ബജറ്റ് മൈനസ് കിഫ്ബി സമം പൂജ്യം എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ മുഖ്യവിമർശനം. കിഫ്ബിയെ ഒഴിവാക്കിയാലും 26,000 കോടി രൂപയുടെ പ്ലാൻ ബജറ്റിലുണ്ടെന്നത്‌ വിമർശകർ മറക്കുന്നു. ഈ പദ്ധതിയുടെ ഭാഗമായിട്ടാണ് അംഗീകാരം നേടിയ ക്ഷേമപദ്ധതികളും സാമൂഹികമേഖലയിലെ ജനകീയ ഇടപെടലുകളും രൂപംകൊണ്ടിട്ടുള്ളത്. ഇതുമൂലം റവന്യൂച്ചെലവ് ഗണ്യമായി ഉയരുകയുണ്ടായി. റവന്യൂക്കമ്മി വർധിച്ചു. നോട്ട്‌ബന്ദിയുടെ മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ പൊതുനിക്ഷേപം വർധിപ്പിച്ചേ തീരൂ. അതുകൊണ്ടാണ് കഴിഞ്ഞ വർഷത്തെപ്പോലെ ഈവർഷവും 25,000 കോടി രൂപയുടെ നിർമാണപ്രവൃത്തികൾ കിഫ്ബി വഴി വായ്പയെടുത്ത് നടത്താൻ തീരുമാനിച്ചത്. അങ്ങനെ രണ്ടുവർഷത്തെ കിഫ്ബി പ്രഖ്യാപനങ്ങൾ 50,000 കോടിരൂപവരും. ഇത്രയും കോടി രൂപ ആര് വായ്പതരും? വായ്പ തന്നാൽത്തന്നെ എങ്ങനെ തിരിച്ചടയ്ക്കും? സംസ്ഥാനം കടക്കെണിയിലേക്ക് പോവുകയാണോ? എന്നൊക്കെയുള്ള സംശയങ്ങൾ പലർക്കുമുണ്ട്.

കിഫ്ബി വഴി ഏറ്റെടുക്കുന്നത് വൻകിട നിർമാണപ്രവൃത്തികളായതിനാൽ രൂപകല്പനയ്ക്കും നടപ്പാക്കലിനുമെല്ലാം കാലതാമസമുണ്ടാകും. പണിപൂർത്തിയായി ബില്ല് കിഫ്ബിയിൽ വരുമ്പോൾ കരാറുകാരന് ഓൺലൈനായി പണംനൽകുന്ന സമ്പ്രദായമാണ് ആവിഷ്കരിച്ചിട്ടുള്ളത്. 2017-18ൽ ഇങ്ങനെ 5000 കോടി രൂപ ബില്ലായി കൊടുക്കേണ്ടിവരുമെന്നാണ് എന്റെ കണക്കുകൂട്ടൽ. അടുത്തവർഷം 10,000 കോടി രൂപയും 2019-20 ൽ 20,000 കോടി രൂപയും 2020-21 ൽ 15,000 കോടി രൂപയും വീതം കിഫ്ബിയിൽനിന്ന്‌ കരാറുകാർക്ക് കൊടുക്കേണ്ടിവരും. ഇതെല്ലാം മുൻകൂറായി വായ്പയെടുത്ത് സൂക്ഷിക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല. അതതുവർഷത്തെ ആവശ്യംനോക്കി ബോണ്ട് ഇറക്കുകയും വായ്പയെടുക്കുകയും ചെയ്യും. ഈ മുൻകരുതൽ ഉള്ളതുകൊണ്ടാണ് ഇതുവരെ വായ്പയൊന്നും എടുക്കാതിരുന്നത്. അല്ലാതെ ആക്ഷേപിക്കുന്നതുപോലെ വായ്പ കിട്ടാത്തതുകൊണ്ടല്ല.

50,000 കോടി രൂപ വായ്പതരാൻ ആളുണ്ടാകുമോ? എന്തടിസ്ഥാനത്തിൽ ആളുകൾ കിഫ്ബിയിൽ നിക്ഷേപിക്കും? ഉത്തരം ലളിതം. നിയമസഭ പാസാക്കിയ കിഫ്ബി നിയമത്തിലെ വ്യവസ്ഥകൾപ്രകാരം ഓരോവർഷവും പെട്രോളിയത്തിൽനിന്നുള്ള സെസ്സും മോട്ടോർവാഹന നികുതിയുടെ നിശ്ചിതവിഹിതവും കിഫ്ബിക്ക് ലഭിക്കും. 2020-21 മുതൽ മോട്ടോർവാഹന നികുതിയുടെ 50 ശതമാനവും കിഫ്‌ബിക്ക് ലഭിക്കേണ്ടതാണ്. ഭാവിയിൽ ഉണ്ടാകുന്ന ഈ വരുമാനം ചൂണ്ടിക്കാട്ടിയാണ്, അല്ലെങ്കിൽ സെക്യൂരിറ്റെസ് ചെയ്താണ് കിഫ്ബി വായ്പയെടുക്കുന്നത്. ഇത് മലർപ്പൊടിക്കാരന്റെ സ്വപ്നമാണെന്ന് പറയുന്നവർക്ക് കോമ്പൗണ്ട് ഗ്രോത്തിന്റെ തത്ത്വങ്ങൾ പിടിയില്ല.

താഴെക്കൊടുത്തിട്ടുള്ള പട്ടിക 1-ൽ 2030-31 വരെ ഓരോവർഷവും കിഫ്ബിക്ക് കിട്ടാൻ പോകുന്ന തുകയുടെ കണക്ക് കൊടുത്തിട്ടുണ്ട്. ഇപ്പോൾ കിഫ്ബിയുടെ കൈയിൽ 1600 കോടി രൂപയാണുള്ളത്. 2017-18 ൽ 1028 കോടി രൂപകൂടി ലഭിക്കും. നികുതി 16 ശതമാനംവെച്ച് പ്രതിവർഷം വർധിക്കുമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിൽ മോട്ടോർവാഹന നികുതിയിൽനിന്നും പെട്രോൾ സെസ്സിൽനിന്നും കിഫ്ബിക്ക് ലഭിക്കുന്ന വാർഷിക വരുമാനത്തിന്റെ കണക്ക് പട്ടികയിൽ നൽകിയിട്ടുണ്ട്. 14 വർഷം കഴിഞ്ഞ് 2030-31 ആകുമ്പോൾ വാർഷിക ഗ്രാന്റ് 15,116 കോടി രൂപയായി ഉയരും. അതുവരെ ലഭിച്ച എല്ലാ വാർഷിക തുകകളും കൂട്ടിയാൽ കിഫ്ബിക്ക് ഇതിനകം 94,881 കോടി രൂപ ലഭിച്ചിരിക്കും. ഈവരുമാനം ചൂണ്ടിക്കാണിച്ച് 50,000 കോടി രൂപ വായ്പയെടുക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. പ്രത്യേകിച്ച് സർക്കാർ ഗാരന്റിയുടെകൂടി പശ്ചാത്തലത്തിൽ.

പട്ടിക 1       

പട്ടിക 1

ആരൊക്കെയാണ് ഈ നിക്ഷേപകർ എന്നതാണ് അടുത്ത ചോദ്യം.
സഹകരണ ബാങ്കുകൾക്ക് മിച്ചപണം കിഫ്ബി ബോണ്ടുകളിൽ നിക്ഷേപിക്കുന്നതിന് ഒരു നിയമതടസ്സവുമില്ല. ട്രഷറി സേവിങ്‌സ് ബാങ്കിലെ  നിക്ഷേപവർധന ഇനി പബ്ലിക് അക്കൗണ്ടിൽ ഇട്ടാൽ അത്‌ വാർഷിക വായ്പാപരിധിയിൽ കുറവുചെയ്യും. കിഫ്ബി ബോണ്ടിൽ നിക്ഷേപിക്കുന്നതാവും അഭികാമ്യം. ഇതുപോലെ കെ.എസ്.എഫ്.ഇ. പ്രഖ്യാപിച്ചിട്ടുള്ള പ്രവാസി ചിട്ടിയിലെ ഫ്രീ ഫ്ളോട്ട് കിഫ്ബി ബോണ്ടിൽ നിക്ഷേപിക്കാം. നബാർഡിന്റെ നിഡയും വാണിജ്യബാങ്കുകളും കിഫ്ബിക്ക് വായ്പ നൽകാൻ മുന്നോട്ടുവന്നിട്ടുണ്ട്. മർച്ചന്റ് ബാങ്കർ ഏജന്റുമാരെ നിശ്ചയിച്ച് പ്രത്യേക ആവശ്യങ്ങൾക്കുവേണ്ടിയുള്ള ബോണ്ട് ഇറക്കിയും വായ്പയെടുക്കാം. അവസാനമായി വിദേശപണ കമ്പോളത്തിൽനിന്നും 1.5-3 ശതമാനം പലിശയ്ക്ക് വായ്പനൽകാൻ പലരും താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പലിശ കുറവാണെന്നതുമാത്രമല്ല, 7-10 വർഷത്തെ മൊറട്ടോറിയവും 30 വർഷത്തെ തിരിച്ചടവ് കാലാവധി ലഭിക്കുകയും ചെയ്യും. പണമല്ല പ്രശ്നം പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതാണ് പ്രശ്നം.

ഒരു കാര്യംകൂടി ജാഗ്രതപ്പെടുത്തിക്കൊള്ളട്ടെ. മേൽപ്പറഞ്ഞ മാർഗങ്ങളിലൂടെയെല്ലാം വായ്പയെടുത്തു കൂട്ടുമെന്നല്ല ഈ പറഞ്ഞതിനർഥം. 50,000 കോടി രൂപ കിഫ്ബിക്ക് വായ്പനൽകാൻ ആളുണ്ടാകില്ലെന്ന വാദം അസംബന്ധമാണെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്യുന്നത്.

അടുത്തചോദ്യം തിരിച്ചടവ് എങ്ങനെ എന്നതാണ്. ഇതിനുള്ള ഉത്തരം പട്ടിക 2 നൽകും. 2017-18 മുതൽ ഓരോവർഷവും വേണ്ടിവരുന്ന വായ്പയുടെ കണക്ക് നേരത്തേ സൂചിപ്പിച്ചിരുന്നു. ഈ തുകയാണ് പട്ടിക 2-ന്റെ മൂന്നാംനിരയിൽ കൊടുത്തിരിക്കുന്നത്. ഓരോ വർഷവും ഇങ്ങനെ എടുക്കുന്ന വായ്പയ്ക്ക് മൂന്നുവർഷത്തെ മൊറട്ടോറിയവും ഏഴുവർഷം തിരിച്ചടവുകാലാവധിയും 9.5 ശതമാനം പലിശയുമാണെന്നിരിക്കട്ടെ, ഡിസ്‌കൗണ്ട് ഫാക്ടർ 1.1 ആണ്. അങ്ങനെയെങ്കിൽ നാലാംവർഷംമുതൽ ഓരോ വർഷവുംവരുന്ന ശരാശരി തിരിച്ചടവ് ഗഡുവാണ് നാലാംനിരയിൽ നൽകിയിരിക്കുന്നത്. 2017-18 ൽ എടുത്ത വായ്പയ്ക്ക് വാർഷിക തിരിച്ചടവ് 1345 കോടി രൂപയും 2018-19 ലെ വായ്പയ്ക്ക് 2689 കോടി രൂപയും 2019-20 ലെ വായ്പയ്ക്ക് 5378 കോടിരൂപയും 2020-21 ലെ വായ്പയ്ക്ക് 4034 കോടിരൂപയും വേണ്ടിവരും. അങ്ങനെ 2030-31 ആകുമ്പോഴേക്കും മുഴുവൻ വായ്പയും തിരിച്ചടച്ചിട്ടുണ്ടാകും. മൊത്തം മുതലും പലിശയുമായി തിരിച്ചടയ്ക്കാൻ 94,119 കോടി രൂപ വേണ്ടിവരും. ആ വർഷംവരെ കിഫ്ബിക്ക് ലഭിക്കുന്ന ബജറ്റ് ഗ്രാന്റാകട്ടെ നാം കണ്ടതുപോലെ 94,881 രൂപയാണല്ലോ. 50,000 കോടി രൂപയുടെ കടംവീട്ടാൻ നിയമത്തിൽ വ്യവസ്ഥചെയ്തതിനപ്പുറം ഒരു പൈസപോലും അധികമായി നൽകേണ്ടിവരില്ല. തിരിച്ചടവിന്റെ ഭാരംമുഴുവൻ ഭാവിസർക്കാരിന്റെ ചുമലിലാകും, സർക്കാർ കടക്കെണിയിലാകും എന്നൊക്കെയുള്ള വേവലാതിക്ക് യാതൊരു അടിസ്ഥാനവുമില്ല.

പട്ടിക 2       

പട്ടിക 2

യഥാർഥത്തിൽ തിരിച്ചടവ് ഇതിനേക്കാൾ സുഗമമായിരിക്കും. കാരണം 9.5 ശതമാനത്തിനല്ല, ശരാശരി 5-6 ശതമാനം പലിശയ്ക്കായിരിക്കും കിഫ്ബിക്ക് നിക്ഷേപം ലഭിക്കുക. മാത്രമല്ല, തിരിച്ചടവ് കാലാവധി ഏഴ് വർഷത്തിലധികമായിരിക്കുകയും ചെയ്യും. എല്ലാറ്റിലുമുപരി 50,000 കോടി രൂപയുടെ നിക്ഷേപത്തിൽ 20,000 കോടി രൂപയെങ്കിലും കിഫ്ബിക്ക് തിരിച്ചടവായി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉദാഹരണത്തിന്, കെ.എസ്.ഇ.ബി.യുടെ വിതരണ ലൈനുകൾക്ക് നൽകുന്ന 6000 കോടി രൂപ തിരിച്ചുകിട്ടും.
ഉപസംഹാരമായി, മാമൂൽ സാമ്പത്തികസിദ്ധാന്തക്കാർ പറയുന്നതുപോലെ കുറച്ചുകൂടി അവധാനതയായിക്കൂടേ. റവന്യൂക്കമ്മിയെല്ലാം ഇല്ലാതാക്കിയിട്ടുപോരേ മൂലധന നിക്ഷേപത്തിലുള്ള ഈ എടുത്തുചാട്ടം. പോരാ എന്നതാണ് ഞങ്ങളുടെ വ്യക്തമായ അഭിപ്രായം. കാരണം, പശ്ചാത്തലസൗകര്യ വികസനത്തിന് കേരളത്തിന് ഇനിയും കാത്തുനിൽക്കാനാവില്ല. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളുടെ പൊതുനിക്ഷേപ നിരക്കിന്റെ ഏതാണ്ട് പകുതിമാത്രമാണ് സ്വാതന്ത്ര്യാനന്തര കാലത്തെ കേരളത്തിലെ പൊതുനിക്ഷേപം. ഈ കുറവ് പരിഹരിച്ചേ നമുക്ക് മുന്നേറാനാകൂ. അതുകൊണ്ട് നല്ലകാലം വരുന്നത് കാത്തുനിൽക്കാതെ റവന്യൂക്കമ്മി ഇല്ലാതാകുന്ന കാലം, അഞ്ചോ ആറോ വർഷം ലക്ഷ്യമിട്ടുകൊണ്ട് ഇന്നേ നിക്ഷേപക്കുതിപ്പ് നേടാൻ കിഫ്ബി സഹായിക്കും.

ഇതിന് ഒരു അപകടവുമില്ലെന്ന് ഞാൻ ചൂണ്ടിക്കാണിച്ചല്ലോ. കിഫ്ബി വായ്പമൂലം കേരളം കടക്കെണിയിൽ മുങ്ങിപ്പോകുമെന്ന് ആശങ്കപ്പെടുന്നവരോട് ഒരു വസ്തുതകൂടി പറയട്ടേ, എഫ്.ആർ.ബി.എം. (ഫിസ്കൽ റെസ്‌പോൺസിബിലിറ്റി-ബജറ്റ്‌ മാനേജ്‌മെന്റ്‌ ആക്ട്‌) കേരളത്തിന്റെ സംസ്ഥാനവരുമാനത്തിന്റെ 30 ശതമാനംവരെ വായ്പയെടുക്കാൻ അനുമതി നൽകുന്നുണ്ട്. ഞാൻ നേരത്തേ വിവരിച്ച കണക്കിൽ വായ്പയെടുത്താൽ അത് 29 ശതമാനത്തിന് അപ്പുറം വരില്ല. കിഫ്ബി പലിശനിരക്കാകട്ടെ, സംസ്ഥാന വരുമാനവർധന നിരക്കിനേക്കാൾ താഴെയാണെന്നും കാണാം. അതിനാൽത്തന്നെ ഡോമർ സൂത്രവാക്യപ്രകാരം കടം സുസ്ഥിരമാണെന്നുകാണാം.

ഇങ്ങനെ കടംവാങ്ങി ഇപ്പോഴേ പശ്ചാത്തലസൗകര്യ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിൽ ഒരു ലാഭമുണ്ട്. അഞ്ചുവർഷം കഴിയുമ്പോൾ നിർമാണച്ചെലവുകൾ ഇരട്ടിയായിരിക്കും. ഇതിനേക്കാൾ കുറവായിരിക്കും വായ്പയ്ക്ക് നാം കൊടുക്കേണ്ടിവരുന്ന പലിശ. ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾ അഞ്ചുവർഷംകൊണ്ട് പൂർത്തിയാകുമ്പോൾ കേരളത്തിനുണ്ടാകുന്ന ഭാവമാറ്റം ആലോചിച്ചുനോക്കാവുന്നതാണ്.