DelhiKathuനിലവിലെ ഭരണകക്ഷിയും യു.പി.യിലെ ഏറ്റവും വലിയ രാഷ്ട്രീയപ്പാർട്ടിയുമായ സമാജ്‌വാദി പാർട്ടിയിൽ കുടുംബവഴക്കിനെത്തുടർന്നുണ്ടായ പ്രതിസന്ധി 2017 ഫിബ്രവരി-മാർച്ചിൽ നടക്കാൻപോകുന്ന വിധാൻസഭാ (അസംബ്ലി) തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയാന്തരീക്ഷം മാറ്റുകയാണ്‌. ഇതുവരെയുള്ള എല്ലാ കണക്കുകൂട്ടലുകളെയും അട്ടിമറിച്ചേക്കാവുന്ന സാഹചര്യത്തിലേക്ക്‌ സ്ഥിതിഗതികൾ നീങ്ങുന്നു. സമാജ്‌വാദി പാർട്ടിയുടെ ദേശീയ അധ്യക്ഷനും പിതാവുമായ മുലായംസിങ്‌ ഒരുപക്ഷത്തും മുഖ്യമന്ത്രിയും മകനുമായ അഖിലേഷ്‌ എതിർപക്ഷത്തുമായനിലയിലാണ്‌ എസ്‌.പി.യിലെ കുടുംബവഴക്ക്‌ എത്തിയിരിക്കുന്നത്‌. മുഖ്യമന്ത്രി അഖിലേഷ്‌ യാദവ്‌, പിതാവിന്റെ സഹോദരനും സംസ്ഥാന അധ്യക്ഷനുമായ ശിവ്‌പാൽ സിങ്ങിനെയും അദ്ദേഹത്തിന്റെ അടുപ്പക്കാരെയും മന്ത്രിസഭയിൽനിന്ന്‌ പുറത്താക്കുമ്പോൾ മുഖ്യമന്ത്രിയുടെ സുഹൃത്തുക്കളെ പാർട്ടി അധ്യക്ഷൻ പാർട്ടിയിൽനിന്ന്‌ പുറത്താക്കുന്നു. പാർട്ടി അഖിലേഷിനെ ഏല്പിക്കണമെന്നാവശ്യപ്പെട്ട്‌ അദ്ദേഹത്തിന്റെ സുഹൃത്തും എം.എൽ.സി.യുമായ ഉദയ്‌വീർസിങ്‌ ദേശീയാധ്യക്ഷൻ മുലായംസിങ്ങിന്‌ കത്തുനൽകുന്നു. ഉടനടി അദ്ദേഹത്തെ സംസ്ഥാന അധ്യക്ഷൻ ശിവ്‌പാൽസിങ്‌ പാർട്ടിയിൽനിന്ന്‌ പുറത്താക്കുന്നു. അഖിലേഷ്‌ മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്ന്‌ അദ്ദേഹം ആവശ്യപ്പെടുന്നു. 

പാർട്ടിയുടെ രജതജൂബിലി ആഘോഷങ്ങൾ നവംബർ അഞ്ചിന്‌ ലഖ്‌നൗവിൽ സംഘടിപ്പിച്ചിരിക്കെ മുഖ്യമന്ത്രി അഖിലേഷ്‌ സംസ്ഥാനവ്യാപകമായി വികാസ്‌ രഥയാത്ര സംഘടിപ്പിച്ച്‌ നവംബർ മൂന്നിന്‌ യാത്രപുറപ്പെടുന്നു. ഒത്തുതീർപ്പുണ്ടാക്കാൻ മുലായംസിങ്‌ തിങ്കളാഴ്ച ഉന്നതതലയോഗം വിളിച്ചെങ്കിലും അതെത്രകണ്ട്‌ വിജയിച്ചെന്ന്‌ കാത്തിരുന്ന്‌ കാണാം. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോഴും ശിവ്‌പാൽസിങ്‌ പ്രസംഗിക്കുമ്പോഴും സദസ്സിൽനിന്നുണ്ടായ ബഹളവും തടസ്സപ്പെടുത്തലും കണ്ടുനിൽക്കാനേ നേതാജിക്ക്‌ (മുലായംസിങ്‌) കഴിഞ്ഞുള്ളൂ. നവംബർ മൂന്നിന്‌ രഥയാത്രപോകുമെങ്കിലും രജതജൂബിലി ആഘോഷത്തിന്‌ വരാമെന്ന്‌ അഖിലേഷ്‌ സമ്മതിച്ചു. അഖിലേഷിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന്‌ പുറത്താക്കണമെന്ന്‌ ശിവ്‌പാൽസിങ്‌ പക്ഷത്തുനിന്ന്‌ ആവശ്യമുണ്ടായെങ്കിലും മുലായംസിങ്‌ അത്തരമൊരു നടപടിയിൽനിന്ന്‌ മാറിനിന്നു. ശിവ്‌പാൽ സിങ്ങിന്റെ കാലുതൊട്ടുവന്ദിക്കാൻ മുലായംസിങ്‌ അഖിലേഷിനോട്‌ ആവശ്യപ്പെട്ടെങ്കിലും അഖിലേഷ്‌ അതിന്‌ തയ്യാറായില്ല.

കുടുംബവഴക്ക്‌ സമാജ്‌വാദി പാർട്ടിയെ ഒരു പിളർപ്പിലേക്കാണ്‌ നയിക്കുന്നതെന്നതിന്‌ ശക്തമായ ഉദാഹരണങ്ങളുണ്ട്‌. സ്വന്തംനിലയ്ക്ക്‌ രഥയാത്രനടത്താനുള്ള തീരുമാനവുമായി അഖിലേഷ്‌ മുന്നോട്ടുപോകുന്നത്‌ പാർട്ടിയിൽ തന്റെ നില ശക്തിപ്പെടുത്താനാണെന്ന്‌ എതിരാളികൾക്കറിയാം. പാർട്ടിനേതൃത്വം അഖിലേഷിനെ ഏല്പിക്കണമെന്നാവശ്യപ്പെട്ട്‌ ഉദയ്‌വീർസിങ്‌ കത്തുനൽകിയ പശ്ചാത്തലവുമുണ്ട്‌.  മുലായംസിങ്ങിന്റെ രണ്ടാംഭാര്യ സാധന ഗുപ്തയുടെ രാഷ്ട്രീയമുഖമാണ്‌ ശിവ്‌പാൽസിങ്‌ എന്ന്‌ ആ കത്ത്‌ കുറ്റപ്പെടുത്തുന്നു. പാർട്ടിയുടെ ദേശീയ സെക്രട്ടറിയും മറ്റൊരു സഹോദരനുമായ രാംഗോപാൽ യാദവ്‌ മുഖ്യമന്ത്രിയുടെ പക്ഷത്താണ്‌. അങ്ങനെ തികച്ചും ഒരു കുടുംബവഴക്ക്‌ പാർട്ടി നേതൃത്വത്തിലും സർക്കാറിലും പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നു.

പാർട്ടി പിളരുകയാണെങ്കിൽ അഖിലേഷ്‌ യുക്തമായ ഒരു സഖ്യത്തിന്‌ ശ്രമിച്ചേക്കും. അത്‌ കോൺഗ്രസ്സാവാം ബി.എസ്‌.പി.യുമാകാം. ആർ.എൽ.ഡി. നേതാവ്‌ അജിത്‌ സിങ്ങുമായും ജെ.ഡി.(യു.) നേതാവ്‌ ശരത്‌ യാദവുമായും അഖിലേഷ്‌ നേരത്തേ ചർച്ചനടത്തിയിരുന്നു.  സംസ്ഥാനത്തെ എല്ലാ പാർട്ടികളും എസ്‌.പി.യിലെ സംഭവവികാസങ്ങൾ താത്‌പര്യത്തോടെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്‌.

മായാവതിയുടെ  തന്ത്രം

മുലായംവോട്ടിൽ പിളർപ്പുണ്ടായാൽ  ഏറ്റവും കൂടുതൽ പ്രയോജനമുണ്ടാകാൻപോകുന്നത്‌ തങ്ങൾക്കാണെന്ന്‌ മായാവതിയുടെ ബി.എസ്‌.പി. കണക്കുകൂട്ടുന്നു.  കോൺഗ്രസ്സിനും വലിയ പ്രതീക്ഷയാണുള്ളത്‌. ബി.ജെ.പി.യും യുക്തമായ ഒരു തന്ത്രത്തിന്‌ തയ്യാറെടുക്കുകയാണ്‌.  സമാജ്‌വാദി പാർട്ടിക്ക്‌ നൽകി ഇത്തവണ വോട്ട്‌ നഷ്ടപ്പെടുത്തരുത്‌ എന്നാണ്‌ മായാവതി മുസ്‌ലിങ്ങളോട്‌ അഭ്യർഥിക്കുന്നത്‌.  യു.പി.യിലെ മുസ്‌ലിങ്ങൾ പാരമ്പര്യമായി വോട്ടുനൽകുന്നത്‌ എസ്‌.പി.ക്കാണ്‌. 2007-ൽ മായാവതി ഒറ്റയ്ക്ക്‌ അധികാരത്തിൽവന്നപ്പോഴും അവർക്കുകിട്ടിയ മുസ്‌ലിംവോട്ട്‌ 17 ശതമാനം മാത്രമാണ്‌. എന്നാൽ, പരാജയപ്പെട്ട മുലായംസിങ്ങിന്‌ 45 ശതമാനം മുസ്‌ലിം വോട്ടുലഭിച്ചു. 2007-ൽ ബ്രാഹ്മണരെ കൂടെനിർത്തി വിജയിച്ച മായാവതി ഇത്തവണ തന്ത്രം മാറ്റുകയാണ്‌.
ബ്രാഹ്മണരെ ബി.ജെ.പി.ക്കും കോൺഗ്രസ്സിനും വിട്ടുകൊടുത്തുകൊണ്ട്‌ കോൺഗ്രസ്സിൽനിന്നും എസ്‌.പി.യിൽനിന്നും  മുസ്‌ലിങ്ങളെ ആകർഷിക്കുകയാണ്‌ തന്ത്രം. ദളിത്‌-മുസ്‌ലിം കൂട്ടുകെട്ട്‌ എന്ന മുദ്രാവാക്യംതന്നെ അവർ രൂപപ്പെടുത്തിയിരിക്കുന്നു. ബി.ജെ.പി.യുടെ ഹിന്ദു ഏകീകരണതന്ത്രം മുസ്‌ലിങ്ങളെ ഒരു വോട്ടുതന്ത്രത്തിന്‌ പ്രേരിപ്പിക്കുമെന്നാണ്‌ മായാവതി കണക്കുകൂട്ടുന്നത്‌. 403 സീറ്റിൽ 100 എണ്ണം അവർ മുസ്‌ലിം സ്ഥാനാർഥികൾക്ക്‌ നൽകിയിരിക്കയാണ്‌.

ബി.ജെ.പി.യുടെ കളി

2014-ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 80-ൽ 73 സീറ്റും നേടിയ ബി.ജെ.പി. അടുത്തവർഷം ആദ്യം നടക്കാൻപോകുന്ന വിധാൻസഭാ തിരഞ്ഞെടുപ്പിൽ വിജയമുറപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുകയാണ്‌. ഇക്കാര്യത്തിൽ ഒരുതരി പിഴവുപോലും വരരുതെന്ന്‌ പ്രധാനമന്ത്രി മോദിക്കും ബി.ജെ.പി. പ്രസിഡന്റ്‌ അമിത്‌ ഷായ്ക്കും നിർബന്ധമുണ്ട്‌.

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നേടിയ വൻവിജയം വെറുമൊരു പാർട്ടിവിജയമല്ലെന്ന്‌ ബി.ജെ.പി.ക്കറിയാം. അത്‌ നരേന്ദ്രമോദിയിൽ പ്രതീക്ഷയർപ്പിച്ച്‌ ജനങ്ങൾ കേന്ദ്രഭരണത്തിന്‌ നൽകിയ വോട്ടാണ്‌. ആ വോട്ട്‌ സംസ്ഥാനഭരണത്തിന്‌ കിട്ടണമെന്നില്ല. അമിത്‌ഷായുടെ നേതൃത്വത്തിൽ പുതിയ തന്ത്രങ്ങളാണ്‌ ഇ-1പ്പോൾ യു.പി.യിൽ ബി.ജെ.പി. പരീക്ഷിക്കുന്നത്. കോൺഗ്രസ്സിന്റെ മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന റീത്ത ബഹുഗുണ ജോഷിയെ പാർട്ടിയിലേക്കെടുത്തത്‌ അത്തരമൊരു തന്ത്രത്തിന്റെ ഭാഗമാണ്‌. അവർ പോയത്‌ കോൺഗ്രസ്സിന്‌ വലിയ നഷ്ടമൊന്നുമല്ലെങ്കിലും തിരഞ്ഞെടുപ്പുതയ്യാറെടുപ്പിന്‌ ബി.ജെ.പി.ക്ക്‌ ഉന്മേഷംപകരും. മറ്റുപാർട്ടികളിൽനിന്ന്‌ ബി.ജെ.പി.യിലേക്ക്‌ ഒരു ഒഴുക്കുണ്ടാകുന്നുവെന്ന്‌ കാണിക്കാൻ ഇത്‌ പ്രയോജനംചെയ്യും. എം.പി.യായിരുന്ന ബ്രിജേഷ്‌ പാഠക്ക്‌ അടക്കം ബി.എസ്‌.പി.യിൽനിന്ന്‌ ചില നേതാക്കളെ ബി.ജെ.പി. എടുത്തിട്ടുണ്ട്‌. ബ്രാഹ്മണരെ സ്വാധീനിക്കാൻ സംസ്ഥാനത്തുടനീളം ബി.ജെ.പി. ആസൂത്രണംചെയ്തിട്ടുള്ള സങ്കല്പ്‌ യോഗങ്ങളിൽ  ബ്രാഹ്മണരായ റീത്ത ബഹുഗുണയും ബ്രിജേഷ്‌ പാഠക്കുമൊക്കെ പ്രയോജനപ്പെടും.

കോൺഗ്രസ്‌ നീക്കം

റീത്ത ബഹുഗുണ യു.പി. കോൺഗ്രസ്സിൽ അത്ര വലിയ സ്വാധീനമുള്ള നേതാവൊന്നുമല്ലെങ്കിലും 2017-നെ ലക്ഷ്യമാക്കി കോൺഗ്രസ് അവിടെ നടത്തിയ തയ്യാറെടുപ്പുകൾക്ക്‌ റീത്തയുടെ കാലുമാറ്റം ഒരു ആഘാതമാണ്‌. കോൺഗ്രസ്സിന്റെ ആത്മാവായ നെഹ്രുകുടുംബത്തിന്റെ തറവാടായി കരുതപ്പെടുന്ന യു.പി.യിൽ പാർട്ടി വേരറ്റുപോകാതിരിക്കാനെങ്കിലും അവിടെ കാര്യമായൊരു അധ്വാനം വേണമെന്ന തിരിച്ചറിവിലാണ്‌ തിരഞ്ഞെടുപ്പുതന്ത്രജ്ഞനായ പ്രശാന്ത്‌ കിഷോറിന്റെ നേതൃത്വത്തിൽ ചില തയ്യാറെടുപ്പുകൾ കോൺഗ്രസ് നടത്തിയത്‌. മൂന്നുദശാബ്ദമായി 403 അംഗ യു.പി. വിധാൻസഭയിൽ 30-നപ്പുറം കടക്കാൻകഴിയാത്ത കോൺഗ്രസ്സിനും ഇത്തവണ മുഖ്യമന്ത്രിസ്ഥാനാർഥി വേണമെന്ന്‌ പ്രശാന്ത്‌ കിഷോർ നിർദേശിച്ചു. അത്‌ ബ്രാഹ്മണമുഖമാകണമെന്നുള്ള അദ്ദേഹത്തിന്റെ അഭിപ്രായത്തിലാണ്‌ യു.പി.യുടെ മരുമകളായി  പഞ്ചാബിൽനിന്നുവന്ന ഷീലാ ദീക്ഷിതിനെ കോൺഗ്രസ് മുഖ്യമന്ത്രിസ്ഥാനാർഥിയാക്കിയത്‌. മൂന്നുതവണ ഡൽഹി മുഖ്യമന്ത്രിയായിരുന്ന അവർ നാലാമത്തെ തവണ ആം ആദ്‌മി പാർട്ടി നേതാവ്‌ അരവിന്ദ്‌ കെജ്‌രിവാളിനോട്‌ 25,000-ൽപ്പരം വോട്ടുകൾക്ക്‌ തോറ്റെങ്കിലും യു.പി. കോൺഗ്രസ് നേതാവായിരുന്ന ഉമാശങ്കർ ദീക്ഷിതിന്റെ മരുമകൾ എന്ന പകിട്ട്‌ ധാരാളമെന്ന്‌ പ്രശാന്ത്‌ കിഷോർ കരുതുന്നു. പ്രിയങ്കയെ മുഖ്യപ്രചാരകയാക്കണമെന്നും പ്രശാന്ത്‌ ആവശ്യപ്പെടുന്നുണ്ട്‌.