സോഷ്യലിസത്തിന് നടക്കാനായി ചെരുപ്പുവാങ്ങാൻ വിട്ടയാൾ ഫാസിസത്തോടൊപ്പം കടന്നുകളഞ്ഞ കാഴ്ചയാണ് ബിഹാറിൽ. അവിടത്തെ മതേതര മഹാസഖ്യത്തിന്റെ മണ്ടചീഞ്ഞിരിക്കുന്നു. രാജ്യത്തെ മതേതരവാദികൾ ഇത്രയും കാലം നിതീഷ്‌കുമാറിൽ പ്രതീക്ഷ അർപ്പിക്കുകയായിരുന്നില്ല, മറിച്ച് ഇദ്ദേഹത്തെ വെറുതേ സംശയിക്കുകയായിരുന്നു എന്നുവേണം കരുതാൻ. മൂത്താശ്ശാരി ലാലുവിന്റെ സൂപ്പർവിഷനിൽ  മേക് ഇൻ ബിഹാർ മതേതരസഖ്യം വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുകയാണ് നിതീഷെന്നാണ് അടുത്തകാലംവരെ ഇവർ കരുതിയിരുന്നത്.  2019-ൽ ഈ സാധനം ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയവിപണി കീഴടക്കുമെന്ന് നിരുവിച്ച് അവർ മനപ്പായസം കുടിച്ചതിന് കണക്കില്ല. രാംനാഥ് കോവിന്ദിന് നിതീഷ് കൈകൊടുത്തതോടെ ഈ വിശ്വാസമൊന്ന് ഉലഞ്ഞെങ്കിലും ചതി ഇത്രവേഗം എത്തുമെന്ന് പ്രതീക്ഷിച്ചില്ല. 

 നിതീഷോ, ചുവരെഴുത്ത് വായിക്കാൻ മഹാമിടുക്കൻ. ഈ സ്വപ്നജീവികൾ കരുതുന്നപോലെ താനൊരിക്കലും പ്രധാനമന്ത്രിയാവില്ലെന്ന് എന്നേ അങ്ങേരുടെ ചുവരിൽ തെളിഞ്ഞുകഴിഞ്ഞു. എന്നും ഒരു കുർസി കുമാറായി ജീവിച്ച  തന്നിൽ ഈ പാവങ്ങൾ എന്തിനിത്ര പ്രതീക്ഷയർപ്പിക്കുന്നുവെന്ന് ആലോചിച്ച് ഒരുവേള നിതീഷ്തന്നെ അന്തം വിട്ടുപോയിട്ടുണ്ടാവും. പ്രതീക്ഷകളുടെ ഭാരമെല്ലാം ഇറക്കിവെച്ച് പഴയ കൂട്ടുകാർക്കൊപ്പം മനസ്സമാധാനത്തോടെ ഭരണസവാരി തുടരാൻ തീരുമാനിച്ച നിതീഷിന് നല്ലൊരു ‘ഹാവൂ’ ആശംസിക്കുന്നു. 

നിതീഷ് ഒറ്റരാത്രികൊണ്ട് ബി.ജെ.പി. ചേരിയിലേക്ക് മാറി വീണ്ടും മുഖ്യമന്ത്രിയായത് മഹാപാതകമായി ചിത്രീകരിക്കുന്നവർ അദ്ദേഹത്തിന് സ്വന്തം ഭൂതകാലത്തിന്റെ ആനുകൂല്യം നിഷേധിക്കരുത്. ഇത് ഘർ വാപ്പസിയല്ലാതെ മറ്റൊന്നുമല്ല. 2002-ൽ ഗുജറാത്ത് കലാപം നടക്കുമ്പോൾ നിതീഷ് വാജ്‌പേയി സർക്കാരിന്റെ റെയിൽവേമന്ത്രിയുടെ കസേരയിലായിരുന്നു. അന്ന് വീണ വായിച്ചോ എന്നറിയില്ല. പക്ഷേ, കലാപത്തെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. തൊട്ടുപിന്നാലെ ഇദ്ദേഹം ബിജെ.പി.യുമായിച്ചേർന്ന് ബിഹാറിൽ സർക്കാരുണ്ടാക്കി. എൻ.ഡി.എ.സഖ്യം വിട്ടിട്ട് ഇപ്പോൾ നാലുവർഷംപോലും ആയില്ല. മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കിയപ്പോഴാണ് നിതീഷിന് എൻ.ഡി.എ.വേണ്ടാതായത്. താനാണ് അടുത്ത പ്രധാനമന്ത്രിയെന്ന് ഇദ്ദേഹം ധരിച്ചുവശായിരുന്നു. ഇത് നടക്കാതെ സഖ്യം വിടേണ്ടിവന്നപ്പോൾ നിതീഷ്  സംഘ് മുക്ത് ഭാരത് എന്ന പുതിയ മന്ത്രം ജപിക്കാൻതുടങ്ങി. മോദി വർഗീയവാദിയായി. 

നിതാന്തശത്രുവായ ലാലുപ്രസാദ് യാദവും കോൺഗ്രസുമായി മഹാസഖ്യത്തിലേർപ്പെടുന്നതാണ് പിന്നെക്കാണുന്ന കാഴ്ച. കാലിത്തീറ്റ കുംഭകോണം ഫെയിം ലാലു അന്നേ അഴിമതി പ്രമാണി.  നാട്ടിൽ മാത്രമല്ല, വീട്ടിലും സോഷ്യലിസ്റ്റ്. ജയിലിൽപ്പോയപ്പോൾ ഭാര്യയ്ക്ക് കിരീടം കൈമാറി ജനാധിപത്യത്തിനും സോഷ്യലിസത്തിനും പുതിയ മാനം ചമച്ചവൻ. അതൊന്നും നിതീഷിന് തടസ്സമായില്ല.  അന്ന് ലാലു നിതീഷിന് അഴിമതിക്കാരനായിരുന്നില്ല. ഇന്ന് മോദി വർഗീയവാദിയുമല്ല. ഇതൊന്നും നിതീഷ് അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല. മനസ്സാക്ഷി പറയുന്നതാണ്.  ലാലുവുമായി ചേർന്നതും വിട്ടതും മനസ്സാക്ഷി പറഞ്ഞിട്ട്. മോദിയുമായി പിരിഞ്ഞതും ചേർന്നതും അങ്ങനെത്തന്നെ. അമ്മോ, ഇതെന്ത് മനസ്സാക്ഷിയെന്ന് നാട്ടുകാർ സംശയിക്കുന്നുണ്ടാവാം. ചിലരുടെ മനസ്സാക്ഷി അങ്ങനെയാണ്. മനസ്സാക്ഷിക്കുത്ത് തീരേയുണ്ടാവില്ല. പുറമേയ്ക്ക് നോക്കുമ്പോൾ ആദർശത്തിന്റെ ബ്രാൻഡും കാണും. ഇവരെക്കുറിച്ച് ആലോചിച്ച് മറ്റുള്ളവരുടെ മനസ്സാക്ഷി വേദനിച്ചുകൊണ്ടേയിരിക്കും. 

രാഷ്ട്രീയം സാധ്യതകളുടെ കലയാണ്. മതേതരവാദികൾ ഏതോ ദുർബല നിമിഷത്തിൽ നിതീഷിൽ സാധ്യതകണ്ടു. നിതീഷോ, തന്റെ സാധ്യതകൾ മാത്രം മുന്നിൽക്കണ്ടു. വഞ്ചിക്കപ്പെട്ടതിൽ മതേതരവാദികൾ ആത്മാർഥമായി ദുഃഖിക്കുന്നുണ്ട്. പറ്റിച്ചേ, പറ്റിച്ചേ എന്നുവിളിച്ച് നിതീഷിന് കൈയടിച്ച് ചിരിക്കാവുന്നതാണ്.  

******
 സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കുന്ന കാര്യത്തിൽ മാസങ്ങൾ നീണ്ട ചർച്ചയാണ് സി.പി.എം. നടത്തിയത്. ചർച്ചയല്ലാതെ വേറെ പണിയൊന്നും ഇവർക്കില്ലെന്ന് തോന്നും. മാർപ്പാപ്പയെ തീരുമാനിക്കുന്നത്  ഇതിനെക്കാൾ എത്രയോ എളുപ്പം!  ഒടുവിൽ എ.കെ.ജി. മന്ദിരത്തിൽ നിന്നുയർന്നത് കറുത്ത പുക. കോൺഗ്രസുമായി ചേർന്ന് യെച്ചൂരി മത്സരിക്കുന്നതിനെ കാരാട്ട് പക്ഷം വോട്ടുചെയ്ത് തോൽപ്പിച്ചിരിക്കുന്നു. യെച്ചൂരി രാജ്യസഭയിൽ പോകണമെന്ന് വാദിച്ചത് ബംഗാൾ ഘടകവും അവരുടെ കേരള ചാപ്റ്റർ  നേതാവ് വി.എസ്. അച്യുതാനന്ദനും മാത്രം.  ജ്യോതി ബസു പ്രധാനമന്ത്രിയാവുന്നത്  തടഞ്ഞതുപോലുള്ള ഈ തീരുമാനത്തെ പാർട്ടിയുടെ രണ്ടാം ഹിമാലയൻ വിഡ്ഢിത്തമെന്ന്  വ്യാഖ്യാനിക്കുന്നവരുണ്ട്. 

കോൺഗ്രസിന്റെ പിന്തുണയുണ്ടെങ്കിലേ യെച്ചൂരി ജയിക്കൂ. പിന്തുണയ്ക്കാൻ കോൺഗ്രസ് തയ്യാറും. പക്ഷേ, പ്രശ്നമതല്ല. ഈ പാർട്ടിയിൽ എന്തും രണ്ടുതവണയേ പാടുള്ളൂ. മൂന്നാമതായാൽ ഹറാം. രാജ്യസഭയിലേക്ക് മൂന്നാമതും പോകണമെന്നത് ചർച്ചയാക്കിയ യെച്ചൂരി പാർട്ടിക്ക് വലിയ അവമതിപ്പ് ഉണ്ടാക്കിയത്രേ. അദ്ദേഹം രാജ്യസഭയിൽപ്പോയാൽ പ്രകൃതിക്ഷോഭം ഉണ്ടാകുമെന്നതല്ല പ്രശ്നം. കോൺഗ്രസിന്റെ പിന്തുണ സ്വീകരിച്ചാൽ കേരളത്തിൽ സി.പി.എമ്മിന്റെ പ്രസക്തി ചോരും. സി.പി.എമ്മിന്റെ സാന്നിധ്യം ഭാവിയിലും കേരളത്തിലെങ്കിലും ഉറപ്പുവരുത്താനുള്ള പിണറായിയുടെയും കൂട്ടരുടെയും ഈ ശ്രമം ശ്ലാഘനീയംതന്നെ.  അപ്പോൾ, 2019-ൽ മോദിക്ക് കടിഞ്ഞാണിടാൻ അവതരിക്കുമെന്ന് കരുതുന്ന പ്രതിപക്ഷ പാർട്ടികളുടെ ഐക്യനിരയുടെ കാര്യമെന്താവുമെന്ന് മതേതരവാദികൾ ഉത്കണ്ഠപ്പെടുന്നുണ്ടാവും. ബിഹാറിലെ മഹാസഖ്യത്തിന്റെ പുകകാണാൻ പത്തിരുപത് മാസമെടുത്തെങ്കിൽ പ്രതിപക്ഷ ഐക്യനിര പിറക്കുമുമ്പേ പൊഹയാവും. 

nakhasikantham@gmail.com