കാളികാവ്: ഹംസയ്ക്കു പൂര്‍ണമായ കാഴ്ചയില്ല. എന്നാല്‍ അദ്ദേഹം  പകര്‍ന്നുതരുന്നത് കണ്ണുള്ളവര്‍ കാണേണ്ട കാഴ്ചയാണ്. 

കവലകളില്‍ പാട്ടുപാടി ആളുകളുടെ മനംനിറയ്ക്കുമ്പോള്‍ കിട്ടുന്ന നാണയത്തുട്ടുകളെ ആശ്രയിച്ചാണ് അടയ്ക്കാക്കുണ്ടിലെ പുത്തന്‍പീടികയില്‍ ഹംസയും കുടുംബവും കഴിയുന്നത്.   അദ്ദേഹം ഇപ്പോള്‍ പാടുന്നത്   കുടുംബം പോറ്റാനല്ല.  ജീവിതത്തില്‍ മുന്‍പ് ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത ഒരുബാലന്റെ ജീവന്‍ നിലനിര്‍ത്താനാണ്.


 വൃക്കരോഗം ബാധിച്ച നബീഹ് എന്ന അടയ്ക്കാക്കുണ്ട് ഹയര്‍സെക്കന്‍ഡറിയിലെ  എട്ടാംക്ലാസുകാരനുവേണ്ടിയാണ് അത്. 
എല്ലാവരെയുംപോലെ കാഴ്ചയും  അധ്വാനിച്ചു ജീവിക്കാന്‍ ശേഷിയുമില്ല  ഹംസയ്ക്ക്.  30ലക്ഷം രൂപവേണം നബീഹിന് വൃക്കമാറ്റിവെയ്ക്കാന്‍. പള്ളിശ്ശേരിക്കാര്‍ ഒന്നടങ്കം ചികിത്സാച്ചെലവ് കണ്ടെത്താന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. 


ഹംസയും ആ എട്ടാംക്ലാസുകാരന്റെ ദുരിതകഥകേട്ട് ഇറങ്ങുകയായിരുന്നു. തിരൂരിലും കുറ്റിപ്പുറത്തും നിലമ്പൂരിലുമെല്ലാം കഴുത്തില്‍ പാട്ടുപെട്ടിതൂക്കി പലരുടെ മുന്നിലും കൈനീട്ടി ഹംസ പതിനായിരംരൂപയോളം സ്വരൂപിച്ചിട്ടുണ്ട്. ഇത് ചികിത്സാ സമിതിയെ ഏല്‍പ്പിക്കുകയും ചെയ്തു. നബീഹിന്റെ ചികിത്സയ്ക്കുള്ള തുക തികയുന്നതുവരെ തുടരുമെന്നാണ് ഹംസ പറയുന്നത്.

 പണമേല്‍പ്പിച്ചപ്പോഴാണ് നാട്ടുകാര്‍പോലും ഹംസയുടെ നന്‍മ തിരിച്ചറിയുന്നത്. ഹംസ നബീഹിനു മുന്നിലെത്തുന്നതും അപ്പോഴാണ്. 
പണംകൈമാറുമ്പോള്‍ നബീഹിനെ മാറോടു ചേര്‍ത്ത് ദൈവംതുണയുണ്ടാവും എന്ന് ഹംസ ഗദ്ഗദത്തോടെ പറഞ്ഞു.


നോട്ടീസ് പോലുമില്ലാതെ പിരിവുനടത്തിയപ്പോള്‍ ചിലര്‍ ഭീഷണിപ്പെടുത്തിയെന്ന് ഹംസ പറയുന്നു. പക്ഷേ വലിയലക്ഷ്യം മുന്നില്‍ക്കണ്ട് പുറപ്പെട്ടതിനാല്‍ അതൊന്നും പ്രയാസമായില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ചികിത്സയ്ക്കു സഹായംതേടി ആരെത്തിയാലും പാട്ടുപാടിയുണ്ടാക്കിയ പണം എടുത്തുകൊടുക്കും. ഇത് ഹംസയുടെ ഒരു രീതിയാണ്.