ഹൈവേയിൽ പെണ്ണിനെ നിർത്തി വണ്ടിക്ക് മോഹക്കൈ കാണിച്ച് പണം തട്ടുന്നത്  കൊള്ളസംഘങ്ങളുടെ പരിപാടിയാണ്. ഇമ്മട്ടിൽ പെണ്ണിനെക്കൊണ്ട് വാർത്തയും തട്ടിയെടുക്കുന്ന ആക്രാന്ത മാധ്യമപ്രവർത്തനം ഈ ദിക്കിലും അവതരിച്ചതോടെ കേരളരാഷ്ട്രീയം കലങ്ങിമറിഞ്ഞിരിക്കുന്നു. രണ്ട് മഹാസംഭവങ്ങൾക്കാണ് ഇത് കാരണഭൂതമായത്. ഒന്ന് ഒരു പൂച്ചക്കുട്ടിയോട് സംസാരിച്ചതിന് ലോകചരിത്രത്തിൽ ആദ്യമായി ഒരാൾക്ക് മന്ത്രിപ്പണി നഷ്ടപ്പെട്ടു. അതും സർവചരാചരങ്ങളെയും പരിധിയില്ലാതെ സ്നേഹിക്കുന്ന ഗാന്ധിയനായ എ.കെ. ശശീന്ദ്രന്. രണ്ട്‌ കേരള ചരിത്രത്തിലാദ്യമായി ഇടതുപക്ഷ മന്ത്രിസഭയിൽ വേദനിക്കുന്ന കോടീശ്വരന്മാർക്ക് പ്രതിനിധിയുണ്ടായി. കുട്ടനാട് എം.എൽ.എ. കുവൈറ്റ് ചാണ്ടിയെന്ന് അറിയപ്പെടുന്ന തോമസ് ചാണ്ടി.  വെറും കോടീശ്വരനല്ല, കെ. കരുണാകരൻ കൈപിടിച്ചുകൊണ്ടുവന്ന കോടീശ്വരൻ.  കോടീശ്വരനാവുന്നത് കുറ്റകൃത്യമല്ലെന്ന് വരട്ട് മാർക്സിസ്റ്റുകാർക്ക് മനസ്സിലാവാൻ ഒടുവിൽ ശശീന്ദ്രൻ തോമസ് ചാണ്ടിക്ക് വളമാകേണ്ടിവന്നു.

വയസ്സുകാലത്ത് വചന പ്രഘോഷണത്തിനിറങ്ങി ശശീന്ദ്രൻ വിശുദ്ധനായപ്പോൾ കുരിശ് ചുമക്കേണ്ടിവന്നത് പാവം തോമസ് ചാണ്ടിക്കാണ്. ഗൾഫിൽ  സ്കൂളുകളൊക്കെ നടത്തി  പച്ചപിടിച്ച് വരികയായിരുന്നു. അപ്പോഴാണ് ഭാരിച്ച ഉത്തരവാദിത്വം പാർട്ടിയും പിണറായിയുമൊക്കെച്ചേർന്ന് തലയിൽ കെട്ടിവെച്ചത്. ഇനി ഇല്ലാത്തനേരമുണ്ടാക്കി ഇവിടെവന്ന് സെക്രട്ടേറിയറ്റിലെ കൊതുകുകടി കൊള്ളണം. മന്ത്രിയാകാൻ ചാണ്ടിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല. ജയിക്കുംമുമ്പ് അദ്ദേഹം ജലസേചനവകുപ്പ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. പക്ഷേ,  പണക്കാരനായിപ്പോയി എന്ന അയോഗ്യതകാരണം പിണറായി മന്ത്രിസഭയിൽ ആദ്യം ഇടംകിട്ടിയില്ല.  ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്യാത്ത നേതൃത്വമുള്ള സ്വദേശി കോൺഗ്രസാണല്ലോ എൻ.സി.പി. അവിടെ ഗാന്ധിയൻമാർക്കാണ് മുൻഗണന. അതുകൊണ്ട് മിനിസ്റ്റർ ഇൻ വെയിറ്റിങ്  ആയി തുടരുകയായിരുന്നു ചാണ്ടി. 

കുടുങ്ങാനൊരു കെണി നോക്കിയാണ് ഈ ശശീന്ദ്രൻ ഇത്രയും കാലം നടന്നതെന്ന് ചാണ്ടിപോലും അറിഞ്ഞിരുന്നുവെന്ന് തോന്നുന്നില്ല. വാർത്തകേട്ട് ചാണ്ടി ശരിക്കും ഞെട്ടിപ്പോയി. ശശീന്ദ്രന് ഒന്നും സംഭവിക്കല്ലേയെന്ന് മുട്ടിപ്പായി പ്രാർഥിപ്പാൻ ഉടൻതന്നെ അദ്ദേഹം വിമാനംപിടിച്ച് നാട്ടിലെത്തി. എങ്കിലും ചാണ്ടി ഭയപ്പെട്ടതുതന്നെ സംഭവിച്ചു. എൻ.സി.പി.യിൽ ആകെ രണ്ടംഗങ്ങളേയുള്ളൂ. ഈ പാർട്ടിയിൽ വേറെയാരെയും നാലാൾ അറിയില്ല. മൂന്നാൾ അറിയുന്ന വേറൊരാളുണ്ട്. പാർട്ടി പ്രസിഡന്റ് ഉഴവൂർ വിജയൻ. അദ്ദേഹം എം.എൽ.എ. അല്ലാത്തിനാൽ ശശീന്ദ്രനിൽ നിന്ന് ചാണ്ടിയിലേക്ക്  മാത്രമേ എൻ.സി.പി.യിൽ ആന്ദോളനം നടക്കൂ. 

അല്ലേലും ഗാന്ധിയന്മാർക്ക് ബുദ്ധി തീരെക്കുറവാണ്. ശശീന്ദ്രനും അങ്ങനെത്തന്നെ. മൂന്നേകാൽക്കോടി ജനങ്ങളുണ്ട് കേരളത്തിൽ. ഇവരിൽ ആകെ 20 പേർക്കാണ് ഒരുസമയം മന്ത്രിയാകാൻ പറ്റുക. മണ്ഡലത്തിൽ അരനൂറ്റാണ്ട് കളിച്ചാലും ഭാഗ്യമുണ്ടെങ്കിലേ കാബിനറ്റിൽ എത്തൂ. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്താൻ ഇതിലും എളുപ്പമാണ്. ആരുവിചാരിച്ചാലും മന്ത്രിയാകാൻ പറ്റില്ല. പക്ഷേ, ഏത് അണ്ടനും അടകോടനും ഫോൺസല്ലാപത്തിന് അവസരം കിട്ടും.  മന്ത്രിയല്ലെങ്കിൽ എഴുപതാം വയസ്സിൽ ഒരുവനെ പൂച്ചക്കുട്ടിപോയിട്ട് പട്ടിക്കുട്ടിപോലും തിരിഞ്ഞുനോക്കാനും ഇടയില്ല. ആരൊക്കെ വഴിതെറ്റിക്കാൻ ഇറങ്ങിയാലും  ഇത് മനസ്സിലാക്കാൻ സാമാന്യബുദ്ധിപോലും വേണ്ടതില്ല. അപൂർവത്തിൽ അപൂർവ സൗഭാഗ്യമായ മന്ത്രിപ്പണിയെപ്പോലും തൃണവൽഗണിച്ച് സല്ലാപത്തിലേർപ്പെട്ട ശശീന്ദ്രൻ വിശ്വാമിത്രനൊക്കെ ഉൾപ്പെട്ട രാജർഷികളുടെ പരമ്പരയിൽപ്പെട്ടതാകാനാണ് വഴി.   എ.കെ. ആന്റണിയുടെ പേരിലുള്ളതുപോലെ സ്വന്തം പേരിലും  എ.കെ. ഉള്ളതുകൊണ്ട് ജീവിതത്തിൽ ഒരിക്കലെങ്കിലും രാജിവെക്കണമെന്ന് ശശീന്ദ്രൻ കരുതിക്കാണണം. 

കഴിഞ്ഞ സർക്കാരിലെ മന്ത്രിമാരെ  മാതൃകയാക്കാത്തതെന്ത്? പെണ്ണുങ്ങളെ ഫോൺചെയ്തതിന് അന്ന്  ആരെങ്കിലും രാജിവെയ്ക്കാൻ തുനിഞ്ഞിരുന്നെങ്കിൽ ആ മന്ത്രിസഭതന്നെ ഉണ്ടാകുമായിരുന്നില്ല. ഇതിലുംഭേദം ബസ് ബ്രേക്ക്ഡൗൺ ആയതിന്റെ പേരിൽ ശശീന്ദ്രൻ രാജിവെക്കുന്നതായിരുന്നു. പോട്ടേ, നമുക്ക് തോമസ് ചാണ്ടിയിലേക്ക് വരാം. 
 നല്ല ഒന്നാന്തരമൊരു കുട്ടനാട്ടുകാരനാണ് ചാണ്ടി. കുട്ടനാടിനെ കുവൈറ്റാക്കുക എന്നതാണ് അദ്ദേഹത്തിന്റെ സ്വപ്നം. വേണ്ടിവന്നാൽ കുവൈത്തിനെ കുട്ടനാടാക്കാനും ചാണ്ടിക്കുപറ്റും. ശ്രമിക്കാത്തുകൊണ്ടാണ്.  സദ്ദാംഹുസൈൻ നിലംപരിശാക്കിയ കുവൈത്തിനെ ആധുനിക കുവൈത്തനാക്കിയവരിൽ പ്രമുഖനാണ് ഇദ്ദേഹമെന്ന് ആ ജീവചരിത്രത്തിലൂടെ ഒന്നു കണ്ണോടിച്ചാൽ മനസ്സിലാവും. അവിടത്തെ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ പ്രവർത്തകനാണ് ചാണ്ടി. എസ്.എഫ്.ഐ.ക്കാർ ക്ഷമിക്കുക. ഇന്നാട്ടിൽ അല്ലാത്തതുകൊണ്ട് വിദ്യാഭ്യാസക്കച്ചവടക്കാരൻ എന്ന് വിളിക്കാൻ നിങ്ങൾക്ക് സ്കോപ്പില്ല. 

വേദനിക്കുന്ന കോടീശ്വരനാണ് ചാണ്ടി. കുവൈത്തിലുള്ളതൊന്നും കുട്ടനാട്ടിൽ ഇല്ലാത്തതാണ് വേദനയ്ക്കുകാരണം. നിയമസഭയിൽ അദ്ദേഹം വാതുറക്കുന്നതുതന്നെ ഗൾഫിനെയും അവിടത്തെ പ്രമുഖവ്യവസായിയായ തന്നെയും പുകഴ്ത്താനാണ്. ദുബായിൽ പാം ജുമൈറയുണ്ട്‌ സർ... ലക്ഷക്കണക്കിന് ടൂറിസ്റ്റുകൾ പ്രവഹിക്കുന്ന കൃത്രിമ ഐലൻഡ്‌ സർ... കുട്ടനാട്ടിൽ മര്യാദയ്ക്കൊരു ബണ്ടുണ്ടോ? എന്തിന് ഒരു വിമാനത്താവളമെങ്കിലും ഉണ്ടോ? അദ്ദേഹത്തിന്റെ  ഈ ചോദ്യത്തിന് മുന്നിൽ കേരള നിയമസഭ ഒരിക്കലല്ല, പലവട്ടം വിറങ്ങലിച്ച് നിന്നിട്ടുണ്ട്.  കുട്ടനാട്ടിൽ കൈയിലെ പണം ചെലവിട്ട് വികസനം നടത്തുന്നുവെന്ന് അവകാശപ്പെടുന്ന തോമസ് ചാണ്ടി കെ.എസ്.ആർ.ടി.സി.ക്കാരുടെ ശമ്പളവും സ്വന്തം കൈയിൽ നിന്ന് നൽകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് നടക്കുമെന്ന് തോന്നുന്നില്ല. 

അത്രയും വലിയ പണമൊന്നും ചാണ്ടിയുടെ കൈയിലില്ല. ചികിത്സയ്ക്കുള്ള രണ്ടുകോടി കൊടുത്തതുപോലും സർക്കാരാണ്. ആകെ 94 കോടിയുടെ സ്വത്തേയുള്ളൂവെന്ന് ചാണ്ടിതന്നെ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി.യിലെ ഒരുമാസത്തെ ശമ്പളത്തിനുതന്നെ വേണം 80കോടി രൂപ! വീട്ടിൽവന്ന് വരിനിൽക്കുന്ന പ്രജകൾക്ക് കൈനീട്ടം കൊടുക്കുന്നതും കുടിവെള്ളപ്പമ്പ് നന്നാക്കാൻ കൈയിൽനിന്ന് കാശുകൊടുക്കുന്നതും പോലെയല്ല. സ്കൂൾ നടത്തുംപോലെ കെ.എസ്.ആർ.ടി.സി. നടത്താനിറങ്ങിയാൽ ചാണ്ടി പഞ്ചറാവുകയേ ഉള്ളൂ.
nakhasikantham@gmail.com