‘അമ്മേ ഞങ്ങൾ പോകുന്നു, കണ്ടില്ലെങ്കിൽ കരയരുതേ...’ ഇ.എം.എസിന്റെ ആദ്യ സർക്കാരിന്റെ കാലം. വിമോചനസമരത്തിനിറങ്ങിയ എട്ടുംപൊട്ടും തിരിയാത്ത കുട്ടികൾ  വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ആകാശത്തേക്ക്‌ ഇടിച്ചുകൊണ്ട് വിളിച്ച മുദ്രാവാക്യം. ആ സർക്കാരിന്റെ അറുപതാം പിറന്നാളിന്  കമ്യൂണിസ്റ്റുകാരികളായ അമ്മമാർ വീട്ടിൽനിന്ന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. മരിച്ചുപോയ മകന് നീതിതേടി ജിഷ്ണുവിന്റെ അമ്മ. ജയിലിൽപ്പിടിച്ചിട്ടിരിക്കുന്ന മകനെ വിട്ടുകിട്ടാൻ ഷാജഹാന്റെ അമ്മ. ‘ഉന്നതങ്ങളിലെ പൊള്ള മനുഷ്യർ ’ എന്ന ഏറ്റവും പുതിയ കവിതാസമാഹാരത്തിൽ മഹാകവി ജി (സുധാകരൻ) ഇത്‌ ദീർഘദർശനം ചെയ്തിട്ടുണ്ട്‌ - ‘വണ്ടികൾ കേറി വിദൂരതലങ്ങളിൽ/സഞ്ചരിച്ചീടുന്നു മക്കളെയോർക്കവേ.’  
   ഇപ്പോൾ നടക്കുന്നതൊന്നും യാദൃച്ഛികമല്ലെന്ന് സി.പി.എം. സെക്രട്ടേറിയറ്റിലെ ചരിത്ര പണ്ഡിതന്മാർക്ക് തോന്നാൻ ഈ സമാനതതന്നെ ധാരാളം. ആവർത്തനത്തിന്റെ മണമടിച്ചാൽത്തന്നെ  തിരിച്ചറിയുന്നവരാണിവർ. സെക്രട്ടേറിയറ്റ് കവികൾ ഉദ്ദേശിക്കുന്നത് വേറൊന്നുമല്ല. എല്ലാം ശരിയാക്കാൻ ഇറങ്ങിയ പിണറായി വിജയൻ സർക്കാർ ഒരുവർഷംകൊണ്ട് അത്യപൂർവ നേട്ടങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. ഇതുകണ്ട് വിറളിപിടിച്ചവർ അറുപതാണ്ട് പഴക്കമുള്ള ആ കുതന്ത്രവുമായി വീണ്ടും ഇറങ്ങിയിരിക്കുന്നു. വീണ്ടും വിമോചനസമരം! 
 ഇ.എം.എസിന്റെ സർക്കാർ പുലിക്കൂട്ടമായിരുന്നു. വലിച്ചിറക്കാൻ വല്ലാതെ പാടുപെടേണ്ടിവന്നു. എന്തൊരു സമരമായിരുന്നു അന്ന്! ക്രിസ്ത്യൻ, നായർ, ഈഴവ വർഗീയവാദികൾ ചേർന്ന മുക്കൂട്ടുമുന്നണി,  കത്തോലിക്കാസഭ, എൻ.എസ്.എസ്., എസ്.എൻ.ഡി.പി., മന്നത്തപ്പൻ, പട്ടംപിള്ള, വടക്കനച്ചൻ, കുപ്പിണിപ്പട, കള്ളുമുലാളിമാർ, ജന്മിമാർ, ഒരണ കൈയിലില്ലാത്ത കെ.എസ്.യു.ക്കാർ, അന്തംവിട്ട പത്രങ്ങൾ, അച്ഛൻ നെഹ്രു, മകൾ ഇന്ദിര, അമേരിക്കൻ പ്രസിഡന്റ്, സി.ഐ.എ. തലവൻ... മഹാമന്ത്രിമാർക്കുപോലും സങ്കല്പിക്കാനാകാത്ത  ഡെയിഞ്ചറസ് കൂട്ടുകെട്ടാണ് അന്ന് അണിനിരന്നത്. ആ സമരത്തിന്റെ പ്രേതം ഇപ്പോഴും സർവീസിലുണ്ട്. 
  ഇന്നീക്കാണുന്ന വിമോചനസമരത്തിലോ? കോൺഗ്രസ് കുടുംബാംഗം നടത്തുന്ന ഇടിമുറിക്കോളേജിൽ പഠിക്കാൻപോയ  മകനെ നഷ്ടപ്പെട്ട കമ്യൂണിസ്റ്റ് കുടുംബം, വി.എസിനെ വളർത്തിയ കെ.എം. ഷാജഹാൻ, ബംഗാളിൽ കാണപ്പെടുന്ന പ്രത്യേകതരം കമ്മ്യൂണിസ്റ്റുപാർട്ടിയായ എസ്.യു.സി.ഐ.യുടെ ഷാജർഖാനും ഭാര്യയും. എണ്ണിയെടുത്താൽ 16 പേർ വരുന്ന മഹാസൈന്യം! ഇവരെല്ലാംകൂടി ഡി.ജി.പി. ഓഫീസിന് മുന്നിൽ നുഴഞ്ഞും അല്ലാതെയും എത്തിയപ്പോൾ ഭരണസിരാകേന്ദ്രം കിടുകിടാ വിറച്ചു. 
 നല്ലൊരവസരം കളഞ്ഞത് ദേശീയ ചലച്ചിത്ര അവാർഡ് ജൂറി ചെയർമാൻ പ്രിയദർശനാണ്.  ഇക്കൊല്ലത്തെ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് കേരള പോലീസിനെ വിളിച്ചുവരുത്തി നൽകാമായിരുന്നു. സർജിക്കൽ സ്‌ട്രൈക്കിലൂടെ പിടിച്ച നുഴഞ്ഞുകയറ്റക്കാരെ കഥാപാത്രങ്ങളാക്കി എത്ര പെട്ടെന്നാണ് അവർ തിരക്കഥയെഴുതിയത്. പിണറായി വിജയന്റെയും കൂട്ടംതെറ്റിയ ഐ.പി.എസുകാരുടെയും ശത്രുവായ ഷാജഹാൻ, ഒരു ഷാജർഖാൻ... ലാവലിൻ കേസിൽ പിണറായി അഴിയെണ്ണുന്നത് സ്വപ്നംകണ്ട് നടന്ന ഷാജഹാനെ അഴിയെണ്ണിക്കാൻ പിണറായിയുടെ പോലീസിന് ഇതിലും നല്ല അവസരം വേറെ കിട്ടാനുണ്ടോ?  മറ്റെന്തിനോ സ്ഥലത്തെത്തിയ തോക്കുസ്വാമികൂടി ആയപ്പോൾ നല്ല ഒന്നാന്തരം മസാലക്കഥ. മൂലകഥ പിണറായിതന്നെ മലപ്പുറത്ത്‌ പൊതുജനസമക്ഷം പങ്കുവെക്കുകയും ചെയ്തു.  സമരാനുഭാവികളുടെ ഗൂഢാലോചനയിൽ  സി.ഐ.എ. ഇടപെട്ടോ, തോക്കുസ്വാമിക്ക് ഡോണാൾഡ് ട്രംപ് തോക്ക് കൊടുത്തുവിട്ടോ എന്നൊക്കെയേ ഇനി തെളിയാനുള്ളൂ. 
 വിമോചനസമരം ദീർഘകാലാടിസ്ഥാനത്തിൽ അമ്പേ പരാജയമായിരുന്നു. അഞ്ചാണ്ടിലൊരിക്കൽ മുറതെറ്റാതെ കമ്യൂണിസ്റ്റ് ഭരണം വരുത്താനേ അത് ഉപകരിച്ചുള്ളൂ. ആ നിരാശ സമരപ്പോരാളികളുടെ ആത്മാക്കളിലും നിരാശ പടർത്തുന്നുണ്ട്. എന്നാൽ, 16 പേരെക്കണ്ടാൽ പേടിച്ചു മൂത്രമൊഴിച്ചുപോകുന്ന സർക്കാരിന് അറുപത് വർഷത്തിനുശേഷം കമ്യൂണിസ്റ്റുകാർ  രൂപംകൊടുത്തതറിഞ്ഞ് ആ ആത്മാക്കൾ തലയറഞ്ഞ് ചിരിക്കുന്നുണ്ടാവും. അമ്മോ, അന്നത്തെ വിരട്ടലിന്  ഇത്രയും ഇഫക്ടോ! 
 നാട്ടുകാരും സൂക്ഷിക്കേണ്ടതുണ്ട്. ജിഷ്ണു വധക്കേസിലെ പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ഇത്രയും ചെയ്ത സ്ഥിതിക്ക് പ്രതികളെ കണ്ടെത്താൻ അവർ ഉത്സാഹിക്കണം. അല്ലെങ്കിൽ അന്വേഷണത്തിൽ സഹകരിക്കാത്തതിന്റെ പേരിൽ പോലീസ്‌ അകത്താക്കാനിടയുണ്ട്‌. ഫാസിസം എന്നാൽ,  ബീഫ്‌ഫ്രൈയുടെ പര്യായമല്ല. പൊതുപ്രവർത്തകരുടെ പേരിൽ തോന്ന്യാസക്കേസെടുക്കുന്നതിന്റെ പേരും അതുതന്നെ. 

*****
 ഒരു പാർട്ടിക്കുടുംബമായിട്ടും മഹിജയ്ക്ക് ഇതുവന്നല്ലോ എന്ന് വിലപിക്കുന്നവരുണ്ട്. അവർക്ക് പാർട്ടിയുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് ഒന്നുമറിയില്ല. അണുകുടുംബങ്ങൾ മുതലാളിത്തത്തിന്റെ  ഉത്പന്നങ്ങളാണെന്ന് 'ദ ഒറിജിൻ ഓഫ് ഫാമിലി, പ്രൈവറ്റ് പ്രോപ്പർട്ടി ആൻഡ് ദ സ്റ്റേറ്റ്' എന്ന പുസ്‌തകത്തിൽ ഏംഗൽസ് പറയുന്നുണ്ട്. സ്വകാര്യസ്വത്ത് അടുത്തതലമുറയ്ക്ക് കൈമാറാൻ ബൂർഷ്വാസി കണ്ടുപിടിച്ച മാർഗമാണ് കുടുംബം. ആയതിനാൽ കമ്യൂണിസ്റ്റ് സർക്കാർ അവയോട് അമിതതാത്പര്യം കാണിക്കേണ്ടതില്ല. കമ്യൂണിസ്റ്റ് കുടുംബത്തിന് കിട്ടാത്ത നീതിക്ക്‌ കോൺഗ്രസ് കുടുംബങ്ങൾക്കോ, ഷാജഹാന്റേതുപോലെ കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട കുടുംബങ്ങൾക്കോ അർഹതയില്ല. 
 ആചാര്യന്മാരുടെ ഈ തത്ത്വം മറന്നുകൊണ്ട് കുടുംബത്തിനുവേണ്ടി  പ്രവർത്തിച്ചതിനാണ് ഇ.പി. ജയരാജനെ മന്ത്രിസഭയിൽ നിന്ന് നാടുകടത്തിയത്. ജിഷ്ണുവിന്റെ കുടുംബം പിണറായിയെ വല്ലാതെ ഇഷ്ടപ്പെട്ടുപോയി എന്നത് ശരിതന്നെ. എന്നുവെച്ച് അവരോട് വല്ലാതങ്ങ് പ്രീണനം കാട്ടുന്നത് പാർട്ടിവിരുദ്ധമാവും. അവിടത്തെ അമ്മയ്ക്ക് ദുഃഖമുണ്ടായാൽ ഒന്ന് സാന്ത്വനിപ്പിക്കുന്നതുപോലും പ്രത്യയശാസ്ത്രത്തിന് എതിരാണ്. എന്നാലും അവരോട് പരിഗണന കാട്ടണമല്ലോ. പരസ്യപ്പെടുത്താതെ കുറെകാര്യങ്ങൾ ഇതിനകം ചെയ്തു. പോരാഞ്ഞിട്ട്  ഡി.ജി.പി. ഓഫീസ് പരിസരത്ത് വന്നപ്പോൾ അബദ്‌ധത്തിൽ വീണുപോയ മഹിജയെ പോലീസ്  കൈകൊടുത്ത് എഴുന്നേൽപ്പിക്കുയും ചെയ്തു. ജനമൈത്രിപോലീസിന്റെ കൈകൊടുക്കൽ ഇതുവരെ കണ്ടിട്ടില്ലാത്ത മാധ്യമങ്ങൾക്ക് അത് പിടിച്ചുവലിക്കുന്നതും വലിച്ചിഴയ്ക്കുന്നതുമായി തോന്നുക സ്വാഭാവികം. 
  പി.ആർ.ഡി.യുടെ വിമോചന പത്രപരസ്യത്തിൽ എല്ലാം വ്യക്തമാണ്. എന്തുചെയ്യാം കോടികൾ ചെലവിട്ട് പരസ്യം ചെയാലും പത്രത്തിലും ചാനലിലും കാണുന്നതേ ജനവും പാർട്ടി കുടുംബങ്ങൾപോലും വിശ്വസിക്കൂ. രണ്ട് നിർണായകകാര്യങ്ങൾ പരസ്യത്തിൽ വിട്ടുപോയിട്ടുണ്ട്. ജിഷ്ണുകേസിൽ പ്രതി സ്ഥാനത്തുനിൽക്കുന്ന നെഹ്രു ഗ്രൂപ്പിന്റെ മെഡിക്കൽകോളേജിൽ നിന്ന് മന്ത്രിയുടെ ഭാര്യ അവധിയെടുത്തത് സർക്കാരിന്റെ ഒരു നേട്ടമാണ്. അവർ അവിടെ അഡ്മിനിസ്‌ട്രേറ്ററായിരുന്നു. അക്കാര്യം പരസ്യത്തിൽ കണ്ടില്ല.  സമരത്തിൽ നുഴഞ്ഞുകയറാൻ കോൺഗ്രസ്, ബി.ജെ.പി. നേതാക്കളും ഗൂഢാലോചന നടത്തിയതായി പരസ്യത്തിൽ കണ്ടു. അവരെ തോക്ക് സ്വാമിക്കൊപ്പം അറസ്റ്റുചെയ്യാനുള്ള സുവർണാവസരം എന്തിന് കളഞ്ഞുകുളിച്ചുവെന്നും വ്യക്തമല്ല. 

**** 
സഖാവ് എം.എ. ബേബിയോട് ഒരഭ്യർഥനയുണ്ട്. പൊളിറ്റ്ബ്യൂറോയിലേക്ക് വണ്ടികയറിയതിൽപ്പിന്നെ താങ്കൾക്ക് വിപ്ലവപ്പുളുവടി ഇത്തിരി കൂടുതലാണ്. ഇതങ്ങുനിർത്തണം. ഇതാദ്യമല്ല താങ്കൾ ജനങ്ങളെ ഫെയ്‌സ്‌ബുക്കുവഴി പറ്റിക്കുന്നത്. നിലമ്പൂർക്കാടുകളിൽ മാവോവാദികളെ വെടിവെച്ചുകൊന്നപ്പോൾ അത് ഇടതുപക്ഷനയമല്ലെന്ന് താങ്കൾ പറഞ്ഞു. നക്‌സൽ വർഗീസ് കൊള്ളക്കാരനാണെന്ന് എൽ.ഡി.എഫ്. സർക്കാർ കോടതിയെ അറിയിച്ചപ്പോഴും നേതി, നേതി എന്ന് മൊഴിഞ്ഞു. പ്രാകൃത കമ്യൂണിസത്തിന്റെ കാലത്തെപ്പോലെ മഹിജയെ പോലീസ് െൈകാടുത്ത് എഴുന്നേൽപ്പിച്ചപ്പോഴും ഇതല്ല നയമെന്ന് താങ്കൾ പറയുന്നു.  മാവോവാദികളുടെയും നക്സൽ വർഗീസിന്റെയും കാര്യത്തിൽ നാട്ടുകാർക്ക്‌ ഇനിയും തീർപ്പുകിട്ടിയിട്ടില്ല. എന്നാൽ, മഹിജയുടെ സമരം കൈകാര്യം ചെയ്തത് ഇടതുനയപ്രകാരമാണെന്ന് പാർട്ടി സെക്രട്ടേറിയറ്റ് വ്യക്തമാക്കിക്കഴിഞ്ഞു. ഇത് സി.പി.എം. നയമല്ല, ഇടതുപക്ഷമുന്നണിയുടെ കൂട്ടുനയമാണത്രെ. ഇനി മറുപടി പറയേണ്ടത് കാനംരാജേന്ദ്രനാണ്. അദ്ദേഹം മണ്ടത്തരം എന്നു വിശേഷിപ്പിച്ചത് നയമാണെന്ന് വല്യേട്ടൻ തീരുമാനിച്ചിരിക്കുന്നു. കാനത്തിന് മണ്ടത്തരം. കാനം ഉൾപ്പെടുന്ന മുന്നണിക്ക് നയം. ഇതിൽ മൂളായ്ക സമ്മതം കാനം... പറഞ്ഞതുപിൻവലിച്ച്‌ ഓടിപ്പോയ ബേബി സഖാവിനെപ്പോലെ കാനവും വികാരം പാർട്ടിക്ക്‌ അടിയറവെയ്ക്കുമോ ആവോ?
 ഇങ്ങനെപോയാൽ ബി.ജെ.പി.ക്കെതിരെ കോൺഗ്രസിനോട് കൂട്ടുകൂടാനുള്ള സി.പി. ഐ.യുടെ മോഹം ഒറ്റയ്ക്കങ്ങ് സാധിക്കുന്നതാവും നല്ലത്. ഭട്ടിൻഡ കോൺഫറൻസിനു മുമ്പ് കോൺഗ്രസായിരുന്നല്ലോ എല്ലാമെല്ലാം. സി.പി.എമ്മിനെ കാത്തുനിൽക്കേണ്ടതില്ല. ബ്രിട്ടീഷുകാർക്ക് പിടികൊടുക്കുന്നതിലും ഭേദം ആത്മഹത്യയാണെന്ന് വിചാരിച്ച വേലുത്തമ്പിയെപ്പോലെ, അതിനുമുമ്പ് സ്വയം ഇല്ലാതാകാനാണ് സി.പി.എമ്മിന്റെ തീരുമാനമെന്ന് തോന്നുന്നു. ബുദ്ധദേവിന്റെ കാലത്തോടെ ബംഗാളിൽ പാർട്ടി നാമാവശേഷമായി. ഇനി അവശേഷിക്കുന്നത്  കേരളത്തിലാണ്. ഇവിടെയും ചിലരിൽ ബുദ്ധദേവയോഗം കാണുന്നുണ്ട്. പരിഹാരക്രിയയായി ദിവസവും രാവിലെയും വൈകുന്നേരവും വീഴ്ച...വീഴ്ച... എന്ന് നൂറ്റൊന്ന് ആവർത്തി ചൊല്ലാവുന്നതാണ്. പുത്രവിയോഗത്താൽ വേവുന്ന അമ്മമാരുടെ മുന്നിൽ മുഖ്യമന്ത്രിസ്ഥാനം മറന്ന് നമസ്കരിക്കുകയും ചെയ്യാം. 'എന്തുകൊണ്ടമ്മമാർ മൂകരായി മാറുന്നു/ എന്തുകൊണ്ടമ്മമാർ ദുഃഖാർത്തരാവുന്നു?' സുധാകരമഹാകവിയുടെ 'ഉന്നതങ്ങളിലെ പൊള്ളമനുഷ്യരി'ലെ  ഈ വരികളും ഉരുവിടാം.

nakhasikantham@gmail.com