സ്വന്തം കുഞ്ഞുങ്ങളെ കരുവാക്കി എന്തിന് ജീവിതം തകര്‍ക്കുന്നു? കുഞ്ഞിനെ തനിക്ക് വിട്ടുകിട്ടണമെന്ന അഭ്യര്‍ത്ഥനയുമായി കോടതിയില്‍ എത്തിയ അച്ഛന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ട് ദാമ്പത്യതകര്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍ പരിശോധിച്ച ഡല്‍ഹി ഹൈക്കോടതിയാണ് ഇങ്ങനെ ദമ്പതികളോട് പ്രതികരിച്ചിരിക്കുന്നത്.

കോടതി ഉത്തരവ് പ്രകാരം പെണ്‍കുഞ്ഞ് തല്‍ക്കാലം അച്ഛന്റെ കൂടെ താമസിച്ചു സ്‌കൂള്‍ അവധിക്കാലത്ത് മാത്രം അമ്മയോടൊപ്പം താമസിച്ചു. അപ്പോള്‍ കുഞ്ഞിന്റെ മനസ്സ് മാറി. അച്ഛന്റെ കൂടെ താമസിക്കാന്‍ പെണ്‍കുട്ടി പിന്നീട് ശക്തിയായ എതിര്‍പ്പ് പ്രകടിപ്പിച്ചു. പോകില്ലെന്ന് ശഠിച്ചു. അതോടെ കുട്ടിയുടെ മാനസികനിലയും തകിടം മറിഞ്ഞു.

ഇതെങ്ങനെ സംഭവിച്ചു? അതായിരുന്നു ഡല്‍ഹി ഹൈക്കോടതി ചോദിച്ചത്. മകളുടെ മനസ്സ് മാറ്റാനും അച്ഛനോട് കടുത്ത എതിര്‍പ്പും വൈരാഗ്യവും കുഞ്ഞിന്റെ മനസ്സില്‍ എങ്ങനെ വളര്‍ന്നു? ഇത് ആഴത്തില്‍ പരിശോധിക്കാന്‍ കുടുംബകോടതിയോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

കുഞ്ഞുങ്ങളുടെ മാനസിക നില ഒരിക്കലും ഇങ്ങനെയാകരുത്. അത് ഭാവിയില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. വിവാഹമോചനത്തിന് ശേഷം കുഞ്ഞുങ്ങളെ വിട്ടുകിട്ടാനുള്ള നിരവധി പോരാട്ടങ്ങള്‍ ഇപ്പോള്‍ നടക്കുന്നു. വിവാഹമോചനവും കൂടിയിട്ടുണ്ട്. കുഞ്ഞിന് ഭരണഘടന നിരവധി അവകാശങ്ങള്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു. അച്ചന്റെയും അമ്മയുടെയും സ്നേഹവും വാത്സല്യവും ഒരുപോലെ കുഞ്ഞിന് കിട്ടണം. വേണ്ടത്ര പരിഗണന കുഞ്ഞിന് ഇരുവരില്‍നിന്നും കിട്ടണം. മെച്ചപ്പെട്ട ജീവിതനിലവാരവും സാഹചര്യവും മാതാപിതാക്കള്‍ക്ക് ഇറപ്പ് വരുത്തണം.

ഇവിടെ സംഭവിച്ചത് എന്താണ്? അച്ഛനെതിരെ കുഞ്ഞിനെ തിരിച്ചുവിടാന്‍ അമ്മയ്ക്ക് കഴിഞ്ഞിരിക്കുന്നു. മകളുടെ മനസ്സില്‍ അച്ഛനെതിരെ വേണ്ടത്ര വിഷം നിറച്ചുവെക്കാന്‍ അമ്മയ്ക്ക് കഴിഞ്ഞു. ഇത് അന്വേഷിക്കേണ്ട ചുമതല കുടുംബകോടതിക്ക് ഉണ്ടെന്ന് ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു.

പെണ്‍കുട്ടികളുമായി സംസാരിച്ച് കൗണ്‍സലിങ് നടത്താന്‍ രണ്ട് അഭിഭാഷകരെ കോടതി ചുമതലപ്പെടുത്തി. കൂടാതെ മാതാപിതാക്കളുമായും ഇവര്‍ ബന്ധപ്പെട്ട് കുഞ്ഞിന് അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുത്തണം. പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തി അടുത്ത സിറ്റിങ്ങില്‍ ഹൈക്കോടതിയെ അറിയിക്കണം.

വികാസ് അഗര്‍വാള്‍ എന്നയാളുടെതാണ് കേസ്. ദമ്പതികളുടെ ഉഭയ സമ്മതപ്രകാരം  വിവാഹമോചനം അനുവദിച്ചിരുന്നു. അതിന് ശേഷമാണ് കുഞ്ഞിനെ തനിക്ക് വിട്ടുകിട്ടാന്‍ അഗര്‍വാള്‍ കുടുംബകോടതിയെ സമീപിച്ചത്. അത് അനുവദിച്ചിരുന്നു. നിശ്ചിത സമയത്തിന് ശേഷവും തന്റെ കൂടെ കുഞ്ഞ് വരാതിരുന്നപ്പോഴാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

കുഞ്ഞിന് അച്ഛനോട് എതിര്‍പ്പും വൈരാഗ്യവും ഉണ്ടാകാനിടയായ സാഹചര്യവും കുടുംബകോടതി ആഴത്തില്‍ പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.