kochi metroകൊച്ചി: സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് നിരക്ക് 20 ശതമാനം കുറയും. കൊച്ചി വണ്‍ എന്ന സ്മാര്‍ട്ട് കാര്‍ഡ് യാത്രക്കാര്‍ക്കാണ് തുടക്കത്തില്‍ ഈ ആനുകൂല്യം നല്‍കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) ലക്ഷ്യമിടുന്നത്. ഇതിന് മെട്രോയുടെ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്.

അതായത് ആലുവയില്‍ നിന്ന് പാലാരിവട്ടം വരെ എത്താന്‍ യഥാര്‍ത്ഥ ടിക്കറ്റ് നിരക്ക് 40 രൂപയാണ്. കൊച്ചി വണ്‍ കാര്‍ഡുപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ ഇതിന് 32 രൂപ നല്‍കിയാല്‍ മതിയാകും.
 
ഇതേ പോലെ ഓരോ യാത്രയിലും ഇളവ് ലഭിക്കും. കാര്‍ഡ് തയ്യാറാക്കുന്ന ആക്‌സിസ് ബാങ്കിന്റെ നേതൃത്വത്തിലും മറ്റു പല ഇളവുകളും യാത്രക്കാര്‍ക്കായി ആസൂത്രണം ചെയ്യുന്നുണ്ട്. മെട്രോയിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്.

മൂന്നുതരത്തിലുള്ള യാത്രാ കാര്‍ഡുകളാണ് കൊച്ചി മെട്രോയിലുള്ളത്. സ്ഥിരം യാത്രക്കാരെ ഉദ്ദേശിച്ചുള്ളതാണ് കൊച്ചി വണ്‍ കാര്‍ഡ്. ഇതു വാങ്ങുന്നതിന് 150 രൂപ നല്‍കണം. യാത്രക്കാരന്റെ പേരും ഫോണ്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്തു വാങ്ങുന്ന കാര്‍ഡ് ആജീവനാന്തം ഉപയോഗിക്കാം.
 
പണം തീരുന്ന മുറയ്ക്ക് ചാര്‍ജു ചെയ്താല്‍ മതി. യാത്രയ്ക്കു പുറമേ ഷോപ്പിങ്ങുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കും ഈ കാര്‍ഡുപയോഗിക്കാം. സ്ഥിരം യാത്രക്കാരല്ലാത്തവരെ ഉദ്ദേശിച്ചാണ് ആര്‍.എഫ്.ഐ.ഡി. (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ഡിവൈസ്) കാര്‍ഡ്. ഒരാഴ്ച അല്ലെങ്കില്‍ കുറച്ചു ദിവസത്തേക്കു മാത്രമാണ് മെട്രോയില്‍ യാത്ര ഉദ്ദേശിക്കുന്നതെങ്കില്‍ ഈ കാര്‍ഡ് മതിയാകും.

മെട്രോ കാണാന്‍ അല്ലെങ്കില്‍ ഒരൊറ്റ യാത്രയ്ക്ക് മെട്രോ തേടിയെത്തുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ക്യു. ആര്‍.കോഡ് ടിക്കറ്റുകള്‍. അതത് ദൂരത്തേക്കുള്ള ടിക്കറ്റിന്റെ പണം നല്‍കിയാല്‍ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് ഇവ ലഭിക്കും.

ഒരു ട്രെയിന്‍: യാത്രക്കാര്‍ 975

മൂന്ന് കോച്ചുകള്‍ ഉള്‍പ്പെടുന്നതാണ് ഒരു മെട്രോ. ഒരു ട്രെയിനില്‍ 975 പേര്‍ക്ക് യാത്ര ചെയ്യാം. 136 സീറ്റുകളാണുണ്ടാവുക. 66.55 മീറ്റര്‍ നീളമാണ് ഒരു ട്രെയിനിനുണ്ടാവുക. മണിക്കൂറില്‍ 90 കിലോമീറ്ററാണ് വേഗം.