ധനവിചാരം  

  • ട്രഷറികളിൽ ഇനി സംയോജിത ധനമാനേജ്‌മെന്റ്‌ സംവിധാനം
  • എവിടെനിന്നും പണം കൈമാറാം
  • ട്രഷറി സ്മാർട്ട്‌ കാർഡ്‌ ലക്ഷ്യം
  • ബില്ലുകൾ ഓൺലൈൻ വഴി
  • പണം അക്കൗണ്ടിലെത്തും
  • പെൻഷൻകാർക്ക്‌ ഓൺലൈൻപോർട്ടൽ ആരംഭിച്ചു
  • ഭരണപരമായ ധനപരിപാലനം ഇലക്‌ട്രോണിക്കാക്കും

ബാങ്കുകളുള്ളപ്പോൾ എന്തിനാണു ട്രഷറി? എന്റെ സുഹൃത്ത് ജമ്മുകശ്മീർ ധനമന്ത്രി ഇത്തവണ ബജറ്റിൽ ട്രഷറി വേണ്ടെന്നുവെച്ചിരിക്കുകയാണ്. കേരളത്തിലാവട്ടെ, ട്രഷറിയെ ശക്തിപ്പെടുത്താൻ സമൂലമായ പരിഷ്കാരങ്ങൾ നടപ്പാക്കുകയാണ്. ട്രഷറിയെ ബാങ്കുകളിൽ ലയിപ്പിക്കാനല്ല, ബാങ്കുകൾപോലെ ആധുനിക ധനകാര്യസ്ഥാപനമാക്കാൻ.

ഇത്തരമൊരു സുശക്തമായ ട്രഷറി സംവിധാനം സംസ്ഥാനത്തിന്റെ ധനപരമായ സ്വയംഭരണാവകാശത്തിന്റെ അടിത്തറയാണ്. അല്ലാത്തപക്ഷം, വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന, നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ധനകാര്യസ്ഥാപനങ്ങൾക്കു കീഴ്‌വഴങ്ങേണ്ടിവരും. ജമ്മുകശ്മീരിൽ ഇതു പ്രശ്നമല്ല. കാരണം, സംസ്ഥാനസർക്കാരിന്റെ ഉടമസ്ഥതയിൽ വാണിജ്യബാങ്കുള്ള സംസ്ഥാനമാണത്.

നമ്മെ സംബന്ധിച്ചാണെങ്കിൽ, ട്രഷറി സേവിങ്‌സ് ബാങ്ക് സംവിധാനം ട്രഷറിയുടെ ഭാഗമാണ്. ഇന്ത്യയിൽ മറ്റൊരിടത്തും ഈ സംവിധാനം നിലവിലില്ല. തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിച്ചപ്പോൾ അന്നു തിരുവിതാംകൂറിൽ നിലനിന്ന ട്രഷറി സേവിങ്സ്ബാങ്ക് ലയനവ്യവസ്ഥ പ്രകാരം തുടരുകയാണ്. ഇതുപ്രകാരം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പൊതുജനങ്ങൾക്കുമെല്ലാം ട്രഷറിയിൽ അക്കൗണ്ട് തുടങ്ങാം. ശമ്പളവും പെൻഷനും സമ്പാദ്യവുമൊക്കെ അതിൽ നിക്ഷേപിക്കുകയും ആവശ്യാനുസരണം പിൻവലിക്കുകയും ചെയ്യാം.

ട്രഷറി സേവിങ്സ് ബാങ്കിലും ട്രഷറി സ്ഥിരനിക്ഷേപത്തിലുമായി ഇന്ന് ഏതാണ്ട് 10,00,000 അക്കൗണ്ടുകൾ ഉണ്ട്. സംസ്ഥാനത്തിന്റെ വികസനാവശ്യങ്ങൾക്കായി ഇവയിലെ തുക ഉപയോഗിക്കാം എന്നതാണ് ഇതിന്റെ മെച്ചം. നിക്ഷേപകർക്ക് ആകർഷകമായ പലിശ നൽകുന്നുണ്ടെങ്കിലും ഈ പലിശ സർക്കാരിനെ സംബന്ധിച്ചിടത്തോളം സർക്കാർ എടുക്കുന്ന വായ്പകളെക്കാൾ കുറവായിരിക്കും. ഫലത്തിൽ, കുറഞ്ഞ പലിശനിരക്കിൽ സർക്കാരിനു വികസനപ്രവർത്തനങ്ങൾക്ക്‌ തുക കണ്ടെത്താൻ ഇതു സഹായിക്കും. ട്രഷറി സേവിങ്‌സ് ബാങ്കിലെ നിക്ഷേപത്തിൽ ഉണ്ടാകുന്ന വർധന എല്ലാവർഷവും പബ്ലിക് അക്കൗണ്ട് വായ്പയായി ബജറ്റിന്റെ വരുമാനസ്രോതസ്സായി മാറുന്നു.
സംസ്ഥാനസർക്കാരിന്റെ വാർഷികബജറ്റിൽ പ്രഖ്യാപിക്കുന്ന 1,00,000 കോടിയോളം രൂപ ഖജനാവിലേക്ക് അടയ്ക്കുന്നതും യഥാസമയം വിതരണംചെയ്യുന്നതും അതിന്റെ കണക്കുണ്ടാക്കുന്നതും  ട്രഷറിയാണ്. ഈ പ്രവർത്തനമെല്ലാം സുതാര്യവും സുഗമവുമാക്കാൻ വിവിധ സംവിധാനങ്ങൾ ചേർത്ത് ഒരു സംയോജിത ധനമാനേജ്‌മെന്റ് സംവിധാനം (Integrated Finance Management System-IFMS) കൊണ്ടുവന്നിരിക്കുന്നു. ഇത് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

റവന്യൂ മാനേജ്‌മെന്റിന് പത്തു ബാങ്കുകളെ ബന്ധപ്പെടുത്തിയ ഇ- ട്രഷറി, ബില്ലുകൾ കേന്ദ്രീകൃതമായി പാസാക്കാനുള്ള Coretis, ബജറ്റ് വിഹിതം നൽകാനും നിരീക്ഷിക്കാനും BAMS, ശമ്പളത്തിന് SPARK, മറ്റു തരം ചെലവുകൾക്ക് ബിൽ ഇൻഫർമേഷനുള്ള BIMS, കേന്ദ്രീകൃത പെൻഷൻ കാര്യങ്ങൾക്ക് PIMS, അക്കൗണ്ട് കാര്യങ്ങൾക്ക് IAMS, വെയ്‌സ് ആൻഡ് മീൻസിന് WAMS എന്നിങ്ങനെ ആധുനികമായ വിവിധ സങ്കേതങ്ങൾ ഉൾച്ചേർന്നതാണ് IFMS.
അക്കൗണ്ടന്റ് ജനറൽ, റിസർവ്‌ ബാങ്ക്, ഏജൻസി ബാങ്ക് എന്നിവയടക്കം സംസ്ഥാനത്തിന്റെ സാമ്പത്തികയിടപാടുമായി ബന്ധപ്പെട്ടുനിൽക്കുന്ന എല്ലാവരെയും സമഗ്രസംവിധാനത്തിനുകീഴിൽ കൊണ്ടുവന്നിട്ടുണ്ട്. ധനസ്ഥിതിയുടെയും ധനയിടപാടുകളുടെയും കൃത്യമായ വിവരങ്ങൾ അപ്പപ്പോൾ സർക്കാരിനു ലഭിക്കും.

ഇതോടെ ലോകത്ത് എവിടെനിന്നും 24 മണിക്കൂറും ഏത് അക്കൗണ്ടിലേക്കും ഇലക്‌ട്രോണിക്കായി പണം കൈമാറാം; ഏതു ട്രഷറിയിൽനിന്നും പണം പിൻവലിക്കാം; നിക്ഷേപിക്കാം. വിവിധ സേവനങ്ങളുടെ ബില്ലുകളും ട്രഷറി അക്കൗണ്ടുകളിൽനിന്ന് നേരിട്ട് അടയ്ക്കാം. റിസർവ് ബാങ്കിന്റെ ഇ-കുബേർ പോർട്ടലുമായി ബന്ധിപ്പിച്ചതിലൂടെ നിക്ഷേപകർക്ക് ഇടപാടുകാരുടെ അക്കൗണ്ടുകളിലേക്ക് പണം ഇലക്‌ട്രോണിക്കായി മാറ്റാനും കഴിയും. സ്മാർട്ട് ഫോൺ വഴി ട്രഷറിയിൽനിന്നു പണം മറ്റ് അക്കൗണ്ടുകളിലേക്കു മാറ്റുന്നതിനോ ട്രഷറിയിലെയോ ബാങ്കിലെയോ അക്കൗണ്ടിൽനിന്ന് സർക്കാർ സേവനങ്ങൾക്കുവേണ്ടി അടയ്ക്കുന്നതിനോ താമസംവിനാ സൗകര്യമുണ്ടാകും. സഹകരിക്കാൻ തയ്യാറാകുന്ന ബാങ്കുകളുടെ എ.ടി.എമ്മുകളിൽ ഉപയോഗിക്കാൻ കഴിയുന്ന ട്രഷറി സ്മാർട്ട് കാർഡാണു മറ്റൊരു ലക്ഷ്യം.

ഇടപാടുകളെല്ലാം കറൻസിരഹിതവും കടലാസുരഹിതവും ആകുന്നതിനാൽ ഇനിമുതൽ ശമ്പളബില്ലുമായി ഉദ്യോഗസ്ഥർ ട്രഷറിയിൽ പോകേണ്ട. ‘സ്പാർക്ക്’ വഴി ബില്ലു തയ്യാറാക്കി ഓൺലൈനായി നൽകാം. ബില്ലു പാസാക്കുന്നതോടെ ശമ്പളം ഉപഭോക്താവിന് ട്രഷറിയിലോ ബാങ്കിലോ ഉള്ള അക്കൗണ്ടിലെത്തും.

പദ്ധതിയുടെ ഭാഗമായി സംസ്ഥാനസർക്കാരിനു കീഴിലെ മുഴുവൻ പെൻഷൻകാരെയും കേന്ദ്രീകൃതസംവിധാനത്തിൽ കൊണ്ടുവന്നിരിക്കുന്നു. പെൻഷൻകാരുടെ സൗകര്യാർഥം ഓൺലൈൻ പോർട്ടലും ‘ജീവൻ പ്രമാൺ’ എന്ന ഓൺലൈൻ മസ്റ്ററിങ് സംവിധാനവും ആരംഭിച്ചിട്ടുമുണ്ട്. ഇവ പെൻഷൻകാർക്കു വലിയ ആശ്വാസമാകും. സങ്കീർണമായിരുന്ന ഒട്ടനവധി നടപടിക്രമങ്ങൾ ലഘൂകരിച്ചിട്ടുണ്ട്.

ശമ്പളവും പെൻഷനും മാത്രമല്ല, സർക്കാർ വകുപ്പുകളുടെ മറ്റെല്ലാത്തരം ബില്ലും തയ്യാറാക്കാനുള്ള ഓൺലൈൻ സൗകര്യവും ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലായിട്ടുണ്ട്. ഭരണപരമായ ധനപരിപാലനവും ഇനി ഇലക്‌ട്രോണിക്കായാകും നടക്കുക. ഇത് നടപടിക്രമത്തിൽ സുതാര്യതയും കാര്യക്ഷമതയും വേഗവും വർധിപ്പിക്കും. നിരീക്ഷണത്തിനുള്ള സൗകര്യവും ഉണ്ടാകും.

ഇന്ന് 90 ശതമാനം പെൻഷൻകാരും തങ്ങളുടെ ട്രഷറി അക്കൗണ്ടുകളിലൂടെയാണ് പെൻഷൻ വാങ്ങുന്നത്. ഇതുപോലെ ജീവനക്കാരും തങ്ങളുടെ ശമ്പളം ട്രഷറി അക്കൗണ്ട് വഴി വാങ്ങണം എന്നാണ് എന്റെ അഭ്യർഥന. ജീവനക്കാരുടെയും പെൻഷൻകാരുടെയും നിക്ഷേപങ്ങളിൽനിന്ന് പ്രതിമാസ അടവുകൾക്കായി അവർ മുൻകൂട്ടി നിർദേശിക്കുന്ന തീയതികളിൽ ട്രഷറിയിൽനിന്ന് ഓട്ടോമാറ്റിക്കായി മാറ്റിക്കൊടുക്കാനാകും. ശമ്പളവും പെൻഷനും ട്രഷറിയിൽ കിടക്കുന്നിടത്തോളംകാലം ന്യായമായ പലിശയും നൽകും.

അതുകൊണ്ട്, നിക്ഷേപകരെ ആകർഷിക്കാൻ കഴിയുമാറ്‌്‌ ട്രഷറിയുടെ പ്രവർത്തനം പരമാവധി ഉപഭോക്തൃസൗഹൃദവും ലളിതവും സുഗമവും ആക്കേണ്ടതുണ്ട്. ഭരണപരമായ ഒട്ടേറെ നടപടിക്രമങ്ങളും ട്രഷറികളുമായി ബന്ധപ്പെട്ടാണു നടക്കുന്നത്. അവയും സുതാര്യവും സുഗമവും കാര്യക്ഷമവുമാക്കേണ്ടതുണ്ട്.

ഇതിനുള്ള പരിശ്രമങ്ങൾക്ക് കഴിഞ്ഞതവണ ഞാൻ ധനമന്ത്രിയായപ്പോൾ ഊന്നൽ നൽകുകയുണ്ടായി. ട്രഷറികളുടെ ഉപഭോക്താക്കളിൽനിന്നു നേരിട്ടു പ്രശ്നങ്ങളും പ്രയാസങ്ങളും നിർദേശങ്ങളും ശേഖരിക്കാൻ സംസ്ഥാനത്തെ മുഴുവൻ ട്രഷറിയിലും സാമൂഹിക ഓഡിറ്റിങ് നടത്തി.

എട്ടുവർഷം മുമ്പായിരുന്നു ട്രഷറിയിലെ സോഷ്യൽ ഓഡിറ്റ്. അന്നു കേരളത്തിലെ ഓരോ ട്രഷറിയും പ്രത്യേകംപ്രത്യേകം പൗരാവകാശരേഖ തയ്യാറാക്കി പ്രസിദ്ധീകരിച്ചു. ആറു മാസം കഴിഞ്ഞ് ജനങ്ങളിൽനിന്നു പരാതി ശേഖരിച്ചു. പരാതിയിൽ ഓരോന്നിനുമുള്ള മറുപടി, രേഖയായി അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഈ രേഖ ചർച്ചചെയ്യാൻ പരാതിക്കാരെയും മറ്റ് ഇടപാടുകാരെയും അതത് ട്രഷറികളിലേക്കു ക്ഷണിച്ചു. ഈ സോഷ്യൽ ഓഡിറ്റുകളിൽ 75,000-ൽപ്പരം ആളുകൾ പങ്കെടുത്തു. പലസ്ഥലത്തും വിശദമായ ചർച്ചയും തർക്കവും നടന്നു. ജീവനക്കാരുടെ വിശദീകരണത്തിൽ ഇടപാടുകാർ സംതൃപ്തരല്ലെങ്കിൽ വിധി കല്പിക്കാൻ പൗരപ്രമുഖരുടെ ജൂറിയും ഓരോ സ്ഥലത്തുമുണ്ടായിരുന്നു.
പരാതികൾ ഭാവിയിൽ ഒഴിവാക്കാൻ ട്രഷറിയിൽ എന്തൊക്കെ ചെയ്യണമെന്നത് ജൂറി റിപ്പോർട്ടുകളിലുണ്ടായിരുന്നു. ആയിരത്തിൽപ്പരം ജൂറി അംഗങ്ങൾ പങ്കെടുത്തു തൃശ്ശൂരിൽ നടന്ന കൺവെൻഷനിൽ ഈ റിപ്പോർട്ട് ക്രോഡീകരിച്ചു. ആ നിർദേശങ്ങൾ പരിശോധിച്ച് സർക്കാർ പ്രത്യേക ഉത്തരവിറക്കി.