Krishnapillaiവിതുര: അവധൂതഭാവം, കണ്ണുകളില്‍ ശാന്തത, മുഷിഞ്ഞ വേഷം, കൈയിലൊരു കറുത്ത ബാഗ്, പ്രായം എഴുപത്തിരണ്ട് കൃഷ്ണപിള്ള എന്നു പേര്. വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി അറിവു പകര്‍ന്നുനല്‍കിക്കൊണ്ട് ഇദ്ദേഹം വിതുരയിലൂടെ നടക്കാന്‍ തുടങ്ങിയിട്ട് അന്‍പതുവര്‍ഷമായി.

സ്വകാര്യട്യൂഷനുകള്‍ വരുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് വീടുകളിലെത്തി കുട്ടികളെ പഠിപ്പിക്കാന്‍ തുടങ്ങിയതാണ് ഇദ്ദേഹം. ഇപ്പോഴും ഇത് തുടരുന്നു.സ്വാതന്ത്ര്യലബ്ധിക്ക് രണ്ടുവര്‍ഷം മുന്‍പാണ് കൃഷ്ണപിള്ളയുടെ ജനനം. അച്ഛന്‍ വിതുര ഗോകുല്‍ എസ്റ്റേറ്റിലെ ജോലിക്കാരനായിരുന്നു. കഷ്ടപ്പാടും പട്ടിണിയുംനിറഞ്ഞ കുട്ടിക്കാലം അറിവുനേടാന്‍ തടസ്സമായില്ല. പ്രീഡിഗ്രി പഠനത്തിനുശേഷം സമാന്തരവിദ്യാഭ്യാസരംഗത്തേക്കും അവിടെനിന്ന് അധ്യാപനത്തിന്റെ പാഠങ്ങളും പഠിച്ചു. പിന്നീട് മുടങ്ങാത്ത അറിവുപകരല്‍.

പത്താം ക്ലാസ് വരെയുള്ള കുട്ടികളെ കൃഷ്ണപിള്ള മലയാളവും ഇംഗ്ലീഷുമാണ് പഠിപ്പിക്കുന്നത്. കൈയിലുള്ള ബാഗ് നിറയെ പുസ്തകങ്ങളാണ്. ഇംഗ്ലീഷിലെയും മലയാളത്തിലെയും വ്യാകരണഗ്രന്ഥങ്ങളാണധികവും. വിതുര, ചേന്നന്‍പാറ, ആനപ്പാറ തുടങ്ങി പഞ്ചായത്തിന്റെ എല്ലാഭാഗങ്ങളിലും കൃഷ്ണപിള്ള ക്ലാസെടുക്കുന്നുണ്ട്. രക്ഷാകര്‍ത്താക്കള്‍ നല്‍കുന്ന ആഹാരം കഴിക്കും. ഇടയ്ക്ക് വിശ്രമിക്കാന്‍ താവയ്ക്കലെ ആറ്റിന്റെ കരയിലെ പാറക്കൂട്ടമോ ആല്‍മരച്ചുവടുകളോ തിരഞ്ഞെടുക്കും. രാത്രിയില്‍ ഉറക്കം പരിചയക്കാരുടെയോ സുഹൃത്തുക്കളുടെയോ വീടുകളില്‍. ഇതാണ് കൃഷ്ണപിള്ളയുടെ ദിനചര്യ.

ഇതിനിടയില്‍ കുടുംബജീവിതമുണ്ടാക്കാനായില്ല. അതിന്റെ ആവശ്യം തോന്നിയപ്പോള്‍ പ്രായം ഏറെ കടന്നുപോയെന്ന് കൃഷ്ണപിള്ള പറയുന്നു. പഠിപ്പിക്കുന്ന കുട്ടികള്‍ തന്നെയാണ് തന്റെ കുടുംബമെന്നു പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ തിളക്കം. കൊടുക്കുംതോറും ഏറിടുന്ന വിദ്യ തന്നെയാണ് അവര്‍ക്കു നല്‍കാനുള്ള സ്വത്ത്.

കോളേജ് അധ്യാപകരും സെക്രട്ടേറിയറ്റ് ജീവനക്കാരുമൊക്കെയായി വലിയൊരു ശിഷ്യഗണം കൃഷ്ണപിള്ളയ്ക്കുണ്ട്. ഇടയ്‌ക്കൊക്കെ അവരില്‍ ചിലര്‍ പഴയ ഗുരുനാഥനെ കാണാന്‍ വരും. സര്‍ക്കാര്‍ ഓഫീസുകളില്‍ ഏതാവശ്യത്തിനുപോയാലും അവരുടെ സഹായങ്ങളുണ്ടാകും. മാറിയ വിദ്യാഭ്യാസരീതിയോട് യാതൊരു വിയോജിപ്പും ഇദ്ദേഹത്തിനില്ല. പഴയതിലും പുതിയതിലും വിദ്യയ്ക്കാണു പ്രാധാന്യം. ഏതു മാധ്യമത്തില്‍ പഠിച്ചാലും ശരിയും തെറ്റും തിരിച്ചറിയണം.

കൃഷ്ണപിള്ള നടക്കുകയാണ്. സഞ്ചിനിറയെ പുസ്തകങ്ങളും തലച്ചോറില്‍ ശേഖരിച്ച അറിവും അതുപകര്‍ന്നു നല്‍കാനുള്ള മനസ്സുമായി. പോകുന്നിടത്തൊക്കെ കുട്ടികള്‍ കാത്തിരിക്കുന്നുണ്ട് ഈ അധ്യാപകനെ.