ബി.ജെ.പി. പ്രസിഡന്റ് അമിത്ഷാ ജാതിപറഞ്ഞ് അധിക്ഷേപിച്ചതോടെ തന്റെ മരണാനന്തര ജീവിതത്തിൽ ഗാന്ധിജി നേരിട്ടുകൊണ്ടിരുന്ന വലിയൊരു ഭീഷണിയാണ് ഒഴിവായത്. ഗാന്ധിഭക്തർക്കെല്ലാം ഇതിൽ ആശ്വസിക്കാം. മാസങ്ങൾക്കുമുമ്പ് പ്രധാനമന്ത്രി മോദിജി ചർക്കയ്ക്കുപിന്നിൽ ഗാന്ധിപ്പോസിൽ ഇരിക്കുന്ന ചിത്രം കണ്ടപ്പോൾ ഗാന്ധിജിയെ ഇതുവരെ തമസ്കരിച്ച സംഘപരിവാർ അദ്ദേഹത്തെ തസ്‌കരിച്ച് സ്വന്തമാക്കുമോ എന്നസംശയം വ്യാപകമായി ഉയർന്നിരുന്നു. സർദാർ പട്ടേലിനെ താമര ചൂടിച്ചപോലെ കോൺഗ്രസുകാർക്ക് വേണ്ടാത്ത ഗാന്ധിയെയും ഇവർ സ്വന്തമാക്കുമോ എന്നായിരുന്നു ആശങ്ക. തറവാടിന്റെ മഹിമപറയാൻ ആനയുള്ള ഏത് ഉപ്പൂപ്പാനെയും ഏറ്റെടുക്കാൻ ഇവർ തയ്യാറുമായിരുന്നു.  

 ഈ ഗാന്ധി മഹാനൊന്നുമല്ല, ബഹുത്തൊരു ചതുർ ബനിയ മാത്രമാണെന്ന് റായ്പുരിൽ ആളെവിളിച്ചുകൂട്ടി അമിത് ഷാ പറഞ്ഞിരിക്കുന്നു. എന്നുവെച്ചാൽ ബനിയ ജാതിയിൽപ്പിറന്ന മഹാകൗശലക്കാരൻ.  കോൺഗ്രസിന് പ്രത്യയശാസ്ത്രമില്ല. ഗാന്ധിക്കത് 'പ്രത്യേക ഉദ്ദേശ്യ കമ്പനി' മാത്രമായിരുന്നത്രേ. ബ്രിട്ടീഷുകാരിൽനിന്ന് സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള സൂത്രം. റോഡും പാലവും ഉണ്ടാക്കാൻ നമ്മുടെ  ധനമന്ത്രി കിഫ്ബി ഉണ്ടാക്കിയപോലൊരു ഏർപ്പാട്.  സ്വാതന്ത്ര്യം കിട്ടിയതോടെ കോൺഗ്രസ് പിരിച്ചുവിടാൻ ഗാന്ധിജി പറഞ്ഞത് ഇതുകൊണ്ടായിരുന്നു.  ബി.ജെ.പി. ഇങ്ങനെയുണ്ടാക്കിയതല്ലപോലും. അതൊരു വിവിധോദ്ദേശ്യ കമ്പനിയാണത്രേ. ഷായുടെ ഈ പറച്ചിൽ നൽകുന്ന ആശ്വാസം ഇതാണ്, ഇവർക്ക് ഗാന്ധിയെ വേണ്ട. ചർക്കയും ഖാദിയും മാത്രംമതി. ഈ ബനിയയെ വേണ്ട, അങ്ങേരുടെ ബനിയനുണ്ടെങ്കിൽ ഒന്നെടുത്തോ എന്ന മട്ട്. ജീവിച്ചിരിക്കുമ്പോൾ കാരണവരെ ഭത്സിക്കുക, മരണശേഷം അദ്ദേഹത്തിന്റെ കോളാമ്പിക്ക് അവകാശവാദം ഉന്നയിക്കുക. ഇതും ഒരു നാട്ടുനടപ്പാണല്ലോ. 

അമിത് ഷാ ഗാന്ധിജിയുടെ ജാതിപറഞ്ഞതിൽ കോൺഗ്രസുകാർക്ക് വല്ലാത്ത സങ്കടം!  ഗാന്ധിജിയെക്കുറിച്ച് രാഷ്ട്രത്തിന് ഇന്നേവരെ ഒരറിവും നൽകാൻ സാധിക്കാത്തവരാണ് ഈ കുറ്റപ്പെടുത്തുന്നത്. രാഷ്ട്രത്തിന് ജാതി നിശ്ചയിക്കാമെങ്കിൽ, പക്ഷിമൃഗാദികളോടുപോലും ജാതി ചോദിക്കാമെങ്കിൽ രാഷ്ട്രപിതാവിന്റെ ജാതി ചോദിക്കുന്നതിൽ എന്തുതെറ്റ്? പുതുതലമുറയ്ക്ക് ഇത് നല്ലൊരു പൊതുവിജ്ഞാനമല്ലേ. മയിലിന്റെ കണ്ണീർഭോഗംപോലുള്ള വൈജ്ഞാനിക വിസ്ഫോടനങ്ങളുടെ ഈകാലത്ത് പുത്തൻ അറിവുകൾക്കായി എല്ലാരും പരിവാറുകാരെയാണ് ഉറ്റുനോക്കുന്നതും. ഗാന്ധിയാകട്ടെ, ജീവിച്ചിരുന്നപ്പോൾ പലരും ജാതിചോദിച്ചെങ്കിലും മറച്ചുവെച്ചുകളഞ്ഞു. പണ്ടൊരിക്കൽ രാജ്യദ്രോഹക്കുറ്റത്തിന് ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്തപ്പോൾ മജിസ്‌ട്രേറ്റ് അദ്ദേഹത്തോട് ജാതി ചോദിച്ചത്രേ. കൃഷിക്കാരനും നെയ്ത്തുകാരനുമെന്നുപറഞ്ഞ് കോടതിയെ കബളിപ്പിക്കാനാണ് അന്നദ്ദേഹം ശ്രമിച്ചത്. 


അല്ലെങ്കിലും ജാതിയിലാണ് അമിത്ഷായുടെ കളി. ചേരാത്ത പലജാതികളെ ഏതോ പശതേച്ച് ഒട്ടിച്ച്  ബി.ജെ.പി.യുടെ നുകത്തിൽക്കെട്ടുന്ന ഒരുജാതി അഭ്യാസം ഇദ്ദേഹത്തിന് നന്നായി അറിയാമത്രേ. ഇതിലൂടെ ഇദ്ദേഹം ബി.ജെ.പി.യെ പല ബാലികേറാമലകളിലും കയറ്റിയതായി രാഷ്ട്രീയപണ്ഡിതർ പറയുന്നുണ്ട്. ഇദ്ദേഹം കേരളത്തിൽ വന്ന് വെള്ളാപ്പള്ളി നടേശന് ബി.ഡി.ജെ.എസ്. തുറന്നുകൊടുത്തത് ഓർമയില്ലേ? ഇതായിരുന്നു ആ തന്ത്രം. ആ കട ഉണ്ടോ, പൂട്ടിയോ അതോ സ്റ്റോക്കെടുക്കൽ അവധിയിലാണോ എന്നിനിയും വ്യക്തമല്ല. സോഷ്യൽ എൻജിനീയറിങ് എന്നാണ് ഷായുടെ ഈ ഏർപ്പാടിന് ഇംഗ്ലീഷിൽ പറയുന്നത്. മലയാളത്തിൽ ഇതിനുപകരം നല്ലവാക്കില്ല. ജാതിമത വർഗീയപ്രീണനം എന്നോ മറ്റോ പറയേണ്ടിവരും. ഇത്തിരി അശ്ലീലം ചുവയ്ക്കും. 

ബനിയക്കേസിൽ അമിത് ഷായെമാത്രം കുറ്റം പറയുന്നത് ചരിത്രത്തിന് നിരക്കില്ല. ഗാന്ധി കൗശലക്കാരനാണെന്നും പുണ്യാളനല്ലാത്ത വെറുമൊരു ‘ഹിന്ദു ബനിയ’ ആണെന്നും ഇദ്ദേഹമല്ല ഉറപ്പിച്ചത്. ലോർഡ് വേവൽ എന്നൊരു വൈസ്രോയി ഉണ്ടായിരുന്നു. അദ്ദേഹവും ഇദ്ദേഹത്തെപ്പോലെ ഗാന്ധിജിയിൽ മഹത്ത്വം കണ്ടിരുന്നില്ല. ഇടുങ്ങിയ മനസ്സും ഇരട്ടനാക്കുമുള്ള തികഞ്ഞ കൗശലക്കാരനായ ഹിന്ദുവായേ കണ്ടിരുന്നുള്ളൂ. വേവലും അമിത് ഷായും തമ്മിലുള്ള വേവ് ലങ്ത് നമുക്ക് മനസ്സിലാക്കാം. ഇരുവരും കോളനീകരണ വാദികളാണല്ലോ. ഒരാൾ ബ്രിട്ടീഷ് കോളനിയുടെ ആൾ. മറ്റെയാൾ പരിവാർ കോളനിയുടെയും. എന്നാലും ഗാന്ധിയെ കൗശലക്കാരൻ എന്ന് തരംകിട്ടുമ്പോഴൊക്കെ വിശേഷിപ്പിക്കാറുണ്ടായിരുന്ന ജിന്നയും അമിത് ഷായും തമ്മിലുള്ള ജന്മാന്തരബന്ധം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.  കാലമിത്രയായിട്ടും ഇന്ത്യ പിടിക്കാൻ അമിത്‌ഷായും കൂട്ടരും എന്തെല്ലാം വെയിലുകൊള്ളുന്നു. ​നാൽക്കാലികളെവരെ കൂട്ടുപിടിക്കുന്നു. ഗാന്ധിജി മഹാചതുർ ആയിരുന്നുവെന്നതിന്‌  ഇതിലും വലിയ തെളിവുവേണോ?

ആലപ്പുഴയിൽനിന്ന് കാണാതായ ഒരു ആപ്പിളിനെപ്പറ്റി പിണറായി വിജയന്റെ പോലീസ് അന്വേഷണം തുടങ്ങിയതായി ഉപശാലകളിൽ കിംവദന്തി പ്രചരിക്കുന്നുണ്ട്. ശൃംഗേരി മാഠാധിപതി ഭാരതീതീർഥ സ്വാമി മുഖ്യമന്ത്രിക്കായി മന്ത്രി തോമസ് ഐസക് വശം കൊടുത്തുവിട്ട ആപ്പിൾ. അതിനിയും ക്ലിഫ് ഹൗസിൽ എത്തിയിട്ടില്ലെന്ന് അറിയുന്നു. ഇതേപ്പറ്റി സി.പി.എം. സംസ്ഥാനകമ്മിറ്റി ചർച്ചചെയ്യാനും  അന്വേഷണക്കമ്മിഷനെ വെയ്ക്കാനും സാധ്യതയുണ്ടോ ആവോ?
ആലപ്പുഴ തട്ടകമാക്കിയ തോമസ് ഐസക്കും മന്ത്രി ജി. സുധാകരനും തമ്മിലുള്ള ശത്രുത സുപ്രസിദ്ധവും പൊതുവേദികളിൽ ഇവരുടെ സൗഹൃദം കുപ്രസിദ്ധവുമാണ്. ഐസക്കിന് സാമ്പത്തിക ശാസ്ത്രത്തിലാണ് ഡോക്ടറേറ്റ്. എന്തുവിഷയത്തിലും ഡോക്ടറേറ്റ് നേടാൻ പ്രാപ്തനായ പണ്ഡിതകേസരിയും സർവോപരി കവിയുമാണ് സുധാകരനെങ്കിലും എങ്ങനെയോ അദ്ദേഹത്തിന്റെ ശ്രദ്ധ ഇടക്കാലത്ത് സ്വാമിമാരുടെ കൗപീനരീതിശാസ്ത്രത്തിലേക്ക് വഴുതിപ്പോയിരുന്നു. 

ഈയിടെ ജന്മാന്തരനിയോഗംപോലെ ഇരുവരും ഒരുമിച്ച് ശൃംഗേരി മഠാധിപതിയുടെ മുന്നിൽ അനുഗ്രഹത്തിനായി എത്തി. ടൈമിങ് അല്പം പിഴച്ചുപോയി. ഐസക് മടങ്ങിയിട്ട് വരാനായിരുന്നത്രേ സുധാകരന്റെ പ്ലാൻ. ദർശനം വൈകിയതിനാൽ ഐസക്ക് മടങ്ങാൻ വൈകി. അങ്ങനെ ഇരുവരും സ്വാമിയുടെ മുന്നിൽ കൂട്ടിമുട്ടി. ഇ.എം.എസിനെക്കാൾ ഔന്നത്യംകുറഞ്ഞതെന്ന് താൻ വിശ്വസിക്കുന്ന ആദിശങ്കരന്റെ പരമ്പരയിലെ 36-ാം ശങ്കരാചാര്യരുടെ മുന്നിൽ ആപ്പിൾത്താലപ്പൊലിയുമായി സുധാകരൻ നിന്നു.  കാലത്തിന്റെ കുത്തൊഴുക്കിൽ ഒരു യുക്തിവാദികൂടി കീഴടങ്ങിയതിൽ ദൈവങ്ങൾ അപ്പോൾ പുഷ്പവൃഷ്ടി നടത്തിക്കാണണം.
 പക്ഷേ, സ്വാമികളുടെ നടപടി പൊളിറ്റിക്കലി ഒട്ടും കറക്ടായില്ല. ലോകം ചുറ്റാനിറങ്ങിയ ഗണപതിയുടെയും വേൽമുരുകന്റെയും കഥയിലെപ്പോലെ ഇവിടെയും സംഭവിച്ചു. ഇവിടെ പിണറായിയോട് ശരിക്കും സ്നേഹമുള്ള സുധാകരൻ അവഗണിക്കപ്പെട്ടു. പിണറായിക്കുള്ള ആപ്പിൾ അദ്ദേഹത്തിന്റെ മിത്രമല്ലാത്ത ഐസക്കിന് കിട്ടി. നാക്കുപാപിയായ സുധാകരനെ സ്വാമികൾ കർമഫലം അനുഭവിപ്പിക്കുകയായിരുന്നോ? ആർക്കറിയാം. എന്നാലും, ആ ആപ്പിൾ സുധാകരനെ ഏൽപ്പിച്ചിരുന്നെങ്കിൽ ആരുടെയും വയറ്റിലാകാതെ അത് പിണറായി വിജയന് മുന്നിലെത്തുമായിരുന്നു. ‘ആപ്പിളാണിന്നെന്റെ ദുഃഖം, കിട്ടാത്ത ആപ്പിളാണിന്നെന്റെ ദുഃഖം...’ മഹാകവേ, അങ്ങയുടെ പുതിയകവിതയ്ക്കായി കൈരളിക്ക് ദാഹിക്കുന്നു.

nakhasikantham@gmail.com