ്റൊരു വലതുപക്ഷ സംഘടനയുടേയും നേതൃത്വത്തില്‍ കശ്മീരികള്‍ സംസ്ഥാനം വിടണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി എത്തിയത്. ഇന്ത്യന്‍ സൈന്യത്തിനു നേരെ കല്ലെറിയുന്ന കശ്മീരികള്‍ സംസ്ഥാനം വിടുക എന്നാവശ്യപ്പെട്ടുള്ള ബാനറുകളുമായാണ്‌ പ്രതിഷേധം. സംഭവത്തില്‍ അമിത് ജാനി എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

രാജസ്ഥാനിലെ മേവാര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രദേശവാസികളാണ് അക്രമം നടത്തിയത്. 'മൂന്നിടങ്ങളിലായി ഒരേ സമയം നടന്ന അക്രമത്തില്‍ ആറു വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനമേറ്റു. ആസൂത്രണം ചെയ്ത ആക്രമണമാണ് നടന്നതെന്നും അക്രമത്തിനിരയായ ബഹര്‍ അഹമ്മദ് ഗിരിയെന്ന വിദ്യാര്‍ത്ഥി പറഞ്ഞു.

ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്, തങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ പരാജയപ്പെട്ടതില്‍ നിരാശയുണ്ട്. ഒരു കാരണവുമില്ലാതെയാണ് മര്‍ദ്ദിക്കുന്നതെന്നും ഗിരി പറഞ്ഞു. സംഭവത്തില്‍ അജ്ഞാതരായ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.