പ്രചോദനത്തിന്റെ ജന്തുശാസ്ത്രം പലവഴിക്കാണ്. നെപ്പോളിയന് ചിലന്തിയെങ്കിൽ നരേന്ദ്രമോദിക്ക് കഴുത. തോറ്റുതൊപ്പിയിട്ട് ഏതോ ഗുഹയിൽ ചിന്താക്ലാന്തനായിരുന്ന നെപ്പോളിയന്റെ നിരാശ മാറ്റിയത് ഒരു ചിലന്തിയാണെന്ന് കേട്ടിട്ടുണ്ട്. പലവട്ടം വീണിട്ടും തളരാതെ വലകെട്ടിയ ചിലന്തിയെക്കണ്ട് നെപ്പോളിയൻ വീണ്ടും വാളൂരി പുറപ്പെട്ടെന്നാണ് കഥ. അദ്ദേഹം ചിലന്തിയെക്കണ്ട് ജയിക്കാൻ പഠിച്ചെങ്കിൽ മോദി കഴുതയെക്കണ്ട് ഭരിക്കാനാണ് പഠിച്ചത്. യു.പി.യിലെ തിരഞ്ഞെടുപ്പ് റാലിയിൽ കഴുത തന്നെ പ്രചോദിപ്പിക്കുന്ന വിധം മോദി അവതരിപ്പിച്ചത് നാട്ടുകാരെ ഹഠാദാകർഷിച്ചിട്ടുണ്ട്. ഇതുവരെ തങ്ങളാണ് കഴുതകളെന്ന് തെറ്റിദ്ധരിച്ചിരുന്ന ജനത്തിന് ആശ്വാസവും  തങ്ങൾ മോശക്കാരാണെന്ന് വിചാരിച്ചിരുന്ന കഴുതകൾക്ക് വല്ലാത്ത ആത്മവിശ്വാസവും നൽകുന്ന പ്രഖ്യാപനമാണ് അദ്ദേഹം നടത്തിയത്. കഴുതകൾക്ക് വോട്ടുണ്ടായിരുന്നെങ്കിൽ യു.പി.യിൽ ബി.ജെ.പി.യുടെ ജയസാധ്യതയെപ്പറ്റി തെല്ലുശങ്കയും വേണ്ടായിരുന്നു. 
 യു.പി.യിൽ നടക്കുന്നത് തിരഞ്ഞെടുപ്പ് പ്രചാരണമല്ല, വിടുവായന്മാരുടെ ദേശീയസമ്മേളനമാണെന്ന് തോന്നും. നേതാക്കന്മാരെല്ലാം അവിടെയെത്തുമ്പോൾ വായിൽത്തോന്നുന്നതെന്തും വിളിച്ചുകൂവുന്ന കോതാക്കന്മാരാവും. രാഹുൽതമാശകളുടെ സ്‌റ്റോക്ക് തീർന്നു. അഖിലേഷാണ് മോദിയുടെ പുതിയ ഇര. യാദവകുമാരന്റെ ന്യൂനപക്ഷപ്രേമം മോദിക്ക് സഹിക്കുന്നില്ല. കഴുതകളുടെ പരസ്യം നൽകുന്ന ഗുജറാത്തികൾ തന്നെ ന്യൂനപക്ഷപ്രേമിയെന്ന് കുറ്റപ്പെടുത്തുന്നോയെന്ന് അഖിലേഷിന്റെ മറുചോദ്യം. 
  ഇതുകേട്ട് ഗുജറാത്തികളാകെ കഴുതപ്രേമികളാണെന്ന് വിചാരിക്കരുത്. അവിടെ ലിറ്റിൽ റാൻ ഓഫ് കച്ചിൽ കാട്ടുകഴുതകളുടെ സങ്കേതമുണ്ട്. കണ്ടാലും കരഞ്ഞാലും ഒരുപോലയിരിക്കും നാട്ടിലെ സാദാ കഴുതകൾ.  ഈ കഴുതകൾ അങ്ങനെയല്ല. ഇത്തിരി മുഖപ്രസാദമുള്ള കൂട്ടരാണ്. കഴുതയിൽ നിന്ന് പുറപ്പെട്ട്  കുതിരയിൽ എത്തിച്ചേരാത്ത കുഴിതകളാണിവ. വൻകരയിൽ ഇവയെ ഇവിടെമാത്രമേ കാണാനാവൂ. ഗുജറാത്ത് വിനോദ സഞ്ചാരവകുപ്പ് ഇവയെപ്പറ്റി വീഡിയോ ഇറക്കിയതാണ് കഴുതപ്രേമമായി അഖിലേഷ് വ്യാഖ്യാനിച്ചത്. 
  ആര് ആരെ ആക്രമിച്ചാലും മോദി സഹിക്കും. പക്ഷേ, കഴുതവിരുദ്ധരെ കണ്ടുകൂടാ. കാരണമുണ്ട്. യജമാനന്റെ അട്ടുംതുപ്പുമേറ്റ്, വിശപ്പുപോലും മറന്ന് പണിയെടുക്കുന്നവയാണ്  കഴുതകൾ. അവയാണ് ജനങ്ങൾക്കുവേണ്ടി പണിയെടുക്കാൻ അദ്ദേഹത്തെ പഠിപ്പിച്ചത്. ജനമാണ് മുതലാളി. അവർ പറഞ്ഞാൽകേൾക്കുന്ന കഴുതയാണ് പ്രധാനമന്ത്രി. ഇതാണ് മോദിയുടെ പുതിയ തിയറി. 
  ഇന്ത്യൻ ജനാധിപത്യത്തിന് കഴുതയുമായുള്ള ആത്മബന്ധം പണ്ടേ സ്ഥാപിതമാണ്. പൊതുജനം കഴുതയാണ്. ഈ കഴുതകളാണ് നേതാക്കളെ തിരഞ്ഞെടുക്കുന്നത്. ഇതായിരുന്നു ഇതുവരെയുള്ള അംഗീകൃതദർശനം. മതേതരത്വംപോലെ, ഇന്ത്യയിലെ പഴഞ്ചൻ നടപ്പുരീതികളെയെല്ലാം അട്ടിമറിക്കാൻ ഇറങ്ങിത്തിരിച്ച മോദി  ഈ ദർശനത്തെയും തിരുത്തിയിരിക്കുന്നു. കഴുതകൾക്ക് ഇനി തലയുയർത്തി നടക്കാം. നൂറുകോടിച്ചില്ലറ ജനസംഖ്യയുള്ള ഇന്ത്യാമഹാരാജ്യത്തിലെ പ്രധാനമന്ത്രിയെ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ പഠിപ്പിച്ചത് തങ്ങളാണെന്ന അഹങ്കാരത്തോടെ. ഇനിയൊട്ടും വൈകരുത്. കഴുതയെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാഗ്യമുദ്രയായി ഉടൻ പ്രഖ്യാപിക്കണം. 
  പ്രധാനമന്ത്രി എല്ലാം പഠിച്ചത് കഴുതകളിൽ നിന്നാണെന്ന് തെറ്റിദ്ധരിക്കരുത്. ദീപാവലിയും റംസാനും തമ്മിലുള്ള വ്യത്യാസം കഴുതകൾക്ക് അറിയാൻ വഴിയില്ല. കബർസ്ഥാനും  ശ്മശാനവും തിരിച്ചറിയാനും അവയ്ക്ക് കഴിയില്ലെന്നാണ് തോന്നുന്നത്. ആവുമായിരുന്നെങ്കിൽ അവ എന്നേ മനുഷ്യരായി മുദ്രകുത്തപ്പെടുമായിരുന്നു.  പക്ഷേ, നോട്ടുനിരോധനം അദ്ദേഹം പഠിച്ചത് അവയിൽ നിന്നാവാൻ സാധ്യതയുണ്ട്.  കാരണം, കഴുതകൾ പണം കൈകാര്യം ചെയ്തതായി ചരിത്രത്തിലെങ്ങുമില്ല.  

** * **
മോദിയുടെ അനുയായിയായ കെ. സുരേന്ദ്രന് വിനയത്തിന്റെ കഴുതത്തിയറിയിൽ ഒട്ടും വിശ്വാസമില്ല. കൊന്നതെല്ലാം വിളിച്ചുപറഞ്ഞതോടെ മന്ത്രിസ്ഥാനത്തേക്ക്‌ വാഴ്ത്തപ്പെട്ട വൺടൂത്രീ മണിയാശാനാണ് അദ്ദേഹത്തിന്റെ ആരാധനാപാത്രം. ജനാധിപത്യവും കഴുതകളും തമ്മിലുള്ള കൊടുക്കൽവാങ്ങലല്ല, വോട്ടും  ക്വട്ടേഷനും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിലാണ് അദ്ദേഹത്തിന്റെ സൈദ്ധാന്തിക മിടുക്ക്. പാർട്ടിക്ക് വോട്ടുകൂടുന്തോറും രാഷ്ട്രീയക്കൊലപാതകങ്ങൾ കുറയുമെന്നാണ് മംഗളുരു പ്രസംഗത്തിൽ അദ്ദേഹം അവതരിപ്പിച്ച തിയറി. ബി.ജെ.പി.യുടെ രാഷ്ട്രീയ കൊലപാതകം ഈസ് ഇൻവേഴ്‌സിലി പ്രപ്പോഷണൽ ടു പാർട്ടിക്ക് കിട്ടുന്ന വോട്ട്. 
 അഞ്ചുലക്ഷം അതായത്, രണ്ടുശതമാനം മാത്രം വോട്ടുകിട്ടിയ സമയത്ത് ബി.ജെ.പി. അടിച്ചതിനെല്ലാം തിരിച്ചടിച്ചു. കൊന്നതിനെല്ലാം തിരിച്ചുകൊന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് 30 ലക്ഷം, അതായത് 16 ശതമാനമായതോടെ മറ്റുള്ളവരുടെ ജീവനുവേണ്ടിയുള്ള വിശപ്പും പ്രതികാരദാഹവുമെല്ലാം മാറി. തിരിച്ചടിയും മറുപടിക്കൊലയും നിർത്തി. എന്നുവെച്ച് നല്ലകുട്ടികളൊന്നുമായില്ല. കവലച്ചട്ടമ്പികൾ ലൊക്കേഷൻ മാറ്റുന്നതുപോലെ, കേരളത്തിൽ ചെയ്യാനുള്ളത് അയൽസംസ്ഥാനങ്ങളിലേക്ക് മാറ്റി. ഇതുവരെ കേട്ടിട്ടില്ലാത്ത സംഘർഷകയറ്റുമതി. ഭോപ്പാലിൽ മുഖ്യമന്ത്രി പിണറായി വിജയനെത്തടഞ്ഞ് വിജയകരമാക്കിയ ഈ തന്ത്രം മംഗളുരുവിൽ തുടങ്ങുന്നതിനുള്ള അവതരണഗാനത്തിലാണ് സുരേന്ദ്രനും വൺടുത്രീ പാടിയത്. 
  ചുരുക്കത്തിൽ, കേരളത്തിലെ സംഘികളും കമ്മികളും തമ്മിലുള്ള പ്രശ്നത്തിൽ അയൽനാട്ടുകാർക്ക് കിടക്കപ്പൊറുതിയില്ലാതായി. സ്വസ്ഥമായി അധ്വാനിച്ച് ജീവിക്കുന്ന അന്നാടുകളിലെ പാവങ്ങളുടെമേൽ ഹർത്താൽ അടിച്ചേൽപ്പിക്കുന്നു. ഹർത്താലിന്റെ രുചിയറിഞ്ഞാൽ അവരെല്ലാം  മലയാളികളെപ്പോലെ മഹാമന്ദൻമാരായി മാറും. ഹർത്താൽകയറ്റുമതി ചെയ്ത് പാവങ്ങളെ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലരുത്. 
  കേരളത്തിന് വെളിയിൽ പിണറായിയെ തടയാനുള്ള സംഘപരിവാറിന്റെ ഈ നീക്കം അദ്ദേഹത്തിന് രാജ്യവ്യാപക പ്രശസ്തി നേടിക്കൊടുക്കാനുള്ള സൂത്രപ്പണിയാവാനാണ് സാധ്യത. ഇവിടെ കൊച്ചുകുഞ്ഞിനുപോലും പരിചയമുണ്ടെങ്കിലും രാജ്യവ്യാപകമായി അദ്ദേഹത്തെ അധികംപേർക്ക് അറിയില്ല. ഈ കുറവ് പരിഹരിക്കാൻ അധികാരമേറ്റപ്പോൾ ഡൽഹിയിലെ പത്രങ്ങളുടെയെല്ലാം  ഒന്നാംപേജിൽ പിണറായിയുടെ ഫുൾസൈസ് പടംവെച്ച് പരസ്യം കൊടുത്തു. എന്നിട്ടും കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ പോലും പിണറായിയെക്കണ്ടപ്പോൾ പനീർസെൽവമല്ലേയെന്നാണ് ചോദിച്ചത്.  ബി.ജെ.പി.വക രാജ്യവ്യാപകപരസ്യം ഫ്രീയായി കിട്ടുന്നതോടെ പിണറായിയുടെ ദുരവസ്ഥ മാറിക്കോളും. 
 16 ശതമാനം വോട്ടുകിട്ടിയാൽ അടിയും തിരിച്ചടിയും നിർത്തണമെന്ന സുരേന്ദ്രന്റെ തിയറി അനുസരിച്ചാൽ സി.പി.എമ്മുകാർ എന്നേ ആശ്രമങ്ങളിലേക്ക് ചേക്കേറി  നാമംജപം തുടങ്ങേണ്ടതായിരുന്നു.  കേരളം പിറന്നകാലം മുതൽ മുപ്പതും നാൽപ്പതും ശതമാനം വോട്ടാണ് കമ്യൂണിസ്റ്റുകൾക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.  ‘മരങ്ങൾ താഴുന്നു ഫലാഗമത്തിനാൽ’ എന്ന് ശാകുന്തളത്തിലുണ്ട്. അങ്ങനെയാണെങ്കിൽ കമ്മ്യൂണിസ്റ്റുകൾ ചാഞ്ഞ് നിലംപൊത്തേണ്ട സമയമായി.  

** * **
നായിക ഐ.പി.എസ്സുകാരിയാണെങ്കിലും ആൾക്കൂട്ടക്കവലയിൽവെച്ച് അശ്ലീലം പറഞ്ഞും അവരുടെ ബെൽറ്റിനുള്ളിൽ കൈയിട്ടും പൗരുഷം തെളിയിക്കുന്ന നായകൻ-മിക്ക മലയാളസിനിമയുടെയും വൺലൈനർ ഇങ്ങനെ ഒതുക്കാം.  ഇത് സ്ത്രീവിരുദ്ധമാണെന്ന് വാദിച്ചാൽ പലവഴിക്ക് അടിമേടിച്ച് പഞ്ചറാകേണ്ടിവരും.   ജിവിതത്തിൽ നിന്ന് മാന്തിപ്പറിച്ചെടുത്ത മഹത്തായ കഥയെ വിമർശിച്ചവരെ നാടുകടത്താൻ വൈതാളികർ വിധിക്കും. സ്ത്രീകളും മനുഷ്യരാണെന്ന്  ഈ സിനിമാലോകം മനസ്സിലാക്കാൻ ഒരു നടിക്ക്‌ അപമാനം സഹിക്കേണ്ടിവന്നു. ഇനിയിപ്പോൾ ഗുണ്ടകൾ അമ്മാനമാടുന്ന സിനിമകൾക്കുപകരം ഫെമിനിസ്റ്റ് സിനിമകളുടെ തോരാമഴയാവും. കൈയടിക്കാൻ നമുക്ക് തയ്യാറെടുക്കാം.  
 ഒരമ്മയുടെ കീഴിൽ മാക്ട, കോഫ്ട തുടങ്ങിയ വിചിത്രജീവികളും അസംഖ്യം ഫെഡറേഷനുകളുമാണ് മലയാള സിനിമ ഭരിക്കുന്നതെന്ന തെറ്റിദ്ധാരണയും ജനത്തിന് മാറിക്കിട്ടി. അവിടെ ഭരിച്ചുകൊണ്ടിരുന്ന  പൾസർ സുനി, വടിവാൾ സലീം. ഷാഫ്റ്റ് മണികണ്ഠൻ തുടങ്ങി പീക്കിരി ഗുണ്ടകളെ നോക്കി മീശപിരിക്കാനും നാല് ഇംഗ്ലീഷ് വർത്തമാനം പറയാനും ആരും ഉണ്ടായില്ല. ജസ്റ്റ് റിമമ്പർ ദാറ്റ് എന്നൊരു താക്കീതെങ്കിലും  നേരത്തേ നൽകിയിരുന്നെങ്കിൽ! പൾസർ പറ്റിച്ചുവെന്ന് എം.എൽ.എ.നടൻപോലും ജാള്യതയില്ലാതെ വിലപിക്കുന്നതും കണ്ടു. 
 കുറ്റക്കാരെ  ശിക്ഷിക്കുന്ന സ്ഥലമാണ് കോടതിയെന്നാണ്  ഇതുവരെ എല്ലാരും കരുതിയിരുന്നത്. അതല്ല, കുറ്റംചെയ്താൽ പോലീസ് പിടിക്കാതിരിക്കാൻ ഓടിക്കേറേണ്ട സ്ഥലമാണ് കോടതിയെന്ന് ചില വക്കീലൻമാർ പറയുന്നു.
 മാനവും പണവുംകൊടുത്ത് ഇവരുടെ പണി സംരക്ഷിക്കേണ്ട ബാധ്യത ജനത്തിനാണത്രെ.  കുറ്റകൃത്യങ്ങൾ ചെയ്യുക. ഓടി കോടതിയിൽ കയറുക. കറുത്തകോട്ടുണ്ടെങ്കിൽ കാര്യങ്ങൾ കൂടുതൽ സുരക്ഷിതം. കോട്ട് എവിടെയെങ്കിലും ഊരിവെയ്ക്കുമ്പോൾ വക്കീലൻമാർ ജാഗ്രതപാലിക്കണം. പൾസറുമാർ റാഞ്ചാൻ ഇടയുണ്ട്. 

nakhasikantham@gmail.com