Good news
വെള്ളനാട് ശങ്കരമുഖത്ത് രാജുവിന്റെ ചികിത്സയ്ക്കുള്ള സഹായം ചികിത്സാസഹായി പ്രവര്ത്തകര് രാജുവിന്റെ ഭാര്യയ്ക്ക് കൈമാറുന്നു

 

വെള്ളനാട്: ആധുനിക ലോകത്തും മനസ്സാക്ഷി നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് വെള്ളനാട് ചികിത്സാസഹായി. ആരോഗ്യമേഖലയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി തുടങ്ങിയ ചികിത്സാസഹായി സേവനത്തിന്റെ വ്യാഴവട്ടക്കാലം പിന്നിടുകയാണ്. ഇക്കാലത്തിനിടയില്‍ രോഗബാധിതരായി ദുരിതമനുഭവിക്കുന്നവര്‍ക്ക് 20 ലക്ഷത്തില്‍പ്പരം രൂപ സാമ്പത്തിക ധനസഹായമായി ഇവര്‍ നല്‍കി. സഹായിയില്‍ അംഗമല്ലാത്ത ഒരാളില്‍ നിന്ന് ഒരുരൂപ പോലും സംഭാവന  വാങ്ങാതെയാണ് സംഘടന സഹായം നല്‍കുന്നത്.

2004 ജൂണിലാണ്  അധ്യാപകനായിരുന്ന പരേതനായ കെ.ടി.സുരേന്ദ്രന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍കൊണ്ട് 60ല്‍ താഴെപ്പേര്‍ ചേര്‍ന്നു ചികിത്സാസഹായിക്ക് രൂപം നല്‍കിയത്. അംഗങ്ങളില്‍ നിന്ന് നിലവില്‍ 50 രൂപ മാസവരി വാങ്ങും. കൂടാതെ അവര്‍ തന്നെ  നല്‍കുന്ന ചെറിയ സംഭാവനകളുമാണ് സംഘടനയുടെ പ്രവര്‍ത്തന മൂലധനം. നിലവില്‍ 200 പേര്‍ സജീവ അംഗങ്ങളായുണ്ട്. 
     
ഗ്രാമീണമേഖലയില്‍ 50 ല്‍പ്പരം മെഡിക്കല്‍ ക്യാമ്പുകള്‍ സഹായി സംഘടിപ്പിച്ചിട്ടുണ്ട്. ആരോഗ്യരംഗത്ത് ജനകീയ ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തുന്നു. രക്തദാനം നടത്തുന്നതിനും അംഗങ്ങള്‍ സന്നദ്ധരാണ്. 
  
മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനം, പരിസര ശുചീകരണം, അവശരായവര്‍ക്ക് വീല്‍ചെയര്‍ നല്‍കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലും ഇവര്‍ സജീവമാണ്. നെടുമങ്ങാട് താലൂക്കിലെ മികച്ച സന്നദ്ധ സംഘടനയ്ക്കുള്ള 2009-ലെ സക്കീര്‍ സ്മാരക സേവാ പുരസ്‌കാരം, വെളിയന്നൂര്‍ കള്‍ച്ചറല്‍ സെന്ററിന്റെ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. വി.എസ്.പ്രദീപ് കുമാര്‍ (പ്രസി.), വി.എന്‍.അനീഷ് (സെക്ര.), എ.ഹരികുമാര്‍ (ഖജാ.) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.