അപ്പോൾ നമുക്ക് മുറവിളികൂട്ടാൻ വീണ്ടും സമയമായിട്ടുണ്ട്. അവധിക്കാലം വരവായി. നാട്ടിലെ സ്കൂൾ അവധി ഏപ്രിൽ ഒന്നിന് തുടങ്ങും. ആ അവധിയിൽ ഇവിടെ എത്താനോ നാട്ടിൽ കുടുംബത്തിനൊപ്പം ചേരാനോ വിമാനയാത്രയ്ക്ക് ഒരുക്കം കൂട്ടുകയാണ് ആയിരങ്ങൾ. ഈ കാലം മുൻകൂട്ടിക്കണ്ട് വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കും കൂടിത്തുടങ്ങി. അടുത്തമാസമാവുമ്പോഴേക്കും അത് ഇന്നത്തേതിന്റെ മൂന്നിരട്ടിയെങ്കിലുമാവും. ജൂൺ അവസാനത്തോടെ ഗൾഫ് നാടുകളിലെയും സ്കൂൾ അവധി തുടങ്ങുകയായി. പെരുന്നാൾ അവധികൾ കൂടി വരുന്നതോടെ നാട്ടിലേക്കുള്ള യാത്രക്കാർ ആയിരങ്ങളാവും. ആ ദിവസങ്ങളിലെ ടിക്കറ്റ് നിരക്കും ഇപ്പോഴേ  ഉയർന്നുതുടങ്ങി. 

അവധിയും ആ ദിവസങ്ങളിലെ ടിക്കറ്റ് നിരക്ക് വർധനയും കാലങ്ങളായി പ്രവാസികളുടെ പ്രധാന വിഷയമാണ്. നിവേദനങ്ങളും മന്ത്രിമാരെ കാണലും പ്രഖ്യാപനങ്ങളും ഉറപ്പുകളുമൊക്കെ ഇതിന്റെ ഭാഗമായി നടക്കുന്ന മനോഹരമായ ആചാരങ്ങളുമാണ്. പക്ഷേ, കാലം എത്ര കഴിഞ്ഞിട്ടും ഇതിനൊന്നും ഒരു പരിഹാരവും ഉണ്ടാവുന്നില്ല എന്നതാണ് യാഥാർഥ്യം. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നാണ്  ചൊല്ല്.  പക്ഷേ, പ്രവാസിയുടെ വിമാനയാത്രയുടെ കാര്യം വരുമ്പോൾ അതിലൊന്നും ഒരു അർഥവുമില്ലെന്നതാണ് യാഥാർഥ്യം. അതുകൊണ്ടുതന്നെ  ഓരോ വർഷം കഴിയുന്തോറും അതൊരു തമാശയായി പ്രവാസിക്ക് തോന്നിത്തുടങ്ങിയിട്ടുമുണ്ട്.  ഓരോ അവധിക്കാലത്തും ഇത് കണ്ടും കേട്ടും അനുഭവിച്ചും പ്രവാസികൾക്ക് ഇപ്പോൾ ഇതിലൊരു പുതുമയും ഇല്ല എന്നായിട്ടുണ്ട്. എന്നിട്ടും ഓരോ സീസണിലും അവർ മുറവിളി കൂട്ടും. സർക്കാർ  ഇടപെടണമെന്നും അവർ ആവശ്യപ്പെടും. അതും ഒരു ശീലത്തിന്റെ ഭാഗമായി മാറി. പ്രവാസി സംഘടനകൾക്ക് പ്രമേയം പാസാക്കാനുള്ള വിഷയം കൂടിയാണ് അതെന്നുമാത്രം. 

ജൂൺ അവസാനത്തോടെ വരുന്ന അവധിക്കാലം കത്തുന്ന വെയിലിൽനിന്നൊരു മോചനവും കൂടിയാണ് പ്രവാസികൾക്ക്. അതിനാലാണ് ഈ സമയം നാട്ടിലേക്കുള്ള യാത്രയ്ക്കായി അവർ ഒരുക്കംകൂട്ടുന്നത്. അവധിയെക്കുറിച്ചും യാത്രകളെക്കുറിച്ചുമൊക്കെ വളരെ മുൻകൂട്ടിത്തന്നെ ആസൂത്രണം ചെയ്യുന്നവർ നേരത്തേതന്നെ മോശമില്ലാത്ത നിരക്കിൽ ടിക്കറ്റുകൾ എടുത്തുവെച്ചിരിക്കാം. പക്ഷേ, ബഹുഭൂരിപക്ഷവും, ഓഫീസവധി, കുട്ടികളുടെ പരീക്ഷകൾ എന്നിങ്ങനെ പല കാരണങ്ങളാൽ തീരുമാനമെടുക്കുന്നത് നീട്ടിക്കൊണ്ടിക്കുന്നു. വ്യാപാരകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള മേഖലകളിൽ  തൊഴിലെടുക്കുന്നവർക്കാകട്ടെ ഇത്തരത്തിലുള്ള ആസൂത്രണങ്ങളൊന്നും ഒരിക്കലും നടക്കാറുമില്ല. അതുകൊണ്ട് തന്നെ വിമാനക്കമ്പനികളുടെ ചൂഷണത്തിന് ഏറ്റവുമധികം തലവെച്ചു കൊടുക്കേണ്ടിവരുന്നവരും അവരാണ്. കഴിഞ്ഞവർഷം നാലും അഞ്ചും ഇരട്ടി വരെയാണ് ടിക്കറ്റിനായി അവർക്ക് നൽകേണ്ടിവന്നത്. 

വിമാനയാത്രാ ടിക്കറ്റുകൾക്ക് ഇങ്ങനെ വിലകൂട്ടുന്നതിൽ ഇന്ത്യൻ കമ്പനിയെന്നോ വിദേശകമ്പനിയെന്നോ വ്യത്യാസമൊന്നുമില്ല. എല്ലാവരും ഞാൻ മുന്നിൽ ഞാൻ മുന്നിൽ എന്ന മട്ടിലാണ് മത്സരിക്കുന്നത്. ഈ സീസണിൽ യൂറോപ്പ് യാത്രയെക്കാൾ വിലപിടിപ്പുള്ളതാണ് മൂന്നര മണിക്കൂറോളം നീളുന്ന കേരളത്തിലേക്കുള്ള യാത്രടിക്കറ്റുകൾ. 
     എല്ലാ വർഷവും വിമാനടിക്കറ്റിന്റെ പേരിൽ നടക്കുന്ന പകൽക്കൊള്ളയ്ക്ക് എതിരെ പ്രവാസിസംഘടനകൾ ശബ്ദമുയർത്താറുണ്ട്. സാധാരണക്കാരന്റെ വേവലാതിയും പരാതികളും കണ്ടറിഞ്ഞ് തന്നെയാണ് സംഘടനകൾ നിവേദനം തയ്യാറാക്കിയും ഇവിടെയെത്തുന്ന മന്ത്രിമാർക്ക് അത് സമർപ്പിച്ചുമൊക്കെ വികാരം പങ്കുവെക്കുന്നത്. പരിഗണിക്കാം എന്ന പതിവ് ഉറപ്പുംനൽകി നേതാക്കളെല്ലാം പെട്ടി മുറുക്കി വിമാനം കയറുകയും ചെയ്യും. ഞാനിത് പാർലമെന്റിലും അസംബ്ലിയിലുമെല്ലാം ശക്തമായി ഉന്നയിക്കുമെന്ന് പറയാതെ ഒരൊറ്റ നേതാവും ഈ മണ്ണിൽനിന്ന് മടങ്ങിയിട്ടില്ല.

 പ്രവാസിയുടെ കൈയടി നേടാനും വാർത്തകളിൽ നിറയാനും ഇതൊക്കെ ധാരാളം മതിയെന്ന് നേതാക്കൾക്കറിയാം. കഴിഞ്ഞതവണയും താങ്കൾ ഇതുതന്നെയാണല്ലോ പറഞ്ഞതെന്നോ എത്രവർഷമായി ഇത് ആവർത്തിക്കുന്നുവെന്നോ ഇവിടെയുള്ള ഒരു പ്രവാസിയും പരസ്യമായി നേതാക്കളോട് ഇതുവരെ ചോദിച്ചിട്ടില്ല. അതിന് ധൈര്യമില്ലാഞ്ഞിട്ടല്ല,  ആതിഥ്യമര്യാദയോർത്ത് അവൻ അത്  ചോദിക്കാറില്ല. എന്നാൽ, എത്ര പരിഹാസത്തോടെയും പുച്ഛത്തോടെയുമാണ് ഇവിടെയുള്ളവർ ഇത്തരം പ്രസ്താവനകളും  ഉറപ്പുകളും ഉൾക്കൊള്ളുന്നത് എന്ന് നേതാക്കൾ ഇതുവരെ മനസ്സിലാക്കിയിട്ടുണ്ടോ എന്നറിയില്ല.

യാത്രക്കാരുടെ തിരക്ക് ഇല്ലാത്തപ്പോൾ ചെറിയ വിലയ്ക്ക് ടിക്കറ്റുകൾ നൽകേണ്ടിവരുന്നുവെന്നും അതിന്റെ നഷ്ടമാണ് സീസണുകളിൽ വിലകൂട്ടുന്നതിന് കാരണമെന്നുമാണ് വിമാനക്കമ്പനികളുടെ പതിവ് ന്യായം. എന്നാൽ, കേരളസെക്ടറിലെ മിക്ക വിമാനങ്ങളും മിക്കവാറും എല്ലാദിവസങ്ങളിലും നിറഞ്ഞ് തന്നെയാണ് പോകാറുള്ളതെന്നാണ് അനുഭവം. വിലക്കുറവ് കാരണമാണ് ഇത് നിറയുന്നത് എന്നതാണ് അതിനുള്ള മറുപടി. രണ്ടും മൂന്നും കൊല്ലം കൂടുമ്പോൾ മാത്രം നാട്ടിലേക്ക് പ്രവാസി പോയിരുന്ന കാലമുണ്ടായിരുന്നു. എന്നാലിന്ന് മാസംതോറും യാത്രചെയ്യുന്ന വലിയൊരു വിഭാഗമുണ്ട്. വ്യാഴാഴ്ച രാത്രികളിൽപ്പോയി ഞായറാഴ്ച തിരിച്ചെത്തുന്ന ബിസിനസ്സുകാരും ധാരാളം. 

അതൊക്കെ ചെറിയൊരു വിഭാഗം മാത്രം. പ്രവാസികളിൽ ബഹുഭൂരിപക്ഷവും  ചെറിയ ശമ്പളത്തിൽ കഴിയുന്നവരാണ്. അവരാണ് ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ നാടുംവീടും കാണാനായി മോഹിച്ച് യാത്രകൾക്കൊരുങ്ങുന്നത്. അവർക്കാണ് ഇടിത്തീ പോലെ ടിക്കറ്റ് നിരക്ക് വർധന അനുഭവപ്പെടുന്നത്. ഇത്തരത്തിലുള്ളവർക്ക് ദേശീയ വിമാനക്കമ്പനികളെങ്കിലും അൽപ്പം ഇളവുകളോടെ ടിക്കറ്റ് നൽകണമെന്ന് ചില സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. പക്ഷേ അതൊന്നും ഇതുവരെ ചർച്ചയ്ക്ക് പോലും വിഷയമായിട്ടില്ല എന്നതാണ് യാഥാർഥ്യം.
    എന്തായാലും പുതിയ സീസണ് തുടക്കമായി. ഈ വർഷവും മിതമായ നിരക്കിൽ ടിക്കറ്റ് ലഭ്യമാവാൻ എന്തെങ്കിലും നടപടികൾ ഉണ്ടാവുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എങ്കിലും കവി പാടിയതുപോലെ വെറുതെ മോഹിക്കുവാൻ മോഹം... അതാണ് പ്രവാസികളുടെ ഇന്നത്തെ മാനസികാവസ്ഥ.