കെ.എം. മാണിയുടെ പതിമ്മൂന്നാം ബജറ്റിനും തോമസ് ഐസക്കിന്റെ എട്ടാം ബജറ്റിനും ഏതാണ്ട് ഒരേഗതിയാണ്. അന്ന് എൽ.ഡി.എഫിനുവേണ്ട. ഇന്ന് യു.ഡി.എഫിനുവേണ്ട. കോഴവേഴ്ചയും  മന്ത്രിയുടെ ചാരിത്ര്യനഷ്ടവുമായിരുന്നു അന്നത്തെ പ്രശ്നം. ഇന്ന് ബജറ്റിന്റെ ചാരിത്ര്യനഷ്ടം. അന്ന് സഭയിൽ ലഡ്ഡുപൊട്ടി. ഇന്ന് പ്രതിപക്ഷത്തിന്റെ മാത്രമല്ല, മന്ത്രിയുടെ പാളയത്തിലെ ശത്രുക്കളുടെയും മനസ്സിൽ ലഡ്ഡുപൊട്ടിയിട്ടുണ്ട്. ഐസക്കിന്റെ ഹാർഡ് വർക്കിനെക്കാൾ  ഹാർവാർഡ് ഉപദേശത്തിന് കാതോർക്കുന്നവർ ഇനി കള്ളച്ചിരിയോടെ ഇങ്ങനെ പറഞ്ഞേക്കാം. കണക്കുകൂട്ടാൻ അറിഞ്ഞാൽ വിദഗ്ധനാവില്ല. അതു സൂക്ഷിക്കാനും അറിയണം. 
 ഐസക്കിന് എങ്ങനെ കഷ്ടകാലം വരാതിരിക്കും? ആഭ്യന്തരമന്ത്രിയാണെന്നറിഞ്ഞിട്ടും  കോടിയേരി ബാലകൃഷ്ണനെപ്പോലും വിരട്ടിയോടിച്ച ബാധയുള്ള മൻമോഹൻ ബംഗ്ലാവിലാണ് വാസം. മാവോവാദികളായ സി.പി.ഐ.ക്കാർക്കുപോലും വേണ്ടാത്ത പതിമ്മൂന്നാം നമ്പർ കാറിൽ സഞ്ചാരം. പോരാഞ്ഞ്, ഉറക്കത്തിലും നോട്ട് നിരോധനത്തെ എതിർക്കുന്നതിന് വലതുപക്ഷ ധനകാര്യദൈവങ്ങളുടെ നിരന്തരശാപവും. നോട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഒരുപോലെ വളരുന്ന അതിഭയങ്കര വിചിത്രരാജ്യമാണ് ഇന്ത്യ. എന്നാപ്പിന്നെ നോട്ടില്ലാതെ വളരുന്നതാണ് നല്ലതെന്ന് പ്രധാനമന്ത്രി തീരുമാനിച്ചാൽ അതിനെ എതിർക്കുന്നത് മണ്ടത്തരമല്ലാതെ മറ്റെന്ത്. 
  കിഫ്ബിയിൽ 25,000 കോടിയുടെ നിക്ഷേപസാധ്യത തുറന്നുകിടക്കുന്നത് അരമണിക്കൂർമുമ്പ് ലോകം അറിഞ്ഞിട്ടും ഓഹരിവിപണികളൊന്നും ഉണർന്നില്ലെങ്കിലും പ്രതിപക്ഷം ആകെ ഉത്തേജനത്തിലാണ്. ചോർന്നത് മാധ്യമക്കുറിപ്പാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. ഊന്നുവടികിട്ടിയതിന്റെ ആഹ്ലാദത്തിൽ അതിഭയാനക പ്രക്ഷോഭത്തിന് കോപ്പുകൂട്ടുകയാണവർ. 

 ഈ ചോർച്ചക്കാലത്തും പ്രതിപക്ഷത്തെ അലട്ടുന്ന ഒരു പ്രശ്നമുണ്ട്. നടുത്തളത്തിലിറങ്ങി കൂകിവിളിച്ചാലൊന്നും പിണറായിയുടെ സഭ തടസ്സപ്പെടില്ല. മുദ്രാവാക്യം വിളിക്കുക, കുറേനേരം കുത്തിയിരിക്കുക, ഒടുവിൽ കൂടും കുടുക്കയുമെടുത്ത് ഇറങ്ങിപ്പോവുക. ഇതിൽക്കൂടുതലൊന്നും ചെയ്യാനില്ല. സ്പീക്കറുടെ വേദിയിൽക്കയറുക, മൈക്കിന്റെ കുത്തിനു പടിക്കുക, കസേര മറിച്ചിടുക,  വനിതകളും അല്ലാത്തവരുമായ അംഗങ്ങളെ കടിക്കുക ഇതൊന്നും അഹിംസാവാദികളും പകൽഗാന്ധികളുമായ യു.ഡി.എഫുകാർക്ക് ചേർന്നതല്ല.  ഇങ്ങനെയൊക്കെ ചെയ്യുന്നത് കേരളജനതയ്ക്ക് അപമാനകരമാണെന്ന് അന്ന് പ്രചരിപ്പിച്ചത് ഇവരാണ്. നിയമസഭയെന്നാൽ ജനാധിപത്യത്തിന്റെ പവിത്രശ്രീകോവിലാണെന്ന് ജനത്തെ തെറ്റിദ്ധരിപ്പിച്ചതും ഇവർതന്നെ. 
 കൊള്ളാവുന്ന സമരമുറകളെ തള്ളിപ്പറഞ്ഞതിന്റെ അനന്തരഫലം പ്രതിപക്ഷം അറിഞ്ഞുതുടങ്ങിയിട്ടുണ്ട്. ഒന്നും വിലപ്പോവാഞ്ഞ്,  ബാനർകൊണ്ട് സ്പീക്കറുടെ മുഖംമറച്ച് പുതിയൊരു സമരതന്ത്രം മെനയാൻ അവർ ഈയിടെ തയ്യാറായത്രെ.  താനൊരു വ്യക്തിയല്ലെന്നും പ്രതീകമാണെന്നും സ്പീക്കർ പറഞ്ഞതോടെ അതും ചീറ്റിപ്പോയി. പ്രതീകങ്ങളെ ശീലകൊണ്ടല്ല, സിമന്റുകൊണ്ടുപോലും മറയ്ക്കാനാവില്ല. 
  ഈ പ്രതിസന്ധിഘട്ടത്തിൽ നമ്മൾ ത്രിപുരയിലേക്ക് നോക്കേണ്ടതുണ്ട്. ഏതാനും മാസംമുമ്പ് ദേശീയമാധ്യമങ്ങൾക്ക് ഒരു തലക്കെട്ട് സംഭാവനചെയ്ത സുദീപ് റോയ് ബർമൻ എന്ന തൃണമൂൽ ത്രിപുര സാമാജികനെ പെട്ടന്നങ്ങ് മറന്നേക്കരുത്.  ത്രിപുരയിലെ നിയമസഭാ സ്പീക്കർക്ക് അംശവടിയുണ്ട്. അന്നാട്ടിലെ ജനാധിപത്യം മുഴുവൻ ജപിച്ചുകെട്ടിയിരിക്കുന്നത് ഇതിലാണ്. സ്പീക്കറുടെ മേശപ്പുറത്ത് ജഡ്ജിയുടെ കൊട്ടുവടിപോലെ ഇതുകാണും.  ബഹളത്തിനിടയിൽ  അംശവടി അടിച്ചുമാറ്റിയ ബർമൻ സഭയ്ക്കുചുറ്റും ഓടിക്കളിച്ചതോടെ സഭയുടെ ശ്വാസം നിലച്ചുപോയി. ഇത്തരം അംശവടി നമ്മുടെ സ്പീക്കർക്കും നൽകാവുന്നതാണ്.  പ്രതിപക്ഷത്തിന്റെ കണ്ണ് എപ്പോഴും അതിനുമേലാവണം. കലാപത്തിനിടെ അംശവടി അടിച്ചുമാറ്റിയാൽ  തിരിച്ചുകിട്ടുന്നതുവരെ സഭ ചേരാനാവില്ലെന്ന് ചട്ടമുണ്ടാക്കണം. ഈ സമരമുറയെ ഇടതുപക്ഷം എതിർക്കേണ്ടതില്ല. അവരുടെ വടക്കുകിഴക്കൻ ആചാര്യനായിരുന്ന മഹാനായ നൃപൻചക്രവർത്തിയാണ് അവിടെ ഈ സമരമാർഗം തുടങ്ങിവെച്ചതെന്ന് കേട്ടിട്ടുണ്ട്.  
 അരിപ്രതിസന്ധി പരിഹരിക്കാൻ മമതയുടെ ബംഗാളിൽനിന്ന് ഇറക്കുമതിചെയ്യാമെങ്കിൽ   സമരമാർഗപ്രതിസന്ധി പരിഹരിക്കാൻ സ്വന്തം പാർട്ടി ഭരിക്കുന്ന ത്രിപുരയെ ആശ്രയിക്കുന്നതിന് പിണറായി സർക്കാർ മടിക്കേണ്ടതില്ല. തത്കാലം പ്രതിപക്ഷത്തിന് ഗുണകരമായാലും  പുത്തൻ സമരായുധങ്ങൾക്കായി  ഇപ്പോൾ നടത്തുന്ന ഏതു നിക്ഷേപവും ഭാവിയിൽ ഇടതുപക്ഷത്തിന് മുതൽക്കൂട്ടാവുമെന്നതിൽ സംശയംവേണ്ട. സ്പീക്കർക്ക് അംശവടി നൽകിക്കൊണ്ടാകട്ടെ, നവകേരള നിർമാണത്തിന്റെ തുടക്കം. ബജറ്റിൽ ഐസക്കിന് അംശവടിക്കൊരു നീക്കിയിരിപ്പ് നടത്താവുന്നതേയുള്ളൂ.  വലിയ ചെലവുണ്ടാവില്ല. അതിനാൽ  കിഫ്ബിയെ ആശ്രയിക്കേണ്ടിയും വരില്ല.

*** * ***

വരൾച്ച തടയുന്നവർക്ക് പുരസ്കാരം,  മാലിന്യം വലിച്ചെറിയാത്ത മനസ്സുകൾക്ക് കാർബൺ ക്രെഡിറ്റ് എന്നീ ബജറ്റ് പ്രഖ്യാപനങ്ങളൊന്നും ചോർന്നതിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് വിഷമമില്ല. ധനകാര്യസൂചന ചോർന്നതിലാണ് വിഷമം. എന്താണ് ഈ സൂചനയെന്നല്ലേ? വരുമാനവിടവ്  പതിമ്മൂന്നായിരം കോടിയിൽനിന്ന് പതിനാറായിരം കോടിയായി കുതിച്ചുയർന്നിരിക്കുന്നു. അപമാനകരമായ ഈ വിവരം പുറത്തെത്താൻ എത്രത്തോളം വൈകുമോ അത്രയും നല്ലതെന്ന് ദേശസ്നേഹമുള്ള ആരും വിചാരിച്ചുപോവും. അതാവും രമേശിന്റെ സങ്കടത്തിനു കാരണം. കേരളം ലാഭത്തിലാണെന്ന് അരിതിന്നുന്ന ആരും  ധരിച്ചിട്ടുണ്ടാവില്ല. ഗോതമ്പ് തിന്നുന്നവരും തഥൈവ. പിന്നെ ചോർന്നാലെന്താ, അടഞ്ഞാലെന്താ? ഐസക്കിന്റെ ബജറ്റ് ചോർന്നെന്ന് രമേശിനുപോലും ആദ്യം വിശ്വസിക്കാനായില്ലത്രെ. പോയന്റ്‌സ് വിട്ടുപോയോ എന്ന് പരിശോധിക്കാൻ ധനമന്ത്രി കോപ്പികൊടുത്തുവിട്ടതാണെന്ന് ആദ്യം അദ്ദേഹം ധരിച്ചുപോലും.  ഉമ്മൻചാണ്ടിക്കുശേഷം പ്രളയമെന്ന് വരുത്തിത്തീർക്കുന്ന  ചിലരാണ് ഈ കഥയ്ക്കുപിന്നിൽ. 
 ബജറ്റ് ചോർത്തൽ പണ്ടൊക്കെ ഗറില്ലായുദ്ധംപോലൊരു ഏർപ്പാടായിരുന്നു. ഇന്ന് എത്രയോ എളുപ്പം. മന്ത്രി ആപ്പീസിലെ ഉദ്യോഗസ്ഥർക്ക് അബദ്ധംപറ്റേണ്ട കാര്യംപോലുമില്ല. നമ്മുടെ ധനമന്ത്രിമാർക്ക് അടുത്തകാലത്ത് തുടങ്ങിയ അസുഖം വായനക്കാർ ശ്രദ്ധിച്ചിട്ടുണ്ടാവും.  ബജറ്റിന് നാൽപ്പത്തിയൊന്ന് ദിവസംമുമ്പ് വ്രതംനോറ്റ് കോവളത്തെ സർക്കാർ ബംഗ്ലാവിലേക്ക് ചേക്കേറും. മാധ്യമപ്രവർത്തകർ ഊഴംവെച്ച് അവിടേക്ക്‌ ഒഴുകും. പത്രങ്ങളും ചാനലുകളും കോവളം വാർത്തകളും പടങ്ങളുംകൊണ്ട് നിറയും. മന്ത്രിയുടെ പലപോസിലുള്ള ഫോട്ടോകൾ. മന്ത്രി കടലിലേക്ക് നോക്കിനിൽക്കുന്നതുകണ്ടാൽ അക്കരെനിന്ന് നിക്ഷേപത്തിന്റെ  കപ്പൽ പുറപ്പെട്ട് എത്താറായെന്നുതോന്നും. ചക്രവാളത്തിലേക്ക്‌ നോക്കുന്നതുകണ്ടാൽ അസ്തമയസൂര്യന് നികുതി ഉറപ്പാണെന്നുതോന്നും. ഐസക്കാണ് ഇതു തുടങ്ങിവെച്ചത്. പിന്നെ മാണിക്കും കോവളത്ത് എത്തിയാലേ ഖജനാവിനെക്കുറിച്ച് ഓർമവരൂ എന്നായി. 
 ബജറ്റിന് രണ്ടുനാൾമുമ്പ് ഐസക്, സർക്കാരിന്റെ ഗസ്റ്റ് ഹൗസിലേക്കും മാണി മസ്‌ക്കറ്റ് ഹോട്ടലിലേക്കും കുടിയേറും. മിനുക്കുപണിക്ക് ഇവിടങ്ങളാണ് പറ്റിയതത്രേ. ഇവിടേക്കും മാധ്യമപ്രവർത്തകപ്പടയ്ക്ക് സുസ്വാഗതം. ഇവിടെയൊക്കെ ബജറ്റിന്റെ കടലാസുകൾ കെട്ടുകണക്കിനു കാണും. സൂം ചെയ്താൽ ആ കടലാസുകളിൽനിന്ന് ആരും ചോർത്താതെതന്നെ ബജറ്റ് ക്യാമറകളിലേക്ക് കേറിവരും. ഒരിക്കൽ മാണിയുടെ ബജറ്റിന്റെ മൂന്നു പേജും ഇപ്പോൾ ഐസക്കിന്റെ ബജറ്റിന്റെ ഒരു പേജും പത്രത്തിൽ അതേപടി വന്നതിന്റെ അന്വേഷണാത്മക വഴിയിതാണത്രെ. ലോകത്ത് വിശ്വസിക്കാൻ കൊള്ളാത്ത വർഗമുണ്ടെങ്കിൽ അത് മാധ്യമപ്രവർത്തകരാണെന്ന് ഡൊണാൾഡ് മോദിമുതൽ നരേന്ദ്ര ട്രംപുവരെ  സമ്മതിക്കുന്ന കാര്യമാണ്. പിണറായിയിലെ ഒരു വിജയനാണ് ഈ പ്രപഞ്ചസത്യം നമ്മുടെ നാട്ടിൽ ആദ്യം കണ്ടുപിടിച്ചത്. എന്നിട്ടും നമ്മുടെ ധനമന്ത്രിമാർക്ക് മാത്രം മനസ്സിലായിട്ടില്ല. പെൻഷൻ കൂട്ടിക്കൊടുത്തിട്ടൊന്നും കാര്യമില്ല. ലോകാവസാനംവരെ ഇവരിങ്ങനെ പലവഴിക്ക് ചതിച്ചുകൊണ്ടേയിരിക്കും. ഇമ്മാതിരി പണികൾ ഒപ്പിക്കലാണ് ഇവരുടെ ജോലിതന്നെ.  അതിനാൽ ധനകാര്യമന്ത്രിമാരേ, നിങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത നിങ്ങൾക്കു മാത്രമാണ്. 

*** * ***
പി.സി. ജോർജിന്റെ ജനപക്ഷം ടോൾഫ്രീ പാർട്ടിയുടെ മുദ്രാവാക്യം ഡിഷ്യൂം ഡിഷ്യൂം സിന്ദാബാദ്... എന്നാണോ എന്നറിയില്ല. പാർട്ടി രൂപവത്‌കരിച്ച് ദിവസങ്ങൾക്കകം പാവമൊരു ജനത്തെ ഇടിച്ച കേസിൽപ്പെട്ട് പാർട്ടി സ്ഥാപകൻതന്നെ തന്റെ ജനപക്ഷ പ്രതിബദ്ധത തെളിയിച്ച സംഭവം കേരളചരിത്രത്തിൽ വേറെയുണ്ടാവില്ല. ഊണുവൈകിപ്പോയതിന് കാന്റീൻ ജീവനക്കാരന് പൂഞ്ഞാറിലെ പകൽ കെജ്‌രിവാളിന്റെ ഇടിയേറ്റെന്നാണ് പോലീസ് കേസ്. എം.എൽ.എ. ക്യാന്റീനിലാണ് സംഭവം. 
 ഏതു നാട്ടിലാണെങ്കിലും വിദേശരാജ്യങ്ങളുടെ എംബസികൾക്കുള്ളിൽ അതത് രാജ്യങ്ങളുടെ നിയമം മാത്രമാണ് ബാധകമെന്ന് കേട്ടിട്ടുണ്ട്. അതിനാൽ എം.എൽ.എ. ഹോസ്റ്റൽ നമ്മുടെ നാട്ടിലാണെങ്കിലും നമ്മളെയൊക്കെ കൈകാര്യംചെയ്യുമ്പോലെ എം.എൽ.എ.മാരെ പോലീസ് നേരിടുമെന്നു കരുതരുത്. പിന്നെ കുംഭ വലുതാണെന്നുവെച്ച് ഒരൂണ് ചോദിച്ചവന് നാല് ഊണ് കൊണ്ടുവന്നാൽ അപമാനിക്കലാണെന്ന് ചിലർക്കെങ്കിലും തോന്നുന്നത് സ്വാഭാവികം. അതുകൊണ്ട് ജനപക്ഷ അണികൾ നോതാവിന് സംശയത്തിന് ആനുകൂല്യംനൽകി പാർട്ടിയെ മുളയിലേ നുള്ളിക്കളയാതെ കൂടെനിൽക്കാൻ തയ്യാറാകേണ്ടതാണ്. 

nakhasikantham@gmail.com