ചായവിറ്റുനടന്ന ഇറന്തകാലത്തിന്റെ കുളിരിൽ കോരിത്തരിക്കുന്നയാളാണ്  നമ്മുടെ പ്രധാനമന്ത്രി. പക്ഷേ, മോദി വിറ്റ ചായകുടിച്ച ഒരാളെ കണ്ടെത്താൻ സാറ്റലൈറ്റിനുപോലും കഴിയില്ല. എന്നാലോ, തമിഴകത്തിന്റെ കാവൽമാലാഖയായ പനീർസെൽവം വിറ്റ ചായകുടിച്ചുരസിച്ച ഒരുപാട് പേർ ജീവിച്ചിരിപ്പുണ്ട്. തേനി മാവട്ടത്തിൽ പെരിയകുളം എന്റ ഊരിൽ പനീർസെൽവത്താൽ തുവങ്കപ്പെട്ട ‘പി.വി.കാന്റീൻ ടീക്കടൈ’ ഇപ്പോത്  റോസീകാന്റീൻ എന്റ പേരിലാകും ചെയൽ പടുകിറ്ത്. അവിടെ ചായയ്ക്ക് വില റൊമ്പ ജാസ്തി.

നല്ല  അസ്സൽ തേനി ടീ. കാപന്ത് മുതൽവരുടെ (കാവൽ മുഖ്യമന്ത്രി)  ചിന്നത്തമ്പി രാജയാണ് ഇപ്പോൾ കാന്റീനിന് കാവൽ. അന്ന് രാജ്യസ്നേഹം കറന്നെടുക്കാനല്ല ഗോമാതാക്കളെ വളർത്തിയിരുന്നത്. പാലുമാത്രമാണ് പശുക്കൾ ചുരത്തിയിരുന്നത്. ചായയടിക്കാൻ ഡെയറിഫാംതന്നെ പനീർ തുറന്നുതായ്‌ മൂകാംബിക പാൽപ്പണ്ണൈ. അങ്ങനെ രണ്ട് വിമുക്ത ചായക്കച്ചവടക്കാർ തമ്മിലുള്ള ചായവഴക്കത്തിന് തുടക്കമിടാൻ മുഹൂർത്തം തെറ്റിപ്പോയതിന്റെ ജഹപൊഹയാണ് തമിഴ് രാഷ്ട്രീയത്തിൽ ഇപ്പോൾ കാണുന്നതെന്ന് ചില നിരീക്ഷകർ പറയുന്നുണ്ട്. 

ചായക്കടയെ സംബന്ധിച്ച ഒരു പ്രപഞ്ചസത്യമുണ്ട്-ഇന്ന് രൊക്കം, നാളെ കടം. എന്നുവെച്ചാൽ കീശയിൽ കാശുള്ളവൻമാത്രം ചായകുടിച്ചാൽ മതി. ചായക്കടവിട്ട്  മുഖ്യമന്ത്രിയായപ്പോൾ പനീർ ഇത്‌ മറന്നുപോയിരിക്കുന്നു. ജനാധിപത്യത്തിലും രൊക്കംകൊണ്ടേ കാര്യമുള്ളൂ. ഭൂരിപക്ഷത്തിന് ഭൂരിപക്ഷംതന്നെ വേണം. ഇതിന് കടംപറഞ്ഞ് അധികനാൾ പടിച്ചുനിൽക്കാനാവില്ല. ജനം കൂടെയുണ്ടെന്ന് പറഞ്ഞാൽ അത്  ജനാധിപത്യമാവില്ല. ജനവും വേണം ആധിപത്യവും വേണം. ഗോമാതാവിന്റെ അനുഗ്രഹമുള്ള പനീർ ഭാഗ്യവാനാണ്. ചിന്നമ്മയ്ക്കുമേൽ നീതിയുടെ ആസന്നഖഡ്ഗം തൂങ്ങുന്നു.  ജയലളിത സ്വത്തുണ്ടാക്കിയതിന്റെ രണ്ടാംപ്രതിയാണ് ശശികല. സ്വത്തുണ്ടാക്കിയാൽ അതിന്റെ ഉത്തരവാദിത്വം ശശികലയ്ക്ക് നൽകാൻ ആർക്കും ഒരു മടിയുമില്ല. അത് അനുഭവിക്കാൻ ചെന്നാലോ, തോഴിയെന്നപേരിൽ തൊഴിയും. ഇതെന്ത് നീതി? 

ശശികല തോഴിതന്നെ; സമ്മതിക്കാം. പനീർ തോഴനായി അഭിനയിക്കുകയായിരുന്നു. എങ്ങനെപോയാലും തമിഴകത്ത് അഭിനേതാക്കളേ വാഴൂ. പുരുഷവംശം സ്ത്രീകുലത്തിനോട് അറിഞ്ഞോ അറിയാതെയോ ഇന്നേവരെ ചെയ്തതും ഇനി ചെയ്യാനിരിക്കുന്നതുമായ എല്ലാ പാപങ്ങൾക്കും മാപ്പിരക്കാൻ ചുമതലപ്പെടുത്തിയവനെപ്പോലെയായിരുന്നു പനീറിനെ കണ്ടാൽ. പെണ്ണുങ്ങളുടെ കാൽക്കൽവീഴാൻ ഒരു നാണക്കേടുമില്ല. അത് ചിന്നമ്മയായാലും പെരിയമ്മയായാലും. അമ്മയുടെ കാൽക്കൽ പനീർ വീഴുന്നതിന്റെയും ഏത്തമിടുന്നതിന്റെയും  ചിത്രങ്ങൾ പല വികസിതരാജ്യങ്ങളിലും പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് കേൾവി, സ്ത്രീകളെ ബഹുമാനിക്കുന്നതിന് മകുടോദാഹരണമായി. 

പേച്ചിമുത്തുവായി ജനിച്ച പനീർ അമ്മ ജയിലിൽപ്പോയപ്പോൾ പൊട്ടിക്കരഞ്ഞ് സത്യപ്രതിജ്ഞചെയ്തു. കണ്ണീർസെൽവമെന്ന് പദവി കൊടുത്തതല്ലാതെ ആരും അന്ന് അദ്ദേഹത്തെ വിമർശിച്ചില്ല. അമ്മ ജയിലിൽ കിടന്നപ്പോൾ ആ കസേരയിലിരിക്കാതെ നിലത്തിരുന്ന് ഭരിച്ചിട്ടും ആർക്കും അഭിമാനം വ്രണപ്പെട്ടില്ല. ആസ്പത്രിയിലായിരുന്നപ്പോൾ അമ്മയുടെ പടത്തിന്റെ അധ്യക്ഷതയിൽ മന്ത്രിസഭായോഗംചേർന്നിട്ടും ജനത്തിന് നാണക്കേടുണ്ടായില്ല. ചിന്നമ്മയുടെ മുന്നിലും ഇന്നലെവരെ നിലത്തിഴയുകയായിരുന്നു ഈ ധൈര്യശാലി. രാജിവെയ്ക്കാൻ പറഞ്ഞപ്പോൾ  കമാന്ന് മിണ്ടിയില്ല. പൊട്ടുതൊട്ട് മിക്സ്‌ചർ തിന്നുനടന്ന കണ്ണീർസെൽവം ഒരു സുപ്രഭാതത്തിൽ കബാലിയായി മാറിയിരിക്കുന്നു. ഇതും അഭിനയം. അടുത്ത സീനിൽ ഏതെങ്കിലും താടിക്കാരുടെ  പെട്ടിയെടുപ്പുകാരനായി സെൽവം വരില്ലെന്ന് തമിഴ്‌മക്കൾക്ക് ഉറപ്പുണ്ടോ;  ഇതേ പൊട്ടും സദാ ഇടിക്കുന്ന മുട്ടുമായി.  

ശശികലയ്ക്ക് മുഖ്യമന്ത്രിയാകാൻ എന്താണ് കുറവെന്ന് ആരെങ്കിലും പറഞ്ഞുതന്നെങ്കിൽ. വീഡിയോക്കട നടത്തിപ്പുകാരി എങ്ങനെ നാടുഭരിക്കുമെന്നാണ് ചോദ്യം. ചായക്കടയെക്കാൾ ഏത് റാങ്കിങ്ങിലാണ് വീഡിയോക്കട പിന്നിലാവുന്നതെന്ന് അറിയില്ല. ശശികല തോഴിയാണുപോലും! അപ്പോൾ പനീർ തോഴനായിരുന്നില്ലേ. തോഴന് ആകാമെങ്കിൽ തോഴിക്ക് ആകാനൊക്കില്ലെന്ന് പറഞ്ഞാൽ ലിംഗനീതിയുടെ ലംഘനമല്ലാതെ മറ്റെന്ത്.  ഭരണഘടന ആവശ്യപ്പെടുന്ന യോഗ്യതകളെല്ലാം ശശികലയ്ക്ക് ആവശ്യത്തിലേറെയുണ്ട്.  എം.പി.മാരുടെ പിന്തുണകൊണ്ട് മുഖ്യമന്ത്രിയാകാമെന്ന് പനീർ വ്യാമോഹിക്കുമ്പോൾ രണ്ട് റിസോർട്ട് നിറയെ എം.എൽ.എ.മാരുണ്ട്  അവർക്ക്. എം.എൽ.എ.മാരെ ചങ്ങലയ്ക്കിടുന്നത് തമിഴ്‌നാട്ടിൽ മാത്രമല്ല ഇതുവരെ  നടന്നിട്ടുള്ളത്. കുതിരക്കച്ചവടംപോലും! അതിശയോക്തി. എരുമക്കച്ചവടം എന്നുപറഞ്ഞാൽ യാഥാർഥ്യത്തിെന്റ കണികയുണ്ടെന്നെങ്കിലും കരുതാം. 

ഇതെല്ലാം പോരാഞ്ഞ് അധികയോഗ്യതയാണ് മന്നാർഗുഡിയിൽ സ്വന്തംപേരിലുള്ള മാഫിയ. അമ്മയുടെ തണലിൽ മദ്യക്കമ്പനി ഉൾപ്പെടെ പത്തുമുപ്പത്തിമൂന്ന് സംരംഭങ്ങൾ ഉണ്ടാക്കിയെടുത്ത അസുലഭ പ്രതിഭാശാലികളുടെ കുടുംബമാണിത്. ഒന്നും രഹസ്യമായിട്ടല്ല. മഴക്കോട്ടിട്ട് കുളിക്കാത്തതിനാൽ ജയിലിലും പോകേണ്ടിവന്നു. ഭണഘടന അനുശാസിക്കുന്ന ആളും ഭരണഘടനാബാഹ്യമായ അർഥവുമുണ്ടായിട്ടും ആള് മുഖ്യമന്ത്രിയാകുന്നില്ലെങ്കിൽ ജനാധിപത്യം വെല്ലുവിളി നേരിടുന്നുവെന്നേ പറയാനാവൂ. താരാധിപത്യത്തിൽനിന്ന് തോഴാധിപത്യത്തിലൂടെ പരേതാധിപത്യത്തിലേക്ക് പരിണമിച്ചിരിക്കുന്നു തമിഴ്‌നാട്. പ്രതിസന്ധി തരണംചെയ്യാൻ ഗവർണർ വിദ്യാസാഗർറാവു ഭരണഘടനാ വിദഗ്ധരെയൊന്നും ആശ്രയിക്കേണ്ടതില്ല. മറീനാബീച്ചിൽ അന്തിക്ക് ആളൊതുങ്ങുമ്പോൾ അമ്മാസമാധിയിലേക്കൊന്ന്‌ ചെല്ല്. തോഴി  തീ.മു.ക വേണോ, തോഴൻ തീ.മു.ക വേണോയെന്ന് അമ്മ പറഞ്ഞുതരും. 

** * **
രാഷ്ട്രീയത്തിൽ പേരും പെരുമയുമുള്ള ഒരു  ചിറ്റപ്പൻ  മലയാളിയുടെ സ്വകാര്യ അഹങ്കാരമായിരുന്നു. ഇപ്പോൾ തമിഴർക്കും കിട്ടിയിരിക്കുന്നു ഒരു ചിത്തപ്പ (ചിറ്റപ്പൻ). ചിന്നമ്മ ശശികലയുടെ കണവൻ നടരാജൻ. ബ്രദർ സുധാകരൻ, ആന്റി  ഇളവരശി, അങ്കിൾ ദിവാകരൻ. ശത്രുബന്ധുക്കളുടെ നിരയിങ്ങനെ നീളുന്നു. ഒരു പഴയ സർക്കാർ പി.ആർ.ഒ. ആയിരുന്നു നടരാജചിറ്റപ്പൻ. അമ്മയുടെ കാലംവരെ പിൻസീറ്റിലായിരുന്നു, ഇപ്പോൾ മുൻസീറ്റിലും. ചിറ്റപ്പൻ ഡൽഹിയിൽപ്പോയി കോൺഗ്രസ്സുകാരെ കണ്ടതാണ് രാജിവെച്ച പനീറിന് പെട്ടന്നൊരോ പ്രാണവായു പമ്പുചെയ്യാൻ കാരണമത്രെ. നടരാജനെ പ്രകോപിപ്പിച്ചത് ബാഷയും കബാലിയുമൊക്കെയായി നടിച്ചുതകർത്ത രജനീകാന്താണെന്നും സംസാരമുണ്ട്.

ശശികലയുടെ ഉദയത്തോടെ തമിഴകം ഒരന്തരാളഘട്ടത്തിലാണെന്ന് ഇന്ത ബാഷ തുഗ്ലക്ക് മാസിക സംഘടിപ്പിച്ച യോഗത്തിൽ പറഞ്ഞത്രെ. ബാഷ ഒരു തടവുസൊന്നാൽ നൂറുതടവ്‌ സൊന്നമാതിരി. ബി.ജെ.പി. തമിഴ്‌നാടിന്റെ ഭരണം കൈക്കലാക്കാൻ ശ്രമിക്കുന്നുവെന്ന അപകടം ചിത്തപ്പ മണത്തു. ചിന്നമ്മാചിറ്റപ്പം പ്രഹസനത്തിന് ഇതോടെ കർട്ടനും പൊങ്ങി.    അവിടെ പ്രതിസന്ധിയുണ്ടാക്കുന്നതിൽ നടരാജചിറ്റപ്പൻ ജയിച്ചപ്പോൾ ഇവിടെ പാർട്ടിക്കോ പാർട്ടിപത്രത്തിനോ  ഒരു ചിന്നപ്രശ്നംപോലുമായില്ല നമ്മുടെ സ്വന്തം ജയരാജചിറ്റപ്പന്റെ പരാക്രമം. ഒരു പ്രലോഭത്തിനും വശംവദനാകാതെ ബന്ധുവിനെത്തന്നെ നിയമിക്കാൻ താൻ നടത്തിയ ശ്രമത്തെ പാർട്ടിപത്രം എന്തുകൊണ്ട് എതിർത്തുവെന്ന് ചിന്തിച്ചുകൊണ്ടേയിരിക്കുകയാണത്രെ ഈ ചിറ്റപ്പൻ.

നേര് നേരത്തേ അറിയിക്കുക എന്നതാണ് പാർട്ടിപത്രത്തിന്റെ മുദ്രാവാക്യം. മുൻ ജനറൽ മാനേജർ എന്നുകരുതി ചിറ്റപ്പൻ ചെയ്ത നേര് മൂടിവെയ്ക്കാൻ പാർട്ടിപത്രം തയ്യാറായില്ല അത്രതന്നെ. സംഗതി സിംപിൾ. ഇനിയും മനസ്സിലായില്ലെങ്കിൽ ചിറ്റപ്പൻ തലകൂടുതൽ പുണ്ണാക്കേണ്ടതില്ല. ഇതൊക്കെ മനസ്സിലാക്കാനുള്ള ഐ.ക്യൂ ഉണ്ടായിരുന്നെങ്കിൽ ചിറ്റപ്പനിപ്പോഴും വ്യവസായമന്ത്രിയായി ഭീഷണികളെ തൃണവത്ഗണിച്ചിരിക്കുമായിരുന്നു.  നമ്പൂതിരിയുടെ വെട്ടത്തിൽ വാര്യർ ഉണ്ണുന്ന കേരളം മാറിപ്പോയതും ഇദ്ദേഹം അറിഞ്ഞില്ല. ഒരു നമ്പൂതിരി കൊളുത്തിയ വെട്ടത്തിലാണല്ലോ തങ്ങളൊക്കെ ഉണ്ടുവളർന്നതെന്ന കാര്യമെങ്കിലും മറക്കാതെ എന്റെ പൊന്നുചിറ്റപ്പാ...

** * **
ഡോ. നാരായണൻനായരുടെ തറവാട്ടുനിയമ കലാലയത്തെ പാഠംപഠിപ്പിച്ചത് കോലീബി സഖ്യമാണെന്ന് കോടിയേരി പറയുന്നതിൽ കാര്യമില്ല. ചരിത്രത്തിലാദ്യമായി ബി.ജെ.പി. കേരളത്തിൽ ഒരു സമരംജയിക്കാൻ ഇടയാക്കിയതിന്റെ ജാള്യത്തിൽ ഇനിയും പലതും പറഞ്ഞെന്നിരിക്കും. സത്യത്തിൽ സർക്കാരിനെ ചൊൽപ്പടിക്ക് നിർത്തിയത് സി.പി.ഐ. ആണ്; അതും ഭൂമി കൈയടക്കിയതിന്. സി.പി.ഐ.യെ  അഭിനന്ദിച്ചേപറ്റൂ. പക്ഷേ, ഒരു പഴങ്കഥ മലമുകളിൽ പാർക്കുന്നുണ്ട്. മൂന്നാറിലെ കൈയേറ്റങ്ങൾ ഇടിച്ചുനിരത്താൻ അച്യുതാനന്ദന്റെ പൂച്ചകൾ ബുൾഡോസർ ഓടിച്ചപ്പോൾ ഇടയ്ക്കുകയറി നെഞ്ചിൽ ചെമ്പുപട്ടയവും ഒട്ടിച്ച് സി.പി.ഐ. നിന്നത് മറക്കാറായിട്ടില്ല. ഉയരംകൂടുന്തോറും ചായയ്ക്കുമാത്രമല്ല, കൈയേറ്റത്തിനും രുചികൂടുമായിരിക്കും.