നഖശിഖാന്തം
സ്വതന്ത്രന്‍

ബി.ജെ.പി.യിലെ മിസ്ഡ് കോൾ സംസ്കാരത്തിന് പുതുമാനം കൈവന്നിരിക്കുന്നു. അങ്ങോട്ട് മിസ്ഡ് കോൾ അടിച്ചാൽ അംഗത്വം കിട്ടുന്ന സോഫ്റ്റ്‌വേർ മാത്രമാണ് ഇതുവരെ അവർക്കുണ്ടായിരുന്നത്.  ഇങ്ങോട്ട് മിസ്ഡ് കോൾ കിട്ടുന്നവരെ മന്ത്രിയാക്കുന്നതാണ് പുത്തൻ കണ്ടുപിടിത്തം. ചിങ്ങത്തിലെ ഒരു വെളുപ്പാൻകാലത്ത് ഏഴ് മിസ്ഡ് കോൾ കണ്ട് ഞെട്ടിയ അൽഫോൻസ്‌ കണ്ണന്താനം തെറിച്ചുവീണത് കേന്ദ്രമന്ത്രിയുടെ കസേരയിലേക്കാണ്. അതും പാർട്ടിയുടെ സംസ്ഥാന മേധാവി  കുമ്മനം രാജശേഖരൻപോലും അറിയാതെ. ഒരുതരം ഡീമോണിട്ടൈസേഷൻ. നേരം ഇരുട്ടിവെളുത്തപ്പോൾ കുമ്മനം, മുരളീധരൻ നോട്ടുകൾ അസാധു. പുത്തൻ രണ്ടായിരംപോലെ കണ്ണന്താനത്തിന്റെ പളപളപ്പ്. 
 Nakhashinkanthamഅങ്ങനെ ഇന്ത്യാചരിത്രത്തിലെ ആദ്യത്തെ മിസ്ഡ് കോൾ മന്ത്രിയായി മലയാളിയായ അൽഫോൻസ്‌ കണ്ണന്താനം തിരഞ്ഞെടുക്കപ്പെട്ടതോടെ കഠിനഹൃദയനായ പിണറായി വിജയൻപോലും ആനന്ദക്കണ്ണീർ പൊഴിച്ചു. ദേവന്മാരുടെ കാര്യം പിന്നെ പറയാനുണ്ടോ. മണ്ണുംചാരി നിന്നിട്ടും സംഗതി ഒത്തതിനാൽ കണ്ണുമഞ്ഞളിച്ചിട്ടാവണം കണ്ണന്താനത്തിന് മോദിയെക്കണ്ടപ്പോൾ ക്രിസ്തുവാണെന്ന് തോന്നിപ്പോയി.
പക്ഷേ, നിർഭാഗ്യവശാൽ അന്നൊരു ഞായറാഴ്ചയായിരുന്നു. കാത്തുകാത്തിരുന്ന മന്ത്രിപദം കേരളത്തിന് കരഗതമായിട്ടും ഇവിടത്തെ ബി.ജെ.പി.ക്കാർക്ക് ഒരു ലഡുപോലും പൊട്ടിക്കാനൊത്തില്ല. ഞായറാഴ്ചകളിൽ ബി.ജെ.പി. ഓഫീസുകളിൽ സാധാരണ പ്രവർത്തകർ ഉണ്ടാകില്ലത്രെ. അതുകൊണ്ട് മാത്രമാണ്  ഓലപ്പടക്കംപോലും പൊട്ടിക്കാനാവാത്തതെന്ന് കുമ്മനം കുമ്പസരിച്ചതായി പത്രത്തിൽക്കണ്ടു. ഞായറാഴ്ച കേരളത്തിലെ ബി.ജെ.പി.ക്ക് അവധിയാണെന്ന് അമിത് ഷാ അറിഞ്ഞിട്ടുണ്ടാവില്ല. അറിഞ്ഞാലും സത്യപ്രതിജ്ഞ മാറ്റിവെയ്ക്കാൻ പോകുന്നില്ല. അല്ലെങ്കിലും ഇവിടെ വെള്ളംകോരിയും വിറകുവെട്ടിയും നടക്കുന്നവരെ ഈ പാർട്ടിക്ക് ഒരുകാലത്തും വേണ്ടല്ലോ. അവർക്ക് സുരേഷ് ഗോപിയെ മതി, റിച്ചാർഡ് ഹേയെ മതി, കണ്ണന്താനത്തെ മതി.  
 സാരമില്ല. ഇന്നുമുതൽ കണ്ണന്താനത്തിന് കേരളത്തിൽ ആഘോഷവരവേൽപ്പാണ്. ഒരുകുഴപ്പമേയുള്ളൂ.  ഇന്ന് ഞായറാഴ്ചയാണ്. എങ്കിലും അവധി റദ്ദാക്കി  പ്രവർത്തകരെല്ലാം എഴുന്നള്ളത്തിന് എത്തുമെന്ന് കരുതട്ടെ. അവരില്ലെങ്കിലും പ്രശ്നമാവില്ല. ആഘോഷം ഗംഭീരമാക്കാൻ ആള് വേറെയുണ്ട്.  കേന്ദ്രത്തിൽ ബി.ജെ.പി. ഭരണം മണക്കുമ്പോൾ പാലാ-കാഞ്ഞിരപ്പള്ളി-പൂഞ്ഞാർ ബെൽറ്റിൽനിന്ന് ഒരു കുഞ്ഞാട് വഴിതെറ്റുന്നത് പതിവാണ്. മന്ത്രിസഭ കൃത്യം മൂന്നുവർഷം പിന്നിടുമ്പോൾ  ആ കുഞ്ഞാടിനെ ഡൽഹിയിൽ മന്ത്രിക്കസേരയിലെ പതുപതുപ്പിലാണ് പിന്നെ കാണാനാവുന്നത്. ഇത്തവണയും വഴിതെറ്റിയ കുഞ്ഞാട് സുരക്ഷിത കരങ്ങളിൽ പതിവുസമയത്തുതന്നെ എത്തിച്ചേർന്നിരിക്കുന്നു. ആചാരം മുടങ്ങാത്തതിൽ ഇടയന്മാർക്ക് സന്തോഷിക്കാതെ തരമില്ലല്ലോ. 
 കണ്ണന്താനത്തിന് കിട്ടിയ വകുപ്പ് ടൂറിസമാണ്. പക്ഷേ, ബീഫ് നിർമാർജന വകുപ്പിന്റെ ചുമതലകൂടി ഉണ്ടെന്ന് അദ്ദേഹത്തിന്റെ വർത്തമാനം കേട്ടിട്ട് തോന്നുന്നു. അതിനാൽ കേരളത്തിലെ ടൂറിസത്തിന്റെ വികസനത്തിന് ഈ മന്ത്രിയെക്കൊണ്ട് ഗുണമുണ്ടാകില്ലെന്ന ആശങ്ക പരന്നിട്ടുണ്ട്. അടച്ചിട്ട ബാറുകളെല്ലാം തുറന്നുവെച്ച് ടൂറിസ്റ്റുകളെ കാത്തിരിക്കുകയാണ് ഇവിടത്തെ  ഇടതന്മാർ. കുപ്പി സംസ്ഥാനം ഉറപ്പാക്കും. തൊട്ടുകൂട്ടാൻ ബീഫിന് കേന്ദ്രത്തിന്റെ താങ്ങുവേണം. ഇതാണ് ടൂറിസത്തിലെ പുതിയ കേന്ദ്ര- കേരള പങ്കാളിത്തം. 
  തുടക്കത്തിൽ ഇതിന് അനുകൂല നിലപാട് എടുത്ത കണ്ണന്താനം പെട്ടെന്ന് വാക്കുമാറിക്കളഞ്ഞു.  ടൂറിസ്റ്റുകൾ അവരുടെ നാട്ടിൽനിന്ന് ബീഫ് കഴിച്ചിട്ട് ഇങ്ങ് പോന്നാൽ മതിയെന്നാണ് ഇപ്പോൾ കണ്ണന്താനത്തിന്റെ പക്ഷം. മിച്ചം വരുന്നത് പൊതിഞ്ഞെടുക്കാമോ എന്ന കാര്യത്തിൽ അദ്ദേഹം പിന്നീട് നയം വ്യക്തമാക്കുമായിരിക്കും. 
 എന്നാലും വല്ലാത്ത ചതിയായിപ്പോയി. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനയാത്ര കേന്ദ്രം വിലക്കിയതിനാൽ ഭീഷണിനേരിടുന്ന കേരള ടൂറിസത്തെ കണ്ണന്താനത്തിന്റെ ബീഫ് കാർഡുകളി തെല്ലൊന്നുമല്ല ബാധിക്കാൻ പോകുന്നത്. എന്നിട്ടും കാളക്കറിക്ക് സദാ അടുപ്പത്ത് വെള്ളംവെച്ച് കാത്തിരിക്കുന്ന ഡി.വൈ.എഫ്.ഐ. ക്കാരൊന്നും കണ്ണന്താനത്തിനെതിരെ ഇതുവരെ ബീഫ് ഫെസ്റ്റിവലിന് വിസിലടിച്ചിട്ടില്ല.  അഞ്ചാണ്ട് കൂടെ ഉണ്ടായിരുന്നതല്ലേ. മോദിയെക്കാൾ പത്തുവർഷം മുന്നേ ഈ മുത്തിനെ കണ്ടുപിടിച്ചത് പിണറായി വിജയനല്ലേ. മഹാന്മാർ ഒരുപോലെ ചിന്തിക്കും. വലിയ മഹാൻ നേരത്തേ ചിന്തിക്കും. കണ്ണന്താനത്തിന്റെ കാര്യത്തിലും കൂടുതൽ മഹാൻ പിണറായി തന്നെ. 
  എൽ.ഡി.എഫിലുണ്ടായിരുന്ന കണ്ണന്താനമല്ല ഇപ്പോഴത്തെ കണ്ണന്താനം. നല്ല പുരോഗതിയുണ്ട്. താനൊരു മികച്ച രാഷ്ട്രീയക്കാരനാണെന്ന് ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം  തെളിയിച്ചിരിക്കുന്നു. ഇന്ന് പറയുന്നതല്ല നാളെ പറയുന്നത്. നാളെ പറയുന്നതല്ല മറ്റന്നാൾ പറയാനിരിക്കുന്നത്. കാത്തിരുന്നുകാണാം. 
***********
 ഇഹലോകത്ത് മഹാന്മാർ നീചന്മാരെ പിന്തുടർന്ന് കണ്ടിട്ടില്ല. കഷ്ടപ്പെട്ട് നേടിയ നീചനെന്ന പേരിന് കോട്ടം തട്ടാതിരിക്കാൻ നീചന്മാർ മഹാന്മാരെയും പിന്തുടരാറില്ല. എന്നാൽ, സോഷ്യൽ മീഡിയ എന്നറിയപ്പെടുന്ന ഇഹവും പരവുമല്ലാത്ത ത്രിശങ്കുവിൽ ഈ ചിട്ടയൊന്നും ബാധകമല്ല. അവിടെ മഹാന്മാർ നീചന്മാരെയും നീചന്മാർ മഹാന്മാരെയും  ഉളുപ്പില്ലാതെ പിന്തുടരും.  കൊലവെറികളെയും രാഹുൽഗാന്ധിയെയും അരവിന്ദ് കെജ്‌രിവാളിനെയും പ്രധാനമന്ത്രി മോദി ഒരുപോലെ പിന്തുടരും. രാഹുൽഗാന്ധി തിരിച്ച് മോദിയെയും വെറിയന്മാരെയും പിന്തുടരും. ഇത് വളർത്തുദോഷമല്ല. സാങ്കേതികവിദ്യയുടെ അനുഗ്രഹമെന്ന് മാത്രം വിചാരിച്ചാൽ മതി. 
 പ്രധാനമന്ത്രി നരേന്ദ്രമോദി  ട്വിറ്ററിൽ ചില നീചന്മാരെ പിന്തുടരുന്നതാണ് ഇപ്പോൾ രാജ്യത്തെ ബുദ്ധിജീവികളെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്.  ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നതിൽ കൈയടിക്കുന്ന ചില ദുഷ്ടജന്മങ്ങൾ  അടക്കിവെയ്ക്കാനാവാത്ത അവരുടെ ആഹ്ലാദം ഫെയ്‌സ് ബുക്കിലും ട്വിറ്ററിലുമൊക്കെ കാഷ്ഠിച്ചുവെയ്ക്കുന്നുണ്ട്. ഇങ്ങനെയുള്ള നീചരെ രാജ്യത്തെ പ്രധാനമന്ത്രി പിന്തുടരുന്നത് ഇവർക്ക് സഹിക്കാവുന്നതല്ല. ഇവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.  
  ഒരാളെ കൊന്നതിൽ സന്തോഷിക്കുന്നവർ സജ്ജനങ്ങളാണെന്ന് അവർപോലും അവകാശപ്പെടാൻ വഴിയില്ല. മനോവൈകൃതം വെളിപ്പെടുത്തിയിട്ടും  തങ്ങളുടെ കൊലവെറി സന്ദേശങ്ങൾ തുടർന്നും പിന്തുടരുന്നവർ തങ്ങളെപ്പോലെയാണെന്ന് അവരെങ്കിലും തെറ്റിദ്ധരിക്കാൻ ഇടയുണ്ടുതാനും. പ്രധാനമന്ത്രി ഇങ്ങനെ തെറ്റിദ്ധരിക്കപ്പെടുമെന്ന തെറ്റിദ്ധാരണ ആർക്കുംവേണ്ട. ഗുജറാത്ത് കലാപകാലത്തും ഇപ്പോഴും ഒരു പട്ടിക്കുട്ടി വണ്ടിക്കടിയിൽപ്പെട്ടാൽപ്പോലും വേദനിക്കുന്ന മനസ്സുള്ളവനാണ് അദ്ദേഹം. മൻ കീ ബാത്തിലെ ചില സൂചനകളിലൂടെയല്ലാതെ ഇത് മനസ്സിലാക്കാൻ നമുക്ക് വേറെ വഴിയില്ല. 
  നീചരെ മോദി േബ്ലാക്ക് ചെയ്തില്ലെങ്കിൽ  മോദിയെ തങ്ങൾ ബ്ലോക്ക് ചെയ്യുമെന്നാണ് പരിവാരശത്രുക്കളുടെ  വെല്ലുവിളി. ‘പോ മോനേ മോദി’ എന്ന പഴയ കാമ്പയിൻപോലെ ‘ബ്ലോക്ക് നരേന്ദ്രമോദി’ എന്ന മുറവിളിയിലാണിവർ. മോദിയെ ബ്ലോക്ക് ചെയ്യുകയോ? ആഗ്രഹം  ഇത്തിരി കടുത്തുപോയെന്ന്  പറയാതെവയ്യ. പണ്ട് പരീക്ഷിത്ത് രാജാവ് തക്ഷകനെ ബ്ലോക്ക് ചെയ്യാൻ ശ്രമിച്ചപോെലയാവും ഇത്. തടയാൻ സർവസന്നാഹങ്ങളും ഒരുക്കിയിട്ടും പഴത്തിലൊരു പുഴുവായോ മറ്റോ ആണല്ലോ തക്ഷകൻ ഒടുവിൽ കൊട്ടാരത്തിനുള്ളിൽ എത്തിയത്. ആധാരത്തിലൂടെ മാത്രമല്ല, ആഹാരത്തിലൂടെയും കടന്നുവരാൻ കെല്പുള്ള ഇന്ത്യാചരിത്രത്തിലെ ഏക ഭരണാധികാരിയാണ് മോദി. 
 പുരാണത്തിലേക്കൊന്ന് വഴിതെറ്റിപ്പോയി. മുന്നിലുള്ള നൈതിക പ്രശ്നം ഇതാണ്. എവിടെയായാലും നീചരെ പിന്തുടരുന്ന മഹാന്മാർ യഥാർഥത്തിൽ മഹാന്മാരാണോ? ഈ മഹാന്മാരെ പിന്തുടരുന്നവർ മഹാന്മാരാണോ, അതോ  നീചരോ? 
 ചോദ്യമെറിഞ്ഞശേഷം പതിവുപോലെ വേതാളം വിക്രമാദിത്യനെ ഒന്നുനോക്കി. ഉത്തരം പറഞ്ഞില്ലെങ്കിൽ തല പൊട്ടിത്തെറിക്കുമെന്ന മട്ടിൽ. അപ്പോൾ വിക്രമാദിത്യൻ വേതാളത്തോട് പുച്ഛത്തോടെ ചോദിച്ചു; ദാഭോൽകർ, കലബുർഗി, പാൻസരെ, ഗൗരി... ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിച്ച ഇവർക്കൊക്കെ എന്തുപറ്റിയെന്ന് നിനക്ക് അറിയുമോ?  വേതാളം ചോദ്യം പിൻവലിച്ച് തലകീഴായി തൂങ്ങിക്കിടന്ന് വിക്രമാദിത്യന് ശുഭയാത്ര നേർന്നു. 

nakhasikantham@gmail.com