ഉണ്ടചോറിന് നായ്‌ക്കളിൽ നിന്നെന്നപോലെ ചെയ്തവോട്ടിന് നേതാക്കളിൽനിന്ന് നാട്ടുകാർ നന്ദി പ്രതീക്ഷിക്കാൻ ഇക്കാലത്ത് സാധ്യതകാണുന്നില്ല. ഒരുപാടുതവണ വോട്ടുചെയ്താൽ ഓട്ടക്കലമായി മാറുമെന്നാണല്ലോ കവിവചനം. ഓട്ടക്കലങ്ങൾക്കെന്ത് പ്രതീക്ഷ. ഇനി ആരെങ്കിലും സ്വഭാവദൂഷ്യംകാരണം നന്ദി കൊതിക്കുന്നുണ്ടെങ്കിൽ  നടക്കില്ലെന്ന് ആന്ധ്രയിലെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കട്ടായം പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ വോട്ടർമാർക്ക് സർക്കാരിനോടാണ് നന്ദിവേണ്ടത്. സർക്കാർ കൊടുക്കുന്ന പെൻഷൻ കൈനീട്ടി വാങ്ങുന്നവരും സർക്കാരുണ്ടാക്കിയ റോഡിലൂടെ തോരാപ്പാരാ പായുന്നവരും വോട്ടുചെയ്യാൻ ബാധ്യസ്ഥരാണത്രെ. ഈ നായിഡുവിന് വോട്ടെന്നാൽ പെൻഷനുള്ള ചുങ്കമാകുന്നു, റോഡ് യാത്രയ്ക്കുള്ള ടോളാകുന്നു.  

വോട്ടർമാരെ വിട്ടേക്ക്. നേതാക്കൾ തമ്മിലെങ്കിലും നന്ദിവേണ്ടേ? അതാണല്ലോ ജനാധിപത്യത്തിന്റെ ആണിക്കല്ല്. അതിനും ഇളക്കം തട്ടിയിരിക്കുന്നുവെന്നാണ് കേരളത്തിൽനിന്നുള്ള സൂചന. 
  കൊച്ചിമെട്രോയുടെ ഡി.എൻ.എ. പരിശോധനയ്ക്ക് തുനിഞ്ഞാൽ  ഇപ്പോൾ പിതാക്കൻമാരായി നടിക്കുന്നവർ പരിശോധന തുടങ്ങുംമുമ്പ് ഔട്ടാവും. ഇവർക്കൊന്നും ചിറ്റപ്പൻമാരാവാനുള്ള യോഗ്യതപോലുമില്ല. ഇതിന്റെ പിതൃത്വപരിശോധനയ്ക്ക് ബി.ജെ.പി. പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ഡി.എൻ.എ. പരിഗണിച്ചാൽ ആ യന്ത്രം ധാർമികരോഷംകൊണ്ട് ആ നിമിഷം പൊട്ടിത്തെറിക്കും. എന്നിട്ടും മെട്രോയുടെ ആദ്യയാത്രയിൽ തനിക്കും പ്രധാനമന്ത്രിക്കുമൊപ്പം കടന്നുകൂടിയ കുമ്മനത്തെക്കുറിച്ച് പിണറായി എന്തുകൊണ്ടോ കമാന്നൊരക്ഷരം പറഞ്ഞില്ല. കുമ്മനം കള്ളവണ്ടികേറിയെന്നുപറഞ്ഞ മന്ത്രി കടകംപള്ളിയെ ചെവിക്കുപിടിച്ചെന്നും കേൾക്കുന്നുണ്ട്. സ്വന്തം പാർട്ടിയിലെ ഭിന്നിപ്പുവരെ പിണറായി വിജയൻ സഹിച്ചെന്നിരിക്കും. പക്ഷേ, വികസനത്തിലെ ഭിന്നിപ്പ് അദ്ദേഹത്തിന് പണ്ടേ സഹിക്കാനാവില്ല. വികസനം വരുന്നനേരത്ത് എല്ലാവരും ഒരുമിച്ചുനിൽക്കണം. വികസനം കഴിഞ്ഞാൽ പിരിഞ്ഞുപൊയ്‌ക്കോളണം. ഇതാണ് പിണറായി വികസനലൈൻ. 

ഇത്രയും വിശാലചിത്തനായ ഈ വികസനനായകനോട് കുമ്മനം പിന്നീട് ചെയ്തത് മാപ്പർഹിക്കാത്ത അപരാധം. യോഗദിനം യോഗചെയ്യാതെ പ്രസംഗിച്ച് ഉദ്ഘാടനംചെയ്തതിന് പിണറായിയെ ഫെയ്‌സ്‌ബുക്കിലൂടെ അദ്ദേഹം ഭർത്സിക്കുന്നു. പ്രസംഗം ഒരാസനമാണോ എന്നാണ് കുമ്മനം ചോദിക്കുന്നതിന്റെ അർഥം. യോഗയെ വ്യായാമംമാത്രമായി വിശേഷിപ്പിച്ചതിലൂടെ ഭാരതീയ ഋഷിശ്രേഷ്ഠൻമാരെ അവഹേളിച്ചെന്ന ജാമ്യമില്ലാത്ത വകുപ്പുചേർത്ത് പിണറായിക്കെതിരെ കേസുമെടുത്തിരിക്കുന്നു അദ്ദേഹം.  വാസ്തവത്തിൽ ഈ പ്രസംഗം ഒരാസനമാണെന്ന് യോഗയും പ്രസംഗവും ഒരുമിച്ച് കൊണ്ടുനടക്കുന്ന കുമ്മനത്തിന് മനസ്സിലാവും. മൈക്കിനുമുന്നിൽ നീണ്ടുനിവർന്നുനിന്ന് ശ്വാസം ഉള്ളിലേക്കെടുത്ത് വാക്കുകൾ (അളിഞ്ഞതും അല്ലാത്തതും) പുറത്തുവിടുന്ന ആസനം. ഉദരത്തിലേക്ക് കള്ളവണ്ടികയറിയ വായുവിനെ പുറത്താക്കാൻ ഒരാസനമുണ്ട്. പവനമുക്താസനമെന്നാണ് പേര്. പ്രസംഗം വാക്കുമുക്താസനമാണ്. അസ്സൽ യോഗയിൽ അതുചെയ്യുന്നവരുടെ കുണ്ഡലിനി സ്വന്തം മൂർധാവിലെത്തും. പ്രസംഗാസനത്തിൽ  യോഗിവര്യന്റെ വാക്കുകൾ കേൾവിക്കാരുടെ തലയിൽ കയറുകയോ കയറാതിരിക്കുകയോ ചെയ്യും. ഇന്നത്തെക്കാലത്ത് ഇവരുടെ വാക്കുകൾ കഴിവതും കയറാതിരിക്കുന്നതാണ് നല്ലത്.  കയറിയാൽ അവനുപിന്നെ അധോഗതിയാവും. 


  യോഗദിനാചരണത്തിന് നാടമുറിക്കാൻ  യോഗചെയ്യണമെന്ന വാദം തത്ത്വത്തിൽ അംഗീകരിച്ചാൽ ഒരുദിനാചരണവും  അതിന്റെ അഭ്യാസംകാട്ടാതെ ഉദ്ഘാടനം  ചെയ്യാനാവാത്ത സ്ഥിതിവരും. ബലിദാനദിനാചരണം ഉദ്ഘാടനം ചെയ്യാൻ ആരെയെങ്കിലും ബലിനൽകേണ്ടിവരും.  രക്തസാക്ഷിദിനാചരണത്തിന് കുറഞ്ഞത് ഒരു സാക്ഷിയുടെയെങ്കിലും രക്തം ചിന്തേണ്ടിവരും. മുലയൂട്ടൽ വാരാചരണംപോലെ സവിശേഷമായ പ്രാഥമികാരോഗ്യാനുഷ്ഠാനങ്ങൾ ഉദ്ഘാടനംചെയ്യാൻ ആർക്കും പറ്റാത്ത സ്ഥിതിവരും. ഇരട്ടച്ചങ്കുള്ളതിനാൽ  പിണറായി വിജയന് ഹൃദയാരോഗ്യദിനം രണ്ടുവട്ടം ഉദ്ഘാടനംചെയ്യാനായേക്കും. യോഗയെ വ്യായാമമായിക്കാണുന്നത് അതിന്റെ സ്രഷ്ടാക്കളായ മഹാമുനിമാരെ അവഹേളിക്കുന്നതാണെന്ന്  കുമ്മനം പറയുന്നു. ഇതേവാദം ക്രിക്കറ്റിനും ബാധകമാണ്. വെറുമൊരു കളിയായ ക്രിക്കറ്റിനെ രണ്ടുരാജ്യങ്ങൾ തമ്മിലുള്ള യുദ്ധമായി കാണുന്നത് ആ കളി കണ്ടുപിടിച്ച ബ്രിട്ടനിലെ ആട്ടിടയൻമാരെ അവഹേളിക്കുന്നതല്ലേ? പാകിസ്താന്റെ വിജയമാഘോഷിച്ച ഇന്ത്യക്കാരെ രാജ്യദ്രോഹകുറ്റത്തിന് അറസ്റ്റുചെയ്യുന്നത് മഹത്തായ കളിക്കാരുടെ പാരമ്പര്യത്തെ അവഹേളിക്കുന്നതല്ലേ?  യോഗദിനം രണ്ടുകഴിഞ്ഞില്ല. അതിനുമുമ്പുതന്നെ യോഗയും രാജ്യസ്നേഹത്തിന്റെ ഭാഗമായ നിർബന്ധിതസർവീസായി മാറുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നുണ്ട്. യോഗദിനത്തിൽ യോഗചെയ്യാത്തവരെല്ലാം രാജ്യം വിട്ടേക്കണമെന്ന് വൈകാതെ  സാധ്വി പ്രാചി ടീം കൽപ്പിച്ചാൽ ഞെട്ടേണ്ടതില്ല. 

ഋഷിവര്യൻമാരെ സ്മരിക്കാതെ യോഗചെയ്യാനുള്ള സി.പി.എമ്മുകാരുടെ അവകാശത്തെ ചോദ്യംചെയ്യുന്നവർ അവർ മുതലാളിത്തവിരുദ്ധരാണെന്ന കാര്യം മറന്നുപോകരുത്. മുതലാളിവേണ്ട, മുതലുമതി എന്നും ഈ വിരുദ്ധതയെ വ്യാഖ്യാനിക്കാം. കമ്യൂണിസ്റ്റുകൾക്ക് ഈയിടെയായി ഉറിയടി വേണം. അതിന്റെ മുതലാളി ഭഗവാൻ കൃഷ്ണനെ വേണ്ട. യോഗവേണം. പതഞ്ജലി മഹർഷിയെ വേണ്ട. 
 ഈ ദിനാചരണങ്ങളെല്ലാം അധികാരിവർഗത്തിന്റെ ഗൂഢാലോചനയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആണ്ടിൽ എല്ലാദിവസവും മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാനുള്ള അവരുടെ തന്ത്രം. യോഗദിനചിത്രങ്ങളിലെല്ലാം ഫ്രെയിമിൽ  നിറഞ്ഞുനിൽക്കുന്നത് അധികാരഭോഗികൾ. ആകെ അറിയാവുന്നത് കൊറ്റിയെപ്പോലെ ഒറ്റക്കാലിൽ നിൽക്കൽ. ഈ പോസിൽ ഒരുമിനിട്ട് നിന്നാൽ തലയടിച്ചുവീഴും. അല്ലെങ്കിൽ ഇഴയുന്ന കുഞ്ഞുങ്ങളെപ്പോലെ പായയിൽ കമിഴ്ന്നുകിടന്ന് തലപൊക്കി നോക്കൽ. യഥാർഥയോഗികൾ ഈ ചിത്രങ്ങളിൽ അങ്ങുദൂരെ പൊട്ടുപോലെ കാണപ്പെടും. അസംഖ്യം കപടയോഗികളെ സൃഷ്ടിച്ച് ഓരോ യോഗദിനവും യോഗയെ അവഹേളിച്ചുകൊണ്ടേയിരിക്കുന്നു. ഋഷീശ്വരൻമാരേ, പൊറുക്കുക. 

* * *
 കൊച്ചി മെട്രോ ഓടിത്തുടങ്ങിയതേയുള്ളൂ. കേരളത്തിന്റെ പ്രതിച്ഛായ മാറ്റുന്നതിന് മെട്രോയ്ക്ക് നമ്മൾ കുറച്ച് സാവകാശം നൽകേണ്ടിവരും. പക്ഷേ, നാടിന്റെ മുഖച്ഛായ മാറ്റുന്നതിനുമുമ്പ് അത് ഉമ്മൻചാണ്ടിയുടെ പ്രതിച്ഛായയിൽ കൈവെച്ചു. ഇതുവരെ വികസനത്തിൽമാത്രം പ്രതിയായിരുന്ന ഉമ്മൻചാണ്ടി മെട്രോ കാരണം സമരത്തിലും പ്രതിയായി.  പ്രവർത്തനോദ്ഘാടനം  ഉമ്മൻചാണ്ടി, സമരോദ്ഘാടനം പിണറായി വിജയൻ. കമ്യൂണിസ്റ്റുകളുടെ സമരപാരമ്പര്യവും ഉമ്മൻചാണ്ടിയുടെ കഴിഞ്ഞകാല പ്രകടനവും കണക്കിലെടുത്താൽ ഇങ്ങനെയാണ് സംഭവിക്കേണ്ടിയിരുന്നത്.  പക്ഷേ, എല്ലാം തകിടംമറിഞ്ഞു. പിണഞ്ഞുപോയ അമളിയിൽ കേരളത്തിലെ ആദ്യമെട്രോ സമരത്തിന്റെ നായകനായി ഉമ്മൻചാണ്ടി വാഴ്ത്തപ്പെട്ടിരിക്കുന്നു. 

കുഞ്ഞിനെ തട്ടിയെടുത്തവർ  മാമോദീസയ്ക്ക് ആ  കുഞ്ഞിന്റെ അപ്പനെയും അമ്മയെയും ക്ഷണിക്കുമെന്ന് പ്രതീക്ഷിക്കുന്നതുതന്നെ മൗഢ്യം. ഒരു പ്രതീകാത്മക മാമോദീസ നടത്തി തൃപ്തിപ്പെടാം. അത്രതന്നെ. ഇത്രയേ ഉമ്മൻചാണ്ടിയും ആഗ്രഹിച്ചുള്ളൂ.  മണ്ണുംചാരിനിന്ന എൽ.ഡി.എഫ്. മെട്രോയും കൊണ്ടുപോയതിൽ പ്രതിഷേധിച്ച് അദ്ദേഹം ജനകീയയാത്ര നടത്താനിറങ്ങിയത് ഇതുമാത്രം ഉദ്ദേശിച്ചാണ്. പക്ഷേ, മെട്രോയോട്  അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡിനോടുള്ള ബഹുമാനംപോലും കാട്ടാത്ത അണികൾ എല്ലാം നശിപ്പിച്ചുകളഞ്ഞു. പിന്നെക്കേട്ടത് കോൺഗ്രസുകാരുടെ പീഡനത്തിൽ മെട്രോയുടെ നിലവിളികൾ.  രാജ്യത്തിന് പല കാര്യങ്ങളിൽ മാതൃകയായ കൊച്ചിമെട്രോ, മെട്രോസമരമെന്ന പുത്തൻ സമരരീതിയിലൂടെ  മറ്റ് മെട്രോകൾക്കും മാതൃകയായി. മെട്രോയുള്ള, ഇത്രയും വിവരവും വിദ്യാഭ്യാസവുമില്ലാത്ത  മറ്റുനാട്ടുകാർക്കൊന്നും  ഉണ്ടാക്കാനാവാത്ത നേട്ടമാണിത്.  ഉമ്മൻചാണ്ടിക്കുവേണ്ടി മാപ്പുപറയാൻ രമേശ് ചെന്നിത്തലയ്ക്ക് ഒരു അസുലഭാവസരവും  ഇതിലൂടെ വീണുകിട്ടി.

കോൺഗ്രസുകാരുടെ സമരമെല്ലാം ഈയിടെയായി മാക്കുറ്റി മാതൃകയിലാണ്. കാലിവില്പനയ്ക്കെതിരെ നടുറോഡിൽ കന്നുകുട്ടിയെ കശാപ്പുചെയ്ത് ലോകശ്രദ്ധനേടിയ ആ സമരം ഓർമയിൽനിന്ന് മായുന്നതിനുമുമ്പേ മറ്റൊരു ദേശീയ നാണക്കേടായി മെട്രോസമരം. ഇവരുടെ കാലത്ത് മെട്രോ പൂർത്തിയാകാത്തത് നന്നായെന്ന് ഇപ്പോൾ നാട്ടുകാർക്ക്  തോന്നുന്നുണ്ടാവും. അങ്ങനെയെങ്ങാനും  സംഭവിച്ചിരുന്നെങ്കിൽ  ഉദ്ഘാടനദിവസംതന്നെ ബോഗികളല്ലാം കൊച്ചിക്കായലിൽ ഒഴുകിനടന്നേനെ. ഭാഗ്യം! 

nakhasikantham@gmail.com