വണ്ടൂര്‍: കടുത്ത വരള്‍ച്ചയില്‍ ജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ പൊതുജനത്തിനായി കിണറും കുളവും കുഴിച്ചുനല്കി ഒരു കുടുംബം.കൂരാട് മണിയാണിയിലെ കുമ്മാളി ഹൈദരാലിയും മകന്‍ ബാബുവുമാണ് നാട്ടുനന്‍മയുടെ ഉറവവറ്റാത്ത മനസ്സുമായി ജനങ്ങള്‍ക്ക് ആശ്വാസമാകുന്നത്.

വര്‍ഷങ്ങളായി വേനല്‍കാലത്ത് പരിസരവാസികള്‍ വെള്ളത്തിനായി ആശ്രയിച്ചിരുന്നത് ഹൈദരലിയുടെ പാടത്തെ കുളത്തെയായിരുന്നു. ഇത്തവണത്തെ കടുത്ത വരള്‍ച്ചയില്‍ കുളത്തിലെ വെള്ളം വറ്റി.താഴ്ച കൂട്ടിയെങ്കിലും കലങ്ങിയ വെള്ളമാണ് ലഭിച്ചിരുന്നത്. കോളനിക്കാരടക്കമുള്ളവര്‍ക്ക് കുടിക്കാനുള്‍പ്പടെ ഈ വെള്ളം മാത്രമായിരുന്നു ആശ്രയം.

ഇതോടെയാണ് ഇവര്‍ കിണര്‍ കുഴിച്ച് നല്കാന്‍ തീരുമാനിച്ചത്. ഏകദേശം അമ്പതിനായിരം രൂപ മുതല്‍മുടക്കില്‍ കുഴിച്ച കിണറില്‍ ഇപ്പോള്‍ അഞ്ച് റിങ്ങിനുമുകളില്‍ വെള്ളമുണ്ട്. കിണറിനുസമീപത്ത് സ്ത്രീകളടക്കമുള്ളവര്‍ക്ക് കുളിക്കുവാനുള്ള മറപ്പുരയും ടാപ്പടക്കമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മുകള്‍ഭാഗത്തുള്ള കുളം താഴ്ചകൂട്ടി ഇതിലെ വെള്ളവും നാട്ടുകാര്‍ക്കായി ഇവര്‍ നല്‍കുന്നു.

പറവകള്‍ക്കും മറ്റും വെള്ളം കുടിക്കാനായി സമീപത്തെ പാടത്ത് നിരവധി ചെറിയ പാത്രങ്ങളില്‍ ഇവര്‍ വെള്ളം നിറച്ചുവെച്ചിട്ടുണ്ട്. ദൈവം കനിഞ്ഞുനല്കിയ ജലസമൃദ്ധി മറ്റുള്ളവര്‍ക്കും ഉപകാരപ്പെടട്ടെ എന്നാണ് ഹൈദരലിയും ബാബുവും പറയുന്നത്.