ലക്കും ലഗാനുമില്ലാത്ത ഡൊണാൾഡ് ട്രംപ് ഭരിക്കുന്ന അമേരിക്കയിൽ ഇനിയും വ്യതിയാനത്തിനുനിന്നാൽ തടികേടാവുമെന്ന് കാലാവസ്ഥയ്ക്ക് ബോധ്യപ്പെട്ടുകഴിഞ്ഞു. ആഗോളാടിസ്ഥാനത്തിൽ ട്രംപ് ഉത്‌പാദിപ്പിക്കുന്ന താപത്തോട് പിടിച്ചുനിൽക്കാനാവാതെ ആഗോളതാപനവും സുല്ലിട്ടുതുടങ്ങി. ഇവയെ നേരിടാൻ അമേരിക്കയ്ക്ക് ഇനിയും ഉടമ്പടിയുടെ ആവശ്യമില്ല. 
യൂറോപ്പിലെയും ബ്രിട്ടനിലെയും ഛോട്ടാ നേതാക്കൾക്ക് ഇതൊന്നും മനസ്സിലാവുന്നില്ല. ആഗോളതാപനം കുറയ്ക്കാനുള്ള പാരീസ് ഉടമ്പടിയിൽനിന്ന് അമേരിക്ക പിൻവാങ്ങിയത് ഇവർക്ക് ഒട്ടും രസിച്ചിട്ടില്ല. ഗോമാതാവിനെച്ചൊല്ലി ഭാരതസർക്കാർ വിലപിക്കുന്നതുപോലെ ഭൂമാതാവിനെച്ചൊല്ലി ഇവരും വിലപിക്കുന്നു. അമേരിക്ക പോനാൽ പോട്ടെ, ഉടമ്പടിയിൽ ഉറച്ചുനിൽക്കുമെന്ന് ഇവരൊക്കെ വീമ്പിളക്കുന്നു. എങ്കിലും  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ ആരും വലിയ ആത്മവിശ്വാസത്തിലല്ല. ആഗോളതാപനം നേരിടാൻ പാരീസ് ഉടമ്പടിക്കുമപ്പുറം പോകുമെന്നാണ് മോദി പറയുന്നത്. 
 വാസ്തവത്തിൽ മോദി ഇതിനായി വേറൊന്നും ചെയ്യേണ്ടതില്ല. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെയുള്ള രോഗങ്ങൾക്കും എന്തിന് പാപമുക്തിക്കുപോലും ഏക ഉത്തരമായ ഒരമൂല്യവസ്തു നാട്ടിൽത്തന്നെയുണ്ട് - സാക്ഷാൽ പശു! രാജസ്ഥാൻ ഹൈക്കോടതിയിൽ മഹേഷ്ചന്ദ്രശർമ എന്ന ജഡ്ജി ആത്മാവിന്റെ വിളികേട്ടെഴുതിയ ആ വിധി മനസ്സിരുത്തിയൊന്ന് വായിച്ചാൽ പാരീസ് ഉടമ്പടിയല്ല, പശു ഉടമ്പടിയാണ് ലോകത്തിനുവേണ്ടതെന്ന് മോദിക്കെന്നല്ല, ആർക്കും മനസ്സിലാവും. 
 പശു വെറുമൊരു പാൽത്തൂ ജാൻവറാണെന്നു മാത്രം ധരിച്ചവരുടെ കണ്ണുതുറപ്പിക്കുന്നതാണ് ശർമയുടെ വിധിന്യായത്തിലെ പരമാർശങ്ങൾ. ഓക്സിജൻ ശ്വസിച്ച് ഓക്സിജൻതന്നെ പുറത്തുവിടുന്ന ലോകത്തിലെ ഏകജന്തുവാണ് പശു. അങ്ങനെയെങ്കിൽ പശുക്കൾ പെരുകിയാൽ പ്രകൃതിയിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുത്തനെ കുറയും. കോസ്മിക് എനർജി ആഗിരണംചെയ്യാൻ പശുവിന്റെ കൊമ്പുകൾക്ക് ഇപ്പോൾത്തന്നെ കഴിയുന്നുണ്ട്. ചെറിയൊരു പരിശീലനം നൽകിയാൽ കാർബൺ വികിരണവും അവ ആഗിരണം ചെയ്തോളും. ആഗോളതാപനം വർഷം രണ്ടുഡിഗ്രികണ്ട് കുറയ്ക്കാൻ ഇതു ധാരാളം. ഒരുകാര്യത്തിൽ അല്പം  ശ്രദ്ധവേണം. ഓസോൺ പാളിക്കടുത്ത് ഒരുകാരണവശാലും പശുക്കളെ മേയാൻവിടരുത്. കൊമ്പുകൊണ്ട് പാളി കീറിപ്പോകാൻ സാധ്യതയുണ്ട്. 
പശു വാതുറന്നാൽ ഒന്നരക്കിലോമീറ്റർ ചുറ്റളവിലെ വൈറസും ബാക്ടീരിയയുമെല്ലാം നശിച്ചുപോകുമത്രെ. മാരകരോഗങ്ങളെ നേരിടാൻ ഈ പശുകീടനാശനവിദ്യ ലോകത്തിനു പ്രയോജനപ്പെടണം. ഇതിന് ഇന്ത്യതന്നെ മുൻകൈയെടുക്കണം. പശുവിന്റെ പേരുപറഞ്ഞ് ഇന്നാട്ടിലെ ന്യൂനപക്ഷങ്ങളെ പേടിപ്പെടുത്തുന്നതുപോലെ ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും വിരട്ടി പശുദേശീയതയ്ക്ക് ഒരു കോസ്മിക് മാനം കൈവരിക്കേണ്ടകാലം അതിക്രമിച്ചുകഴിഞ്ഞു. ഇതിനു തുടക്കമിട്ട രാജസ്ഥാനിലെ ആ ജഡ്ജിയമ്മാവന് എന്നെന്നും സ്തുതിയായിരിക്കട്ടെ. 
 ഉടമ്പടിയുടെ ആദ്യപടിയായി മോദി അമേരിക്ക സന്ദർശിക്കുമ്പോൾ നല്ല ഒന്നാന്തരമൊരു പശുവിനെ ട്രംപിന് ദാനംചെയ്യണം. അമേരിക്കക്കാരന്റെ കീശചോരാതെ ആഗോളതാപനം കുറയ്ക്കാനുള്ള ഏതു സൂത്രവിദ്യയും ട്രംപിന് സുഖിക്കും. എന്നിട്ട് ഇരുവരും ചേർന്ന് ‘കവ്‌ഫെഫെ’ പാടണം. ട്വിറ്ററിൽ ‘കവറേജ്’ എന്നതിനുപകരം ‘കവ്‌ഫെഫെ’ (covfefe) എന്നടിച്ച ട്രംപിന്റെ അക്ഷരപ്പിഴ ലോകം ആഘോഷിക്കുകയാണ്. ഇതിലൊരു ‘കൗ’ സ്വരമുള്ളതിനാൽ സംശയംവേണ്ട. ട്രംപ് പശുഭാരതത്തിന് സ്തുതിപാടുകയായിരുന്നു. 

*******
ബീഫ് വിരുദ്ധവും അനുകൂലവുമായ തീവ്രവാദങ്ങളിൽനിന്ന് തത്കാലം രക്ഷപ്പെട്ടതിന് കേരളീയർ യൂത്ത്‌ കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി, ബി.ജെ.പി. ദേശീയ പ്രസിഡന്റ് അമിത് ഷാ എന്നിവരോട് കടപ്പെട്ടിരിക്കുന്നു. മനുഷ്യരെ പരസ്യമായി കശാപ്പുചെയ്യുന്ന കണ്ണൂരിൽ മാക്കുറ്റിയുടെ നേതൃത്വത്തിൽ നടന്ന മാട്ടുക്കശാപ്പ് പിണറായി വിജയൻ സർക്കാരിന്റെ നേട്ടങ്ങളെക്കാൾ ആഗോളശ്രദ്ധ നേടിക്കളഞ്ഞു. പാവം ഈ മാക്കുറ്റി ഇറച്ചിവെട്ടാൻ ഉപയോഗിക്കുന്ന മരക്കുറ്റിയാണെന്നുവരെ ധരിച്ചവരുണ്ട്. മാക്കുറ്റിക്കെതിരേ ആസേതുഹിമാചലം പ്രതിഷേധം അലയടിച്ചു.  ഇത്രയേ മാക്കുറ്റി ആഗ്രഹിച്ചുള്ളൂ. കണ്ണൂരിലെ മനുഷ്യക്കശാപ്പിനെ അപലപിക്കാത്തവർപോലും മാട്ടുക്കശാപ്പിനെ അപലപിക്കുന്ന കാരുണ്യപ്രളയത്തിനും കേരളം വേദിയായി. ഇത്രയേ കേന്ദ്രസർക്കാരും ആഗ്രഹിച്ചുള്ളൂ. രണ്ടുലക്ഷ്യങ്ങളും കൈവരിച്ച് ഈ സീസണിലെ ബീഫ് ഉത്സവങ്ങൾക്ക് തത്കാലം കൊടിയിറങ്ങി. ഉത്സവം തുടർന്നിരുന്നെങ്കിൽ വായടച്ച് വഴിനടക്കാനാവാതെ ജനം വലഞ്ഞേനെ. ബീഫ് വിപ്ലവകാരികളെല്ലാം ചേർന്ന് നാട്ടുകാരെ തടഞ്ഞുനിർത്തി വായിൽ ബീഫ് തിരുകിക്കയറ്റിയേനെ. കമ്യൂണിസ്റ്റ് ബീഫ്, കോൺഗ്രസ് ബീഫ് എന്നിങ്ങനെ ബീഫ് രണ്ടായി നെടുകെപ്പിളരുന്ന അത്യാഹിതവും കാണേണ്ടിവരുമായിരുന്നു. എന്തിന്  ഭക്ഷ്യവിഷബാധയ്ക്കുവരെ സാധ്യതയുണ്ടായിരുന്നു.  ഹാവൂ, ആശ്വാസമായി! 
 അമിത് ഷായുടെ വരവ്  ബി.ജെ.പി. നേതാക്കളുടെ ശ്രദ്ധമാറ്റിയെന്നുമാത്രമല്ല, അവരെ കടുത്ത സമ്മർദത്തിലാക്കുകയും ചെയ്തു. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇരുപതു സീറ്റും പിടിച്ചെടുക്കാനുള്ള അമിത് ഷായുടെ അതിമോഹത്തിന് ചൂട്ടുപിടിക്കേണ്ടതിനാൽ ഇവർക്കിനി ഗോമാതാവിനെയല്ല, സ്വന്തം മാതാവിനെക്കുറിച്ചുപോലും ചിന്തിക്കാൻ സമയം കിട്ടിയെന്നുവരില്ല. ചർച്ചകളിൽ പശുസൂക്തം വിളമ്പി രാജസ്ഥാൻ ജഡ്ജിയെ തോൽപ്പിക്കാനുള്ള അവസരവും ഇതിനകം കൂട്ടത്തിൽ ചിലർക്ക് നഷ്ടമായിട്ടുണ്ട്.  മാക്കുറ്റികാരണം കുറെ കാളകൾക്കും പോത്തിനും സ്വസ്ഥതകിട്ടി. അമിത് ഷാ കാരണം പശുക്കൾക്കും കിടക്കപ്പൊറുതിയുണ്ട്. അല്ലെങ്കിൽ ഇവരെല്ലാംകൂടി ആദരിച്ചും പൂജിച്ചും പശുക്കളെ ഒരുവഴിക്കാക്കിയേനെ.
 ഇനി നിയമസഭയിലാണ് അടുത്ത ബീഫുത്സവം. കശാപ്പ് നിരോധനത്തെക്കുറിച്ച് ചർച്ചനടത്താൻ പ്രത്യേക സമ്മേളനം ചേരുന്നുണ്ട്. ബീഫ് അനുകൂലികളായ 140 പേരും ബീഫ് വിരുദ്ധനായ ഒ. രാജഗോപാലും ചേരിതിരിഞ്ഞ് ഏറ്റുമുട്ടും. ചർച്ചയ്ക്ക് ഉശിരേകാൻ കാന്റീനിൽ ബീഫും കാണും. രാജഗോപാലിനോടുള്ള ക്രൂരതതടയാൻ സമ്മേളനത്തിനുമുമ്പ്  പ്രത്യേക വിജ്ഞാപനം ഇറങ്ങിയില്ലെങ്കിൽ അദ്ദേഹത്തിന്റെ കാര്യം കഷ്ടമാവും.  

*****
  സ്വീഡൻ, നോർവേ, ഡെൻമാർക്ക് തുടങ്ങി തേനും പാലും ഒഴുകുന്ന നോർഡിക് രാജ്യങ്ങൾക്കൊപ്പം കേരളത്തെ വികസിപ്പിക്കുക. അതുമാത്രമായിരുന്നു ഉമ്മൻചാണ്ടിയുടെ സ്വപ്നം. നിർഭാഗ്യവശാൽ അതു നടന്നില്ലെങ്കിലും ഒാസ്‌ട്രേലിയയുടെ നിലവാരത്തിലെത്തിയതിൽ നമുക്ക് സന്തോഷിക്കാം. കേരളത്തിലെപ്പോലെ ഒാസ്‌ട്രേലിയയിലും ഇപ്പോൾ അദാനിവിവാദമാണ്. അവിടെ അദാനിയുടെ ഖനനപദ്ധതിക്ക് റോയൽറ്റി ഇളവുനൽകിയതാണ് കേസ്. ഇവിടെ വിഴിഞ്ഞം തുറമുഖക്കരാറിൽ അദാനിക്ക് കോളടിച്ചെന്ന പ്രശ്നവും.  അവിടെ റോയൽറ്റി ഇളവ് പിൻവലിച്ച ദിവസങ്ങളിലാണ് ഇവിടെ തുറമുഖക്കരാറിലെ ക്രമക്കേടിനെപ്പറ്റി സി.എ.ജി. നിയമസഭയിൽ റിപ്പോർട്ടുവെച്ചത്. നമ്മുടെ നാട് ഒസ്‌ട്രേലിയ ആകാഞ്ഞത് എത്രഭാഗ്യം!  
 റിപ്പോർട്ട് വന്നതിൽ വി.എസിന് പരസ്യാഹ്ലാദം. ഉമ്മൻചാണ്ടിക്കെതിരേ ആയുധം കിട്ടിയതിൽ കോൺഗ്രസിൽ ഒട്ടേറെപ്പേർക്ക് ഗൂഢാഹ്ലാദം. അദാനിക്ക് വല്ലാതെ ലാഭംകിട്ടുന്ന കരാറാണത്രെ ഉമ്മൻചാണ്ടി സർക്കാർ ഒപ്പിട്ടത്. ലാഭമില്ലാതെ ഇവിടെവന്ന് തുറമുഖമുണ്ടാക്കാൻ അദാനി ഉമ്മൻചാണ്ടിയുടെ അളിയനാണോ, അതോ കേരളത്തിന്റെ രക്ഷകനാണോ?  മുല്ലപ്പെരിയാറിൽ ‘കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം’ എന്നായിരുന്നു മുദ്രാവാക്യമെങ്കിൽ വിഴിഞ്ഞത്ത്  ‘നമുക്ക്  തുറമുഖം; അദാനിക്ക് ലാഭം’ എന്നായിരുന്നു. നാട്ടിലെ കുഞ്ഞുങ്ങൾവരെ ഇതു വിളിച്ചുനടന്നതാണ്. അല്ലേലും ഈ സി.എ.ജി.മാർക്ക് അച്യുതാനന്ദന്റെ ദുഷ്ടമനസ്സാണ്. അകിടിൽനിന്ന് വികസനം മഴപോലെ ചുരന്നാലും അഴിമതിയുടെ ചോരയുണ്ടോയെന്ന് പരതിക്കൊണ്ടിരിക്കും. പരശുരാമൻ മഴുവെറിഞ്ഞ് കടലിൽനിന്ന് കേരളമുണ്ടാക്കിയ കാലത്ത്  സി.എ.ജി. ഉണ്ടായിരുന്നെങ്കിൽ അദ്ദേഹവും കേസിൽ പ്രതിയായേനെ, മഴു നീട്ടിയെറിയാഞ്ഞതിനാൽ കേരളത്തിന്റെ വലിപ്പം കുറഞ്ഞുപോയതിന്. 
 എന്നാലും ഈ പിണറായി വിജയന് തീരെ പ്രതികാരദാഹം ഇല്ലാതെപോയത് പലർക്കും വിശ്വസിക്കാനാവുന്നില്ല. ലാവലിൻ കേസ് സി.ബി.ഐ.ക്കുവിട്ട് തന്റെ മനസ്സമാധാനം കെടുത്തിയ ഉമ്മൻചാണ്ടിക്കെതിരേ അവസരം കിട്ടിയിട്ടും ജുഡീഷ്യൽ അന്വേഷണത്തിനു മാത്രമാണ് അദ്ദേഹം തയ്യാറായത്. കമ്മിഷനുകളുടെ പതിവു രീതിയനുസരിച്ച് വിഴിഞ്ഞത്ത് കപ്പലടുത്താലും ഈ അന്വേഷണം തീരില്ല. അന്വേഷണമങ്ങനെ നടക്കുമ്പോൾ കപ്പലുവരും. മെട്രോയോട്ടിയ മന്നൻ കപ്പലോട്ടിയ മന്നനുമാവും. കേരളത്തിന്റെ ചരിത്രത്തിൽ ആർക്കും കിട്ടിയിട്ടില്ലാത്ത മഹാഭാഗ്യം. അദാനിയെ സ്നേഹിച്ചാലും ഇല്ലെങ്കിലും കാലണയുടെ അധ്വാനമില്ലാതെ ഇതിനൊക്കെ അവസരമൊരുക്കിയ ഉമ്മൻചാണ്ടിയെ എങ്ങനെ സ്നേഹിക്കാതിരിക്കും? കരാർ ഏതായാലും തുറമുഖം വന്നാൽമതി. 

nakhasikantham@gmail.com