ഭാരതത്തിൽ കലിയുഗം നിർത്താതെ പായുകയായിരുന്നു. നാല് ലക്ഷത്തി മുപ്പത്തിരണ്ടായിരം മനുഷ്യവർഷത്തേയ്ക്കാണ് ഈയുഗം കരാറെടുത്തത്. ഇതിൽ ഏതാണ്ട് പകുതി കഴിഞ്ഞെന്നാണ് അറിവ്. മനുഷ്യർ പാപികളും തിന്മികളും ആയില്ലെങ്കിൽ കാരണം ബോധിപ്പിക്കേണ്ട യുഗമാണിത്.  അവർ ബീഫ് തിന്നും. കേക്കുമുറിക്കും. കോളയും കള്ളും കുടിക്കും. വേദങ്ങളെ പുച്ഛിക്കും. ഇതായിരുന്നു നടപ്പ്.   ഉത്തർപ്രദേശ് ബി.ജെ.പി തൂത്തുവാരിയതോടെ കലിയുഗം അർത്ഥോക്തിയിൽ നിന്നുപോയി. പകരം മോദിയുഗം തുടങ്ങി. ഇനിയൊരു ഏഴ് മനുഷ്യവർഷം, 2024 വരെയെങ്കിലും  ഈ യുഗം നീളുമത്രേ. അന്നും തീരില്ലെന്ന് വാദിക്കുന്നവരുണ്ട്. രണ്ടുയുഗങ്ങളും തമ്മിൽ വ്യത്യാസമെന്തെന്ന് ശങ്കിക്കുന്നവരുണ്ടാവും. പുരാതന ശിലായുഗവും നവീന ശിലായുഗവും പോലെയെന്ന് കരുതിയാൽമതി.  കലിയുഗത്തിൽ ഒരേയൊരു അവതാരമേ വരൂ എന്നും കേട്ടിരുന്നു. എല്ലാം കലക്കുന്ന കല്ക്കി. അതും ശരിയല്ല. മോദി എന്ന നവഭാരത രക്ഷകൻ 'ഗുജറാത്ത് കാ ഷേറി' ന്റെ രൂപത്തിൽ വരുമെന്ന് പ്രവചിക്കാനുള്ള ദീർഘദൃഷ്ടി ആർഷഭാരതത്തിൽ അന്നാർക്കും ഇല്ലാതെപോയെന്ന് വിശ്വസിക്കാനാവുന്നില്ല. ആരെങ്കിലും പ്രവചിച്ചിട്ടുണ്ടാകണം. എഴുതിയെടുക്കാൻ വിട്ടുപോയിക്കാണും. ഇതിൽ ഇല്ലാത്തത് മറ്റെങ്ങുമില്ലെന്ന ടാഗ് ലൈനുള്ള ഇതിഹാസത്തിൽപ്പോലും മോദിയുടെ വരവിനെക്കുറിച്ച് സൂചനകളില്ലാത്തിന് ഇതല്ലാതെ വോറൊരു കാരണം കാണുന്നില്ല. 

ഇത് ഭാരതീയർക്ക് സുവർണയുഗമാണെങ്കിലും  കോൺഗ്രസ് തകർന്നടിയുമെന്നാണ് പ്രവചനം. അതും വെറുതെ. കോൺഗ്രസിന്റെ തറവാടിത്തം കണക്കിലെടുക്കാതെയുള്ള പറച്ചിലാണിത്. പ്രിയങ്കയ്ക്ക്  മക്കളുണ്ട്. രാഹുലിന് അതിനുള്ള സാധ്യത തള്ളിക്കളയനുമാവില്ല. ഇവർക്കും തലമുറകൾക്കുമേൽ തലമുറകൾ തലയുംകുത്തിവരും. കല്ക്കിവരുന്നതുവരെ ഈ പാർട്ടി പിരിച്ചുവിടാനാവില്ലെന്നുറപ്പ്. ഇന്ത്യക്കാരാ, ഇത് നിന്റെ  സുകൃതം!  കണ്ണടച്ച് ഇരുട്ടാക്കലെന്ന സാങ്കേതിക വിദ്യ പ്രയോഗിച്ചാൽ കോൺഗ്രസ് പരാജയപ്പെട്ടിട്ടില്ല. യു.പിയിൽ കാൽനൂറ്റാണ്ടിന്റെ പരാജയം ആവർത്തിച്ചതാണെന്ന് പറയാം. കെ.സി.വേണുഗോപാലും രമേശ് ചെന്നിത്തലയും  പതിനെട്ടടവും പയറ്റിയാണ് ഗോവയിലും മണിപ്പുരിലും  കോൺഗ്രസിനെ ജയിപ്പിച്ചുനിർത്തിയത്. തോറ്റദിക്കുകളിലും  സർക്കാരുണ്ടാക്കുമെന്ന് അമിത് ഷാ പറഞ്ഞപ്പോൾ നാട്ടുകാർക്കെല്ലാം കളിമണത്തു. കോൺഗ്രസിന് മാത്രം ഒരുമണവും കിട്ടിയില്ല. അന്ന് ഹൈക്കമാൻഡിന് മൂക്കടപ്പും ജലദോഷവുമായിരുന്നു. 
ഃഃഃഃഃഃ
 ദേശീയ കോൺഗ്രസ് പരാജയത്തിന്റെ പടുകുഴിയിലാണെങ്കിൽ കേരളത്തിലെ കോൺഗ്രസ് ആദർശത്തിന്റെ പടുകുഴിയിലാണ്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല കൂട്ടുകെട്ടിന്റെ നേതൃത്വത്തിൽ സെക്‌സും സ്റ്റണ്ടുമൊക്കെയായി അത് രണ്ടടി മുന്നോട്ട് കുതിച്ചതാണ്. ശുചീകരിക്കുന്നുവെന്ന വ്യാജേന സുധീരൻ അതിനെ നാലടി താഴേയ്ക്ക് വലിച്ചിട്ടുകളഞ്ഞു. ഭരണവും പോയി. പാർട്ടിയും പോയി. കുളിപ്പിച്ച് പിള്ളയില്ലാതാക്കുന്ന ഏർപ്പാട്. എന്നിട്ട്  രായ്ക്കുരാമാനം അദ്ദേഹം മുങ്ങുകയും ചെയ്തിരിക്കുന്നു. സുധീരൻ മുങ്ങിയാൽപ്പോലും സുധീരമെന്ന് വിശേഷിപ്പിക്കുന്നവർക്ക് ധീരതയുടെ അർഥം ഇനിയും പിടികിട്ടിയിട്ടില്ല. മുമ്പ് പലവട്ടം എ.കെ.ആന്റണിയും ഇതേ പണി ചെയ്തിട്ടുണ്ട്. ആദർശത്തിനുള്ള ആരോഗ്യം കോൺഗ്രസിനില്ല. നമ്മൾ ഇതിനായി ഇനിയും പരുവപ്പെട്ടിട്ടില്ലെന്ന് നേതാക്കളും അണികളും തലയിൽ കൈവെച്ച് നിലവിളിച്ചാലും ഈ അപൂർവ സഹോദരങ്ങൾ അടങ്ങില്ല.  

കാസ്‌ട്രോയെ  മുട്ടുകുത്തിക്കാൻ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ അമേരിക്കയുടെ മാതൃകയാണ് സുധീരനെതിരെ ഈ വൻശക്തികളും പ്രയോഗിച്ച
തത്രേ. പിരിവിൽ പണ്ടേ മോശമായ സുധീരന് മുന്നിൽ പണംവരാനുള്ള വഴികളും ഇവർ അടച്ചു.  കെ.പി.സി.സിയുടെ കറന്റ് അക്കൗണ്ട് കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ ജൻധൻ അക്കൗണ്ടായി മാറി. മിനിമം ബാലൻസ് ഇല്ലാത്തതിനാൽ പിഴയീടാക്കാൻ ബാങ്കുകാർ തീരുമാനിച്ചതായും കേട്ടു.   ഈ സാമ്പത്തിക ഉപരോധത്തിന് സർവഥാ യോഗ്യനാണ് സുധീരൻ. മുതലാളിത്തം ഉണ്ടാക്കിയെടുക്കാനാണ് പാട്. അത് നശിപ്പിക്കാൻ ചുമട്ടുതൊഴിലാളിക്കും പറ്റും. അധികാരം കിട്ടിയ ഉടനെ അബ്കാരി എന്ന മുതലാളിത്ത വിഭാഗത്തെത്തന്നെ ഉൻമൂലനം ചെയ്തയാളാണ് സുധീരൻ. കോൺഗ്രസിനുമാത്രമല്ല, മറ്റ് പാർട്ടികൾക്കും ഇതോടെ വരവ് നിലച്ചു. ഈയർഥത്തിൽ മോദിക്ക് മുന്നേ 'നോട്ടുബന്ദി' നടപ്പാക്കിയത് സുധീരനാണ്. അത് സ്വന്തം പാർട്ടിക്കായിപ്പോയെന്ന് മാത്രം. 

ദാനശീലത്തിൽ കർണനെയും തന്നിഷ്ടത്തിൽ ജസ്റ്റിസ് കർണനെയും സുധീരൻ ഒരുപോലെ വെല്ലുമെന്നാണ് ആരോപണം. പ്രസിഡന്റ് പദമൊഴിയുമ്പോൾ  രമേശ് ചെന്നിത്തല ഉപേക്ഷിച്ചുപോയ കാക്കത്തൊള്ളായിരത്തിൽ  10 ലക്ഷം സുധീരൻ ഹൈക്കമാൻഡിന് കൊടുത്തു. 15 ലക്ഷം പെരുമ്പാവൂരിലെ ജിഷയുടെ വീട്ടുകാർക്ക് കൊടുത്തു. പിന്നെ പാർട്ടിയുടെ ദൈനംദിനചെലവ്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കെട്ടിടത്തിന് കരാറുകാരന്റെ പണം  കൊടുക്കാനില്ലാതെ ഇതിനിടെ സോണിയാഗാന്ധിക്ക് വക്കീൽ നോട്ടീസും വാങ്ങിക്കൊടുത്തു. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ തനിക്ക് ഏർപ്പെടുത്തിയ സാമ്പത്തികവും അല്ലാത്തതുമായ ഉപരോധങ്ങളെപ്പറ്റി അഞ്ചുപേജുള്ള രാജിക്കത്താണ് സുധീരൻ എഴുതിയത്.  ഇതിന് മൂന്നുപേജേ ഉള്ളൂവെന്ന് തർക്കമുണ്ട്. ഉമ്മൻചാണ്ടിക്കുള്ള കുറ്റപത്രമാണത്രെ ഇത്.  ഇത് പൊട്ടിച്ചുനോക്കാൻപോലും ഡൽഹിയിൽ തത്കാലം ആളില്ലാത്തതിനാൽ പേജെണ്ണം നാട്ടുകാർ അറിയാൻ ഇനിയും വൈകും. 

സംഘടനാ തിരഞ്ഞെടുപ്പിന് ഒരുവർഷംകൂടി സാവകാശം ചോദിച്ചതിനാൽ  ഇത്തവണയും   കെ.പി.സി.സി. പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ സ്വയംവരംതന്നെ മാർഗം. സ്വയംവരത്തിൽ പങ്കെടുക്കാനോ,  നൂറുകൂട്ടം യോഗ്യതകൾ വേണം.  വിദ്യാഭ്യാസം പ്രശ്‌നമല്ല. പ്രായമെത്രയായാലും ചെറുപ്പക്കാരനായിരിക്കണമെന്ന് മാത്രം. ആദർശം അടുത്തൂടെ പോവരുത്. എന്നുവെച്ച് അതിന്റെ കുറവുണ്ടെന്ന് നാട്ടുകാർക്ക് തോന്നരുത്.     ഇതെല്ലാം ഒത്തുവരുന്ന ഉമ്മൻചാണ്ടിയാകട്ടെ സ്വയംവരത്തിന് കാത്തുകെട്ടിക്കിടക്കുന്ന  ദുർബലനല്ല. യുദ്ധത്തിൽ രാജാവിന്റെ  തലകൊയ്യണം. പിന്നെ രാജ്യവുംപിടിച്ച് രാജകുമാരിയെ വേൾക്കണം. ഇതിലേ താത്പര്യമുള്ളൂ. കേരളത്തിൽ മാത്രമല്ല, ദേശീയ കോൺഗ്രസിനെയും ആര് രക്ഷിക്കുമെന്ന ചോദ്യം ഉയരുന്നുണ്ട്. കെ.പി.സി.സിയെ ആദർശത്തിന്റെ പടുകുഴിയിൽ നിന്ന് കരകയറ്റിയ ഉമ്മൻചാണ്ടി വിചാരിച്ചാലേ ഇതിന് സാധിക്കൂ. 

രാഹുലിനെ മാറ്റാതെ ഇനി ഡൽഹിയിൽ കാലുകുത്തില്ലെന്നും ഇവിടെ സഹകരിക്കില്ലെന്നും താങ്കൾ  പ്രതിജ്ഞയെടുക്കണം. പത്തുവർഷംകൂടി നിലനിൽക്കാൻ ഇടയുള്ള ഏക സംസ്ഥാന ഘടകത്തിന്റെ കണ്ണിലുണ്ണിയാണ് താങ്കളെന്നത് മറക്കരുത്.  മറ്റുള്ളവർ വില്ല് കുലയ്ക്കട്ടേ. താങ്കൾ വിലപേശുക.  
ഃഃഃഃഃഃ
കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ സത്യസന്ധരല്ലെന്ന് ആർക്കും ധൈര്യമായിപ്പറയാൻ ഒരു ഉദാഹരണം കൂടി.  നിയമസഭയിൽ അരനൂറ്റാണ്ട് തികച്ച മാണിസാറിനെ ഇവർ എങ്ങനെയെല്ലാമാണ് പുകഴ്ത്തിയത്!  ഉള്ളത് ഉള്ളതുപോലെ ആരുടെയും മുഖത്ത് നോക്കി വെട്ടിത്തുറന്ന് പറയുന്നതിൽ കുപ്രസിദ്ധനായ പിണറായി വിജയൻപോലും മാണിക്ക് മുന്നിൽ കവാത്ത് മറന്നു.  കോഴയ്ക്ക് കോർ ബാങ്കിങ് ഏർപ്പെടുത്തിയ ആദ്യ ധനകാര്യമന്ത്രി എന്ന അപമാനത്തിൽ നിന്ന് കേരളരാഷ്ട്രീയത്തിലെ പ്രമാണിയായി മാണിയെ അദ്ദേഹം ഉയർത്തിക്കാട്ടി. വിജയൻ പ്രസംഗിക്കുമ്പോൾ  മാണി പലവട്ടം സ്വയം നുള്ളിനോക്കി. വീട്ടിലെത്തിയപ്പോൾ ഭാര്യ കുട്ടിയമ്മപോലും ഇതാണോ ഇവിടെനിന്നുപോയ ആളെന്ന് സംശയിച്ചത്രേ. വിജയൻ ഇമ്മട്ടിൽ സുജനമര്യാദ തുടർന്നാൽ ബ്രണ്ണൻ കോളേജ് കഥയൊക്കെ പട്ടാളപ്പുളുവായി പുതിയ തലമുറ വിലയിരുത്തും. 
  കുഞ്ഞാപ്പ പുതിയ മേച്ചിൽപ്പുറം തേടിയതോടെ  മാണിക്ക് വീണ്ടും ഞെട്ടലുണ്ടായി.   മുസ്‌ലിംലീഗിന്  ജയിക്കാൻ മാണിസാറിന്റെ പിന്തുണ കൂടിയേതീരൂവത്രേ. അതും മലപ്പുറത്ത്.  എന്തൊരു തമാശ. 

 കവിത്രയം എന്നപോലെ കേരളരാഷ്ട്രീയത്തിൽ  'കുത്രയ' മുണ്ട്.  കുഞ്ഞൂഞ്ഞ്, കുഞ്ഞാപ്പ, കുഞ്ഞുമാണി കൂട്ടുകെട്ട്. കുഞ്ഞുമാണി പ്രത്യേക ബ്ലോക്കായതോടെ ഈ കൂട്ടുകെട്ടിൽ ആദ്യ വിള്ളലുണ്ടായി. ഇപ്പോൾ കുഞ്ഞാപ്പ പാർലമെന്റിലേക്ക് പെട്ടിയെടുത്തിരിക്കുന്നു. ഇനി മലപ്പുറത്തുകാർ യാത്ര പറഞ്ഞാൽമതി. ഇവിടെ രാജകീയ പദവിയിൽ വാഴുന്ന ഈ വിനയാന്വിതൻ എന്തിനാണ് ഡൽഹിയിലേക്ക്  പോകുന്നതെന്ന് ആത്മമിത്രമായ കുഞ്ഞൂഞ്ഞിനുപോലും മനസ്സിലാവുന്നില്ല. ഒറ്റയാകുന്ന കുഞ്ഞൂഞ്ഞ്,  പദവികളോട് താത്പര്യമില്ലാതെ സന്ന്യാസദാഹം കാട്ടുന്നുമുണ്ട്. കവിത്രയത്തിനുശേഷം മലയാള കവിതയിൽ കുറെക്കാലം കൂമ്പടപ്പിന്റെ കാലമായിരുന്നു. കുത്രയം ഇല്ലാതായാൽ കേരള രാഷ്ട്രീയത്തിന്റെയും കൂമ്പടച്ചാലോ? ചതിക്കരുതേ...
nakhasikantham@gmail.com