ഫത്തേപ്പുരിലെ തിരഞ്ഞെടുപ്പുറാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം -‘‘ഒരു ഗ്രാമത്തിൽ കബർസ്ഥാനിന്‌ ഭൂമിനൽകുന്നുണ്ടെങ്കിൽ അവിടെ ശ്മശാനത്തിനും ഭൂമിനൽകണം. റംസാൻ ആഘോഷത്തിന്‌ വൈദ്യുതി നൽകുന്നുണ്ടെങ്കിൽ ദീപാവലി ആഘോഷത്തിനും വൈദ്യുതിനൽകണം’’. ഈ പ്രസംഗത്തിൽ എന്താണ്‌ തെറ്റ്‌? നല്ല കാര്യമല്ലേ അദ്ദേഹം പറഞ്ഞത്‌. പക്ഷേ, യു.പി. ഭരിക്കുന്ന അഖിലേഷ്‌ യാദവ്‌ സർക്കാർ മുസ്‌ലിങ്ങളോട്‌ കൂടുതൽ അനുഭാവം കാണിക്കുന്നതായി ഒരു ആരോപണം ഈ പ്രസംഗത്തിൽ ഒളിഞ്ഞുകിടപ്പുണ്ട്‌. പ്രത്യേകിച്ചും ഇതൊരു തിരഞ്ഞെടുപ്പുറാലിയിലെ പ്രസംഗമാകുമ്പോൾ. ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിക്കാനും തമ്മിലകറ്റാനുമുള്ള ഒരവസരവും ബി.ജെ.പി. യു.പി. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പാഴാക്കുന്നില്ല എന്നതിന്‌ ഒരു ഉദാഹരണം മാത്രമാണിത്‌. 

മാർച്ച്‌ എട്ടാം തീയതിയോടെ യു.പി.യിലെ ഏഴാംഘട്ടം വോട്ടെടുപ്പും പൂർത്തിയാകും. ഇതിനിടയിൽ സാമുദായിക ധ്രുവീകരണത്തിലൂടെയുള്ള വോട്ടുപിടിത്തത്തിൽ ബി.ജെ.പി. വളരെയേറെ മുന്നോട്ടുപോയി. 
ജാതിവോട്ടുതന്ത്രം ബി.ജെ.പി. മാത്രമല്ല, ബി.എസ്‌.പി.യും എസ്‌.പി.യുമൊക്കെ യു.പി.യിൽ പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്‌. 2013-’14 കാലത്ത്‌ മുസാഫർനഗറിലുണ്ടായ രൂക്ഷമായ ഹിന്ദു-മുസ്‌ലിം ഏറ്റുമുട്ടൽ 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദിപ്രഭാവത്തോടൊപ്പം ബി.ജെ.പി.യെ സഹായിച്ചിട്ടുണ്ട്‌. മുസാഫർനഗർ കലാപത്തിന്റെ ആഘാതം ഇപ്പോഴും യു.പി.യിലുടനീളം സ്വാധീനംചെലുത്തുന്നുണ്ട്‌. 
യു.പി.യിൽ ജനങ്ങൾ ഒത്തുകൂടുന്ന സ്ഥലങ്ങളിലെല്ലാം ഇന്നും ഇതേപ്പറ്റിയുള്ള ചർച്ച ഉയർന്നുവരുന്നു എന്നുപറഞ്ഞാൽ സാമുദായിക ധ്രുവീകരണം അവിടെ എന്തുമാത്രം ആഴത്തിലേക്കെത്തിയിരിക്കുന്നു എന്ന്‌ ഊഹിക്കാം. 

കോൺഗ്രസ്‌-എസ്‌.പി. സഖ്യത്തിന്‌ മുഖ്യമന്ത്രി അഖിലേഷ്‌ യാദവിന്റെ വ്യക്തിപ്രഭാവവും ചെറുപ്പവും നിലവിലുള്ള സർക്കാരും വലിയ സ്വാധീനമാണെങ്കിലും മായാവതിയുടെ ബി.എസ്‌.പി.യെ  അവഗണിക്കാവുന്നനിലയിലല്ല ഇപ്പോൾ കാര്യങ്ങൾ. മറ്റേതു പാർട്ടികളെക്കാളും നേരത്തേ, തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നതിനുംമുമ്പ്‌ ഗോദയിൽ സ്ഥാനാർഥികളുമായി മായാവതി നിലയുറപ്പിച്ചിരുന്നു. ഉയർന്ന ജാതിക്കാരുമായി അടുപ്പമുണ്ടാക്കുന്നതിനെ ലക്ഷ്യമാക്കി അവർ യു.പി.യിലൊട്ടുക്കും സംഘടിപ്പിച്ച ഭായിച്ചാര സമ്മേളനങ്ങൾ 2016 ജൂൺ മാസത്തോടെ പൂർത്തിയാക്കി. 1980-കാലത്ത്‌ കൻഷിറാമിന്റെ നേതൃത്വത്തിൽ ശുദ്ധദളിത്‌ പ്രസ്ഥാനമായി വളർന്ന ബഹുജൻസമാജ്‌ പാർട്ടിയെ മായാവതി ദളിത്‌-ബ്രാഹ്‌മണ ഐക്യമാക്കിമാറ്റി.  പുതിയ വിധാൻസഭാ തിരഞ്ഞെടുപ്പിൽ മായാവതി നിൽക്കുന്നത്‌ മുസ്‌ലിങ്ങളെ വലിയതോതിൽ കൂട്ടുപിടിച്ചുള്ള ഒരു പരീക്ഷണവുമായാണ്‌. നേരത്തേ ബ്രാഹ്‌മണരെ കൂട്ടുപിടിച്ചപ്പോഴുണ്ടായതുപോലുള്ള ഒരു വിജയമാണവർ ഇപ്പോൾ ലക്ഷ്യമിടുന്നത്‌. 100 സീറ്റുകളിൽ അവർ മുസ്‌ലിം സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്‌. മാത്രമല്ല യു.പി.യിൽ പ്രധാന മുസ്‌ലിം സംഘടനകളുടെയും മതപുരോഹിതന്മാരുടെയും പിന്തുണ അവർ വാങ്ങിയിട്ടുമുണ്ട്‌. രാഷ്ട്രീയ ഉലമാ കൗൺസിൽ മായാവതിക്കനുകൂലമായി തങ്ങളുടെ 84 സ്ഥാനാർഥികളെ മത്സരത്തിൽനിന്നു പിൻവലിച്ചിട്ടുണ്ട്‌. മുക്താർ അൻസാരിയുടെ ക്വാമി ഏകതാദൾ ബി.എസ്‌.പി.യിൽ ലയിച്ചിട്ടുമുണ്ട്‌. ദളിത്‌-മുസ്‌ലിം ഐക്യത്തെ വലിയ രാഷ്ട്രീയ ആശയമായി ഉയർത്തിപ്പിടിച്ചാണ്‌ മായാവതി യു.പി. തിരഞ്ഞെടുപ്പുരംഗത്തുനിൽക്കുന്നത്‌. യു.പി. ജനസംഖ്യയുടെ 20.5 ശതമാനമുള്ള ദളിതരും 19 ശതമാനംവരുന്ന മുസ്‌ലിങ്ങളും ചേർന്നാൽ വലിയ ശക്തിതന്നെയാണ്‌. 

മുസ്‌ലിംവോട്ട്‌ നിർണായകമായ ഒരു തിരഞ്ഞെടുപ്പിൽ തികച്ചും തന്ത്രപരമായി എല്ലാ മുൻകൈയും മായാവതി എടുത്തിട്ടുണ്ടെങ്കിലും മുസ്‌ലിംവോട്ട്‌ എസ്‌.പി.-കോൺഗ്രസ്‌ സഖ്യം, ബി.എസ്‌.പി. എന്നീ ശക്തികൾക്കിടയിൽ ഭിന്നിച്ചുപോയാൽ അതിന്റെ ഫലം ലഭിക്കുന്നത്‌ ബി.ജെ.പി.ക്കായിരിക്കും. കുറേ മുസ്‌ലിംവോട്ടുകൾ ബി.എസ്‌.പി. കൊണ്ടുപോകുമോ എന്ന ഒരു ഭയം എസ്‌.പി.ക്കുണ്ട്‌. ആർക്കും ഭൂരിപക്ഷമില്ലാത്ത നിലവന്നാൽ ബി.ജെ.പി.യെ ബി.എസ്‌.പി. സഹായിക്കും എന്നരീതിയിലാണ്‌ എസ്‌.പി. പ്രചാരണം. ബി.ജെ.പി.യുടെ പിന്തുണ സ്വീകരിച്ച്‌ ബി.എസ്‌.പി. സർക്കാരുണ്ടാക്കില്ല. ഞങ്ങൾ പ്രതിപക്ഷത്തിരിക്കും എന്നാണ്‌ മായാവതിയുടെ മറുപടി. 

മഹാരാഷ്ട്രയിലെ  കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെയും ഒഡിഷയിലെ ജില്ലാ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിലെയും വിജയം യു.പി. വിധാൻസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക്‌ ആത്മവിശ്വാസം നൽകുന്നുണ്ട്‌. നോട്ടുപിൻവലിക്കലിനെത്തുടർന്ന്‌ അനുഭവിച്ച ദുരിതങ്ങൾ ബി.ജെ.പി.ക്ക്‌ വോട്ടുചെയ്യാതിരിക്കാൻ ഒരു കാരണമായി ജനങ്ങൾ കാണുന്നില്ല എന്നതാണ്‌ മഹാരാഷ്ട്രപോലുള്ള സംസ്ഥാനത്തെ നഗരസഭകളിലേക്കുനടന്ന തിരഞ്ഞെടുപ്പ്‌ ചൂണ്ടിക്കാട്ടുന്നത്‌. 

യു.പി.യിൽ മറ്റുപാർട്ടികളെ അപേക്ഷിച്ച്‌ ബി.ജെ.പി.യെ സഹായിക്കുന്ന ഘടകങ്ങൾ കുറേക്കൂടി ശക്തമാണ്‌. 2014-ൽ 42 ശതമാനം വോട്ടോടെ 80-ൽ 71 ലോക്‌സഭാ സീറ്റുകൾ വാരിയെടുത്ത വൻവിജയം, കേന്ദ്രസർക്കാരിന്റെ സഹായത്തോടെ വിഭവസൗകര്യത്തോടെ നടത്തുന്ന പ്രചാരണം, നരേന്ദ്രമോദിയെപ്പോലെ വെള്ളിനാവുള്ള ഒരു പ്രചാരകൻ, ബി.എസ്‌.പി.ക്കും എസ്‌.പി.-കോൺഗ്രസ്‌ സഖ്യത്തിനുമിടയിൽ മുസ്‌ലിംവോട്ട്‌ പിളരാനുള്ള സാധ്യത, മുസാഫർ നഗറിൽ സാമുദായികധ്രുവീകരണത്തിന്‌ എസ്‌.പി. കൂട്ടുനിന്നു എന്ന രഹസ്യപ്രചാരണം എന്നിവയൊക്കെ തിരഞ്ഞെടുപ്പു ഗോദയിൽ ബി.ജെ.പി.ക്ക്‌ ഗുണംചെയ്യും. 

യു.പി. തിരഞ്ഞെടുപ്പ്‌ ബി.ജെ.പി.യെ സംബന്ധിച്ചിടത്തോളം ജീവന്മരണ പോരാട്ടംതന്നെയാണ്‌. എതിരാളികളുടെ ശക്തി അവഗണിക്കാവുന്നതല്ല. ബി.ജെ.പി.യുടെ രാഷ്ട്രീയഭാവി നിർണയിക്കുന്നതിൽ ഒരു പ്രധാനകടമ്പയായിരിക്കും ഈ തിരഞ്ഞെടുപ്പ്‌. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാവാം യു.പി. വിധാൻസഭ. ചില സർവേകൾ നേരത്തേ സൂചിപ്പിച്ചപോലെ യു.പി.യിൽ ബി.ജെ.പി.ക്ക്‌ ക്ഷീണം പറ്റുകയാണെങ്കിൽ ദേശീയരാഷ്ട്രീയത്തിൽ മാത്രമല്ല, ബി.ജെ.പി.ക്കകത്തുപോലും ചില അട്ടിമറികളുണ്ടായേക്കും. ജൂലായിൽ പുതിയ രാഷ്ട്രപതിയെ തീരുമാനിക്കുന്ന കാര്യത്തിൽ ബി.ജെ.പി.ക്ക്‌ പ്രതിപക്ഷത്തെ കൂടുതൽ ആശ്രയിക്കേണ്ടതായിവരും. മറ്റു നാലു സംസ്ഥാനങ്ങളിൽക്കൂടി ഇതോടൊപ്പം തിരഞ്ഞെടുപ്പ്‌ നടക്കുന്നുണ്ടെങ്കിലും രാജ്യം ഒന്നാകെ ഉറ്റുനോക്കുന്നത്‌ ഏറ്റവും വലിയ വിധാൻസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണ്‌. അവിടെനിന്നാണ്‌ കൂടുതൽപേർ രാജ്യസഭയിലേക്കു വരേണ്ടത്‌, രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കൂടുതൽപ്പേർ വോട്ടുചെയ്യേണ്ടത്‌.