ഡൽഹി കത്ത്‌  

ആർ.എസ്‌.എസ്‌. സർസംഘചാലക്‌ മോഹൻ ഭാഗവതിനെ രാഷ്ട്രപതിപദവിയിലേക്ക്‌ പിന്തുണച്ചുകൊണ്ട്‌ മുതിർന്ന  കോൺഗ്രസ് നേതാവ്‌ ജാഫർ ഷെരീഫ്‌ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ കത്തെഴുതിയിരിക്കുന്നു.  രാജ്യത്തിന്റെ താത്‌പര്യങ്ങളിൽ ആർ.എസ്‌.എസിന്റെ സേവനങ്ങളെ പ്രകീർത്തിക്കാനും അദ്ദേഹം മറന്നില്ല. 

ഷെരീഫിന്റെ ഭാഗവത്‌താത്‌പര്യം ബി.ജെ.പി.യിലേക്കുള്ള നീക്കമായി വ്യാഖ്യാനിക്കപ്പെടുന്നു. പശു വാലുപൊക്കുന്നത്‌ എന്തിനാണെന്ന്‌  ചോദിക്കേണ്ടതില്ല. ഏതാനും ദിവസങ്ങളായി അദ്ദേഹം ഡൽഹിയിലുണ്ടായിരുന്നു.
ഇൗയിടെയാണ്‌ കർണാടകത്തിൽനിന്നുതന്നെയുള്ള മറ്റൊരു മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ എസ്‌.എം. കൃഷ്ണ കത്തൊന്നും  എഴുതാതെതന്നെ ബി.ജെ.പി.യിൽ കയറിക്കൂടിയത്‌. കൃഷ്ണയെപ്പോലെത്തന്നെ ജാഫർ ഷെരീഫ്‌ കോൺഗ്രസ്‌പാർട്ടിയിലും സർക്കാരിലും വലിയ പദവികൾ വഹിച്ചിട്ടുള്ള നേതാവാണ്‌. ഇന്ദിരാഗാന്ധിയുമായി അടുപ്പം സ്ഥാപിച്ചാണ്‌ അദ്ദേഹം കോൺഗ്രസിനകത്ത്‌ പടികൾ ചവിട്ടിക്കയറിയത്‌. കോൺഗ്രസ്‌ പ്രസിഡന്റായിരുന്ന നിജലിംഗപ്പയുടെ പേഴ്‌സണൽ സ്റ്റാഫിൽ അംഗമായിരുന്ന ജാഫർ ഷെരീഫ്‌ 1969-ൽ ഇന്ദിരാഗാന്ധിയെ പുറത്താക്കാൻ നിജലിംഗപ്പയുടെ നേതൃത്വത്തിലുണ്ടായ നീക്കങ്ങൾ ചോർത്തിക്കൊടുത്താണ്‌ ഇന്ദിരയുടെ വിശ്വസ്തനായത്‌. 
1971-ലെ ലോക്‌സഭാതിരഞ്ഞെടുപ്പിൽ കർണാടകത്തിൽനിന്നുള്ള സ്ഥാനാർഥിപ്പട്ടികയിൽ കേവലമൊരു പാർട്ടി ഓഫീസ്‌ ജീവനക്കാരനായ ജാഫർ ഷെരീഫിന്റെ പേരുകണ്ടപ്പോൾ കോൺഗ്രസുകാർ അദ്‌ഭുതപ്പെട്ടു. പക്ഷേ, ബാങ്ക്‌ ദേശസാത്‌കരണത്തിനും കോൺഗ്രസ് പിളർപ്പിനുംശേഷം നടന്ന ആ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയുടെ ‘ഗരീബി ഹഠാവോ’ തരംഗത്തിൽ ഷെരീഫും ജയിച്ചുകയറി.

ഇക്കഴിഞ്ഞ യു.പി., ഉത്തരാഖണ്ഡ്‌ തിരഞ്ഞെടുപ്പിനുമുമ്പാണ്‌ ഈ രണ്ട്‌ സംസ്ഥാനത്തും മുഖ്യമന്ത്രിയായിരിക്കാൻ നേരത്തേ ഭാഗ്യമുണ്ടായ എൻ.ഡി. തിവാരി ബി.ജെ.പി.യിൽ അംഗത്വം നേടിയത്‌. ഇത്രയേറെ ചീത്തപ്പേര്‌ സമ്പാദിച്ച രാഷ്ട്രീയനേതാക്കൾ അധികമൊന്നും ഉണ്ടാവാനിടയില്ല. അദ്ദേഹത്തിന്‌ ഇന്ന്‌ വയസ്സ്‌ 91; കെട്ട പ്രതിച്ഛായയും. കാലംകഴിഞ്ഞ പടക്കുതിരകളെ എന്തിനാണാവോ ബി.ജെ.പി. കളത്തിലിറക്കുന്നത്‌. സ്വന്തം പാർട്ടിയിലെ ഏതെങ്കിലും ഉന്നതരുടെ വഴിമുടക്കാനാവുമോ? എസ്‌.എം. കൃഷ്ണയെ കൊണ്ടുവന്നത്‌ രാഷ്ട്രപതിയാക്കാനാണെന്ന്‌ കൃഷ്ണയുടെ സിൽബന്തികൾ പ്രചരിപ്പിച്ചിരുന്നു. 

യു.പി. നിയമസഭാ തിരഞ്ഞെടുപ്പിലെ വൻവിജയത്തോടെ ഏകപാർട്ടി വാഴ്ചയെന്ന കോൺഗ്രസിന്റെ പഴയനിലയിലേക്ക്‌ തങ്ങൾ എത്തിയിരിക്കുന്നെന്ന തോന്നൽ ബി.ജെ.പി.ക്കുണ്ടായിട്ടുണ്ട്‌. ‘കോൺഗ്രസ്‌മുക്ത ഭാരതം’ എന്ന ലക്ഷ്യംവെച്ച്‌ പ്രവർത്തിക്കുന്ന ബി.ജെ.പി., കോൺഗ്രസിൽനിന്ന്‌ ഏത്‌ മുടക്കാച്ചരക്കുവന്നാലും സ്വീകരിക്കുമെന്ന സമീപനം സ്വീകരിച്ചിട്ടുണ്ടോ ആവോ? എളുപ്പം കോൺഗ്രസ്‌മുക്തമാക്കാനാവും മണിപ്പുരിലും ഗോവയിലും ഒന്നാംകക്ഷിയായ കോൺഗ്രസിനെ അട്ടിമറിച്ച്‌ അധികാരം പിടിച്ചുപറ്റിയത്‌. 
ഇക്കഴിഞ്ഞ യു.പി.യടക്കമുള്ള നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുമുമ്പും അതിനുശേഷവും കോൺഗ്രസിൽനിന്ന്‌ ഉന്നതർ (അല്ലെങ്കിൽ അങ്ങനെയൊരു പ്രതിച്ഛായ സൃഷ്ടിക്കാൻ മിടുക്കുള്ളവർ) പലരും ബി.ജെ.പി.യിലേക്ക്‌ ചേക്കേറിയിട്ടുണ്ട്‌; യു.പി. കോൺഗ്രസ്‌ പ്രസിഡന്റായിരുന്ന റീത്താബഹുഗുണയടക്കമുള്ളവർ. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള കാലുമാറ്റം പതിവുള്ളതാണ്‌. സീറ്റുകിട്ടാത്തവർ, സ്വന്തം മണ്ഡലത്തിൽ നിന്നാൽ ജയിക്കാത്തവർ തുടങ്ങിയവരാണ്‌ സാധാരണ കാലുമാറുന്നത്‌. കാലുമാറുകയെന്നത്‌ തിരഞ്ഞെടുപ്പുകാറ്റിന്റെ ഗതിമാറ്റാനുള്ള തന്ത്രംകൂടിയാണ്‌. 

യു.പി.യിലും ഉത്തരാഖണ്ഡിലും തിരഞ്ഞെടുപ്പിനുമുമ്പാണ്‌ മറ്റുപാർട്ടികളിൽനിന്നുള്ളവരെ ബി.ജെ.പി. കാലുമാറ്റിയതെങ്കിൽ മണിപ്പുരിലും ഗോവയിലും തിരഞ്ഞെടുപ്പുഫലം വന്നശേഷമാണ്‌ ചാക്കിട്ടുപിടിച്ചത്‌. അവിടെ ഒന്നാംകക്ഷിയായിട്ടും മറ്റുപാർട്ടികളിൽനിന്നുള്ളവരെയും സ്വതന്ത്രരെയും സ്വാധീനിക്കാൻ കോൺഗ്രസിനായില്ല. 

ബി.ജെ.പി.യിലേക്ക്‌ കാലുമാറിയ ഒരു കോൺഗ്രസ്‌ എം.എൽ.എ.യുടെ ന്യായീകരണം വിചിത്രമാണ്‌-രാഹുൽഗാന്ധി നയിക്കുന്ന ഒരു പാർട്ടിയിൽ എങ്ങനെ നിൽക്കാൻകഴിയും? രാഹുൽ നൽകിയ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാണ്‌ അദ്ദേഹം ജയിച്ചത്‌. പാർട്ടി ടിക്കറ്റ് ലഭിച്ചപ്പോൾ രാഹുൽ നേതൃത്വത്തിലുള്ള വിവരം അദ്ദേഹം അറിഞ്ഞിരുന്നില്ലേ.

കോൺഗ്രസ്‌ ടിക്കറ്റിൽ ജയിച്ച്‌ കാലുമാറിയ ഗോവ എം.എൽ.എ. ചെയ്തത്‌ തെറ്റാണെങ്കിലും അദ്ദേഹം ചോദിച്ച ചോദ്യം പ്രസക്തമാണ്‌. രാഹുൽവിരുദ്ധവികാരം രാഹുലിന്റെ ഏറ്റവും അടുത്തുനിൽക്കുന്ന സഹപ്രവർത്തകനിൽപ്പോലും പ്രകടമാണ്‌. േകാൺഗ്രസിനെ ഇപ്പോഴത്തെനിലയിൽനിന്ന്‌ രക്ഷപ്പെടുത്താൻ രാഹുലിന്റെ നേതൃത്വത്തിന്‌ കഴിയുമെന്ന്‌ സ്വപ്നത്തിൽപ്പോലും കാണാൻ ഒരു കോൺഗ്രസുകാരനും കഴിയുന്നില്ല. എന്നാൽ, രാഹുലിന്‌ ഒരു പകരക്കാരനെ കണ്ടെത്താൻ കോൺഗ്രസുകാർക്ക്‌ കഴിയുന്നില്ല. ധർമസങ്കടം എന്ന വാക്കിന്‌ രാഹുൽ എന്നതിനേക്കാൾ ഉചിതമായ ഒരു പര്യായം കോൺഗ്രസിന്‌ കാണാനാവുന്നില്ല. കോൺഗ്രസ്‌ മുക്തഭാരതം എന്ന മോദിയുടെ മോഹം അത്ര എളുപ്പമാവുമെന്ന്‌ തോന്നുന്നില്ല.
മറ്റുപാർട്ടികളെ അപേക്ഷിച്ച്‌ ബി.ജെ.പി.യിലേക്ക്‌ കാലുമാറാൻ രാഷ്ട്രീയനേതാക്കൾ താത്‌പര്യപ്പെടുന്നത്‌ എന്തുെകാണ്ടാണെന്നത്‌ വ്യക്തമാണ്‌. ഇക്കഴിഞ്ഞ അഞ്ച്‌ നിയമസഭാ തിരഞ്ഞെടുപ്പോടെ ബി.ജെ.പി. ഇന്ത്യയിൽ മുമ്പ്‌ കോൺഗ്രസ്‌ എന്നപോലെ ഏകപാർട്ടിയായി പ്രാമുഖ്യം നേടിയിരിക്കുന്നു. അധികാരംതന്നെയാണ്‌ ഏതുരാഷ്ട്രീയക്കാരന്റെയും ലക്ഷ്യം. അത്‌ നൽകാൻ കഴിയുന്ന പാർട്ടിയാണ്‌ അവന്റെ നോട്ടം. പഞ്ചാബിൽ എസ്‌.എ.ഡി.-ബി.ജെ.പി. സഖ്യം താഴെപ്പോകുമെന്നുകണ്ടാണ്‌ നവജ്യോത്‌സിങ്‌ സിദ്ദു ബി.ജെ.പി.യിൽനിന്ന്‌ പുറത്തുചാടിയത്‌. എ.എ.പി.യുമായി വിലപേശൽ നടത്തിയെങ്കിലും കോൺഗ്രസിനാണ്‌ സാധ്യതയെന്ന്‌ സിദ്ദു കണ്ടു. തോൽക്കുന്ന പാർട്ടിയിൽ ചേരാനാണെങ്കിൽ ബി.ജെ.പി.യിൽനിന്ന്‌ രാജിവെക്കേണ്ടതില്ലായിരുന്നല്ലോ.
പഴയ കോൺഗ്രസ്‌ കാലത്തെപ്പോലെ ഏകപാർട്ടി പ്രാമുഖ്യത്തിന്റെ ശ്രേണിയിലേക്ക്‌ ബി.ജെ.പി. പ്രവേശിച്ചതോടെ കോൺഗ്രസിന്റെ ചില സ്വഭാവങ്ങളും ബി.ജെ.പി.യെ സ്വാധീനിക്കുന്നു. അതിെലാന്നാണ്‌ ഹൈക്കമാൻഡ്‌ വാഴ്ച. ഇത്തവണ യു.പി.യിലേക്കും ഉത്തരാഖണ്ഡിലേക്കും നിരീക്ഷകരെ അയച്ചാണ്‌ നിയമസഭാ കക്ഷി നേതാക്കളെ തിരഞ്ഞെടുത്തത്‌. നിയമസഭാ കക്ഷിയിൽ എം.എൽ.എ.മാരുടെ അഭിപ്രായം എന്തായാലും ഹൈക്കമാൻഡിന്റെ ഇംഗിതം നടപ്പാക്കുന്നതാണ്‌ നിരീക്ഷകരുടെ ചുമതല. ആരെ നേതാവായി തീരുമാനിച്ചാലും അതിനെ എതിർക്കാൻ ആരും മെനക്കടില്ല. മറ്റുപാർട്ടികളിൽനിന്ന്‌ ആരെയും എടുക്കാമെന്ന്‌ തീരുമാനിക്കുന്നതും ഹൈക്കമാൻഡ്‌ സ്വഭാവമാണ്‌.