ആപ്തവാക്യംപോലെയല്ല സൂത്രവാക്യം. അത്  അങ്ങനെയൊന്നും തെറ്റാറില്ല. എന്നാൽ, ലോകചരിത്രത്തിൽ തെറ്റിപ്പോയ ഒരു സൂത്രവാക്യമുണ്ട്-രണ്ട് സ്വാശ്രയകോളേജ് സമം ഒരു സർക്കാർ കോളേജ്. രണ്ട് ചെകുത്താൻ സമം ഒരു പുണ്യാളൻ എന്നുപറഞ്ഞാൽ എങ്ങനെയിരിക്കും? അതുപോലെ അസംബന്ധവും അസംഭവ്യവും.  ഈ സൂത്രവാക്യത്തിന്റെ സ്രഷ്ടാവ് എ.കെ. ആന്റണി ആകയാലും അദ്ദേഹം പിറവിയിലേ പുണ്യാളനായതിനാലും  ദയവുചെയ്ത് വായനക്കാർ തെറ്റിദ്ധരിക്കരുത്. സ്വാശ്രയ ചെകുത്താൻമാരെ ഉത്പാദിപ്പിച്ചെന്ന കാരണത്താൽ അദ്ദേഹത്തിന് പുണ്യാളപദവി നിഷേധിക്കണമെന്ന് മനസ്സാ വാചാ ഉദ്ദേശിച്ചിട്ടില്ല. ദുശ്ശീലങ്ങളും ദൈവവിശ്വാസവും ഇല്ലാത്ത എ.കെ. ആന്റണി യഥാർഥത്തിൽ പുണ്യാളൻതന്നെ. ടെറസിലെ പച്ചക്കറിക്കൃഷിപോലെ  നാടെങ്ങും സ്വാശ്രയകോളേജിന്  അനുമതിനൽകിയ അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധി പിണറായി വിജയൻപോലും സംശയിക്കുന്നില്ല.Nakashikantham Logo

 പിണറായി മാത്രമല്ല, ആർ. ബാലകൃഷ്ണപ്പിള്ളവരെ ആന്റണിക്ക് ഇക്കാര്യത്തിൽ ക്ലീൻചിറ്റ്  നൽകിയിട്ടുണ്ട്. തന്നെക്കാണുമ്പോഴൊക്കെ, സ്വാശ്രയ മാനേജ്‌മെന്റുകൾ വഞ്ചിച്ചെന്ന് ആന്റണി വിലപിക്കാറുണ്ടെന്ന്  പിള്ളയുടെ ആത്മകഥയിലുണ്ട്. നല്ലവനും ശുദ്ധനുമായ എ.കെ. ആന്റണിയെ  ചതിച്ച സ്വാശ്രയ മാനേജ്‌മെന്റുകളെ ‘ദൈവം പനപോലെ വളർത്തുന്ന ദുഷ്ടൻമാർ’ എന്നാണ് പിള്ള വിശേഷിപ്പിച്ചത്. ഇങ്ങനെ പിണറായിമുതൽ പിള്ളവരെ ആബാലവൃദ്ധം വാഴ്ത്തുന്ന,  കേരളസമൂഹത്തിന്റെ പ്രശ്നങ്ങൾക്കെല്ലാം  ലാടവൈദ്യന്റെ ലാഘവത്തോടെ പരിഹാരങ്ങൾ നിർദേശിക്കുന്ന  ആന്റണിയെക്കുറിച്ച് ഓർക്കുമ്പോൾ ആ പഴയ മുദ്രാവാക്യം ഓർമയിലെത്തും- ‘ആന്റണി ആരെന്നറിയാമോ, കേരള നാടിന്നഭിമാനം!’

 ഈ മുദ്രാവാക്യത്തിന് ഒരു ചരിത്രമുണ്ട്. സ്വാശ്രയ മാനേജ്‌മെന്റുകളുടെ കൊള്ള വിദ്യാർഥിരാഷ്ട്രീയത്തിലൂടെ തടയണമെന്ന് ആന്റണി മോഹിക്കുമ്പോൾ ചരിത്രത്തിൽനിന്ന് ഒരു സമരകഥ വേരോടെ പിഴുതെടുക്കേണ്ടിവരും. 1972-ൽനടന്ന ‘കോളേജ് സമരം.’ ആന്റണിയെ ഒരണസമരത്തിന്റെ നായകനായി ചിത്രീകരിച്ച് വിലകുറച്ചുകാണിക്കാനാണ് എല്ലാവരും ശ്രമിക്കാറ്.  അതിലും എത്രയോ വലുതായിരുന്നു കോളേജ് സമരം. സ്വകാര്യ കോളേജുകളിലെ കഴുത്തറപ്പൻ ഫീസ് കുറച്ച് സർക്കാരിന് തുല്യമായി ഏകീകരിക്കാനായിനടന്ന സമരം. കോളേജ് നടത്തിയിരുന്ന  ബിഷപ്പുമാരും സമുദായ പ്രമാണിമാരും വിദ്യാഭ്യാസ സംരക്ഷണസമിതിയുടെ പേരിൽ ഒരുവശത്തും മറുവശത്ത് കോൺഗ്രസും അതുൾപ്പെടുന്ന അച്യുതമേനോന്റെ സർക്കാരും. സമരക്കാരെ ധീരമായി നേരിട്ടത് എ.കെ. ആന്റണിയും.

 മാനേജ്‌മെന്റുകൾ കോളേജുകൾ അടച്ചിട്ടു.  ബദൽകോളേജുണ്ടാക്കി തിരിച്ചടിക്കാൻ  ആന്റണി ആഹ്വാനംചെയ്തു. കേരള സർവകലാശാലാ യൂണിയൻ ചെയർമാനായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരുവനന്തപുരത്ത് വിദ്യാർഥികളുടെ കോളേജ് തുറന്നു. സമുദായപ്രമാണിമാർ ലോറികളിൽ കുടിലുകൾകെട്ടി ‘അന്തോണിവിലാസം ഷെഡ്‌കോളേജ്’ എന്ന ബോർഡ് തൂക്കിയിട്ട് ബദൽകോളേജിനെ പരിഹസിച്ചു. അഖിലേന്ത്യാ ബിഷപ്‌സ് കൗൺസിൽ അധ്യക്ഷൻ കർദിനാൾ ജോസഫ് പാറേക്കാട്ടിൽ ‘സാത്താനേ പോ’ എന്ന് കൽപ്പിച്ചു. ന്യൂനപക്ഷാവകാശങ്ങളെ തൊട്ടാൽ കുറുവടികൊണ്ടല്ല, മഴുത്തായകൊണ്ട്‌ നേരിടുമെന്ന് ബിഷപ്പ് ജോസഫ് കുണ്ടുകുളം വെല്ലുവിളിച്ചു. ഈ ബിഷപ്പിന്  അന്ന് ഉമ്മൻചാണ്ടി ബൈബിൾഭാഷയിൽ നൽകിയ മറുപടികേട്ടാൽ   ഇന്ന് നമുക്ക് വിശ്വസിക്കാനാവില്ല-‘വാളെടുക്കുന്നവൻ വാളാൽ മരിക്കും.’ ഈ പാപക്കറ കഴുകിക്കളയാൻ  അറേബ്യയിലെ അത്തറ് മുഴുവൻ പിന്നീട് ഉമ്മൻചാണ്ടിക്ക് ഇറക്കുമതിചെയ്യേണ്ടിവന്നിരിക്കും.

  ഫീസ്‌ ഏകീകരിച്ചതിന്റെ നഷ്ടം നികത്തിയാൽ മതം രക്ഷപ്പെടുമോയെന്ന് ചോദിച്ചത് സാക്ഷാൽ വയലാർ രവി . സ്വതന്ത്രചിന്തയുടെ ഉറവിടമായ വിദ്യാഭ്യാസസ്ഥാപനങ്ങളെ സ്റ്റാറ്റസ്കോ വാദികളുടെ കൈകളിൽനിന്ന് മോചിപ്പിക്കണമെന്ന് കെ.എസ്.യു. പ്രസിഡന്റ് വി.എം. സുധീരൻ പ്രഖ്യാപിച്ചപ്പോൾ വിദ്യാർഥികൾ ആർത്തുവിളിച്ചു-ധീരാ, വീരാ, വീരസുധീര, ധീരതയോടെ നയിച്ചോളൂ. അന്നുവീണ ധീരനെന്ന ദുഷ്പേര് ഇപ്പോഴും സുധീരനെ വേട്ടയാടുന്നു. തിരുമൂലപുരത്തുവെച്ച് കാറിനുള്ളിൽ കൈയിട്ട് സംരക്ഷണസമിതിക്കാർ ആന്റണിയുടെ കഴുത്തിന് പിടിച്ചു. ഇതാണെടാ, അന്തോണി, തട്ടെടാ... എന്ന്‌ നിലവിളിച്ചു. സുധീരന്റെ കാർ തടഞ്ഞുനിർത്തി ഡ്രൈവറുടെ കരണത്തടിച്ചു. ആദ്യവിമോചനസമരത്തിൽ അരങ്ങേറ്റം നടത്തിയ ആന്റണിതന്നെ മാനേജ്‌മെന്റിന്റെ സമരത്തെ  അലസിപ്പോയ വിമോചനസമരം എന്ന് കളിയാക്കി.

  കോളേജ്‌സമരത്തിന്റെ മുന്നണിപ്പോരാളികളിൽ പലരും  ഭൂതകാലം ജപിച്ച് കുഴലിലാക്കി അരഞ്ഞാണത്തിലെ ഏലസ്സാക്കിനടക്കുന്നു. ആന്റണിക്കാകട്ടെ, ഭൂതകാലത്തിന്റെ കുളിരേയുള്ളൂ ആശ്വസിക്കാൻ. വിദ്യാർഥിരാഷ്ട്രീയം ഏതൊക്കെ കോടതി നിരോധിച്ചിട്ടും സർക്കാർ കോളേജുകളിൽ ഇപ്പോഴും പ്രതാപത്തോടെ വാഴുന്നു. പ്രിൻസിപ്പലിന്റെ കസേരചുട്ടും അവർക്ക് ചിതയൊരുക്കിയും ഇൻസ്റ്റലേഷൻ ഒരുക്കുന്നതിലാണ് അവരുടെ ശ്രദ്ധയെന്നേയുള്ളൂ. പിന്നെ  പരസ്പരം നിരോധിക്കലും. എസ്.എഫ്.ഐ. പാർട്ടിക്കോളേജിൽ കെ.എസ്.യു.വിനും എ.ബി.വി.പി.ക്കും നിരോധനം. എ.ബി.വി.പി. കോളേജിൽ എസ്.എഫ്.ഐ.ക്ക് നിരോധനം. ഒരു കോളേജിലും ആരെയും നിരോധിക്കാൻ ശേഷിയില്ലാത്തതിനാൽ കെ.എസ്.യു. ജനാധിപത്യത്തിനുവേണ്ടി മുറവിളിക്കുന്നു.

  സ്വാശ്രയ മാനേജ്‌മെന്റുകൾ പിള്ളാരെ പീഡിപ്പിച്ചുകൊല്ലാൻ തുടങ്ങിയതിനാൽ അവിടങ്ങളിൽ വിദ്യാർഥിരാഷ്ട്രീയം വരുന്നതിനെ സുഗതകുമാരിപോലും ഇനി എതിർക്കുമെന്ന് തോന്നുന്നില്ല. ഇങ്ങനെ ഏതെങ്കിലുംവഴിക്ക്  മാനേജ്‌മെന്റുകളുടെ കൊള്ളയ്ക്ക് തടയിടാനുള്ള മൂന്നാംവിമോചനസമരത്തിന് ആന്റണി നേതൃത്വം നൽകുമെങ്കിൽ സ്വാശ്രയ ചെകുത്താൻമാർക്ക് വിത്തിട്ടതിന് മാപ്പുകിട്ടും. ഒരു കൈ നോക്കുന്നോ? ഉമ്മൻചാണ്ടിയെ കിട്ടിയെന്ന് വരില്ല. രമേശ് ചെന്നിത്തലയ്ക്ക് ചരിത്രത്തിന്റെ ക്ലാസ്‌ വേണ്ടിവരും. ഇന്റേണൽ മാർക്ക് കൂട്ടിയിട്ടാലും ജയിക്കുമെന്ന് തോന്നുന്നില്ല. സുധീരൻ കൂടെനിന്നോളും. ധീരാ, വീരാ എന്ന് ഉച്ചത്തിൽ വിളിക്കേണ്ടിവരുമെന്നുമാത്രം. കെ.എസ്.യു.ക്കാരെ എന്തായാലും പ്രതീക്ഷിക്കണ്ട. അവിടെയിപ്പോൾ ബി.ജെ.പി.യിലെപ്പോലെ മിസ്ഡ് േകാൾ മെമ്പർഷിപ്പാണ്.   

** * **  

ഭാഗ്യമോ ഭാഗ്യക്കേടോ എന്നറിയില്ല. ഈ സ്വാശ്രയ ചെകുത്താൻമാരെയെല്ലാം പ്രതിനിധീകരിക്കാനുള്ള അസുലഭാവസരം കിട്ടിയിരിക്കുന്നത് ലോ അക്കാദമി ലോ കോളേജ് പ്രിൻസിപ്പൽ ലക്ഷ്മിനായർ എന്ന ധീരവനിതയ്ക്കാണ്. എല്ലാരുംചേർന്ന് അവരുടെ രാജി ആവശ്യപ്പെടുമ്പോൾ മറ്റക്കര ടോംസ്, പാമ്പാടി നെഹ്‌റു മുതലായ മാനേജ്‌മെന്റൻമാർ ഇതുകണ്ട് പൊട്ടിപ്പൊട്ടി ചിരിക്കുന്നുണ്ടാവും. ലോ അക്കാദമിയുടെ ഇനംപോലും തിരിയുന്നതിനുമുമ്പ് സ്വാശ്രയവിരുദ്ധരുടെ ശ്രദ്ധ മുഴുവൻ അങ്ങോട്ടായതിൽ എന്തോ ദുരൂഹതയുണ്ട്.  

  ഉളിയന്നൂർ പെരുന്തച്ചൻ ഉണ്ടാക്കിയ കുളത്തിന്റെ കഥ കേട്ടിട്ടില്ലേ.  ഓരോരോ വശത്തുനിന്ന് നോക്കിയാൽ അതിന്റെ രൂപം ഒാരോന്നായിരിക്കും. അതുപോലെയാണ്  ഈ അക്കാദമി. ചിലർക്കിത് അച്ഛന്റെ കോളേജാണ്. ചിലർക്ക് കൊച്ചച്ഛന്റേത്. ചിലർക്ക് മകളുടെ കോളേജ്. വേറെ ചിലർക്ക് ചെറുമകന്റേത്. പിന്നെ ചിലർക്ക് ഭാവി മരുമകളുടേത്. പുറത്തുനിന്ന് നോക്കിയാൽ പൂർണമായും സർക്കാരിന്റേതാണെന്ന് തോന്നും. അകത്തുകയറിയാലോ കുടുംബവകയും. ഏക്കറുകണക്കിന് സ്ഥലമുണ്ടെങ്കിലും പ്രമാണവും അഫിലിയേഷൻ രേഖയും ഒന്നുമില്ലത്രെ. കേരളത്തിന് പ്രമാണമുണ്ടോയെന്ന് ചോദിക്കുമ്പോലെയാണ് അക്കാദമിയുടെ അടിയാധാരം അന്വേഷിക്കുന്നത്. നമ്മുടെ രാഷ്ട്രീയക്കാരിൽ  ഭൂരിപക്ഷത്തിനും നിയമവിദ്യാഭ്യാസം നൽകുകയും അതുവഴി നാട്ടിൽ നിയമവും സമാധാനവും ഉറപ്പുവരുത്തുകയുംചെയ്ത ഈ കലാലായത്തിന് നവീന കേരളസൃഷ്ടിയിലുള്ള പങ്ക് മറക്കരുതെന്നുമാത്രമേ പോരാടുന്നവരോട് പറയാനുള്ളൂ. ഇവിടെ പഠിച്ചവരുള്ളതുകൊണ്ടുമാത്രമാണ് കേരള നിയമസഭയിൽ ദോശ ചുട്ടെടുക്കുന്ന വേഗത്തിൽ നിയമങ്ങൾ നിർമിക്കാനാവുന്നത്.

 കുട്ടികളെ മികച്ച അഭിഭാഷകരാക്കി മാറ്റുന്നത് ഒരു കലയാണ്. പാചകംപോലെ നല്ല ശ്രദ്ധയും നൈപുണ്യവും വേണ്ട കല. കറിവയ്ക്കുമ്പോൾ  ഇഞ്ചിയാണെങ്കിൽ തല്ലിച്ചതയ്ക്കേണ്ടിവരും. കുരുമുളകാണെങ്കിൽ പൊടിച്ചുതന്നെയിടണം. തേങ്ങയാണെങ്കിൽ ചുരണ്ടി പീരയാക്കണം. മീനും മാംസവുമൊക്കെ മുളകുപുരട്ടി വയ്ക്കണം. ചിലതിന് തീ കുറച്ചുമതി. ചിലതിന് ഫുൾ ഫ്ളെയിം തന്നെവേണം. ചിലത് അടുപ്പിലിരിക്കുമ്പോൾ ഒളിക്യാമറപോലെ പാചകക്കാർ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കണം. അല്ലെങ്കിൽ ചട്ടിയുടെ അടിയിൽ പിടിക്കും. ഇതുപോലെയാണ് പിള്ളാരുടെ കാര്യവും. ഓരോന്നിനും ഓരോതരം ട്രീറ്റ്‌മെന്റ് വേണം.  ചിലർക്ക് ഹാജർ കൂടുതലുണ്ടാവും. പക്ഷേ, ഇന്റേണൽ കുറച്ചിട്ടാൽമതി. ചിലർക്ക് ഹാജർ കുറവാണെങ്കിലും ഇന്റേണൽ കൂടുതൽ വേണം. ഇതാണ് ലോ അക്കാദമിയിൽ നടക്കുന്നത്.

  ഇതിൽ പിള്ളാർക്ക് സ്വാഭാവികമായി കുണ്ഠിതമുണ്ടാവും. അതുകൊണ്ടാണ് സി.പി.എം. സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്, ഇവിടെ നടക്കുന്നത് രാഷ്ട്രീയസമരമല്ലെന്ന്. അടുക്കള പ്രശ്നമാണെന്ന് സഖാവ് പറഞ്ഞില്ലെന്നേയുള്ളൂ. എസ്.എഫ്.ഐ.ക്കാർ എന്തുചെയ്താലും അതിൽ രാഷ്ട്രീയമുണ്ടെന്നാണ് നമ്മൾ കേട്ടിരുന്നത്. അങ്ങനെയല്ലെന്ന് മനസ്സിലായസ്ഥിതിക്ക് കോളേജിനുപുറത്ത്  സെക്രട്ടേറിയറ്റിനുമുന്നിൽ എസ്.എഫ്.ഐ. നടത്തുന്നതൊക്കെ അക്രമമായിമാത്രം നമ്മൾ കണ്ടാൽമതിയാവും. സി.പി.എമ്മിന് നാണക്കേട് ഏതൊക്കെ വഴിക്കാണാവോ വരുന്നത്? എന്നാലും, അങ്ങാടിയിൽ തോറ്റതിന് സ്വന്തം പിള്ളാരെ തള്ളിപ്പറയേണ്ടതില്ലായിരുന്നു.

** * **

ഈ സ്വാശ്രയകോളേജുകളൊക്കെ പൂട്ടി കേരളത്തിലെ പിള്ളാരെ മതിലുകെട്ടാൻ പഠിപ്പിക്കുന്നതാവും നല്ലത്. ഐ.ടി.ക്കാരെക്കാൾ അമേരിക്കയിലും യൂറോപ്പിലും മതിലുപണിക്കാർക്കാണ് ഇപ്പോൾ ഡിമാൻഡ്‌. ട്രംപിന് ഇന്ത്യൻ ഐ.ടി.ക്കാരെയൊന്നും വേണ്ട. അങ്ങേര് മെക്സിക്കൻ അതിർത്തിയിൽ 3200 കിലോമീറ്ററുള്ള മതിലുകെട്ടാൻ പോകുന്നു. ബ്രിട്ടണും ഫ്രാൻസും അവരുടെ അതിർത്തിയിൽ  മതിലുപണി തുടങ്ങിക്കഴിഞ്ഞു. ഹംഗറിയും കെട്ടുന്നുണ്ട്. പണ്ട് ഇന്ത്യയിലെ നാട്ടുരാജാക്കൻമാരാണ് ഇങ്ങനെ അതിർത്തികളിൽ കോട്ടകെട്ടി കളിച്ചിരുന്നത്. വലിയ പുരോഗതി നേടിയ പാശ്ചാത്യരും പ്രാചീനഭാരതത്തെ അനുകരിക്കുന്നതിൽ നമ്മൾ ആഹ്ലാദിക്കണം. ആർഷഭാരതം പാശ്ചാത്യസംസ്കാരത്തിനുമേൽ ആധിപത്യംനേടുമെന്ന് പണ്ട് ആരൊെക്കയോ പ്രവചിച്ചിട്ടുണ്ടല്ലോ.