stray dogsമംഗളൂരു: തെരുവുനായ്ക്കള്‍ കാല്‍നടക്കാര്‍ക്കും ഇരുചക്രവാഹനക്കാര്‍ക്കും ഒരുപോലെ ഭീഷണിയാണ്. രാത്രിയാണ് ഇവ കൂടുതല്‍ അപകടമുണ്ടാക്കുന്നത്. ഇതിനൊരു പരിഹാരമുണ്ടാക്കുകയാണ് ഉടുപ്പി നഗരസഭയുടെ മുന്‍ കൗണ്‍സിലറും സാമൂഹികപ്രവര്‍ത്തകനുമായ നിത്യാനന്ദ ഓലക്കാഡ്.

റോഡിലലയുന്ന നായ്ക്കള്‍ക്ക് ഇരുട്ടില്‍ തിളങ്ങുന്ന കോളര്‍ ധരിപ്പിക്കുന്നത് നായ്ക്കള്‍ക്കും മനുഷ്യര്‍ക്കും ഒരുപോലെ പ്രയേജനകരമാണെന്നാണ് ഇദ്ദേഹത്തിന്റെ വാദം. നായയെ ദൂരത്തുവെച്ചുതന്നെ കാണാമെന്നതിനാല്‍ മുന്‍കരുതലെടുത്ത് അപകടങ്ങള്‍ ഒഴിവാക്കാം.

ഫ്‌ളൂറസന്റ് വസ്തുകൊണ്ട് നിര്‍മിച്ച കോളറില്‍ നേരിയ വെളിച്ചം വീണാല്‍പ്പോലും ഇരുട്ടില്‍ വെട്ടിത്തിളങ്ങും. ഇടവഴികളിലും ഗ്രാമീണറോഡുകളിലും തെരുവുവിളക്കിന്റെ അഭാവം പ്രശ്‌നമാണ്. ഇവിടങ്ങളില്‍ നായകള്‍ക്ക് തിളങ്ങുന്ന കോളര്‍ ധരിപ്പിക്കുന്നത് പ്രായോഗികപരിഹാരമാണെന്ന് നിത്യാനന്ദ ചൂണ്ടിക്കാട്ടുന്നു. ഇതിനോടകം എഴുപതോളം നായ്ക്കളെ ഇദ്ദേഹം കോളറിടീപ്പിച്ചുകഴിഞ്ഞു.

ഒരു കോളറിന് 60 രൂപ വിലവരും. ഉടുപ്പി നഗരത്തിലെ ചില വ്യാപാരികളാണ് ഇതിനുള്ള ചെലവ് പങ്കിട്ടുവഹിക്കുന്നത്. നഗരസഭയും സന്നദ്ധസംഘടനകളും റെസിഡന്‍ഷ്യല്‍ അസോസിയേഷനുകളും കൂടി സഹകരിച്ചാല്‍ കൂടുതല്‍ ഫലപ്രദമായി ഇത് നടപ്പാക്കാന്‍ കഴിയുമെന്ന് നിത്യാനന്ദ പറയുന്നു.