തൊട്ടതെല്ലാം വിവാദമാക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂർ ക്ഷേത്രദർശനവും വിവാദമായിരിക്കുന്നു. പാർട്ടി  സെക്രട്ടേറിയറ്റ് ചർച്ചചെയ്തിട്ട് എത്തുംപിടിയും കിട്ടാത്തതുകൊണ്ടും കടകംപള്ളി സംസ്ഥാനവിഷയമായതുകൊണ്ടും പ്രശ്നം സംസ്ഥാനസമിതിക്ക് വിട്ടിരിക്കുകയാണ്. ബിനാമികളെക്കൊണ്ട് പൂമൂടിച്ചെന്ന് പഴികേട്ട കോടിയേരി ബാലകൃഷ്ണൻ അത്യുന്നതങ്ങളിൽ വിരാജിക്കുന്നതിനാൽ വീട്ടുകാർക്കുവേണ്ടി ഒരുപാവം ഗൃഹനാഥൻ നടത്തിയ പുഷ്പാഞ്ജലിക്ക് പെറ്റിക്കേസെടുക്കാനുള്ള സാധ്യതപോലും കാണുന്നില്ല. എന്നാലും ഏതെങ്കിലും മൗലികവാദികൾ കടുപ്പിച്ചാൽ രക്ഷപ്പെടാൻ കടകംപള്ളിക്ക്  ഒരു വഴി പറഞ്ഞുതരാം. താൻ തൊഴുതത് മാർക്സിസ്റ്റ് ഗുരുവായൂരപ്പനെയാണെന്ന് പറഞ്ഞേക്ക്. അവിടെത്തീരും പ്രശ്നം. 
 ദൈവങ്ങളുടെ ഭാഗത്തുനിന്ന് നോക്കിയാൽ കടകംപള്ളി നവോത്ഥാന നായകനാണ്. ദേവസ്വംമന്ത്രി മാർക്സിസ്റ്റാണെങ്കിൽ എണീറ്റുനിന്ന് ആ ഭവാനെ തൊഴേണ്ട ഗതികേടിലായിരുന്നു കേരളത്തിലെ ദൈവങ്ങൾ. വില്ലേജാഫീസർ റവന്യൂമന്ത്രിയെ തൊഴുന്നതുപോലെ. ഈ ദുരാചാരത്തെ തകിടംമറിച്ചുകൊണ്ട് ആദ്യമായൊരു മന്ത്രി ഭഗവാനെ അങ്ങോട്ട് തൊഴുതിരിക്കുന്നു. ഉള്ള വിശ്വാസം പ്രകടിപ്പിക്കാനാവാതെ വീർപ്പുമുട്ടിനടക്കുന്ന കമ്യൂണിസ്റ്റ് ഭീരുക്കൾക്ക് മുഖമടച്ചുള്ള അടിയാണ് വൈകിയാണെങ്കിലും കടകംപള്ളി നൽകിയത്.  കേരളത്തിന്റെ വിശ്വാസചരിത്രത്തിലെ വിപ്ലവകരമായ ചുവടുവെയ്പായി കാലമിതിനെ തങ്കലിപികളാൽ രേഖപ്പെടുത്തിക്കൊള്ളും.  
 ഒരുവനെ വിപ്ലവകാരിയാക്കുന്നതിൽ കുടുംബസാഹചര്യങ്ങൾക്കും  ജീവിതാനുഭവങ്ങൾക്കും നിർണായകപങ്കുണ്ട്. പല സഖാക്കന്മാരുടെയും അവരുടെ ആചാര്യന്മാരുടെയും വീട്ടുകാർ ഭക്തരാണ്. കടകംപള്ളിയുടെ കുടുംബാംഗങ്ങളാകട്ടെ സാദാ ഭക്തരല്ല. അവർ ഭക്തിപ്രസ്ഥാനക്കാരാണെന്ന് അദ്ദേഹംതന്നെ പറയുന്നു. നമ്മളൊക്കെ സാമൂഹ്യപാഠത്തിൽ പഠിച്ചിട്ടുള്ള, നൂറ്റാണ്ടുകൾക്കുമുമ്പ് നിലവിലിരുന്ന  ഭക്തിപ്രസ്ഥാനമില്ലേ, അതിന്റെ ജീവിച്ചിരിക്കുന്ന കണ്ണികളായിരിക്കണം ഇവർ. ഭക്തമീരയുടെയും തുക്കാറാമിന്റെയുമൊക്കെ പിന്മുറക്കാർ. ഇങ്ങ് തെക്ക് തെെക്കാരു ദേശത്ത് ഇവരെങ്ങനെ എത്തിപ്പെട്ടുവെന്ന് അറിയില്ല. 
ജീവിതാനുഭവത്തിന്റെ ഉയർച്ച താഴ്ചകൾ നോക്കിയാൽ ‘വിജയൻ പാതി ദൈവം പാതി’ എന്നതാണ് ഇന്നുകാണുന്ന കടകംപള്ളിയുടെ നിർമാണാനുപാതമെന്ന് ചിലർ വളരെ നേരത്തേ കണക്കുകൂട്ടിയിട്ടുണ്ട്.  ദൈവത്തിനുള്ളത് ദൈവത്തിനുകൊടുക്കണമല്ലോ. ദേവസ്വംമന്ത്രിയായിരിക്കുമ്പോഴാണ് ഇതിന് പറ്റിയ സന്ദർഭം. അല്ലാത്തപ്പോൾ ക്ഷേത്രത്തിൽ പോകാൻ തലയിൽ മുണ്ടു വേണ്ടിവരും. 
കടകംപള്ളിയുടെ പുഷ്പാഞ്ജലി റിവിഷനിസം ചർച്ചചെയ്യുമ്പോൾ സംസ്ഥാനസമിതി പഴയ ചില സംഭവങ്ങളിലേക്ക് തിരിഞ്ഞുനോക്കുമെന്ന് കരുതട്ടെ. പണ്ട്  ഭാര്യയെ അമ്പലത്തിലേക്ക് അനുഗമിച്ചതിന് സാക്ഷാൽ ഇ.എം.എസും കേട്ടിട്ടുണ്ട് പഴി. കമ്യൂണിസ്റ്റുകാരന്റെ ഭാര്യ കമ്യൂണിസ്റ്റുകാരിയല്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ഇ.എം.എസ്. അമ്പലപരിസരത്തുപോയെങ്കിലും  തൊഴാനും  അഞ്ജലിക്കാനും നിന്നില്ല. കാലംമാറിയില്ലേ. ഇന്ന് സഖാക്കന്മാർ നാട്ടുകാർക്കുവേണ്ടി മാത്രമല്ല, വീട്ടുകാർക്കുവേണ്ടിയും ജീവിക്കാൻ നിർബന്ധിതരായ ഉത്തരവാദ പ്രക്ഷോഭകാരികളാണ്. കടകംപള്ളി മന്ത്രം ഉരുവിട്ടതും പ്രശ്നമാക്കേണ്ടതില്ല. വാമൊഴിവഴക്കം പാർട്ടി സെക്രട്ടേറിയറ്റും സംസ്ഥാനസമിതിയും മുമ്പ് പലവട്ടം അംഗീകരിച്ചതാണ്. മന്ത്രവും വാമൊഴിവഴക്കം തന്നെ. സംസ്കൃതത്തിലാണെന്നേയുള്ളൂ. 
എന്നാലും ഭഗവാനേ, ഈ ഭക്തനെ തന്റെ സവിധത്തിലെത്തിക്കാൻ ഭക്തവത്സലനായ അവിടുന്നിടപെട്ട് അദ്ദേഹത്തിന്റെ ചൈനായാത്രവരെ റദ്ദാക്കിക്കളഞ്ഞെന്നോ? വിസ്മയാവഹം തന്നെ.  ചൈനയിൽപ്പോയി അവിടത്തെ ഏതോ ലോക്കൽക്കമ്മിറ്റി സെക്രട്ടറിയോട് കേരളത്തിലെ കൊതുമ്പു വള്ളങ്ങളെപ്പറ്റി ചർച്ചചെയ്ത് ഇന്ത്യയെ അപമാനിക്കുന്നതിനെക്കാൾ  എത്രയോ നല്ലതാണ് വീട്ടുകാരുടെ പുഷ്പാഞ്ജലിയുടെ പോസ്റ്റുമാനാവുന്നത്! 
******
കമ്യൂണിസ്റ്റുകൾക്ക് പാർട്ടിയിലും പദവികളിലുമുള്ള വിശ്വാസമല്ലാതെ ദൈവത്തിലുള്ള വിശ്വാസവും പ്രകടിപ്പിക്കാമോ എന്നതിൽ എത്രയും പെട്ടെന്ന് തീർപ്പുണ്ടാകുന്നത് നന്നായിരിക്കും. പ്ലീനങ്ങൾ പലതുകഴിഞ്ഞിട്ടും കോഴിയോ മുട്ടയോ ആദ്യം എന്നതുപോലെ നിത്യഹരിതമായ തർക്കവിഷയമായി ഇതിനിയും നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ല.  ഇത്തരം നിസ്സാര വിഷയങ്ങൾ കാരണം ഗൗരവപ്പെട്ടതൊന്നും ചർച്ച ചെയ്യാനാവുന്നില്ലെന്ന ദുര്യോഗം മലയാളികൾക്കുണ്ട്. ശരണം പ്രാപിച്ച ആസ്പത്രിയിൽനിന്ന് കുഞ്ഞിന് എയ്ഡ്‌സ് പിടിച്ചാലും ആകാശം ഇടിഞ്ഞുവീണാലും അതെല്ലാം മാറ്റിവെച്ച് സി.പി.എം. മന്ത്രി ഗുരുവായൂർ പോയത് ശരിയാണോ എന്ന് ചർച്ചിക്കാനുള്ള  പ്രലോഭനത്തിൽ നിന്ന് എത്രയും പെട്ടെന്ന് മലയാളികളെ രക്ഷിക്കണം, പ്ലീസ്. 
 അണികൾക്ക് വിശ്വാസമാവാം. അംഗങ്ങൾക്ക് അമ്പലക്കമ്മിറ്റികൾ പിടിച്ചെടുക്കാം. കുറേ നേതാക്കന്മാർക്കുമാത്രം വിശ്വാസം പ്രകടിപ്പിക്കാൻ പാടില്ല. അവരുടെ കുടുംബാംഗങ്ങൾക്കുള്ള സ്വാതന്ത്ര്യംപോലും നിഷേധിക്കുന്നത് എന്തൊരു അന്യായം! നേതാക്കളുടെ ഭക്തിപ്രകടനം കൊണ്ട് ഈ പാർട്ടി തകർന്നുപോവുമെന്ന പേടിയൊന്നുംവേണ്ട. പാർട്ടിയെ തകർക്കാൻ പാർട്ടിതന്നെ പതിറ്റാണ്ടുകളായി അധ്വാനിച്ചിട്ടും പറയത്തക്ക പ്രയോജനമുണ്ടാകാത്ത സ്ഥിതിക്ക് ഭക്തിപ്രകടനം ശക്തിപ്രകടനമായി ഫലിക്കാനാണ് സാധ്യത.  
 കടകംപള്ളിയുടെ പുഷ്പാഞ്ജലിയെ സർജിക്കൽ സ്‌ട്രൈക്കായി കാണാനുള്ള ബുദ്ധി, പാർട്ടിയിൽ ചിലർക്കെങ്കിലും കാണാതിരിക്കില്ല. മൃത്യുഞ്ജയം തുടങ്ങിയ പൗരാണികായുധങ്ങളുടെ കുത്തക സംഘപരിവാരത്തിലെ കൊലവെറി പ്രാസംഗികർ സ്വന്തമാക്കാൻ ശ്രമിക്കുന്ന ഇക്കാലത്ത് ഹൈന്ദവവിശ്വാസം ആരുടെയും കുത്തകയല്ലെന്ന് തെളിയിക്കാനുള്ള തന്ത്രപ്രധാനമായ നീക്കമായിരുന്നില്ലേ യഥാർഥത്തിൽ ഇത്?   ഹൈന്ദവ വോട്ടുബാങ്ക് നിലനിർത്താനാണല്ലോ കണ്ണൂരിൽ ഇരുകൂട്ടരും പരസ്പരം പാവങ്ങളെ വെട്ടിക്കൊന്നുകൊണ്ടിരുന്നത്. കടകംപള്ളിയുടെ ലൈൻ അംഗീകരിച്ച് ഇനി പരിപാടിയൊന്ന് മാറ്റാം. ലക്ഷ്യം ഹൈന്ദവ മനസ്സാക്ഷിതന്നെ. മാർഗത്തിൽ മാത്രം കാലോചിതമായ മാറ്റം. 
ക്ഷേത്രദർശനം, വഴിപാട് ഇത്യാദി ഇനങ്ങളിൽ  കമ്യൂണിസ്റ്റുകളും ആർ.എസ്.എസുകാരും മത്സരിക്കട്ടെ.  കണ്ണൂരിൽ ശ്രീകൃഷ്ണ ജയന്തിക്ക് കുട്ടികളെ ആലിലയിൽ കെട്ടിയിട്ടും കെട്ടാതെയും നടത്തുന്ന പോരാട്ടംപോലെ. കമ്യൂണിസ്റ്റുകൾ ഒരു പുഷ്പാഞ്ജലി നേർന്നാൽ ആർ.എസ്.എസുകാർ രണ്ട് മൃത്യുഞ്ജയം നേരട്ടെ. അപ്പോൾ അങ്ങോട്ടൊരു ഗണപതിഹോമമാകാം. തിരിച്ചൊരു പൂമൂടൽ വന്നാൽ വാശിക്കൊരു ലക്ഷാർച്ചനയായിക്കോട്ടെ. അവർ പടിപൂജയെങ്കിൽ നമ്മൾ മാലപൂജ. അവർ നെല്ലുപറ നിറച്ചാൽ നമ്മൾ മഞ്ഞൾപ്പറ നിറയ്ക്കണം. വഴിപാടുകൾ ഗംഭീരമാകുമ്പോൾ ദേവസ്വങ്ങളുടെ വരുമാനം കൂമ്പാരമാവും. വീടുകളിലെ കണ്ണീർ അർച്ചനകളും നിലയ്ക്കും. 
*******
സ്വകാര്യത മൗലികാവകാശമാണെന്ന് ഭരണഘടനാബെഞ്ച് ഇടക്കാലത്ത് വിധിച്ചപ്പോൾ ആധാറിന്റെ ആധാരമിളകിയെന്നാണ് പാവം നാട്ടുകാർ കരുതിയത്. അത് തെറ്റിദ്ധാരണ മാത്രമായിരുന്നു. അന്നുമുതൽ കേന്ദ്രസർക്കാരിന് ആക്രാന്തമാണ്. എന്തിനെയും ഏതിനെയും ആധാറുമായി ബന്ധിപ്പിച്ചേ അടങ്ങൂ. വന്നുവന്ന് ശ്മശാനത്തിൽ മൃതദേഹങ്ങളുടെ ആധാർ ചോദിച്ചുതുടങ്ങിയിട്ടുണ്ടത്രെ. ഫോണിന്, ഡ്രൈവിങ് ലൈസൻസിന് എന്തിന് പ്രവാസികളുടെ ദാമ്പത്യത്തിനുപോലും ആധാർ ലിങ്ക് ചെയ്താലേ പറ്റൂവെന്ന് വന്നിരിക്കുന്നു.  
 ഇനിയും ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാർ വിട്ടുപോയ ചിലകാര്യങ്ങളുണ്ട്. അവ ചൂണ്ടിക്കാട്ടിയില്ലെങ്കിൽ രാജ്യദ്രോഹമാകും. എഴുത്തുകാരുടെ നാക്ക്, കഴുത്ത്, പേന, അവരുടെ കംപ്യൂട്ടർ  തുടങ്ങിയവയാണ് ഇതിൽ പ്രധാനം. അവർ രാജ്യത്തിനെതിരേ എന്തെങ്കിലും പറഞ്ഞാലോ എഴുതിയാലോ പെട്ടെന്നുതന്നെ തിരിച്ചറിയാനും ആദ്യ മുന്നറിയിപ്പ് എന്ന നിലയ്ക്ക് മൃത്യുഞ്ജയ ഹോമത്തിന് നിർദേശിക്കാനും ഇതിലൂടെ എളുപ്പം കഴിയും. ദേശീയഗാനം കേട്ടാൽ എഴുന്നേൽക്കാത്തവരെയും രാജ്യസ്നേഹമില്ലാത്തവരെയും മാവോവാദികളെയും  തിരിച്ചറിയാൻ അവരുടെ ഏതെങ്കിലും അവയവങ്ങളെ ആധാറുമായി  ബന്ധിപ്പിച്ചാൽ കഴിയുമോ എന്ന സാധ്യത പരിശോധിക്കപ്പെടണം. നാട് വൃത്തിയാക്കാതെ വന്ദേമാതരം പാടിനടക്കുന്ന ദേശവാസികളെയും ഇതിൽ ഉൾപ്പെടുത്താം. 
വീടിന്റെ മുൻവാതിലിന്റെ താക്കോൽ എന്തായാലും ആധാറുമായി ബന്ധിപ്പിച്ചേ പറ്റൂ. വാഹനം, പണപ്പെട്ടി എന്നിവയുടെ താക്കോലുകളെയും പരിഗണിക്കണം. പെണ്ണുങ്ങളുടെ കെട്ടുതാലി, കർഷകരുടെ കലപ്പ, ക്ഷുരകന്റെ കത്തി എന്നിവയും വിട്ടുപോകാൻ പാടില്ല. മിത്രോം,  തൊട്ടുതൊട്ടില്ലെന്ന മട്ടിൽ സമസുന്ദര ഗന്ധർവലോകം മുന്നിലായി നിൽക്കുകയാണ്. എല്ലാം എത്രയുംവേഗം ലിങ്കിപ്പിൻ.  
nakhasikantham@gmail.com