ദേശസാല്‍കൃത ബാങ്കുകള്‍ക്കും കേന്ദ്രസര്‍ക്കാരിനും പിരിഞ്ഞുകിട്ടേണ്ട കോടികള്‍ വീണ്ടെടുക്കാന്‍ നിയോഗിക്കപ്പെട്ട കോടതികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കിയില്ലെങ്കില്‍ അത് ദേശീയ വിപത്തായിത്തീരുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.

ഫലപ്രദമായ എന്ത് നടപടികള്‍ സര്‍ക്കാര്‍ എടുക്കും? അറിയിക്കാന്‍ കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ സൊളിസിറ്റര്‍ ജനറലിനോട് കോടതി നിര്‍ദ്ദേശിച്ചു. ബാങ്കുകള്‍ക്ക് കിട്ടാക്കടമായി കോടികള്‍ പിരിഞ്ഞു കിട്ടാനുണ്ട്. വായ്പ എടുക്കുന്ന സ്ഥാപനങ്ങളും മറ്റും തുക തിരിച്ചടക്കാന്‍ കാലതാമസം വരുത്തുമ്പോഴാണ് അവ വീണ്ടെടുക്കാന്‍ ഡെറ്റ് ട്രിബ്യൂണലുകള്‍ (കോടതികള്‍) നടപടി സ്വീകരിക്കുക.

ഈ കോടതികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടോ എന്നുള്ളതാണ് പ്രശ്നമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വേണ്ടത്ര സ്റ്റാഫ് ഉണ്ടോ? കോടതി പ്രവര്‍ത്തനത്തിന് സൗകര്യങ്ങള്‍ ഉണ്ടോ? പരിചയസമ്പന്നരായ ഉദ്യോഗസ്ഥര്‍ ഉണ്ടോ? തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. 

കോടതി പ്രവര്‍ത്തിക്കാനുള്ള സൗകര്യങ്ങളോ അന്തരീക്ഷമോ ഇല്ലാത്തതിനാലാണ് ഈയിടെ അലഹബാദ് ട്രിബ്യൂണലിലെ ജഡ്ജി രാജിവെച്ചത്. ഇത് ഗൗരവപ്പെട്ട വിഷയമാണ്. സൗകര്യങ്ങള്‍ ഇല്ലാതെ ഒരു കോടതി പ്രവര്‍ത്തിച്ചാല്‍ അത് നീതിനിഷേധത്തിന് തുല്യമായിരിക്കുമെന്ന് പൊതുതാത്പര്യഹര്‍ജി നല്‍കിയ സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ പറഞ്ഞു. 2015 ല്‍ പിരിഞ്ഞുകിട്ടാനുള്ള 40,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളിയിരുന്നുവെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. 

സൗകര്യങ്ങള്‍ ഇല്ലാതെ ഒരു കോടതി എങ്ങനെ പ്രവര്‍ത്തിക്കും? ഇതെക്കുറിച്ചാണ് ഗൗരവപ്പെട്ട രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ ചിന്തിക്കേണ്ടതെന്ന് സുപ്രീംകോടതി പറഞ്ഞു. നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞപ്പോള്‍ അതിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

വിവിധ ബാങ്കുകള്‍ക്ക് ചുരുങ്ങിയത് അഞ്ച് ലക്ഷം കോടി രൂപ പിരിഞ്ഞുകിട്ടാനുണ്ടെന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്. ഏതാണ്ട് 70,000 ഓളം കേസുകള്‍ തീര്‍പ്പാക്കാന്‍ വിവിധ ട്രിബ്യൂണലുകളില്‍ കെട്ടിക്കിടക്കുന്നുണ്ട്. 

അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ എങ്ങനെ കോടതികള്‍ പ്രവര്‍ത്തിക്കും? കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി വിഷയത്തെ സമീപിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു.