നിരപരാധിയായ ഒരു പെണ്‍കുട്ടിയെ ആസിഡ് ഒഴിച്ച് ഗുരുതരമായി പരിക്കേല്‍പിച്ച ഹീനനായ പ്രതിയോട് ഹൈക്കോടതി എന്തിന് കനിവ് കാട്ടി? ഇത് തങ്ങളെ ഞെട്ടിപ്പിച്ചുവെന്ന് സുപ്രീംകോടതി ശക്തിയായി പ്രതികരിച്ചു.

ഇങ്ങനെയുള്ള പ്രതികളെ ശിക്ഷിക്കുകയാണ് വേണ്ടത്. അല്ലാതെ അവരോട് യാതൊരു കാരണവശാലും അനുകമ്പ കാട്ടരുത്. 'പ്രതിയോട് അനുകമ്പ കാണിക്കാന്‍ ഹൈക്കോടതി ജഡ്ജിയെ സ്വാധീനിച്ച വികാരം എന്തായിരുന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെ'ന്ന് സുപ്രീംകോടതി പറഞ്ഞു.

ആന്ധ്ര സ്വദേശിയായ കിരണ്‍ എന്ന യുവാവിന് വിജയനഗരം നഗരം ജില്ലാ കോടതി വിധിച്ച ഒരു വര്‍ഷം തടവ് സുപ്രീംകോടതി ശരിവച്ചു. ശിക്ഷ ഒരു മാസമായി കുറച്ച ആന്ധ്ര ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. 

ഈ കേസില്‍ ഡോക്ടറുടെ തെളിവ് വളരെ നിര്‍ണായകമായിരുന്നു. പെണ്‍കുട്ടിയെ പ്രതി ആസിഡ് ദേഹത്ത് ഒഴിച്ചാണ് പരിക്കേല്‍പ്പിച്ചത്. ദേഹത്തും മുഖത്തും പൊള്ളലേറ്റു. പെണ്‍കുട്ടിയുടെ രൂപം വികൃതമായി. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്നാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ആസിഡ് ആക്രമണം നടത്തിയത്. 

പ്രതിയുടെ ആക്രമണത്തെക്കുറിച്ച് സാക്ഷികള്‍ നല്‍കിയ തെളിവുകളില്‍ നിന്ന് പ്രതി നടത്തിയ ഹീനകൃത്യം പൂര്‍ണ്ണമായും തെളിഞ്ഞിട്ടുണ്ട്. എന്നിട്ടും യാതൊരു മനസ്സാക്ഷിക്കുത്തും ഇല്ലാതെയാണ് ഹൈക്കോടതി പ്രതിയുടെ ശിക്ഷ കുറച്ചതെന്ന് സുപ്രീംകോടതി പറഞ്ഞു.

പ്രതിക്ക് ഒരു വര്‍ഷം തടവാണ് കീഴ്ക്കോടതി നല്‍കിയത്. അതാണ് പ്രതിയുടെ അപ്പീല്‍ പരിഗണിച്ച് ഹൈക്കോടതി ഒരു മാസമായി കുറച്ചത്. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി വിധി.

ഹീനകൃത്യങ്ങള്‍ ചെയ്യുന്നവരെ ശിക്ഷിച്ച് സാമൂഹികനീതി നടപ്പിലാക്കാന്‍ ഹൈക്കോടതികള്‍ തികഞ്ഞ അനാസ്ഥ കാണിക്കുന്നത് സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് വിധേയമായി.

ആസിഡ് ആക്രമണത്തിന് വിധേയയായ പെണ്‍കുട്ടിക്ക് മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരമായി ആന്ധ്രസര്‍ക്കാര്‍ നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. പെണ്‍കുട്ടിക്ക് പ്രതി അരലക്ഷം രൂപ നല്‍കണം. തുക നല്‍കിയില്ലെങ്കില്‍ ആറ് മാസം ശിക്ഷ കൂടി അനുഭവിക്കണമെന്ന് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി.