Sree Bhumika
ലുലു ഗ്രൂപ്പിനെ പ്രതിനിധാനംചെയ്ത് മാനേജര്‍ പി. പീതാംബരന്‍, മീഡിയ കോ- ഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ് എന്നിവര്‍ ശ്രീഭൂമികയുടെ അച്ഛന്‍ ചന്ദ്രന് രണ്ടുലക്ഷം രൂപയുടെ ചെക്ക് കൈമാറുന്നു .

 

പാലക്കാട്: ഒന്നരവയസ്സുകാരി ശ്രീഭൂമികയുടെ നിഷ്‌കളങ്കമായ പുഞ്ചിരി ഇനി മായില്ല, ജീവിതത്തിലേക്ക് തിരിച്ചുവരാന്‍  ശ്രീഭൂമികയ്ക്ക് സഹായപ്രവാഹം. 

പാലക്കാട് കുത്തനൂര്‍ ചിമ്പുകാട് പുത്തന്‍കുളംവീട്ടില്‍ ചന്ദ്രന്റെയും ചിത്രയുടെയും മകളായ ശ്രീഭൂമികയ്ക്ക് തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വ രോഗമായിരുന്നു. കുട്ടിയുടെ ചികിത്സയ്ക്ക് ആവുന്നതെല്ലാം ചെയ്‌തെങ്കിലും സഹായത്തിനായി മാര്‍ഗമൊന്നുമില്ലാതെ കഷ്ടപ്പെടുകയായിരുന്നു ചന്ദ്രനും കുടുംബവും. 

mathrubhumi newsകാഴ്ച നഷ്ടപ്പെടുകയും ഇരുകാലും തളരുകയും ചെയ്ത ശ്രീഭൂമികയെക്കുറിച്ച് 2016 ജൂണ്‍ 20ന് മാതൃഭൂമി പത്രത്തിലും ചാനലിലും വാര്‍ത്ത നല്‍കിയിരുന്നു. മാസത്തില്‍ 25,000ത്തിലധികം കുട്ടിക്ക് ചികിത്സയ്ക്കായി ആവശ്യമാണ്. 

വാര്‍ത്തയറിഞ്ഞും രക്ഷിതാക്കളുടെ നിസ്സഹായാവസ്ഥ കണ്ടും  രാജ്യത്തിനകത്തും പുറത്തുനിന്നുമായി നിരവധി മലയാളികളും സഹായഹസ്തം നീട്ടിയിട്ടുണ്ട്. ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി രണ്ട് ലക്ഷംരൂപ നല്‍കി. ലുലുഗ്രൂപ്പിനെ പ്രതിനിധാനംചെയ്ത് മാനേജര്‍ പി. പീതാംബരന്‍, മീഡിയ കോ- ഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ് എന്നിവര്‍ കുത്തനൂര്‍ ചിമ്പുകാട്ടുള്ള വാടകവീട്ടിലെത്തി ചെക്ക് കൈമാറി.

ചികിത്സാസഹായത്തിന്റെ ആദ്യഘട്ടമാണ് വിതരണംചെയ്തതെന്നും ആവശ്യമെങ്കില്‍ കുടുതല്‍തുക അനുവദിക്കുമെന്നും ലുലുഗ്രൂപ്പ് വ്യക്തമാക്കി. ചന്ദ്രന്‍-ചിത്ര ദമ്പതിമാരുടെ രണ്ടുമക്കളില്‍ ഇളയതാണ് ശ്രീഭൂമിക. ശ്രീഭൂമികയ്ക്ക് ധനസഹായം നല്‍കുന്നതിനായി കുഴല്‍മന്ദം എസ്.ബി.ടി. ബാങ്കിലാണ് അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. അക്കൗണ്ട് നമ്പര്‍: 67365382645. െഎ.എഫ്.എസ്.സി. കോഡ്:  Sbtr 0000324.